LoginRegister

പ്രണയമില്ലാതെന്തു ജീവിതമാണ്?

വി കെ ജാബിര്‍

Feed Back


ദൈവം തന്റെ അടിമകള്‍ക്കു സമ്മാനിച്ച വിസ്മയകരമായ സമ്മാനങ്ങളിലൊന്നാണ് പ്രണയവും സ്‌നേഹവും. മനുഷ്യന്റെ നിലനില്പിന് ഒഴിച്ചുകൂടാനാകാത്തൊരു വികാരമാണ് സ്‌നേഹം.
ചില വിവാഹബന്ധങ്ങള്‍ അടിമ-ഉടമ സമാനമാണ്. ചില ബന്ധങ്ങളില്‍ താലിയും മഹ്റും പിരടിക്കു കുടുക്കിയ ചരടാണ്. ഇനിയങ്ങോട്ട് കെട്ടിയോന്‍ പറയുന്നത് കേട്ട് അനുസരണയുള്ള കുട്ടിയായി ജീവിച്ചോണം എന്നാണ് തീര്‍പ്പ്. ഭര്‍ത്താവിന്റെ ഏതു കാര്യവും ഒരക്ഷരം എതിര്‍ക്കാതെ ചെയ്തുതീര്‍ത്താല്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടും. ആ നല്ല സര്‍ട്ടിഫിക്കറ്റിനായി എത്ര ജീവിതങ്ങളും ആശയവും ചിന്തകളും പ്രതിഭകളുമാണ് നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിത്തീര്‍ന്നു മണ്ണായിപ്പോയത്!
പഴയ കാലത്തു തുടര്‍ന്നുപോന്ന കാര്‍ക്കശ്യമുള്ള നടപടികള്‍ നേരിയ തിരുത്തലുകളോടെ പുതിയ കാലത്തും തുടര്‍ന്നുപോരുന്നു എന്നതാണ് ദുഃഖകരം. മുമ്പ് വീടുകളില്‍ തളച്ചിടപ്പെടുന്നതായിരുന്നു സ്ത്രീകളുടെ ജീവിതം. കണ്ടു തഴമ്പിച്ച നടപ്പുശീലങ്ങള്‍ കൊണ്ടും പാതിരയ്ക്കും അല്ലാതെയുമുള്ള പ്രസംഗങ്ങളിലും കേട്ടു പഠിച്ചത് ജീവിതത്തിന്റെ ഭാഗമായി, ഇഷ്ടത്തോടെയും അല്ലാതെയും അനുസരിച്ചുപോരുകയായിരുന്നു സ്ത്രീകള്‍.
അപ്പോഴും വീട്ടില്‍ എല്ലാവരെയും ഊട്ടിയ ശേഷം ചട്ടിയില്‍ ബാക്കിയാകുന്ന വറ്റുകള്‍ കൊണ്ട് തൃപ്തിയടഞ്ഞ എത്ര ജീവിതങ്ങളാണ് നമുക്കു ചുറ്റുമുണ്ടായിരുന്നത്. എല്ലാവരും കിടന്ന ശേഷം വീട്ടുപണികളെല്ലാം തീര്‍ത്ത് പാതിരാവും പിന്നിട്ട് പായയിലേക്കു ചായുന്ന എത്ര പേര്‍. മറ്റുള്ളവരുടെ സൗഖ്യത്തിനു വേണ്ടി സ്വന്തം ജീവിതം ത്യജിച്ച എത്രയോ മഹതികള്‍. നേരാംവണ്ണം ചികിത്സ പോലും കിട്ടാതെ നരകിച്ചവര്‍. അവരെ ക്ഷമയുടെ മൂര്‍ത്തികള്‍ എന്നു വിളിച്ച് ആദരിക്കുമ്പോഴും പുരുഷനു സമാനമായ കഴിവുകളും ചിന്താശേഷിയുമുള്ളവര്‍ തന്നെയാണ് ഇങ്ങനെ എരിഞ്ഞടങ്ങിയത് എന്നത് വിസ്മരിക്കാനാകുമോ!
പക്ഷേ, കാലക്രമേണ ജീവിത സാഹചര്യവും ചുറ്റുപാടുകളും തൊഴിലവസരങ്ങളും മാറിക്കൊണ്ടേയിരിക്കുന്നു. ഉപ്പാപ്പമാരുടെ കാലത്ത് സ്ത്രീകള്‍ പള്ളിക്കൂടങ്ങളില്‍ പോകുന്നത് അപൂര്‍വമായിരുന്നെങ്കില്‍ ഉപ്പമാരുടെ കാലത്ത് അപൂര്‍വമായാണ് സ്ത്രീകളെ തൊഴിലിടങ്ങളില്‍ കണ്ടിരുന്നത്. തൊഴിലെടുക്കുന്നത് മോശം ഏര്‍പ്പാടായി കണ്ടവര്‍, ഇവിടെ പെണ്ണുങ്ങള്‍ തൊഴില്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് മേനി നടിക്കുന്നതു നാം കണ്ടതാണ്. കുലീനതയുടെയും പാരമ്പര്യത്തിന്റെയും അടയാളമായിരുന്നുവത്. ഇപ്പോള്‍ വീടുകളില്‍ തൊഴിലിനു പോകാത്ത സ്ത്രീകള്‍ വിരളമായി. തൊഴിലവസരങ്ങളും അനുകൂല ഘടകങ്ങളും കൂടി. വിദ്യാസമ്പന്നരായ, സ്വന്തം കാലില്‍ നില്‍ക്കാന്‍ തൊഴില്‍ ആവശ്യമാണെന്നു ചിന്തിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടി. ഇത് കടുംബ-സാമൂഹിക സാഹചര്യങ്ങളില്‍ വല്ലാത്ത മാറ്റം വരുത്തിയിരിക്കുന്നു.
സ്ത്രീകളെ അടക്കിഭരിക്കുന്നതും വരച്ചേടത്തു നിര്‍ത്തുന്നതുമായിരുന്നു പോയകാലത്തെ ആണത്തമായി താവഴികളായി പഠിപ്പിക്കപ്പെട്ടത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ലിലുമുണ്ട് അന്നത്തെ പുരുഷാധിപത്യ ക്രമത്തിന്റെ ഏനക്കേടുകള്‍. എല്ലാ അസ്വസ്ഥതകളും ഏതുവിധേനയും തീര്‍ക്കേണ്ടത് വീടുകളിലാണ്. എന്നാലോ അസ്വസ്ഥനായി വരുന്ന പുരുഷന് മാനസിക സൗഖ്യം ലഭിക്കുന്ന സെറ്റപ്പൊന്നും പല വീടുകളിലും രൂപപ്പെട്ടിട്ടുമുണ്ടായിരുന്നില്ല. ഒരുതരം ഏകപക്ഷീയമായ സുഖത്തിന്റെയും സ്നേഹത്തിന്റെയും ഇടങ്ങളായി പല വീടുകളിലും നിരവധി ജീവിതങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അതെല്ലാം തെറ്റായിരുന്നുവെന്നോ അതിനെയെല്ലാം നിരാകരിക്കുന്നുവെന്നോ അല്ല പറഞ്ഞുവരുന്നത്. ചില ശരികള്‍ എല്ലാ കാലത്തും ശരികളാകണമെന്നില്ല, തെറ്റെന്നു തോന്നുന്നതും അങ്ങനെത്തന്നെ!
സ്ത്രീകള്‍ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ കൂടി ഏറ്റെടുക്കുമ്പോള്‍ തുല്യമായ അവകാശങ്ങളും ലഭിക്കേണ്ടത് മര്യാദ. വ്യക്തിയെന്ന നിലയില്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആദരിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള സാഹചര്യം രൂപപ്പെടുത്തിയേ മതിയാകൂ. അല്ലെങ്കില്‍ അത് വലിയ അനീതിയാണ്. തുല്യപാതിയുടെ വ്യക്തിത്വം അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറാകാത്ത ഏകപക്ഷീയമായ പുരുഷാധിപത്യ ബോധമാണ്.
വൈവാഹിക ബന്ധത്തിന്റെ ഊടും പാവും തുന്നുമ്പോള്‍ ഓര്‍ക്കേണ്ടത് ധാര്‍മിക ജീവിതത്തിന് മാതൃക കാണിച്ച പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതം എങ്ങനെയായിരുന്നു എന്നാണല്ലോ. വൈവാഹിക ബന്ധത്തിന്റെ ചരട് കോര്‍ക്കേണ്ടത് പ്രണയത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും നൂലിഴകള്‍ കൊണ്ടുതന്നെയാണ് എന്ന് അപ്പോള്‍ കാണാനാകും. ഹൃദയം കൊണ്ടെഴുതുന്ന കവിതയുടെ ഭാഷ പ്രണയാമൃതമാകണം.

പഠിച്ച പല പാഠങ്ങളും മാറ്റിപ്പറയുന്ന കാലത്താണ് നാം. പഠിക്കാതെ പോയതോ അറിഞ്ഞിട്ടും പ്രാവര്‍ത്തികമാക്കാതെ പോയതോ ആയ പലതും ചെയ്തുതുടങ്ങുന്നതും നല്ലതാണ്. സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങള്‍ മാറുമ്പോള്‍ ചില ശരികളും വഴക്കങ്ങളുമൊക്കെ മാറിയേ മതിയാകൂ.
പ്രണയാര്‍ദ്രമായ ദാമ്പത്യബന്ധത്തിന്റെ ഫലപ്രാപ്തിക്ക് മൂന്നു വികാരങ്ങളാണ് പ്രവാചകന്‍ മുഹമ്മദ് (സ) കാണിച്ചുതന്നത്. സ്നേഹം, കരുണ, മനഃശാന്തി (മവദ്ദ, റഹ്മ, സാകിന). ഖദീജ(റ)യും ആയിശ(റ)യുമൊത്തുള്ള മുഹമ്മദ് നബിയുടെ മനോഹരമായ വൈവാഹിക ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ നമുക്ക് ആറ്റിക്കുറുക്കി പകര്‍ത്താനുണ്ട്. പ്രണയവും കരുണയും ശാന്തിയും വിവിധ സമയങ്ങളില്‍ ജീവിതത്തിന് താളം പകര്‍ന്നു. പ്രസംഗങ്ങളില്‍ ഈണവും താളവുമൊപ്പിച്ചു പാടിയ കഥകളുടെ മൂല്യങ്ങള്‍ പക്ഷേ ഭൂരിഭാഗവും നാം ജീവിതത്തിലേക്ക് അടുപ്പിച്ചില്ല.
പുരുഷാധിപത്യ സാമൂഹിക ക്രമം നിലനിന്ന സമൂഹത്തിലായിരുന്നു പ്രവാചകന്‍ ജീവിച്ചത്. ഗോത്രങ്ങളും ആചാരങ്ങളും നിര്‍ണായകമായിരുന്നു അന്ന്. തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഖദീജയുമായുള്ള നബിയുടെ ദാമ്പത്യം പ്രണയാര്‍ദ്രമായിരുന്നു. വിവാഹാലോചന പോലും പതിവുരീതികള്‍ക്കു വിപരീതമായിരുന്നു. രണ്ടു പക്വതയുള്ള മനുഷ്യര്‍ തമ്മിലുള്ള ഉടമ്പടിയായിരുന്നു അതെന്നു മനസ്സിലാക്കാം. തല ഉയര്‍ത്തിപ്പിടിച്ച് അന്തസ്സോടെയായിരുന്നു ഖദീജ നബിയുടെ ജീവിതത്തിലേക്ക്, അല്ലെങ്കില്‍ തിരിച്ച് കടന്നുവന്നത്.
വൈവാഹിക ജീവിതത്തിലെ തുല്യപങ്കാളിയായ പെണ്‍കുട്ടിക്ക് തന്റെ നികാഹ് ചടങ്ങുകള്‍ കാണാമോ എന്ന കാര്യത്തില്‍ വട്ടം കറങ്ങുന്ന നമ്മുടെ സമൂഹത്തിന് ഖദീജാബീവി നബിയെ വിവാഹമാലോചിച്ച കാര്യങ്ങളൊക്കെ അമ്പരപ്പിക്കുന്ന അനുഭവങ്ങളാകും.
പരസ്പര സ്‌നേഹവും വിശ്വാസവും ആദരവും നിറഞ്ഞതായിരുന്നു ഇരുവരുടെയും ജീവിതം. വൈവാഹിക-കുടുംബജീവിതത്തില്‍ കാര്യങ്ങളെല്ലാം പുരുഷന്‍ തീരുമാനിക്കുന്ന, സ്ത്രീ എല്ലാറ്റിനും കീഴൊതുങ്ങുകയും വിധേയപ്പെടുകയും ചെയ്യുന്ന രീതിയായിരുന്നില്ല പ്രവാചകന്‍ തിരുമേനി ജീവിതം കൊണ്ടു പഠിപ്പിച്ചത്. സ്ത്രീയെ മൂല്യമില്ലാത്ത വില്‍പനച്ചരക്കാക്കുന്ന സ്ത്രീധന സമ്പ്രദായം മതവിരുദ്ധവും മനുഷ്യത്വവിരുദ്ധവും വിവാഹം റദ്ദുചെയ്യുന്ന സംഗതിയുമായതിനാല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം പോലുമാകുന്നില്ല. ആ നെറികേടു തിരുത്താന്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്.
സ്വതന്ത്രയായ വൈദഗ്ധ്യമുള്ള വ്യക്തിത്വമായിരുന്നു ഖദീജ(റ)യുടേത്. റസൂലുല്ലയുമായുള്ള വിവാഹം അവരുടെ സംരംഭങ്ങളെയോ സംരംഭക താല്‍പര്യങ്ങളെയോ നിരുത്സാഹപ്പെടുത്തിയില്ല. വ്യക്തിത്വത്തെ കുറച്ചു കണ്ടതുമില്ല. അവര്‍ വീട്ടില്‍, കുടുംബത്തില്‍ ആലങ്കാരിക പദവി അഭിനയിക്കുകയായിരുന്നില്ല. തുല്യപങ്കാളി എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെയുള്ള സുപ്രധാന റോള്‍ തന്നെയാണവര്‍ നിര്‍വഹിച്ചത്. പരസ്പരം പൂരകമായിരുന്നുകൊണ്ട്, ചേര്‍ന്നുനിന്നുതന്നെയാണ് ആ ബന്ധം പൂര്‍ണമായത്.
പ്രവാചകത്വത്തിന്റെ ഭാഗമായി ജിബ്രീല്‍(അ) ജബലുന്നൂറില്‍ മുഹമ്മദി(സ)ന് വിശുദ്ധ വാക്യങ്ങള്‍ ആദ്യമായി ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിനത് താങ്ങാനായില്ല. പരിഭ്രമിച്ച് പനിച്ചുവിറച്ച് വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തെ പുതപ്പു കൊണ്ടു മൂടി ആശ്വസിപ്പിച്ച് കിടത്തുകയായിരുന്നു സഖിയായ ഖദീജ(റ). തന്റെ നല്ലപാതിക്ക് എന്താണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞ അവര്‍, അദ്ദേഹത്തിന്റെ ആശങ്കകളെ തണുപ്പിക്കുകയായിരുന്നു, ആത്മവിശ്വാസം പകരുകയായിരുന്നു.
മറ്റുള്ളവരുടെ പ്രശ്നങ്ങളെ കുറിച്ചു ചിന്തിച്ച് വേവലാതിപ്പെടുന്ന, സത്യം മാത്രം പറയുന്ന, ദരിദ്രരെ സഹായിക്കുന്ന, അതിഥികളോട് മാന്യമായി പെരുമാറുന്ന താങ്കള്‍ നല്ല മനുഷ്യനാണെന്നും പേടിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞ് ധൈര്യം പകരുകയായിരുന്നു. നിങ്ങള്‍ ആഹ്ലാദിച്ചുകൊള്ളുക, താങ്കളെ അല്ലാഹു കൈവിടില്ലെന്ന് അവര്‍ ചേര്‍ത്തുപിടിച്ച് സമാശ്വസിപ്പിക്കുകയായിരുന്നു.
തന്റെ പ്രിയതമന് വൈകാരിക പിന്തുണയും സമാശ്വാസവും ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു ആ മഹതി. ജീവിതത്തില്‍ ഇന്നോളം അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിയെ ശാന്തതയോടെയാണ് അവര്‍ കൈകാര്യം ചെയ്തത്. ഖദീജയെ പൂര്‍ണ വിശ്വാസത്തിലെടുത്ത് അവര്‍ പറഞ്ഞത് അംഗീകരിച്ച പ്രവാചകനും ഖദീജയും സമ്പൂര്‍ണ ഇണകളായി ജീവിതത്തിലെ അതിപ്രധാനമായ പ്രതിസന്ധിയെ ഒരുമിച്ച് കൈയും മനസ്സും കോര്‍ത്ത് നേരിടുകയായിരുന്നു. ജീവിതത്തെ മുന്നോട്ടു നയിച്ചത് പരസ്പര വിശ്വാസത്തോടെയും അഗാധമായ സ്‌നേഹത്തോടെയുമായിരുന്നതില്‍ അവരുടെ വീട് കാരുണ്യവും സന്തോഷവും പ്രശാന്തതയും നിറഞ്ഞതായിരുന്നു.

പരസ്പരം സുരക്ഷിതത്വം ലഭിക്കുന്ന നിങ്ങളില്‍ നിന്നുതന്നെയുള്ള ഇണകളെ സൃഷ്ടിച്ചുവെന്നും അവര്‍ തമ്മില്‍ പ്രണയവും കരുണയും സന്നിവേശിപ്പിച്ചുവെന്നും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സ്നേഹവും കാരുണ്യവും ആശ്വാസവും പരസ്പരം പകരുന്നിടമാണ് വീടുകള്‍ ‘മസ്‌കനുകളാ’വുക. അച്ചടക്കത്തിന്റെ വടിയും മൂക്കത്ത് ശുണ്ഠിയുമായി കലിതുള്ളി അടക്കം പഠിപ്പിക്കുന്നിടത്ത് എങ്ങനെയാണ് സ്നേഹം വര്‍ക്കൗട്ട് ചെയ്യുക?
ശ്രുതിമധുരമായ വൈവാഹിക ബന്ധം നിലനിര്‍ത്തുന്നതിന്റെ മുഖ്യ ഘടകം ശരിയായ ആശയവിനിമയമാണ്. പ്രവാചകന്റെ ജീവിതത്തില്‍ അതിനും ഉദാഹരണങ്ങളുണ്ട്. രണ്ടു വഴികളിലൂടെ ഒരേ ലക്ഷ്യസ്ഥാനത്തെത്തുന്നൊരു ഗെയിം തന്നെയാണതെന്നു തോന്നിപ്പോകും. വിവാഹജീവിതത്തില്‍ ഭര്‍ത്താവിന് പരമമായ അധികാരമില്ല, ഭാര്യക്ക് അമിതമായ വിധേയപ്പെടലുമില്ല. വീട്ടില്‍, സമൂഹത്തില്‍ ഭാര്യക്ക് അവരുടെ കാഴ്ചപ്പാടുകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്ന് പ്രവാചകന്‍ കാണിച്ചുതന്നിരിക്കുന്നു.
തന്റെ വീക്ഷണവും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ ആയിശ(റ)ക്ക് പൂര്‍ണ അവകാശമുണ്ടായിരുന്നുവെന്നതിന് നിരവധി സംഭവങ്ങളുണ്ടെന്ന് ചരിത്രത്തില്‍ പറയുന്നുണ്ട്.
വാക്കുകള്‍ കൊണ്ടും വാക്കുകള്‍ക്കപ്പുറത്ത് ഭാവങ്ങള്‍ കൊണ്ടും അവര്‍ അഗാധമായ ഭാഷയില്‍ ആശയവിനിമയം നടത്തുകയായിരുന്നു. ആയിശക്ക് ദേഷ്യം വരുന്നതും സന്തോഷിക്കുന്നതും പ്രവാചകന്‍ കൃത്യമായി നിരീക്ഷിച്ചു മനസ്സിലാക്കിയിരുന്നു. ആയിശയുടെ വാക്കുകളിലും ഭാവങ്ങളിലും വരുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ച് അവരുടെ പെരുമാറ്റത്തിലെ വ്യതിയാനം പ്രവാചകന്‍ തിരിച്ചറിഞ്ഞിരുന്നു. അത്രമാത്രം സൂക്ഷ്മതയോടെയും കരുതലോടെയുമായിരുന്നു അദ്ദേഹം ആ ബന്ധത്തെ കണ്ടിരുന്നത്.
തിരിച്ചും അങ്ങനെ സംഭവിച്ചിട്ടുണ്ടാകും. അതിനര്‍ഥം അവരുടെ വികാരവിചാരങ്ങള്‍ അവര്‍ പ്രകടിപ്പിച്ചിരുന്നുവെന്നും അതിന് അവിടെ ശരിയായ സ്‌പേസ് ഉണ്ടായിരുന്നുവെന്നുമാണ്. മനുഷ്യരെന്ന നിലയില്‍ ദേഷ്യവും അസ്വസ്ഥതയുമുണ്ടായിരുന്നു. അത് പ്രകടിപ്പിച്ചിരുന്നു. സ്നേഹമസൃണമായ പരിഹാരം ഉണ്ടായിരുന്നു.
ഇന്നത്തെ ചുറ്റുപാടുകളില്‍ നമുക്ക് ഈ സംഭവത്തെ പുനഃസ്ഥാപിച്ചാല്‍ എന്തായിരിക്കും അവസ്ഥ? അഭിപ്രായ വ്യത്യാസവും ദേഷ്യവും പ്രകടിപ്പിക്കുന്ന ഇണയുടെ പ്രവൃത്തി അഹങ്കാരവും അനുസരണയില്ലായ്മയുമായി വിലയിരുത്തപ്പെടും. പുരുഷന്റെ മാത്രം വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കുന്ന ഇടമായിരുന്നില്ല വീടെന്നാണ് പ്രവാചക ജീവിതം പഠിപ്പിക്കുന്നത്.
റസൂല്‍ ഇണയെ സ്‌നേഹിക്കുകയും അതു പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ വൈവാഹിക ജീവിതം പറയുന്നു. മനോഹരമായ, അവര്‍ക്ക് ഇഷ്ടപ്പെട്ട വാക്കു കൊണ്ടായിരുന്നു മുഹമ്മദ്(സ) ആയിശയെ വിളിച്ചിരുന്നതത്രേ. ചുവന്നുതുടുത്ത മുഖമുള്ള ആയിശക്ക് ‘ഇളംചുവപ്പുള്ളവളേ’ എന്ന വിളി ഏറെ ഇഷ്ടമായിരുന്നുവെന്ന് ചരിത്രം. പ്രണയവും ഇഷ്ടവും പ്രകടിപ്പിക്കുന്നതില്‍ പ്രവാചകന്‍ ഒരു പിശുക്കും കാണിച്ചില്ല.
ആയിശ വെള്ളം കുടിച്ച കപ്പില്‍ അവരുടെ ചുണ്ടു പതിച്ച അതേ സ്ഥാനത്തു ചുണ്ടു ചേര്‍ത്താണ് പ്രവാചകന്‍ വെള്ളം കുടിച്ചത്. ആര്‍ത്തവക്കാരിയായിരിക്കുമ്പോഴും പ്രവാചകന്‍ ഇങ്ങനെ ചെയ്തുവെന്ന് ആയിശ(റ) വ്യക്തമാക്കുന്നുണ്ട്. മാംസം കഴിക്കുന്നതിനിടെ എല്ല് കടിച്ചുപറിക്കുമ്പോഴും ഇതേപോലെ ചെയ്തിരുന്നുവത്രേ.
ഒന്ന് നമ്മിലേക്കിറങ്ങി വന്നാലോ? സ്നേഹം പ്രകടിപ്പിക്കുന്നതിന് നമുക്ക് വിശേഷപ്പെട്ട ചില പ്രയോഗങ്ങളും കളിയാക്കലുമുണ്ട്. സ്നേഹം വീടിനു പുറത്തു നിര്‍ത്തിയിരിക്കുന്നു. മസിലു പിടിച്ച് ജീവിച്ചു തീര്‍ക്കുകയായിരുന്നു പലപ്പോഴും. അതുകൊണ്ടാവും ആണുങ്ങള്‍ പരമാവധി വൈകി മാത്രം വീട്ടിലെത്തുകയും അങ്ങാടികളില്‍ സമയം കൊല്ലുകയും ചെയ്തിരുന്നത്. ഇപ്പോഴത് സോഷ്യല്‍ മീഡിയകളുടെ ലോകത്തേക്കു മാറി എന്ന വ്യത്യാസമുണ്ടാകും. സ്നേഹം പ്രകടിപ്പിക്കാതെ, പ്രകടിപ്പിക്കാനാകാതെ ഉള്ളില്‍ അമര്‍ത്തിപ്പിടിച്ച ഗൗരവമുള്ള ജീവിതങ്ങള്‍ എന്തു മാനസിക സുഖമാണ് പരസ്പരം നല്‍കുക!
സ്‌നേഹിക്കാനും അതു പ്രകടിപ്പിക്കാനുമുള്ള ഒരവസരവും പ്രവാചകന്‍ ഒഴിവാക്കിയിരുന്നില്ല. സ്‌നേഹം മുളയ്ക്കുകയും പൂവണിയുകയും ചെയ്യുന്ന ഉള്ളകമാണ് അവിടന്ന് കാണിച്ചുതന്നത്. പരസ്പരമുള്ള ഉത്തരവാദിത്തവും സമര്‍പ്പണബോധവും കുടുംബജീവിതം ഇമ്പമുള്ളതാക്കാന്‍ പ്രധാനമാണ്. നിസ്വാര്‍ഥമായ അടുപ്പം, തീര്‍ന്നുപോകാത്ത ഇഷ്ടം, പരസ്പരം സമര്‍പ്പിച്ച ജീവിതം, കരുണാര്‍ദ്രമായ ഇടപെടല്‍- അവിടെയാണ് സ്നേഹത്തിന്റെ പൂമ്പൊടികള്‍ പരിമളം പരത്തുക. മനോഹരമായ പൂവാടികള്‍ ഉണ്ടാവുക.
തന്റെ വസ്ത്രം തുന്നുകയും വീട്ടുകാര്യങ്ങളില്‍ പങ്കുവഹിക്കുകയും ചെയ്ത പ്രവാചകനെയും നമുക്കു കാണാം. ഒരു നാടിന്റെ വലിയ ഉത്തരവാദിത്തമുള്ള ഭരണാധികാരിയോ അതിനെക്കാള്‍ ചുമതലകളോ ഉള്ള ഒരാളാണ് ഇങ്ങനെയൊക്കെ പെരുമാറിയത്. കാര്യങ്ങള്‍ കല്‍പിക്കുന്ന ഭര്‍ത്താവായിരുന്നില്ലെന്ന് പ്രവാചകനും പത്നിമാരുമൊത്തുള്ള ജീവിതം പറയുന്നു.
വീട്ടുകാര്യങ്ങള്‍ തനിയേ ഭാര്യയില്‍ വന്നുചേര്‍ന്ന ഉത്തരവാദിത്തമാണ് നമുക്ക്. എന്നാല്‍ അത് രണ്ടു പേരും തമ്മിലുള്ള പരസ്പര കരാറാകുമ്പോള്‍ കാര്യങ്ങള്‍ ശാന്തമാകും. അടുക്കളയുടെ ഏക രക്ഷാധികാരി സ്ത്രീയല്ലെന്നാണ് പ്രവാചകന്റെ ജീവിതം പഠിപ്പിക്കുന്നത്. ഓരോ ദമ്പതികളുടെയും ജീവിത സാഹചര്യവും ചുറ്റുപാടുകളും അനുസരിച്ച് പരസ്പരം ഉത്തരവാദിത്തങ്ങള്‍ തീരുമാനിക്കുകയും നിര്‍വഹിക്കുകയുമാണ് പ്രായോഗിക മാതൃക.
”സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നയാളാണ് നിങ്ങളില്‍ ഉത്തമന്‍” എന്നു പ്രവാചകന്‍ കല്‍പിച്ചതില്‍ നിന്നു നമുക്ക് എന്താണ് എടുക്കാനുള്ളത്? നാട്ടുകാര്യങ്ങള്‍ക്ക് ഓടിനടക്കുന്ന, പൊതുയിടങ്ങളില്‍ മാന്യനും മര്യാദക്കാരനുമായ ആള്‍ ശരിക്കും നല്ലവനാണോ? ചോദ്യം വീണ്ടും വീണ്ടും നമ്മോടു ചോദിക്കാം. തിരുത്തലുകള്‍ വരുത്താം.
വീഴ്ചകളില്‍ നിന്നു പാഠം പഠിച്ചു തിരുത്തുന്നത് മഹത്തരമായ ഗുണമാണ്. കാര്‍ക്കശ്യം പെരുമാറ്റത്തിലോ വലിഞ്ഞുമുറുകിയ മുഖങ്ങളിലോ തീക്ഷ്ണമായ നോട്ടത്തിലോ അല്ല, നിലപാടുകളിലാണ് വേണ്ടത്.
ചിരിയും സന്തോഷവും ശരീരത്തെ പോസിറ്റീവായി ഉത്തേജിപ്പിക്കും. അതിനുള്ള രാസവസ്തുക്കള്‍ ശരീരം ഉല്‍പാദിപ്പിക്കും. വെറുതെയെന്തിന് പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ നശിപ്പിച്ചുകളയണം? മരിക്കുന്നതിനു മുമ്പുള്ള ആസ്വാദനങ്ങള്‍ വിട്ടേച്ചുപോകുന്ന നഷ്ടക്കാരില്‍ പെടുന്നതെന്തിന്? പൂമുഖ വാതില്‍ക്കല്‍ പുഞ്ചിരി തുളുമ്പണമെങ്കില്‍ സ്നേഹം അളവില്ലാതെ പകര്‍ന്നുകൊടുക്കണം. ‘അര്‍ഥം അനര്‍ഥമായി കാണാതിരുന്നാല്‍, അക്ഷരത്തെറ്റു വരുത്താതിരുന്നാല്‍ ദാമ്പത്യം ഒരു മഹാ കാവ്യ’മെന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ മനസ്സിലൂടെ കടന്നുപോകുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top