LoginRegister

പ്രണയമായി പൂത്തുലയേണ്ട സ്നേഹബന്ധം

ഖലീലുറഹ്‌മാൻ മുട്ടിൽ

Feed Back


അതിമനോഹരമായ ഒരു വികാരം മനസ്സുകളില്‍ ജനിപ്പിക്കാന്‍ കഴിയുന്ന വാക്കുകളിലൊന്നാണ് സ്‌നേഹമെന്ന പദം. ഇല കൊഴിഞ്ഞ മരക്കൊമ്പിലിരുന്ന് ഇണക്കുരുവികള്‍ പങ്കുവെക്കുന്നതും, അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നുകൊണ്ട് ഉമ്മയുടെ മുഖത്തു നോക്കി ചിരിക്കുന്ന കുഞ്ഞിനോട് മാതാവ് പകരുന്നതും സ്‌നേഹമെന്ന വികാരമാണ്. മൃദുലവും മാര്‍ദവവും മധുരമൂറുന്നതുമാണ് സ്‌നേഹത്തിന്റെ നിര്‍മല ഭാവങ്ങള്‍. മനസ്സിന്റെ അടിത്തട്ടില്‍ നിന്നു നിര്‍ഗളിക്കുന്ന ആ നീരുറവയ്‌ക്കു മുമ്പില്‍ നിറങ്ങള്‍ അപ്രസക്തമാകുന്നു. ദേശവും ഭാഷയും അന്യമാകുന്നു. കൊട്ടാരവും കൂരയും ഇല്ലാതാകുന്നു. ദേശാതിര്‍ത്തികള്‍ മറികടന്ന് ദമ്പതികള്‍ ഒന്നിക്കുന്നത്. കൊട്ടാരവാസി കൂരയിലുള്ളവരെ തേടിയെത്തുന്നത്.
സ്‌നേഹം പ്രണയമായി മാറുന്നത് മനുഷ്യപ്രകൃതമാണ്. പ്രണയത്തിന് ഒരു പ്രത്യേകതയുണ്ട്. വാക്കുകളും വാചകങ്ങളും ഇല്ലാതെ പ്രണയിക്കുന്നവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയുമെന്നതാണത്. സാധാരണഗതിയില്‍ ഒരാള്‍ പറയുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാകും. എന്നാല്‍ പറയാത്തതുപോലും മനസ്സിലാക്കാന്‍ പ്രണയിക്കുന്നവര്‍ക്ക് പരസ്പരം കഴിയും.പ്രണേതാവിന്റെ കണ്ണൊന്ന് വാടുമ്പോള്‍ പ്രണയിക്കുന്നവര്‍ അത് തിരിച്ചറിയും. മുഖമൊന്ന് വിളറുമ്പോഴും വാക്കൊന്ന് ഇടറുമ്പോഴും അത് പെട്ടെന്ന് തിരിച്ചറിയാന്‍ പ്രണയികൾക്കു കഴിയും. അതുകൊണ്ടാണ് വിവാഹജീവിതം പ്രണയബന്ധിതമായിത്തീരണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നത്.
മനുഷ്യർ പരസ്പരം സ്‌നേഹിക്കുന്നവരാണ്. മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, നാട്ടുകാര്‍, രാജ്യക്കാര്‍, വീട്, വാഹനം, പ്രകൃതി എന്നിങ്ങനെയുള്ളതിനെയെല്ലാം നാം സ്‌നേഹിക്കാറുണ്ട്, എന്നാല്‍ പ്രണയിക്കാറില്ല. സ്‌നേഹത്തിന്റെ ഒരു വകഭേദമാണ് പ്രണയമെങ്കിലും വളരെയധികം തീവ്രത കൂടിയതും ചിലപ്പോഴൊക്കെ കണ്ണും കയ്യു മില്ലാത്തതും ഒരാളില്‍ മാത്രം കേന്ദ്രീകരിക്കുന്നതുമായ ഒരു പ്രത്യേക തരത്തിലുള്ള അതിവൈകാരികമായ സ്‌നേഹത്തിന്റെ തീവ്രമായ അവസ്ഥയാണ് പ്രണയം. പേരറിയാത്തൊരു നൊമ്പരത്തെയാണ് പ്രണയം എന്നു വിളിക്കുന്നത്. മവദ്ദത്ത് എന്ന വാക്കാണ് ഖുര്‍ആന്‍ അതിന് ഉപയോഗിച്ചിരിക്കുന്നത് (30:21).
രണ്ടു മനുഷ്യര്‍. ആണും പെണ്ണുമെന്ന വ്യത്യസ്ത ശരീരങ്ങളാണവര്‍. വ്യത്യസ്ത വികാരങ്ങളാണവര്‍ക്ക്. വ്യത്യസ്ത ആഗ്രഹങ്ങളും ആവശ്യവുമുള്ളവരാണവര്‍. വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്നവരാണവര്‍. വ്യത്യസ്ത സ്വഭാവവും അഭിരുചിയുമുള്ളവര്‍. ഇവരെ ഒന്നിപ്പിക്കുന്ന കണ്ണിയാണ് പ്രണയം (മവദ്ദത്ത്). പ്രണയം അല്ലാഹു ഇണകള്‍ക്കിടയില്‍ നിശ്ചയിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഭൂമിലോകത്തെ ഒരു സംവിധാനത്തിലൂടെയും ദമ്പതികളെ ഇണക്കിച്ചേര്‍ക്കാന്‍ ഒരാള്‍ക്കും കഴിയില്ല. മരുഭൂമിയിലെ മുള്‍ച്ചെടിയും വീട്ടുമുറ്റത്തെ റോസാച്ചെടിയും തമ്മിലുള്ള അന്തരമാണ് ദമ്പതികളാകുന്നതിനു മുമ്പ് ആണിനും പെണ്ണിനുമിടയില്‍ ഉണ്ടായിരുന്നത്. മരുഭൂമിയിലെ മുള്‍ച്ചെടിക്ക് വളരാന്‍ ഒരു തുള്ളി വെള്ളത്തിന്റെ ആവശ്യം പോലുമില്ല. അതിന് മനുഷ്യന്റെ തലോടലോ പരിചരണമോ വേണ്ട. എന്നാല്‍ റോസാച്ചെടി സമൃദ്ധമായി വളരണമെങ്കില്‍ നിത്യമെന്നോണം വെള്ളം ഒഴിച്ചുകൊടുക്കണം. മനുഷ്യന്റെ പരിചരണവും പരിലാളനയും വേണം. രണ്ടു ചെടികളും തമ്മിലുള്ള സാമ്യം രണ്ടിലും മുള്ളുണ്ടെന്നത് മാത്രമാണ്. മരുഭൂമിയിലെ മുള്‍ച്ചെടിയും വീട്ടുമുറ്റത്തെ റോസാച്ചെടിയും കല്യാണം കഴിച്ചാല്‍ എങ്ങനെയുണ്ടാവും? അതുപോലെ യായിരിക്കും മനുഷ്യര്‍ക്കിടയില്‍ പ്രണയം ഇല്ലാത്ത വിവാഹബന്ധങ്ങള്‍.

പ്രണയം വിവാഹത്തിനു ശേഷം
നെഗറ്റീവും പോസിറ്റീവും പോലെ പരസ്പരവിരുദ്ധമായ രണ്ട് അസ്തിത്വങ്ങളെ ഒന്നാക്കി മാറ്റുന്ന പ്രണയമെന്ന വികാരം വിവാഹത്തിനു ശേഷമാണ് മൊട്ടിടുകയും പൂത്തുലയുകയും ചെയ്യേണ്ടത് എന്നാണ് ഇസ്‌ലാമിന്റെ ഭാഷ്യം. അതിനു മുമ്പുള്ള പ്രണയബന്ധങ്ങളെയെല്ലാം മതം കുറ്റകരമായി കാണുന്നു. കാരണം ഒരു മനുഷ്യായുസ്സിന്റെ സിംഹഭാഗവും തള്ളിനീക്കേണ്ടത് ഇരു ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഭാര്യാഭര്‍തൃ ബന്ധത്തിലാണ്. മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കെല്ലാം ചില പരിധികളും പരിമിതികളുമുണ്ട്. ഒരുതരത്തിലുമുള്ള പരിമിതികളില്ലാത്ത ഒരേയൊരു ബന്ധമാണ് ദമ്പതികള്‍ക്കിടയിലുള്ളത്. അതിന്റെ നൂലിഴകള്‍ക്ക് ശക്തി പകരുന്നതിനാണ് പ്രണയമെന്ന വികാരം അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ”നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ (ഭാര്യമാരെ) അവന്‍ സൃഷ്ടിച്ചുതന്നിട്ടുള്ളത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. നിങ്ങള്‍ അവളിലേക്ക് സമാധാനമടയാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്‌നേഹബന്ധവും കാരുണ്യവും നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതില്‍ ചിന്താശീലരായ ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്” (30:21).
വിവാഹബന്ധത്തിന്റെ തുടക്കകാലങ്ങളിലെ പ്രണയം പിന്നീട് കാരുണ്യമായി രൂപാന്തരപ്പെടുമെന്നാണ് ഖുര്‍ആനിന്റെ പ്രയോഗങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ”അവന്‍ നിങ്ങള്‍ക്കിടയില്‍ പ്രണയവും കാരുണ്യവും നിശ്ചയിച്ചിരിക്കുന്നു” എന്ന വചനത്തില്‍ (30:21) ആദ്യം പ്രതിപാദിച്ചിരിക്കുന്നത് പ്രണയത്തെക്കുറിച്ചാണ്. വിവാഹബന്ധത്തിന്റെ ആദ്യകാലങ്ങളില്‍ ഇണകള്‍ക്ക് പരസ്പരം കണ്ടുകൊണ്ടേയിരിക്കണം. കാണാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. ചേര്‍ന്നിരിക്കണം. അകന്നുനില്‍ക്കാന്‍ അവര്‍ക്കാവില്ല. പിന്നീട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതങ്ങനെ രൂപമാറ്റം സംഭവിച്ച് കാരുണ്യമായി മാറും. അവളൊന്നു ക്ഷീണിക്കുമ്പോള്‍ അവന്‍ അതില്‍ പ്രയാസപ്പെടുന്നു. അവൾ അവനെ വേര്‍പിരിഞ്ഞാല്‍ അതോടുകൂടി അവന്‍ തകരുന്നു. പ്രണയം കാരുണ്യമായി മാറിയതുകൊണ്ടാണത്. വിവാഹത്തിനു മുമ്പേ വേലി ചാടി പ്രണയബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും വിവാഹത്തിനു ശേഷം പ്രണയിക്കാന്‍ കഴിയാത്തവര്‍ക്കും നഷ്ടപ്പെടുന്നത് ഇണകളില്‍ നിന്നു പരസ്പരം ലഭിക്കേണ്ട കാരുണ്യം എന്ന മഹോന്നത ഭാവമാണ്.

പകരാനുള്ളതാണ് സ്‌നേഹം
മനുഷ്യനെ കീഴടക്കാനുള്ള ദിവ്യ ഔഷധമാണ് സ്‌നേഹം. സ്‌നേഹത്തിനും ആത്മാവുണ്ട്. അത് നഷ്ടപ്പെട്ടാല്‍ സ്‌നേഹവും ജഡമായി മാറും. അപ്പോള്‍ ദമ്പതികള്‍ക്കിടയില്‍ മർമരങ്ങള്‍ക്കു പകരം പൊട്ടലും ചീറ്റലുമാണുണ്ടാവുക. കുളിര്‍മയ്ക്കു പകരം ഉഷ്ണമായിരിക്കും തരംഗങ്ങളായി വരിക. സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ അതിന്റെ ഊഷ്മളത അനുഭവിക്കാന്‍ കഴിയൂ. സ്‌നേഹം മനസ്സില്‍ മറച്ചുവെക്കാനുള്ളതല്ലെന്നും അത് ആവശ്യാനുസരണം പ്രകടിപ്പിക്കണമെന്നുമുള്ള ആഹ്വാനമാണ് പ്രവാചക ജീവിതമെന്ന് കാണാന്‍ കഴിയും. പൊതുയിടങ്ങളില്‍ വെച്ചാണെങ്കിലും സ്‌നേഹം പ്രകടിപ്പിക്കേണ്ട ഘട്ടമാണെങ്കില്‍ ഒട്ടും മടികൂടാതെ അദ്ദേഹം അത് പ്രകടിപ്പിച്ചിരുന്നു. ഒരിക്കല്‍ പ്രവാചകന്റെ പത്‌നി സഫിയ പ്രവാചകനോടൊപ്പം ഒരു യാത്രയിലായിരുന്നു. പ്രവാചകനും സംഘവും ലക്ഷ്യത്തിലെത്തിയിട്ടും അവള്‍ എത്തിച്ചേരാന്‍ വളരെ വൈകി. എത്തിയപ്പോള്‍ പ്രവാചകന്‍ അവളെ സ്വീകരിച്ചു. അവള്‍ കരയുന്നുണ്ടായിരുന്നു. അവള്‍ പറഞ്ഞു: ”നിങ്ങള്‍ വേഗം കുറഞ്ഞ ഒട്ടകപ്പുറത്താണ് എന്നെ കയറ്റിയത്.” അപ്പോള്‍ പ്രവാചകന്‍ അവളെ ചേര്‍ത്തുനിര്‍ത്തി തന്റെ കൈകള്‍ കൊണ്ട് അവളുടെ കണ്ണുകള്‍ തുടച്ചു കൊടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു (നസാഈ). മറ്റുള്ളവര്‍ കാണുന്നു എന്ന ലജ്ജ അദ്ദേഹത്തെ അലട്ടിയില്ല. ആയിശ പറയുന്നതിങ്ങനെ: ”പള്ളിയിൽ ഇരിക്കുന്ന പ്രവാചകന്‍ തന്റെ തല എനിക്ക് നീട്ടിത്തരും. ഞാനത് ചീകിക്കൊടുക്കുകയും ചെയ്യും” (മുസ്‌ലിം). മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് ഭര്‍ത്താവിന്റെ തല ചീകിക്കൊടുക്കുന്ന ഭാര്യയുടെ ചിത്രം നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്തതാണ്. അതിന് കളമൊരുങ്ങുന്ന ദാമ്പത്യം പ്രണയത്തിന്റെ മൂര്‍ത്തരൂപമായിരിക്കുമെന്നത് സംശയരഹിതമായ കാര്യമാണ്. ഭാര്യ കുടിച്ച അതേ പാത്രത്തില്‍ നിന്ന് കുടിക്കുകയും ഭാര്യ കഴിച്ചതിന്റെ ബാക്കി കഴിക്കുകയും ചെയ്ത പ്രവാചകന്‍, ഭാര്യയുടെ വായില്‍ ഉരുള വെച്ചുകൊടുക്കുന്ന പ്രവാചകന്‍, ഭാര്യമാര്‍ക്കിടയിലിരുന്ന് സൊറപറയുന്ന പ്രവാചകന്‍, പരസ്പരം മുടി ചീകുകയും നഖം മുറിച്ചുകൊടുക്കുകയും ചെയ്യുന്ന പ്രവാചകന്‍, അവര്‍ക്കിടയില്‍ ഇരുന്ന് പൊട്ടിച്ചിരിക്കുന്ന പ്രവാചകന്‍, ഭാര്യമാര്‍ക്കൊപ്പം വീട്ടുജോലികള്‍ ചെയ്യുന്ന പ്രവാചകന്‍, ഇഷ്ടഭക്ഷണം പാചകം ചെയ്യുമ്പോള്‍ വിടപറഞ്ഞ പ്രിയതമയുടെ കൂട്ടുകാരികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവാചകന്‍, യാത്രകളില്‍ ഭാര്യമാരെ ഊഴമിട്ട് കൊണ്ടുപോകുന്ന പ്രവാചകന്‍, ഭാര്യമാരോടൊപ്പം ഓട്ടമത്സരത്തില്‍ ഏര്‍പ്പെടുന്ന പ്രവാചകന്‍, ഭാര്യമാര്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന പ്രവാചകന്‍, അനുവദനീയമായ വിനോദങ്ങള്‍ ആസ്വദിക്കാന്‍ ഇണകള്‍ക്ക് അവസരം ഉണ്ടാക്കുന്ന പ്രവാചകന്‍… ആറാം നൂറ്റാണ്ടിലെ പ്രവാചകന്‍ പകര്‍ന്ന പ്രണയത്തിന്റെ ഓരത്തെത്താന്‍ ആധുനിക ലോകത്തെ മനുഷ്യന്‍ എത്ര ഓടിക്കിതക്കേണ്ടിവരും? പ്രണയത്തെ കുറിച്ച് മനോഹര കാവ്യങ്ങള്‍ രചിച്ചവര്‍ക്കും സ്‌ക്രീനില്‍ പ്രണയം അഭിനയിക്കുന്നവര്‍ക്കും നിത്യജീവിതത്തില്‍ സ്‌നേഹപ്രകടനത്തിന്റെ എത്ര മാതൃകകള്‍ ഓര്‍ത്തെടുക്കാനുണ്ടാകുമെന്നത് പ്രസക്തമായ ചിന്താവിഷയമാണ്.

പ്രണയത്തിനു
പോറലേല്‍ക്കാതിരിക്കാന്‍

മനുഷ്യര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് സംവേദന മാര്‍ഗങ്ങളിലൂടെയാണ്. ദമ്പതികള്‍ക്കിടയില്‍ സ്‌നേഹപ്രകടനം ഫലപ്രദമാകണമെങ്കില്‍ സംവേദനത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ അറിയല്‍ അനിവാര്യമാണ്. ആര്, ആരോട്, എപ്പോള്‍, എങ്ങനെ, എന്ത് എന്നീ ചോദ്യങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കണം ഇണകള്‍ക്കിടയില്‍ ആശയ കൈമാറ്റങ്ങള്‍ നടക്കേണ്ടത്. സന്തോഷവാനായ ഭര്‍ത്താവിനോട് പെരുമാറുന്നതുപോലെ ആകരുത് സങ്കടപ്പെട്ടിരിക്കുന്ന ഭര്‍ത്താവിനോട് പെരുമാറേണ്ടത്. ആരോഗ്യവതിയാണ് തന്റെ ഇണയെങ്കിലും അവള്‍ ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ആര്‍ത്തവകാലങ്ങളില്‍ കൂടുതല്‍ കൂടുതലായി അവള്‍ക്ക് മനഃപൂര്‍വം സ്‌നേഹം പകര്‍ന്നുകൊടുക്കാന്‍ കഴിയണം. പെണ്ണ് കൊതിക്കുന്നത് ആണിന്റെ പരിഗണനയും പരിചരണവുമാണ്. ആണാകട്ടെ കൂടുതല്‍ ആദരവ് ആഗ്രഹിക്കുന്നവനുമാണ്. അതുകൊണ്ടാണ് കുടുംബത്തിലെ തന്റെ ഉത്തരവാദിത്തം ഭാര്യയോ മക്കളോ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചാല്‍ അത് തന്നെ അപമാനിക്കലായി അയാള്‍ക്ക് അനുഭവപ്പെടുന്നത്. കുടുംബമൊന്നിച്ച് യാത്ര ചെയ്യുമ്പോള്‍ അതിന്റെ നേതൃത്വം കുടുംബനാഥനായ ആണിലായിരിക്കും. അത് കുടുംബനാഥ കവര്‍ന്നെടുത്താല്‍ തന്നെ രണ്ടാംതരക്കാരനാക്കിയതായി അയാള്‍ക്ക് അനുഭവപ്പെടുന്നു. ഇങ്ങനെ അയാള്‍ക്ക് അനുഭവപ്പെടാനുള്ള കാരണം തനിക്ക് കുടുംബാംഗങ്ങളില്‍ നിന്നു ലഭിക്കേണ്ട ആദരവ് ലഭിച്ചില്ല എന്ന തോന്നലാണ്. എന്നാല്‍ എന്നും മുറ്റമടിച്ചുവാരാറുള്ള ഭാര്യക്ക് പകരം ഒരു ദിവസം ഭര്‍ത്താവ് ചൂലെടുത്ത് മുറ്റം അടിച്ചു വൃത്തിയാക്കി എന്നു കരുതുക. അപ്പോള്‍ ഭാര്യ പിണങ്ങാറില്ല. മറിച്ച് അയ്യേ എന്നു പറഞ്ഞ് ചിരിക്കുകയാണ് പതിവ്. കാരണം ഭര്‍ത്താവ് ചൂല് എടുത്തതുകൊണ്ട് തന്റെ അഭിമാനത്തിന് ഒരു ക്ഷതവും സംഭവിച്ചതായി അവള്‍ക്ക് അനുഭവപ്പെടുന്നില്ല. മാത്രമല്ല, തന്നെ ഭര്‍ത്താവ് കൂടുതല്‍ സഹായിച്ചുകൊണ്ട് പരിപാലിക്കുകയാണ് എന്നാണ് അവള്‍ക്ക് അനുഭവപ്പെടുന്നത്. ഇങ്ങനെ സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറിയാല്‍ സ്‌നേഹം പങ്കുവെക്കലിന് ഒരു പോറലുമേല്‍ക്കാതെ നിലനിര്‍ത്താന്‍ കഴിയും. അതിന് ദമ്പതിമാർക്ക് പരസ്പരം ഉള്‍ക്കൊള്ളാനും പൊറുക്കാനും സഹിക്കുവാനുമെല്ലാം കഴിയണം. ‘കൂടെ പൊറുക്കാന്‍ കൂടെക്കൂടെ പൊറുക്കണം’ എന്ന് കുഞ്ഞുണ്ണിമാഷ് കുറിച്ചതും അതുകൊണ്ടുതന്നെ. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top