ഉച്ചയൂണു കഴിഞ്ഞ് വെറുതെ സോഫയില്‍ ചാരിയിരുന്നൊന്നു മയങ്ങി. പുറത്തേക്കു പോകാനൊരുങ്ങിയ മകള്‍ മുന്നില്‍ വന്നു വിളിച്ചതു കേട്ടാണ് ഉണര്‍ന്നത്:
”ഉമ്മ ഉറക്കത്തില്‍ സംസാരിക്കുന്നതു കേട്ടു. അളുക്ക്, അളുക്ക് എന്നു പറയുന്നുണ്ടായിരുന്നു, എന്താണത്? ഗൂഗിളില്‍ തിരഞ്ഞിട്ടു പോലും കണ്ടില്ലല്ലോ?”
”അതൊരു ചെറിയ അടപ്പുള്ള ചെപ്പാണ്. ഡപ്പി, പാത്രംന്നൊക്കെ പറയാവുന്ന ഒന്ന്”- ജാള്യത മറച്ചുവെച്ച് പറഞ്ഞു.
ഉമ്മാന്റെ പഴമ്പുരാണങ്ങള് എന്ന പേരില്‍ അന്യംനിന്നുപോകുന്ന വാമൊഴിച്ചിന്തുകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവെക്കാന്‍ ഒരു വാക്കുകൂടി കിട്ടി.
”ഞാന്‍ ലൈബ്രറിയില്‍ പോയിട്ടു വരാം”- അവള് ഇറങ്ങിയപ്പോള്‍ വാതിലടച്ച് വീണ്ടും ചാഞ്ഞു.
എന്നാലും ആ അളുക്ക് കണ്ടത് സ്വപ്നത്തിലാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. കൈയിലെടുത്ത് അടപ്പു തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് മകള്‍ വന്നുണര്‍ത്തിയത്.
കുഞ്ഞാക്ക മരിച്ചിട്ട് ഇന്ന് ഒരു കൊല്ലം തികഞ്ഞു. അതോര്‍ത്തു കിടന്നതുകൊണ്ടാവാം ഓര്‍മകളുടെ ഒതുക്കുകള്‍ കയറി പൊട്ടിച്ചിരിച്ചുകൊണ്ട് മൂപ്പര് കയറി വന്നത്. കൈയില്‍ ആ പൊന്നളുക്കുമുണ്ടായിരുന്നു.
രണ്ട് കൊല്ലം മുമ്പ് ഇതുപോലൊരു തണുപ്പുകാലത്താണ് കുഞ്ഞാക്ക ഫോണ്‍ വിളിച്ചിട്ട് പറഞ്ഞത്, ”മോളേ, നാളെയാണ് ജെസിബി കൊണ്ടുവന്ന് തറവാട് പൊളിക്കുന്നത്. മൂന്നു ചെക്കന്മാരുള്ളത് അധികം ദൂരത്താകരുതെന്നേ ഞാന്‍ കരുതിയുള്ളൂ. ഏതായാലും വാപ്പയായിട്ട് എനിക്ക് തന്ന സ്ഥലമല്ലേ, അത് മൂന്നായി പങ്കുവെച്ചോളാനും പറഞ്ഞു. അളന്നു മുറിച്ചുവന്നപ്പോള് ഇളയവന്റെ പേരിലായി തറവാട് നില്ക്കുന്ന സ്ഥലം. അവന് വലിയ എന്‍ജിനീയറല്ലേ. മനസ്സിലുള്ള പ്ലാന്‍ അനുസരിച്ച് വീടു പണിയാന്‍ തറവാട് പൊളിച്ചേ പറ്റൂന്ന്! പത്തറുപതു കൊല്ലം പഴക്കമുള്ള വീട്. എത്ര തലമുറയുടെ ചിരിയും കരച്ചിലും ഒപ്പിയെടുത്ത ചുവരുകളാണത്! അതങ്ങനെത്തന്നെ നിര്‍ത്തണം എന്നൊന്നും പറയാന്‍ ഉള്ള ഭ്രാന്ത് എനിക്കില്ല. എന്നാലും ഓര്‍ക്കുമ്പോള്‍ ഉള്ളിലൊരു നീറ്റല്‍. നിന്നെപ്പോലെ അത് മനസ്സിലാക്കാന്‍ ഇവിടെ അധികമാര്‍ക്കും കഴിയില്ല…”
കേട്ടപ്പോള്‍ ഒന്നു ഞെട്ടിയെങ്കിലും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കയല്ലാതെ മറ്റു വഴിയില്ലല്ലോ. തറവാട് പൊളിക്കുന്നതിനു മുമ്പ് ഒന്നുകൂടി പോയി കാണണമെന്നുണ്ടായിരുന്നു. കടലുകള്‍ താണ്ടിയൊരു യാത്ര വിചാരിക്കുന്നതുപോലെ എളുപ്പമല്ലല്ലോ.
”കുഞ്ഞാക്ക പറഞ്ഞത് നന്നായി. എനിക്കു വേണ്ടി ഒരു ഉപകാരം ചെയ്യണം. അടുക്കളക്കോലായയുടെ വടക്കുവശത്ത് തൊഴുത്തിലേക്കിറങ്ങുന്ന ഉമ്മറക്കല്ലിന്റെ നടുഭാഗത്തായി ഒരു വിടവുണ്ട്. അതൊരു പരന്ന പാറക്കഷണം കൊണ്ട് അടച്ചുവെച്ചിട്ടുണ്ടാവും, അകത്ത് ഞാനൊരു സാധനം സൂക്ഷിച്ചുവെച്ചിട്ടുണ്ട്, പറ്റിയാല്‍ അതൊന്ന് എടുത്തുവെക്കണേ. ഏലസ്സും തകിടും മന്ത്രവാദവുമൊന്നുമല്ല. ആ പഴയ പൊന്നളുക്ക് ഒരു പ്ലാസ്റ്റിക് കവറില്‍ ഇട്ടുവെച്ചിട്ടുണ്ട്.”
ഏഴാം ക്ലാസ് കഴിഞ്ഞപ്പോഴുണ്ടായ പറിച്ചുനടലില്‍ കൂടെ കൊണ്ടുപോകാനാകാത്തതുകൊണ്ട് ഒളിപ്പിച്ചുവെച്ചതാണ്. പിന്നീടങ്ങോട്ടുള്ള തിരക്കുകളില്‍ പെട്ട് അത് ഒരിക്കലും തിരിച്ചെടുക്കലുണ്ടായില്ല.
”വില പിടിപ്പുളളതൊന്നുമില്ല, കുറച്ചോര്‍മകള്‍! മറ്റാരും അറിയേണ്ട, അറുപതിലെ അത്തുംപൊത്തുമാണെന്ന് പറയും.”
അന്നു മുതലാണ് വീണ്ടും ആ പൊന്നളുക്ക് മനസ്സിലിരുന്നു കിലുങ്ങാന്‍ തുടങ്ങിയത്. വല്ലിപ്പ ഹജ്ജിനു പോയി വന്നപ്പോള്‍ കൊണ്ടുവന്നതാണ്. പെട്ടിയില്‍ നിന്ന് പുറത്തെടുത്തയുടനെ കുഞ്ഞാക്ക അത് പോക്കറ്റിലാക്കി, ചെറിയ മകനായതുകൊണ്ട് മറ്റാരും അതിനു വേണ്ടി തല്ലുകൂടാന്‍ വരില്ല എന്ന വിശ്വാസത്തിലായിരുന്നിരിക്കണം. ഞാനുണ്ടോ വിടുന്നു! തറവാട്ടിലെ ആദ്യത്തെ പേരക്കുട്ടി. വാപ്പയും ഉമ്മയും കൂടെയില്ലാതെ വളരുന്ന, എല്ലാവരും കൂടി കൊഞ്ചിച്ചു വഷളാക്കിയ അഞ്ചു വയസ്സുകാരി. സ്ഥിരം കലാപരിപാടിയായ നിലത്ത് കിടന്നുരുണ്ടുകൊണ്ടുള്ള കരച്ചിലിനു വട്ടംകൂട്ടിത്തുടങ്ങിയപ്പോഴേ കുഞ്ഞാക്ക അളുക്ക് വിട്ടുതന്നു. പാവം ഉമ്മാന്റെ കുഞ്ഞാങ്ങള, സ്ഥാനം കൊണ്ട് അമ്മാവന് ആണെങ്കിലും നാലഞ്ചു വയസ്സേ കൂടുതലുള്ളൂ. മാമാന്ന് വിളിച്ചാല്‍ വയസ്സന് പരിവേഷം വരും എന്നു പേടിച്ച് കുഞ്ഞാക്കാ എന്ന് നിര്‍ബന്ധിച്ച് വിളിപ്പിച്ചു.
തലക്കിട്ട് ഒരു കിഴുക്ക് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അതിനൊന്നും നില്‍ക്കാതെ വല്ലിപ്പ കൊണ്ടുവന്ന നാഷണല്‍ പാനസോണിക് റേഡിയോ പ്രവര്‍ത്തിപ്പിക്കുന്ന തിരക്കിലായി മൂപ്പര്.
കൈയില്‍ ഒതുങ്ങുന്ന പൊന്നിറം പൂശിയ അളുക്കിന്റെ ഉള്ളില്‍ ചുവന്ന വെല്‍വെറ്റ് പതിച്ച്, അകത്തും പുറത്തുമായി രണ്ടറകളും നടുക്ക് ഒരു കള്ളറയും. വിലപ്പെട്ടതെന്ന് തോന്നുന്നതെല്ലാം അതിനകത്ത് ഇട്ടുവെച്ച് ഒരുപാട് സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയും കൂട്ടുകാരെ കാണിച്ച് കൊതിപ്പിച്ചു. മക്കേന്ന് കൊണ്ടുവന്ന വെളിച്ചത്ത് പിടിച്ചാല്‍ മഴവില്ല് കാണുന്ന ഒരു കുഞ്ഞ് പളുങ്കിന് തുണ്ട്, ഒരു മയില്പീലിക്കണ്ണ്, കുറച്ചു ചില്ലറത്തുട്ടുകള്‍, മഞ്ചാടിക്കുരു, കുന്നിക്കുരു, കുപ്പിവളപ്പൊട്ടുകള്‍…
രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞാക്ക പിന്നെയും വിളിച്ചു: ”മോളേ, നീ ഏല്പിച്ച കാര്യം സാധിച്ചുതരാന്‍ എനിക്കായില്ലട്ടോ. അളുക്ക് കിട്ടിയില്ല. ഞാന്‍ ഒരത്യാവശ്യത്തിന് വില്ലേജ് ഓഫീസില്‍ പോയി വന്നപ്പോഴേക്കും ജെസിബി നേരത്തേ എത്തി പണി തീര്‍ത്തു പോയിരുന്നു. എല്ലാം കൂടി മാന്തിക്കുഴച്ചിട്ടിരുന്നു. പണ്ട് കൈതക്കുളം വറ്റിച്ച് മീന്‍ പിടിച്ചിരുന്നതുപോലെ ഞാന്‍ കുറെ തപ്പി നടന്നുനോക്കിയപ്പോള്‍ എന്താ പ്രാന്താണോന്നും ചോദിച്ചു കുട്ടികള്‍ പിടിച്ചു മാറ്റി. മറ്റുള്ളവര്‍ക്കറിയില്ലല്ലോ ഓര്‍മകളുടെ വില.”
”സാരല്യ കുഞ്ഞാക്കാ… ഞാന്‍ പഴയ കുട്ടിയൊന്നുമല്ലല്ലോ” എന്ന് പറയാനാണ് തോന്നിയത്.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു രാത്രി ഫോണ്‍ ബെല്ലടിച്ചത് കേട്ട് ഞെട്ടിയുണര്ന്നതുതന്നെ എന്തോ ഒരു അശുഭചിന്തയോടെ ആയിരുന്നു. മറുതലക്കല്‍ കുഞ്ഞാക്കാന്റെ മകന്: ”വാപ്പ പോയി, മുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു.”
”ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.” അമ്മാവനും ജ്യേഷ്ഠനും കളിക്കൂട്ടുകാരനും എല്ലാമായിരുന്നു. എല്ലാ കുസൃതികള്‍ക്കും കൂട്ടായി, എന്തും തുറന്നു പറയാന്‍ കഴിഞ്ഞിരുന്ന ഒരാള്‍ ഇത്ര പെട്ടെന്ന്… സഹിക്കാന്‍ പറ്റുന്നില്ലല്ലോ പടച്ചോനേ. അവസാനമായി ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല!
പിന്നെയും കുറച്ചു നാള് കഴിഞ്ഞാണ് നാട്ടില്‍ പോകാന്‍ സാധിച്ചത്. ഒരുപാട് ഓര്‍മകള്‍ മേയുന്ന വീട് തേടി ചെന്നപ്പോള്‍ ഉയര്ന്നുനില്ക്കുന്ന കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ക്കിടയില്‍ തറവാട് നിന്നിരുന്ന സ്ഥലം പോലും അടയാളപ്പെടുത്താനാവാതെ അന്തിച്ചുനിന്നു. എവിടെ നിന്നൊക്കെയോ കുഞ്ഞാക്ക വിളിക്കുന്നതുപോലെ, ആ പൊന്നളുക്കിന്റെ കിലുക്കവും!