LoginRegister

പെരുന്നാളാനന്ദം

ഫര്‍സാന

Feed Back


ചാലിയാറിന് അക്കരെയായിരുന്നു ഉമ്മവീട്. അന്നൊന്നും കടവില്‍ ബോട്ടില്ല. തോണിയാണ്. കൂവി വിളിച്ചാല്‍ മറുകരയില്‍ നിന്ന് ഒരു കൂയ് വിളിയും തോണിക്കാരനെയും കിട്ടും. കടവ് താണ്ടേണ്ട ദൂരം മാത്രമേയുള്ളൂ എന്നതിനാല്‍ മിക്ക ആഴ്ച അവസാനങ്ങളിലും ഉമ്മവീട്ടിലേക്ക് പോകും. കടവിറങ്ങി, ബസ് പിടിച്ച് അഞ്ച് മിനിറ്റ് ദൂരം പോവേണ്ട കാര്യമേയുള്ളു. ഉപ്പവീടിനേക്കാള്‍ ആള്‍ബലം ഉള്ളതിനാല്‍ ഞാനെന്ന കുട്ടിക്ക് അവിടേക്കുള്ള പോക്ക് അതീവ രസകരമായി എന്നും തോന്നിയിരുന്നു.
ഇത് പറയുമ്പോള്‍, ഒരു പെരുന്നാള്‍ ഉച്ച എന്റെ മനസ്സില്‍ കത്തിയാളിക്കൊണ്ടിരിക്കുകയാണ്. നീലം മുക്കിയ, ഞെരിയാണിക്ക് മേലേക്ക് ധരിച്ച തുണിയും മുറിക്കയ്യന്‍ വെള്ളക്കുപ്പായവും വെള്ള തലേക്കെട്ടുമിട്ട ഒരു രൂപം പാടത്തിനു നടുവിലൂടെ നടന്നുവരുന്നത് എനിക്ക് ഇപ്പോഴും കാണാന്‍ പറ്റുന്നുണ്ട്. ഞാന്‍ വായിച്ചി എന്ന് വിളിച്ചുപോന്ന ഉമ്മയുടെ ഉപ്പയായിരുന്നു അത്.
കുട്ടിയായിരിക്കെ, അമിതമായ ആവേശമൊന്നും വലിയ പെരുന്നാള്‍ എന്നില്‍ ഉണ്ടാക്കാറില്ലായിരുന്നു. പുതിയ വസ്ത്രം വാങ്ങുക പോലും വിരളമായിരുന്നു. പകരം ഷൂസ്, ശരീരം ചമയിക്കാനുള്ള വസ്തുക്കള്‍, തട്ടം തുടങ്ങിയ വകകളാണ് വാങ്ങിത്തരുക. രാവിലെ പള്ളി ഇറങ്ങിവരുന്ന ആണ്‍പ്രജകള്‍ കൊണ്ടുവരുന്ന മത്തങ്ങാ ബലൂണും പാമ്പ് ബലൂണും കളിച്ചുകളിച്ച് പൊട്ടിച്ചുകഴിഞ്ഞാല്‍ പിന്നെ കാര്യമായിട്ട് ഒന്നും ചെയ്യാനില്ലാതെ മുഷിച്ചിലാണ്. കോലായിക്ക് നടുക്കുള്ള തൂണില്‍ പിടിച്ച് വട്ടം ചുറ്റും. കസേര ചേര്‍ത്തിയിട്ട് ട്രെയിന്‍ ഉണ്ടാക്കും. അങ്ങനെ സമയം തള്ളിനീക്കും. നന്നേ വൈകുന്നേരമാവണം ഉമ്മവീട്ടിലേക്ക് പോകാന്‍. ഇടയ്ക്കിടെ പോയി ക്ലോക്ക് നോക്കും. രാത്രി അവിടെ കസിന്‍സുമായി പടക്കവും പൂത്തിരിയും കത്തിച്ച് ആനന്ദിക്കുന്നത് ഓര്‍ത്തുകൊണ്ട് സന്തോഷിക്കും.
അങ്ങനെ ഒരു പെരുന്നാള്‍ ഉച്ചയ്ക്ക് കളിക്കൂട്ടുകാരനായ കുഞ്ഞിമോനെയും കൂട്ടി വീട്ടില്‍ നിന്നു നേരെ ഇറങ്ങി, ഇടവഴിയിലേക്ക്. അവന് അന്ന് ഡബിള്‍ ബാരല്‍ ഒക്കെയുള്ള ഒരു നീളന്‍ കറുത്ത തോക്ക് പെരുന്നാള്‍ സമ്മാനമായി കിട്ടിയിരുന്നു. അറ്റത്ത് റബറുള്ള ബുള്ളറ്റ് ഉള്ളിലേക്ക് വെച്ച് ഷൂട്ട് ചെയ്യാവുന്ന ആ നീളന്‍ തോക്ക് അക്കാലത്ത് പുതുകാഴ്ചയായിരുന്നു. കാഞ്ചിക്ക് അപ്പുറത്തുള്ള ഒന്ന് അമര്‍ത്തുമ്പോള്‍ മ്യൂസിക്കും ഉണ്ടാവും.
”നമ്മക്ക് ഇതു വെച്ച് പാടത്തു പോയിട്ട് കൊറ്റികളെ വെടിവെച്ച് ഇടാം. ബുള്ളറ്റ് കൊണ്ടാ ഒക്കെ ചാവും.”
അവന്റെ ഐഡിയയായിരുന്നു.
എനിക്ക് പക്ഷേ വേറെയും ഉദ്ദേശ്യമുണ്ടായിരുന്നു. ഉമ്മവീട്ടില്‍ നിന്നും ആരെങ്കിലും ഉച്ചഭക്ഷണത്തിനായി എത്തുമെന്ന് ആദ്യമേ അറിഞ്ഞിരുന്നു. അവരെ വീട്ടിലേക്ക് ആനയിക്കാമല്ലോ എന്നതായിരുന്നു എന്റെ മനസ്സില്‍.
ഞങ്ങള്‍ രണ്ടു പേരും ഇടവഴി കടന്ന് പാടത്തേക്കെത്തി. കത്തുന്ന വെയിലില്‍ തിളങ്ങിനില്‍ക്കുന്ന പച്ചപ്പാടത്തിന്റെ ഓരത്തുള്ള കമുകിന്‍ തോട്ടത്തില്‍ ഞങ്ങള്‍ നിന്നു. അല്‍പനേരത്തെ സംസാരങ്ങള്‍ക്കു ശേഷം പാടത്തിന്റെ നടുക്കുള്ള കലുങ്കിന്റെ മുകളിലായുള്ള കരിങ്കല്ല് ഇരിപ്പിടത്തില്‍ ഇരുന്ന് ഞങ്ങള്‍ വെടിവെപ്പ് ആരംഭിച്ചു. അവന്‍ ചറപറാ ബുള്ളറ്റുകള്‍ ഉതിര്‍ത്തു. എല്ലാം ഞങ്ങളുടെ കാല്‍ക്കല്‍ തന്നെ എന്നപോലെ ഇത്തിരി ദൂരം മാത്രമേ പോയുള്ളൂ. ഒരു ഉറുമ്പിനെ പോലും ഞങ്ങള്‍ക്ക് വെടിവെച്ചു വീഴ്ത്താനായില്ല.
ഈ തോക്ക് നല്ലതല്ലെന്ന് അവന്‍ വിഷമത്തോടെ പറഞ്ഞപ്പോള്‍ ‘സാരല്ല’ എന്നു പറഞ്ഞ് ഞാന്‍ സമാധാനിപ്പിച്ചു. അങ്ങനെയിരുന്ന, നിരാശ മുറ്റിയ ആ ഉച്ചനേരത്താണ് പാടത്തിന്റെ അങ്ങേത്തലക്കല്‍ നിന്ന് ശുഭ്രവസ്ത്രധാരിയായ വായിച്ചി നടന്നുവരുന്നത് കണ്ടത്. എനിക്ക് ഉള്ളില്‍ സന്തോഷത്തിരി കത്തി.
കാത്തിരിക്കാന്‍ ഒരാള്‍ ഉണ്ടാവുക, ആ ആള്‍ നേരം തെറ്റാതെ മുന്നിലെത്തുക! ഒരു കുഞ്ഞുമനസ്സ് ആനന്ദനിര്‍ഭരമാവാന്‍ മറ്റെന്തു വേണം! വായിച്ചിയോടും കുഞ്ഞിമോനോടുമൊത്ത് തിരികെ വീട്ടിലേക്ക് നടന്ന ഞാനെന്ന കുഞ്ഞുപെണ്‍കുട്ടി! ഓര്‍മകള്‍ അവിടെ മുറിയുന്നുണ്ട്. പിന്നീട് എന്തുണ്ടായെന്നത് കിണഞ്ഞു പരിശ്രമിച്ചിട്ടും എനിക്കുള്ളില്‍ വെളിപ്പെടുന്നില്ല. ഒരുപക്ഷേ, സമയമെത്തുന്നതിനും ഏറെ മുമ്പേ ഈ ഭൂമി വിട്ടൊഴിഞ്ഞ കുഞ്ഞിമോനും എല്ലാ കടമകളും തീര്‍ത്ത് സ്വച്ഛമായ മനസ്സോടെ മണ്ണിലേക്ക് മടങ്ങിയ വായിച്ചിയും ഓര്‍മകളുടെ ഒഴുക്കിന് വിഘാതം സൃഷ്ടിക്കുന്നുണ്ടാവും. ആര്‍ക്കറിയാം!

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top