LoginRegister

പെരുകുന്ന മാളുകളും മാറുന്ന വിപണി സംസ്കാരവും

ബിജു ജോണ്‍

Feed Back


വിപണിയുടെ ആഘോഷ കാലത്ത് നാടുനീളെ മുളച്ചുപൊങ്ങുന്ന ഷോപ്പിംഗ് മാളുകള്‍ ആധുനിക കാലത്തെ ആരാധനാലയങ്ങളും തീർഥാടന കേന്ദ്രങ്ങളും ആവുകയാണ്. നഗരങ്ങളിലെ പ്രധാന സന്ദര്‍ശക കേന്ദ്രങ്ങളില്‍ ഒന്ന് തീര്‍ച്ചയായും അവിടുത്തെ മാളുകളാണ് ഇപ്പോള്‍. യാത്രകളില്‍ പ്രധാന സന്ദര്‍ശന ഇടങ്ങളില്‍ ഒന്ന് മാളുകളാണ്. വാങ്ങാന്‍ അല്ലെങ്കില്‍ പോലും ഏതെങ്കിലും ഒരു മാള്‍ സന്ദര്‍ശിക്കുക എന്നത് നമ്മുടെ ജീവിത രീതിയായി മാറിയിരിക്കുന്നു. മാളില്‍ ചെന്നാല്‍ വാങ്ങാന്‍ കിട്ടാത്ത യാതൊന്നും ഈ ഭൂമിയില്‍ ഇല്ല എന്നായിരിക്കുന്നു കാര്യങ്ങള്‍. വന്‍ ഓഫറുകളും ഡിബേറ്റുകളും ഡിസ്‌കൗണ്ടും ഒക്കെ വാങ്ങാന്‍ എത്തുന്ന വരെ കാത്തിരിക്കുന്നു.
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഷോപ്പിങ്ങിന്റെ വലിയ ത്രില്ലാണ് ഈ നാളുകള്‍ നമുക്ക് തരുന്നത്. ഷോപ്പിംഗ് എന്നാല്‍ വാങ്ങല്‍ മാത്രമല്ല ഒരു അനുഭവം കൂടിയാണ് എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. മാളുകള്‍ പോലെ ജനസാമാന്യം ഒന്നിച്ചു കൂടുന്ന ഇടങ്ങള്‍ വേറെയില്ല തന്നെ. മാളുകള്‍ ആ അർഥത്തില്‍ വലിയ സാമൂഹിക സ്ഥാപനമായി, സാമൂഹിക യാഥാർഥ്യമായി മാറിയിരിക്കുന്നു.
നിത്യജീവിതത്തിലെ വലിയ ആനന്ദങ്ങളില്‍ ഒന്നാണ് മാള്‍ സന്ദര്‍ശനങ്ങള്‍. വിപണി ഒരു മതമാകുമ്പോള്‍ മാളുകള്‍ അതിന്റെ ആരാധനാലയങ്ങള്‍ ആയി മാറുന്നു. എന്നാല്‍ മാളുകള്‍ നന്മകള്‍ മാത്രം പൂക്കുന്ന വിശുദ്ധ പൂങ്കാവനങ്ങള്‍ മാത്രമല്ലെന്ന് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. പതിവ് ഉത്സവപ്പറമ്പുകളിലെ ചെപ്പടിവിദ്യക്കാരും മുച്ചീട്ടു കളിക്കാരും തട്ടിപ്പുകാരും പോക്കറ്റടിക്കാരും ആധുനിക വിപണിയുടെ ഈ ഉത്സവപ്പറമ്പുകളിലും ഉണ്ട് എന്ന് നമ്മള്‍ മറന്നുകൂടാ. ഉത്സവപ്പറമ്പുകള്‍ ചതിക്കളികള്‍ കരുതിവച്ചിരിക്കുന്ന ഒരു ഇടം കൂടിയാണ് എന്നും ഓര്‍ത്തിരിക്കേണ്ടതാണ്. വിപണി എന്നാല്‍ പലപ്പോഴും കഴുത്തറപ്പന്‍ ലാഭക്കൊതിയുടെയും കൂടി വിള ഭൂമിയാണെന്നും അനുഭവങ്ങള്‍ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. മാളുകള്‍ നമ്മുടെ ഉപഭോഗ സംസ്‌കൃതിയുടെ ഒരു ഭാഗമായി കരുതി അതിന്റെ സാധ്യതകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അമൃതിനൊപ്പം വരുന്ന കാളകൂടവിഷം പോലെ അതിലെ ചതിക്കണ്ണികളും സാത്താന്‍ വഴികളും നാം കരുതിയിരിക്കേണ്ടതാണ്.

വിപണിയുടെ കെണികള്‍
മുമ്പ് പ്രധാന നഗരങ്ങളില്‍ മാത്രം ഉണ്ടായിരുന്ന മാളുകള്‍ ഇന്ന് ചെറിയ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പല പല രൂപങ്ങളില്‍ പല പേരുകളില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ പ്രചാരത്തില്‍ ആവുന്നത് ഒരു സവിശേഷ വാങ്ങല്‍ സംസ്‌കാരമാണ്. നൂറുകണക്കിന് ഷോപ്പുകള്‍, വിവിധ ഉല്‍പ്പന്നങ്ങള്‍, ഫുഡ് കഫേകള്‍, മള്‍ട്ടിപ്ലസ് സിനിമ ശാലകള്‍, ജിംനേഷ്യങ്ങള്‍, ഗെയിമുകളും മറ്റ് വിനോദ ഉപാധികളും, വസ്ത്രം, ചെരിപ്പ്, ഗ്ലോസറി, പുസ്തകം, ഭക്ഷണം, പാനീയങ്ങള്‍ തുടങ്ങിയ എണ്ണമറ്റ നൂറു നൂറു വിഭവങ്ങള്‍ നിരത്തിവെച്ച മഹാമേളകളാണ് മാളുകളില്‍ നിത്യം അരങ്ങേറുന്നത്. വിനോദത്തിന്റെ ഉന്മാദം വിളമ്പുന്ന നിരവധി ഇവന്റുകള്‍ കൂടിയാകുമ്പോള്‍ മാളുകള്‍ കുടുംബങ്ങളുടെ പ്രിയ ഇടമാകുന്നു. വിപണിയുടെ മഹാനന്ദങ്ങള്‍ ആഘോഷമാകുമ്പോള്‍ മറഞ്ഞിരിക്കുന്ന കെണികളെ തിരിച്ചറിയാൻ നാം കൂടുതല്‍ ജാഗ്രത്താവേണ്ടതുണ്ട്. വിപണിയുടെ പ്രലോഭനങ്ങള്‍ നമ്മെ എപ്രകാരമാണ് അപകടകരമായ നിലയില്‍ സ്വാധീനിക്കുന്നതെന്ന് ആലോചിക്കേണ്ടതാണ്. സാധാരണഗതിയില്‍ നമുക്ക് ആവശ്യമില്ലാത്ത പല സാധനങ്ങളും ഉല്‍പ്പന്നങ്ങളും അടിച്ചേല്‍പ്പിക്കപ്പെടാനും മാള്‍ സംസ്‌കാരം കാരണമാകുന്നുണ്ട്. നാം കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ പുതിയ ആവശ്യങ്ങള്‍ ജനിക്കപ്പെടുന്നു. ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി ഒരു ഷോപ്പില്‍ പോകുന്ന അനുഭവമല്ല മാളില്‍ സംഭവിക്കുന്നത്. സന്ദര്‍ശനത്തിനു വേണ്ടി മാത്രം മാളില്‍ പോകുന്നു. വെറുതെ മാളുകളിലെ ഷോപ്പുകളിലൂടെ കടന്നുപോകുന്നു. അവിടെ പ്രദര്‍ശിപ്പിച്ചു വച്ചിരിക്കുന്ന വിവിധ ഷോപ്പുകളിലെ ഉല്‍പ്പന്നങ്ങള്‍ കാണുമ്പോള്‍ നമ്മില്‍ പുതിയ ആവശ്യങ്ങള്‍ ജനിക്കുന്നു. വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ നമ്മില്‍ കുത്തിനിറക്കപ്പെടുകയാണ്. മാളുകള്‍ തുറന്നു തരുന്ന സാധ്യതകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ മാളുകളുടെ പ്രലോഭനത്തിലേക്ക് അന്ധമായി നമ്മെ തന്നെ വിട്ടുകൊടുക്കാതെ അല്പം കൂടി ജാഗ്രത്തായ ഉപഭോഗ ശീലങ്ങളിലേക്ക് നാം മാറേണ്ടിയിരിക്കുന്നു.

മാറുന്ന മനോഭാവം
വന്‍കിട മാളുകള്‍ നമ്മില്‍ ഏല്‍പ്പിക്കുന്ന കാതലായ ചില സ്വഭാവ വ്യതിയാനങ്ങള്‍ ഉണ്ട്. വന്‍കിട മാളുകളുടെ കണ്ണഞ്ചിപ്പിക്കുന്ന സ്വാധീനവലയില്‍ പെടുമ്പോള്‍ ചെറിയ സ്ഥാപനങ്ങളോടും മറ്റും ഒക്കെ നമുക്ക് ഒരു അകല്‍ച്ചയും വിരക്തിയും വളരുക സ്വാഭാവികമാണ്. ഏതു സംരംഭമാണെങ്കിലും ഏത് സ്ഥാപനം ആണെങ്കിലും വന്‍തോതില്‍, വലിയ മുതല്‍മുടക്കില്‍, വലിയ വലിയ കെട്ടിലും മട്ടിലും ആകണം എന്നും അല്ലാതെയുള്ള ചെറിയ സംരംഭങ്ങള്‍ അപ്രസക്തമാണെന്നും എന്ത് സാധനങ്ങള്‍ വാങ്ങണമെങ്കിലും മാളില്‍ പോകണം എന്നുമുള്ള ചിന്ത ഇന്ന് ഉപഭോക്താക്കളില്‍ രൂപപ്പെടുന്നുണ്ട്.
ഇത് മാളുകളുടെ കാര്യം മാത്രമല്ല. നമ്മുടെ ഇടത്തരം പട്ടണങ്ങളിലും ഗ്രാമപദേശങ്ങളില്‍ പോലും സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിങ്ങനെ വിവിധ പേരുകളില്‍ മാളുകളുടെ ചെറിയ പതിപ്പുകള്‍ ഉണ്ടായിവരുന്നതും ഇതിനോട് ചേര്‍ത്തുവെക്കേണ്ടതാണ്. മാളുകളുടെ പതിപ്പുകള്‍ നമ്മുടെ തൊട്ട് അടുത്തുള്ള ഗ്രാമപ്രദേശങ്ങളിലും വളര്‍ന്നു വരുന്നുണ്ട്. വലിയ മുതല്‍ മുടക്കില്‍ വലിയ സൗകര്യങ്ങളില്‍ സാധനങ്ങള്‍ ഡിസ്‌പ്ലേ ചെയ്തു വെക്കുകയും ഒരു ട്രോളിയോ മറ്റോ ഉപയോഗിച്ച് ഇഷ്ടാനുസരണം സാധനങ്ങള്‍ തിരഞ്ഞെടുക്കുവാനും കഴിയുന്ന ഒരു വലിയ സെറ്റപ്പ് ആവശ്യമാണെന്നും വലിയ മുതല്‍മുടക്കില്‍ വലിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടി മാത്രം സ്ഥാപനങ്ങള്‍ തുടങ്ങണം, അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ മാത്രമേ പിടിച്ചു നില്‍ക്കുകയുള്ളൂ എന്നുമുള്ള ചിന്തകള്‍ രൂപപ്പെടുകയാണ്. ഗ്രാമ പ്രദേശങ്ങളിലെ ചെറിയ കടകള്‍, ചെറിയ ചെറിയ സ്ഥാപനങ്ങള്‍ ഇന്ന് അവഗണനയുടെ പാത്രങ്ങള്‍ ആവുകയാണ്. വലിയ സംരംഭങ്ങള്‍, വലിയ മുതല്‍മുടക്കുകള്‍, വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങള്‍, വലിയ ബ്രാന്‍ഡുകള്‍ എന്നിങ്ങനെ പോകുന്നു നമ്മുടെ പുതിയ ശീലങ്ങള്‍. മൂലധനത്തിന്റെ മേനിക്കൊഴുപ്പ് വിപണിയുടെ ഏറ്റവും വലിയ ആവശ്യകതയായി മാറുന്നു.

വേണം തൊട്ടപ്പുറത്തെ
വിപണികള്‍

നമുക്കു ചുറ്റുമുള്ള ചെറിയ കടകള്‍, ചെറിയ സ്ഥാപനങ്ങള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ പലതും ഇന്ന് നിലനില്‍പ്പിന്റെ പ്രതിസന്ധികള്‍ നേരിടുകയാണ്. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ നമ്മുടെ റീട്ടെയില്‍ വ്യാപാരികളെയും വ്യാപാരസ്ഥാപനങ്ങളെയും തളര്‍ത്തിയിട്ട് കാലം കുറെയായി. നമ്മുടെ തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ തന്നെ മെലിഞ്ഞുണങ്ങിയ പ്രാദേശിക വിപണിയുടെ നേര്‍ചിത്രം കിട്ടും. എല്ലാവരും ഓണ്‍ലൈനില്‍ ആണ് സാധനങ്ങള്‍ വാങ്ങുന്നത്. സോപ്പും ചീർപ്പും വരെ ഓണ്‍ലൈനില്‍ കിട്ടുമ്പോള്‍ നമ്മുടെ കടയില്‍ ഒക്കെ ആരു വരാനാണ് എന്ന് പരിവേദനം നടത്തുന്ന ഒരു വ്യാപാരിയെ നമുക്ക് എവിടെയും കണ്ടെത്താം.
നാലും അഞ്ചും പേരടങ്ങുന്ന തൊഴിലാളികളുമായി ആരംഭിച്ച പല സ്ഥാപനങ്ങളും അടുത്ത കാലത്ത് എല്ലാവരെയും ഒഴിവാക്കി മാനേജര്‍, ക്ലീനര്‍, സെയില്‍സ്മാന്‍, അക്കൗണ്ടന്റ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തന്നെ ചെയ്യുന്ന അനുഭവം സാധാരണമായിട്ടുണ്ട്. പ്രാദേശികതലത്തില്‍ തൊഴിലവസരങ്ങള്‍ ഇങ്ങനെ നഷ്ടപ്പെടുകയാണ്. സാമ്പത്തിക കേന്ദ്രീകരണവും വിപണിയുടെ കേന്ദ്രീകരണവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ പഠിക്കപ്പെടേണ്ടതാണ്. സമ്പത്തിലെ വിതരണത്തില്‍ വരുന്ന ഈ മാറ്റം നമ്മുടെ സാമൂഹിക സുരക്ഷിതത്വത്തെ തന്നെ അട്ടിമറിക്കുന്നതാണ്. ലാഭവും സാമ്പത്തിക വളര്‍ച്ചയും ഒരു കാലത്തും കേന്ദ്രീകരിക്കപ്പെടാന്‍ പാടുള്ളതല്ല എന്ന പ്രാഥമികമായ പാഠമാണ് ഓരോ ഉപഭോക്താവും ആലോചിക്കേണ്ടത്.

ഉപഭോഗം ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക ഇടപെടലുമാണ്
കേരളം പോലെയുള്ള ഒരു ഉപഭോക്തൃ സമൂഹത്തില്‍ വാങ്ങുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക ഇടപെടല്‍ കൂടിയുമാണ്. പണം കൊടുത്ത് സാധനങ്ങളും സേവനങ്ങളും വാങ്ങുക എന്നതാണ് സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തികളില്‍ ഒന്ന്. വാങ്ങുന്നവന്‍ ഇല്ലെങ്കില്‍ വിപണിയില്ല. ലാഭമില്ല. സാമ്പത്തിക വ്യവസ്ഥയും ഇല്ല.
നാം വാങ്ങുന്ന ഓരോ സാധനങ്ങളും അത് രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ രൂപപ്പെടുത്തുന്നതാണ്. നാം വിപണിയില്‍ ചിലവിടുന്ന ഓരോ നാണയവും സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കാണ് അടിസ്ഥാനമിടുന്നത്. സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന പ്രവൃ‍ത്തികളില്‍ ഒന്ന് വാങ്ങല്‍ ആകുമ്പോള്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കാന്‍, സമ്പദ് വ്യവസ്ഥിതിയില്‍ തന്റേതായ ഇടപെടലുകള്‍ നടത്താന്‍ വാങ്ങുന്നവന് അവകാശവും അവസരവും ഉണ്ട്. അവിടെയാണ് ഉത്തരവാദിത്തത്തോട് കൂടിയുള്ള വാങ്ങല്‍ അഥവാ റെസ്‌പോണ്‍സിബിള്‍ പര്‍ച്ചേസിംഗ് എന്ന സങ്കല്പത്തിന്റെ പ്രസക്തി. തന്റെ ആവശ്യത്തിന് വേണ്ടി പണം മുടക്കി സാധനം വാങ്ങുമ്പോള്‍ തന്നെ ആ പ്രക്രിയില്‍ പരമാവധി കൃത്യതയും സൂക്ഷ്മതയും നാം പുലര്‍ത്തുമ്പോള്‍ സമ്പത്തിന്റെ കുമിഞ്ഞു കൂടല്‍ ഒഴിവാക്കാനും സമ്പത്തിന്റെ വികേന്ദ്രീകരണം ഉറപ്പാക്കാനും നമുക്ക് സാധിക്കും.

വേണം ചെറുകിടക്കാരും വഴിയോരക്കാരും
നമ്മുടെ വാങ്ങല്‍ ശീലത്തില്‍ ചെറുകിട കച്ചവടക്കാരെയും വഴിയോര കച്ചവടക്കാരെയും വീട്ടിലെത്തി സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന അടിസ്ഥാന വിഭാഗങ്ങളെയും നാം പരിഗണിക്കണം. എല്ലാ പണവും വന്‍കിടക്കാരന്റെ കയ്യിലേക്ക്, വന്‍മാളുകളിലേക്ക്, ഓണ്‍ലൈന്‍ വിതരണക്കാരന്റെ കയ്യിലേക്ക് എന്നതിന് പകരം പറ്റാവുന്ന വിധത്തില്‍ ഒക്കെ തൊട്ടടുത്തുള്ള കച്ചവടക്കാരെ, ചെറുകിടക്കാരെ, ഗ്രാമങ്ങളിലെ വഴിയോരക്കച്ചവടക്കാരെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരു വാങ്ങല്‍ ശീലമാക്കുമ്പോള്‍ നമ്മുടെ വാങ്ങല്‍ ഒരു സാമൂഹിക ഇടപെടല്‍ കൂടിയായി മാറുന്നു. നാട്ടിലെ കച്ചവടക്കാര്‍ പലപ്പോഴും നാട്ടിലെ സാമൂഹിക പ്രവര്‍ത്തകർ കൂടിയാണ്. എന്തിനും ഏതിനും ഓടിയെത്താന്‍ അവര്‍ വേണം. ദുരന്തമുണ്ടായാല്‍ പണപ്പിരിവു തുടങ്ങുന്നത് അങ്ങാടിയിലെ പീടികകളില്‍ നിന്നാണ്. പീടിക കോലായിലെ സംസാരങ്ങളും കൂട്ടായ്മകളുമാണ് ഒരു കാലത്ത് നാടിന്റെ ഗതി വിഗതികള്‍ നിർണയിച്ചിരുന്നത്.

വ്യക്തിപരമായത്
രാഷ്ട്രീയം കൂടിയാണ്

നിത്യ ജീവിതത്തില്‍ വ്യക്തിപരമായി നാം ചെയ്യുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ രാഷ്ട്രീയ ഇടപെടല്‍ കൂടിയായി മാറുന്നതാണ്. നമ്മുടെ വാങ്ങല്‍ ശീലത്തെ കൃത്യമായ ധാരണയോടുകൂടി ഒന്ന് പുനര്‍നിര്‍ണയിച്ചാല്‍ അതൊരു രാഷ്ട്രീയ ഇടപെടല്‍ കൂടിയായി മാറും. വാങ്ങുന്നവന്‍ രാജാവ് ആകുന്ന ഒരു കാലത്ത് തീരുമാനങ്ങള്‍ എടുക്കുന്നത് വാങ്ങുന്നവനാണ്. നാം ചിലവഴിക്കുന്ന ഓരോ നാണയത്തുട്ടും കൃത്യമായി വിനിയോഗിക്കുക. അതിലൂടെ സാമ്പത്തിക വികേന്ദ്രീകരണം ഉറപ്പാക്കുക. സമ്പത്തിന്റെ കുമിഞ്ഞു കൂടല്‍ കേന്ദ്രീകരണം നമ്മുടെ വാങ്ങലിലൂടെ സംഭവിക്കുന്നുണ്ടോ എന്ന് ആലോചിക്കുക. വന്‍കിട സ്ഥാപനങ്ങള്‍, വന്‍കിട മാളുകള്‍, വലിയ വിപണികള്‍ മാത്രം നമ്മുടെ മുന്‍ഗണനയില്‍ വരുമ്പോള്‍ ആലോചിക്കുക സമ്പത്തിന്റെ വിതരണം അവിടെ സാധ്യമല്ലാതെ പോകുന്നു എന്ന്.

വേണം ചില പുതിയ
ശീലങ്ങള്‍

പുതിയകാലത്ത് നമ്മുടെ വാങ്ങല്‍ ശീലങ്ങളില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് ആലോചിച്ചാല്‍ ചില കാര്യങ്ങള്‍ മനസ്സിലാകും. ചില്ലറ വില്‍പ്പനക്കാരോട്, അല്ലെങ്കില്‍ വീട്ടിലെത്തുന്ന വിതരണക്കാരോട് ഒക്കെയുള്ള നമ്മുടെ സമീപനം എന്താണ് എന്ന് ആലോചിച്ചിട്ടുണ്ടോ. വീട്ടിലെത്തുന്ന വില്‍പ്പനക്കാരോട് നാം വിലപേശും. എന്നാല്‍ ഏതെങ്കിലും ഒരു സൂപ്പര്‍മാര്‍ക്കറ്റിലോ മാളിലോ ചെന്നാൽ ഒരു വിലപേശലും ഇല്ലാതെ സാധനം വാങ്ങി പോരുന്നു. എന്തെങ്കിലുമൊക്കെ പലഹാരമോ കൈവേലകള്‍ കൊണ്ട് ഉണ്ടാക്കിയ സാധനങ്ങളുമായോ നമ്മുടെ വീട്ടിലെത്തുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ പാവങ്ങളില്‍ പാവപ്പെട്ട ഒരാളോട് നാം വിലപേശുന്നു. അല്പം കൂടി കാരുണ്യപൂർവം നമ്മുടെ വാങ്ങൽ ശീലത്തെ ഒന്ന് പുതുക്കി നിർമിച്ചാല്‍ വലിയ മാറ്റമായിരിക്കും അതിലൂടെ വരാന്‍ പോകുന്നത്.
നമ്മുടെ വാങ്ങല്‍ ശീലങ്ങളില്‍ തൊട്ടടുത്തുള്ള ഇടത്തരം കച്ചവടക്കാരെ, വീട്ടിലെത്തുന്ന വില്‍പ്പനക്കാരെ, വഴിയോരക്കച്ചവടക്കാരെ ഒക്കെ പരിഗണിക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക മാറ്റം വലുതായിരിക്കും. മാളുകളെ കരുതിയിരിക്കുക, മാളുകളെ മനസ്സിലാക്കുക, മാളുകളെ അർഥവത്തായി ഉപയോഗിക്കുക, മാളുകളുടെ പ്രലോഭനങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുക. വിപണിയുടെ സാധ്യതകള്‍ നമുക്ക് അവഗണിക്കാന്‍ കഴിയില്ല. പൂര്‍ണമായി നമുക്ക് മാളുകളെ അവഗണിക്കാന്‍ കഴിയില്ല. മാളുകളെ ഉപയോഗിക്കുമ്പോള്‍ തന്നെ വാങ്ങല്‍ ശീലങ്ങള്‍ക്ക് വികേന്ദ്രീകരണത്തിന്റെ ഒരു തലം കൂടി നല്‍കാന്‍ അല്പം ഒന്നു മനസ്സുവെച്ചാല്‍ മതി.

ഉപഭോഗത്തിലെ
ഗാന്ധിയന്‍ മാതൃകകള്‍

വിദേശ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സ്വാതന്ത്ര്യസമരത്തില്‍ ഉപഭോഗ ഇടപെടലുകള്‍ കൊണ്ട് വേറിട്ട സമര മാതൃക ഗാന്ധിജി ആവിഷ്‌കരിച്ചു. സ്വന്തം കൈകൊണ്ട് ചര്‍ക്ക കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു. ഗാന്ധിജിക്ക് നൂല്‍ നൂല്‍പ്പും സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ നിർമിക്കുന്നതും ഒരു പ്രതിരോധ മാര്‍ഗമായിരുന്നു.
രാഷ്ട്രീയം എന്നാല്‍ നമ്മുടെ വ്യക്തി ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കൂടി ചേര്‍ന്നതാണ്. ഇടക്കാലത്ത് വിദേശ ബ്രാന്‍ഡുകള്‍ ഉപേക്ഷിക്കാനും സ്വദേശി ബ്രാന്‍ഡുകള്‍ ഉപയോഗിക്കാനുമുള്ള ആഹ്വാനങ്ങള്‍ ഉണ്ടായതായി നമുക്കറിയാം. യൂണിയന്‍ കാര്‍ബേഡ് എന്ന കമ്പനി ഭോപ്പാല്‍ ദുരന്തത്തിന് കാരണമായപ്പോള്‍ യൂണിയന്‍ കാര്‍ബേര്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച മാതൃക നമുക്കറിയാം. വലിയതോതില്‍ ജലമൂറ്റിയ കൊക്കക്കോളക്കും എതിരെ ബഹിഷ്‌കരണം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നമുക്കറിയാം. ആവശ്യമെങ്കില്‍ ചില സാധനങ്ങള്‍ വാങ്ങാതിരുന്ന് നമുക്ക് നമ്മുടെ രാഷ്ട്രീയം, നമ്മുടെ നിലപാട് വ്യക്തമാക്കാം.

ഒന്നും വാങ്ങാതെയും
പ്രതിരോധം ആവാം

ഉപഭോഗവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടപെടലാണ് ബൈ നത്തിംഗ് പ്രസ്ഥാനം. ഒന്നും വാങ്ങാതെ ഒരു ദിനം അന്തര്‍ദേശ തരത്തില്‍ ആചരിക്കപ്പെടുന്നു. അമിതമായ കണ്‍സ്യൂമര്‍ സംസ്‌കാരത്തോട് വിയോജിച്ചുകൊണ്ട് ഒരു ദിവസം ഒന്നും വാങ്ങാതെ എന്ന ഒരു ക്യാമ്പയിന്‍ വിദേശരാജ്യങ്ങളില്‍ പലയിടത്തും നടത്തിവരുന്നു. കമ്പോളത്തില്‍ നിന്ന് ചില സമയം വിട്ടുനിന്നും വാങ്ങലിനെ കുറച്ചുനേരത്തേക്ക് വിലക്കിയും വാങ്ങലിന്റെ തോത് കുറച്ചും ചില സമയത്ത് ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങിയും ചിലപ്പോള്‍ ചില ഉത്പാദകരെ ബഹിഷ്‌കരിച്ചും നമുക്ക് നമ്മുടെ വാങ്ങല്‍ ശീലങ്ങളെ ക്രമീകരിക്കാം. പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് പ്രാധാന്യം കൊടുക്കാം. പ്രകൃതിക്ക് ദോഷം ചെയ്യാത്ത പ്രകൃതി സൗഹൃദപരമായ ഉല്‍പ്പന്നങ്ങള്‍ പരിഗണിക്കാം. എന്തു ഉല്‍പ്പന്നം ആണെങ്കിലും അത് എത്രത്തോളം ജൈവികമാണ്, എത്രത്തോളം പ്രകൃതിയെ ഹനിക്കാത്തതാണ് എന്ന നിലയ്ക്ക് വാങ്ങല്‍ ശീലങ്ങളെ ക്രമീകരിക്കാം.
കൈവേലക്കാർ നിർമിക്കുന്ന കൈത്തറിയുല്‍പ്പന്നങ്ങള്‍ പോലെയുള്ളവ, ചെറുകിട കലാകാരന്മാര്‍ ഉണ്ടാക്കുന്നവ, പ്രാദേശിക സമൂഹങ്ങള്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍, ആദിവാസികള്‍- വനവാസികള്‍ തുടങ്ങിയ പ്രത്യേക സമൂഹങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇവയൊക്കെ നമ്മുടെ വാങ്ങലിനെ സ്വാധീനിക്കേണ്ടതാണ്. നമ്മുടെ തൊട്ടടുത്തുള്ള കുംഭാര സമൂഹത്തില്‍ പെട്ട ആളുകള്‍ ഉത്പാദിപ്പിക്കുന്ന മണ്‍പാത്രങ്ങള്‍, കൈത്തറി നിർമാണ സമൂഹങ്ങള്‍ നിർമിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവകളിലൊക്കെ നമുക്ക് നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാവുന്നതാണ്. തുണി വാങ്ങി തൊട്ടടുത്ത ഒരു ടൈലറിനെക്കൊണ്ട് ആവശ്യമായ വസ്ത്രങ്ങള്‍ തയ്ക്കുമ്പോള്‍ ഒരു തൊഴിലവസരം നാം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ പുറകെ മാത്രം പോകാതെ തൊട്ടടുത്തുള്ള കൈവേലക്കാരനായ ഒരു ടൈലറിനെ സഹായിക്കാന്‍ ഒരു ചെറിയ ഇടപെടല്‍ മതി. യാത്രകള്‍ പോകുമ്പോള്‍ വലിയ ടീ ഷോപ്പുകളും റസ്റ്റോറന്റുകളും ഇടയ്ക്ക് ഒന്ന് ഒഴിവാക്കി വഴിയോരത്തെ ചെറിയ ചായക്കടക്കാരനെയും പരിഗണിക്കാം. ചിരട്ട, തടി, തുണി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നിർമിക്കുന്ന സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുള്ള വസ്തുക്കൾ ഇവയൊക്കെ പരിഗണിക്കാവുന്നതാണ്. നാം എടുക്കുന്ന ഓരോ ചെറിയ തീരുമാനവും കൃത്യമായ ലക്ഷ്യബോധത്തോടെ ആകുമ്പോള്‍ അത് വിപണിയിലുള്ള നമ്മുടെ നല്ല ഇടപെടല്‍ ആവും. അതുവഴി സാമൂഹിക സാമ്പത്തിക അസമത്വത്തെ ചെറുക്കാൻ സാധിക്കും. ഒന്നും വാങ്ങാതിരിക്കലല്ല, മറിച്ച് വാങ്ങുന്നത് അർഥവത്തായ ഇടപെടലായി മാറ്റുന്നതിലാണ് കാര്യം.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top