LoginRegister

പെണ്‍സദനങ്ങളെന്ന അന്ത്യ അത്താണികള്‍

ബഹിയ /റൈഹാന വടക്കാഞ്ചേരി

Feed Back


പറഞ്ഞുവന്നത് ആത്മഹത്യയെക്കുറിച്ചായിരുന്നു. ആത്മഹത്യ ചെയ്യുന്നവരെ കുറിച്ചും. ഇപ്പഴത്തെ ഒരു ട്രന്റും സംസാരോം പൊതുവെ അതിനെക്കുറിച്ചാണല്ലോ… ആത്മഹത്യ ചെയ്തത് ആണാണെങ്കില്‍ സാമ്പത്തിക പരാധീനത. പെണ്ണെങ്കില്‍ പ്രണയം, പീഡനം, അവിഹിതം, ഗര്‍ഭം തുടങ്ങി ഏതെങ്കിലും ഒന്ന്. അത് ഏതായാലും അവളുടെ കയ്യിലിരിപ്പ് ശരിയല്ലെന്നത് തന്നെ കാരണം. എന്നാല്‍ അതാണോ ആത്മഹത്യയുടെ അടിസ്ഥാനം? കുഴപ്പം ആത്മഹത്യ ചെയ്തവര്‍ക്കാണോ, അതോ അവരുടെ ചുറ്റും ജീവിച്ച നമുക്കാണോ? പൂര്‍ണമായും ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത ആരുണ്ട് ലോകത്ത്? അന്നേരം അപ്രതീക്ഷിതമായി ഇച്ചിരി പണം, ഇച്ചിരി സ്‌നേഹം, ഇച്ചിരി കരുതല്‍, ഒരു ചേര്‍ത്തുപിടിക്കല്‍… ഇവയില്‍ ഏതെങ്കിലുമൊക്കെ കൈവന്നിരുന്നേല്‍ കെട്ടിവച്ച കുരുക്കഴിച്ച് ആത്മഹത്യയോട് റ്റാറ്റാ ബൈബൈ പറഞ്ഞ് എത്രയോ പേര്‍ തിരിച്ചു ജീവിതത്തിലേക്ക് വന്നേനേ…
പൂര്‍ണമായും ഒറ്റക്കായി എന്നു തോന്നുമ്പോഴല്ലേ ഒരാള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത്. പക്ഷെ, ആ ഒറ്റക്കാവല്‍ ചുറ്റിലും ആരും ഇല്ലാതെയുള്ള ഒറ്റക്കാവലല്ല! മറിച്ച് തന്നെ വേണ്ടവരായി പലരും ഉണ്ടായിട്ടും ‘തനിക്ക് വേണ്ടപ്പെട്ട’ എന്ന് കരുതിയിരുന്ന ആരോ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്നുള്ള ഒറ്റക്കാവലാണ്.
കൃഷ്ണ തന്റെ ഡയറി എഴുത്ത് തുടര്‍ന്നു. സത്യത്തില്‍ ഇപ്പോള്‍ ജീവിതത്തിന്റെ വലിയൊരു ഭാഗം സമയവും അവള്‍ ഡയറിയെഴുത്തിനായാണ് ചെലവഴിക്കുന്നത്. കൃഷ്ണക്കും മോള്‍ക്കും ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കിലും സതീഷനോടൊപ്പം കഴിഞ്ഞവര്‍ എന്ന നിലയില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. പുറത്തിറങ്ങാനാവാതെ അടച്ചിരിക്കുമ്പോഴും ആശുപത്രിയിലെ വിവരങ്ങള്‍ വല്ലാതെ ഭ്രാന്തു പിടിപ്പിക്കുന്നവയാണ്. കുറയുന്ന ശ്വാസഗതി, താഴ്ന്നു പോകുന്ന പള്‍സ്, പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തോടെയുള്ള ജീവന്‍ നിലനിര്‍ത്തല്‍. തീര്‍ന്നില്ല, പണി നിര്‍ത്തിയ ആന്തരാവയവങ്ങള്‍. ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം. അല്ലെങ്കില്‍ ഒരു കാര്‍ഡിയാക് അറ്റാക്ക്… എന്തും ഏതും കേള്‍ക്കാന്‍ പാകപ്പെടുക; അതുമാത്രമാണ് ഇനി ചെയ്യാനുള്ളത്.
ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍, ”ഞങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്യുന്നുണ്ട്. ബാക്കി; മുകളിലൊരാളുണ്ടല്ലോ! നന്നായി പ്രാര്‍ത്ഥിക്കൂ…”

മുകളില്‍ ആളുണ്ടോ ഇല്ലയോ? രവിയേട്ടനാണ് തന്റെ ഉള്ളില്‍ നിന്ന് മുകളിലെ ആളെ ഇറക്കി വിട്ടത്. വലിയ ജ്ഞാനി, ദൈവത്തിന്റെ സ്വന്തം ആള്‍… എന്നാല്‍ എന്തൊക്കെയാണ് അയാള്‍ ചെയ്തുകൂട്ടിയത്.
അന്ന് ഓടി വിഷ്ണുവേട്ടനു മുമ്പില്‍ എത്തിയത് ഓര്‍മയുണ്ട്; പിറകെ വന്ന രവിയേട്ടന്‍ തെറി വിളിച്ചതും.
”എന്റെ ഭാര്യ അങ്ങനെ ചെയ്യില്ല” എന്ന മറുപടിയാണ് താന്‍ പ്രതീക്ഷിച്ചത്. പക്ഷെ കിട്ടിയത് തന്റെ കവിളത്ത് ഒരു അടിയാണ്. രവിയേട്ടന്‍ തന്നിലേക്കു പകര്‍ന്ന മുറുക്കാന്റെ ലഹരി അപ്പോഴേക്കും നാഡീഞരമ്പുകളെ കീഴ്പ്പെടുത്തിയിരുന്നു. കുഴഞ്ഞു പോയ നാക്കില്‍ നിന്ന് ഒന്നും പുറത്തു വന്നില്ല; അടി കിട്ടുക കൂടി ചെയ്തതോടെ നിലതെറ്റി വീണു പോയി.
പിന്നെ എണീക്കുന്നത് പിറ്റേന്ന് കാലത്താണ്. അപ്പോഴും വീടിന്റെ നടുക്കളത്തില്‍ തന്നെയായിരുന്നു താന്‍ കിടന്നിരുന്നത്. ഒന്നും വ്യക്തമായിരുന്നില്ല. പതിയെ എഴുന്നേറ്റ് കിടപ്പു മുറിയിലേക്ക് ചെന്നപ്പോള്‍ വിഷ്ണുവേട്ടനുണ്ട് സുഖമായി കട്ടിലില്‍ കിടന്നുറങ്ങുന്നു. ആ രാത്രിയില്‍ തനിക്കെന്ത് സംഭവിച്ചു എന്നോ രവിയേട്ടന്‍ രാത്രിയില്‍ അവിടെ ഉണ്ടായിരുന്നോ എന്നോ ഒന്നും തന്നെ അറിയാതെ കൃഷ്ണ തലയില്‍ കൈവെച്ചു.
അവിടന്നങ്ങോട്ട് കഷ്ടകാലമായിരുന്നു. അടിയും തൊഴിയും സിഗരറ്റിന്റെ പൊള്ളലും ആട്ടലും… ആ മാസം തന്നെ കൃത്യമായി കിട്ടിയ ഗര്‍ഭവും. പ്രസവം വരെ വല്ലാത്ത പേടിയായിരുന്നു. മോന്റെ മുഖം കണ്ടപ്പോഴാണ് സത്യത്തില്‍ ശ്വാസം വീണത്. വിഷ്ണുവേട്ടന്റെ മുഖ സാദൃശ്യം. അന്നത്തെ രാത്രി ഒന്നും സംഭവിച്ചിട്ടില്ല എന്നു വിശ്വസിക്കാന്‍ ആ മുഖം ഒത്തിരി സഹായിച്ചു എന്നത് സത്യം.
ഈ അനുഭവിച്ചു വന്നതൊക്കെ എഴുതിവെക്കാന്‍ മറ്റെപ്പോഴാണ് കഴിയുക. ക്വാറന്റൈനും സതീഷേട്ടന്‍ കൂടെയില്ലാത്ത ശൂന്യതയും അപ്പയെ കാണണമെന്ന ആഗ്രഹത്താല്‍ വാടിപ്പോയ നിഭമോളുടെ മൗനവും. എല്ലാം ചേര്‍ത്ത് ഭ്രാന്തിന് പറ്റിയ അവസ്ഥയാണ്. അതില്ലാതിരിക്കുക എന്നതിനുള്ള ഏകവഴിയാണ് തന്റെ ഇപ്പോഴത്തെ ഈ ഡയറിയെഴുത്ത്.
എല്ലാം പണ്ടേ എഴുതിയിരുന്നതാണ്. പക്ഷെ, താന്‍ വിഷ്ണുവേട്ടന്റെ വീട്ടില്‍ നിന്ന് ഇറങ്ങും മുമ്പേ എല്ലാം കൂട്ടിയിട്ട് അങ്ങേരങ്ങ് കത്തിച്ചു. പതിവു പോലെ കൈകള്‍ രണ്ടും പിന്നിലേക്ക് കെട്ടിയിട്ട്, ഇരുകവിളത്തും മതിവരോളം മാറി മാറി അടിച്ച ശേഷമായിരുന്നു ആ കത്തിക്കല്‍ എന്നതിനാല്‍ എതിര്‍ക്കാന്‍ ത്രാണിയുണ്ടായിരുന്നില്ല.

അല്ലെങ്കില്‍ തന്നെ എതിര്‍ത്താല്‍ എങ്ങോട്ടു പോവാനാണ്? ഇങ്ങോട്ട് പെണ്ണ് ചോദിച്ചു വന്നവനോട് പോലും അങ്ങോട്ട് ചെന്ന് അവള്‍ പിഴയാണെന്ന് വാദിച്ച അച്ഛന്റെ അടുത്തേക്കോ? അതോ അമ്മമ്മ മരിച്ചതോടെ ഭാഗംവച്ച് വിറ്റുതീര്‍ന്ന തറവാടിന്റെ ഓര്‍മകളിലേക്കോ?
പലപ്പോഴും നമ്മുടെ ജീവിതത്തെ പുറത്തു നിന്ന് കാണുന്നവര്‍ പറയുന്ന ചില വാക്കുകളുണ്ട്; അവ അനുകൂലമാവണമെങ്കില്‍ നമ്മള്‍ മരിച്ചിരിക്കണം എന്നുമാത്രം. അമ്മയുടെ ചേച്ചിമാരോടും ചെറ്യമ്മയോടും അക്കാലത്ത് തന്റ അവസ്ഥകള്‍ പലവട്ടം കരഞ്ഞു പറഞ്ഞതാണ്.
”അതൊക്കെ എല്ലാ കുടുംബത്തിലും സാധരണയാ മോളേ… എങ്ങനേലും നീ അഡ്ജസ്റ്റ് ചെയ്യ്! ആ കൊച്ചിനെ ഓര്‍ത്തെങ്കിലും…” എന്നതായിരുന്നു അപ്പോഴൊക്കെയും എല്ലാവരുടെയും മറുപടി.
അതില്‍ കൊച്ച് എന്നത് കൊച്ചുങ്ങളായി എന്നല്ലാതെ മറ്റൊരു മാറ്റവും നടന്നതുമില്ല.
സത്യത്തില്‍ ജീവിതം മടുത്താല്‍ ഇറങ്ങിപ്പോരാന്‍ ഓരോ അഗതി മന്ദിരങ്ങളാണ് സ്ത്രീകള്‍ക്ക് ആവശ്യം. അവ ഓരോ താലൂക്കിലും വേണം. വിശന്നാല്‍ ഭക്ഷണം തരുന്ന, മാനത്തിന് സുരക്ഷ നല്‍കുന്ന, നിയമത്തിന്റെ അത്ര വലിയ കെട്ടുപാടുകളില്ലാത്ത, സ്വസ്ഥമായ അനാഥ- അഗതി മന്ദിരങ്ങള്‍.
നീ എന്നാ തിരിച്ചു പോവുക?, ഉം എന്താ ഉദ്ദേശ്യം?, ആരു നോക്കുമെന്നു കരുതിയാ? തുടങ്ങിയ ചോദ്യങ്ങളൊന്നുമില്ലാതെ ഉറങ്ങാന്‍ ഒരിടം. അങ്ങനെ വന്നാല്‍ വല്ല കൂലിപ്പണിക്കും പോയാണെങ്കിലും അസ്സലായി ജീവിക്കാം.
പക്ഷെ, അങ്ങനെ ഒരു ജനകീയ ഇടമുണ്ടോ? ഉണ്ടാകുമായിരിക്കാം. വൃദ്ധസദനങ്ങളും ബാലസദനങ്ങളും പോലെ പെണ്‍സദനങ്ങള്‍…
സദനങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് പഴയകാല സുഹൃത്തുക്കളെ ഓര്‍മ വന്നത്. സദനത്തില്‍ താമസിച്ചു പഠിച്ചിരുന്ന കുട്ടികള്‍! ഓണപ്പൂട്ടിനും ക്രിസ്മസ്പൂട്ടിനും രണ്ടുമാസപ്പൂട്ടിനും മാത്രം വീട്ടില്‍ പോയിരുന്നവര്‍. അപ്പോഴെങ്കിലും പോവാന്‍ ആവര്‍ക്കൊക്കെ വീടുണ്ടായിരുന്നു. പക്ഷെ, അവര്‍ക്കിടയില്‍ അമ്മമ്മയും ചെറ്യമ്മയും തറവാടും അയല്‍ക്കാരുമൊക്കെ ഉണ്ടെന്ന് അഹങ്കരിച്ചിരുന്ന തനിക്ക് മാത്രം സത്യത്തില്‍ ആരും-ഒന്നും ഇല്ലെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി.
അക്കാലത്ത് മൊബൈലോ വാട്സാപ്പോ ഇല്ലാത്തതിനാല്‍ സ്‌കൂള്‍ കാലത്തിന് ശേഷം അവരിലാരുമായും ബന്ധങ്ങളും ഉണ്ടായില്ല. പച്ചപ്പാവാടയും വെള്ള ഷര്‍ട്ടും ധരിച്ച് അവരങ്ങനെ ഓര്‍മയിലേക്ക് വരിവരിയായി കടന്നുവന്നു.

എല്ലാവരുടെയും കയ്യില്‍ ഉച്ചക്കഞ്ഞി വാങ്ങാനുള്ള പ്ലെയിറ്റും ഉണ്ടായിരുന്നു. അവരങ്ങനെ ക്യൂ നിന്ന് കഞ്ഞിയും പയറും വാങ്ങി. കഞ്ഞി ഇഷ്ടമില്ലാത്തിനാല്‍ അമ്മമ്മയുടെ എണ്ണിപ്പെറുക്കലും കേട്ട് ചെറ്യമ്മ പാത്രത്തിലാക്കി തന്നിരുന്ന വെറുംചോറിലേക്ക്, അവരുടെ പാത്രത്തില്‍ നിന്ന് പകര്‍ന്നു തന്ന പയറുകറിയും കൂട്ടി ചോറുണ്ണുമ്പോള്‍ ഇടക്കിടെ കടിച്ചിരുന്ന കല്ല് വായില്‍ തടഞ്ഞെന്ന പോലെ അവള്‍ ഞെട്ടി എഴുന്നേറ്റു.(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top