തിരിച്ചറിവുകള്‍
മുപ്പതുകള്‍ തിരിച്ചറിവുണ്ടായ കാലഘട്ടമാണ്. അസാധാരണമായ, മനോഹരമായ ജീവിതഘട്ടം. എനിക്ക് എന്നെത്തന്നെ തുറന്നിടാന്‍ കഴിയുന്നു എന്നതാണ് ആത്മസംതൃപ്തി. തുറന്നിടുമ്പോള്‍ ഉള്ളിലേക്കടിക്കുന്ന കാറ്റിനെ കണ്ണടച്ച് അനുഭവിച്ചാല്‍ മാത്രം മതി ജീവിതം മനോഹരമാവാനെന്ന് തിരിച്ചറിഞ്ഞു. സ്വന്തത്തെ കുറിച്ചുള്ള തിരിച്ചറിവുകള്‍ പുറംലോകത്തോടുള്ള കാഴ്ചകളില്‍ പ്രതിഫലിക്കുന്നുണ്ട്. ജീവിതയാഥാര്‍ഥ്യങ്ങളെ പേടിക്കേണ്ടതില്ലെന്നത് ആശ്വാസം തരുന്ന തിരിച്ചറിവാണ്.
മാതൃത്വം
മാതൃത്വം ഒരര്‍ഥത്തില്‍ എന്നെത്തന്നെ അനുഭവിക്കലാണ്. കുട്ടികള്‍ എന്റെ കണ്ണാടികളാണ്. മാതൃത്വത്തിലൂടെ തെളിഞ്ഞുവരുന്നത് എനിക്ക് കാണാന്‍ സാധിക്കാതിരുന്നതോ, ഞാന്‍ കാണാന്‍ ഇഷ്ടപ്പെടാതിരുന്നതോ ആയ എന്റെ തന്നെ അംശങ്ങളാണ്. അങ്ങനെ ഞാന്‍ എനിക്ക് തെളിഞ്ഞുതെളിഞ്ഞുവരുന്നുണ്ട്. മാതൃത്വം ഒരനുഭവമാണ്. കൊടുക്കുന്നതിനേക്കാള്‍ സ്വീകരിക്കുന്ന, സ്വീകരിക്കുന്നതിലൂടെ പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഒരു വല്ലാത്ത അനുഭവം. മനുഷ്യനെന്ന നിലയില്‍ ഉരുത്തിരിയലിന്റെ ഏറ്റവും ശക്തമായ മാധ്യമമായി മാതൃത്വം മാറുന്നു. എന്നിലൂടെ കുട്ടികളും കുട്ടികളിലൂടെ ഞാനും വളര്‍ന്നുകൊണ്ടേയിരിക്കുന്നു.
കുടുംബം
ഉപാധികളില്ലാതെ വളരാനും വളര്‍ത്താനും സാധ്യതയുള്ള ഏത് ഇടത്തെയും കുടുംബമെന്ന് വിളിക്കാം. ഘടനാപരമായ ചട്ടക്കൂടിനപ്പുറത്തേക്ക് വളരേണ്ട ഒരു അനുഭവമാണ് എനിക്ക് കുടുംബം. കൃത്യമായ റോളുകള്‍ സമയാസമയം നിര്‍വഹിക്കപ്പെടേണ്ട ഒരിടം മാത്രമല്ല അത്. ഏത് അവസ്ഥയിലും എന്നെ അംഗീകരിക്കുന്ന, എനിക്ക് ഞാനായി നിലനില്‍ക്കാവുന്ന ആത്മബന്ധങ്ങള്‍ ഉള്‍പ്പെടുന്ന, ഭയമേയില്ലാതെ വികാരങ്ങള്‍ കുടിയിരുത്താന്‍ സാധിക്കുന്ന ഇടങ്ങളെ കുടുംബമെന്ന് വിളിക്കും.
പെണ്മ
പെണ്‍മ ഒരു അനുഭവമാണ്. ജൈവികവും മാനസികവുമായ ഒട്ടനവധി സാധ്യതകളുള്ള ഒരവസ്ഥ. സാമൂഹികപരമായി ആ സാധ്യതകള്‍ വേലി കെട്ടുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്ന ബോധ്യത്തിലും ആ വെല്ലുവിളികളെ ചാടിക്കടന്ന് പെണ്‍മയെ അനുഭവിക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ഓരോ ശ്രമവും എന്റെ സംബന്ധിച്ച് വലിയ നേട്ടങ്ങളാണ്. പെണ്‍കൂട്ടത്തിന്റെ സാധ്യത അനന്തമാണ്.
മാറ്റം
സൂക്ഷ്മ മാറ്റങ്ങള്‍ക്ക് വലിയ ശക്തിയുണ്ട്. അത് കാണാനും പരിഗണിക്കാനും അംഗീകരിക്കാനുമുള്ള പരിശീലനത്തിലാണ്. ഓരോ നിമിഷവും മികച്ചൊരു മനുഷ്യനായിക്കൊണ്ടിരിക്കാനുള്ള ശ്രമത്തിലാണെന്നും. എന്നെ തന്നെ മനസ്സിലാക്കാനും അംഗീകരിക്കാനും പഠിച്ചിരിക്കുന്നു.