മതിവരുവോളം
ഉറങ്ങിവെളുത്ത
തിരക്കുകളില്ലാത്ത
പുലരികളിലല്ല
പാല്‍നിലാവും
നക്ഷത്രങ്ങളും
കുളിരു പകരുന്ന
അലസരാത്രികളിലല്ല
കാടും കടലും
മലയും പുഴയും
ഇഷ്ടമുള്ളതെല്ലാം
കണ്ടുതീര്‍ത്തിട്ടുമല്ല
കരിപുരണ്ടാലും
കരളുറപ്പോടെയെഴുതുന്നത്
അടുക്കളയൊരുക്കുന്ന
കൈക്കരുത്തിനാല്‍
വെണ്ണീറുരച്ചെഴുതിയ
എച്ചില്‍പ്പാത്രമിനുക്കത്തില്‍
സ്വന്തം കരവിരുതറിഞ്ഞവള്‍
അലക്കിവെളുപ്പിച്ച
തുണികള്‍ക്കിടയില്‍
മുഷിഞ്ഞൊരുവളെ
കണ്ടെടുത്തവള്‍
ആട്ടിയാട്ടി പതംവരുത്തിയ
മാവു കുഴഞ്ഞ കൈകള്‍
പരുപരുത്ത്
തഴമ്പിച്ചവള്‍
തൂത്തും തുടച്ചും
മിനുക്കിയ തറയില്‍
നരച്ചു നരച്ചു
സ്വയം നഷ്ടപ്പെടുന്നത്
പ്രതിഫലിച്ചവള്‍
വെച്ചു വിളമ്പിയൂട്ടുമ്പോള്‍
ഒട്ടും രുചിയില്ലാത്തൊരു
പതിവു കറിക്കൂട്ട്
പാടേ അവഗണിക്കപ്പെടുന്നത്
തിരിച്ചറിഞ്ഞവള്‍
എരിയുന്ന കനലില്‍
സ്വയം ചുട്ടെടുത്തവള്‍
വേണ്ടതും വേണ്ടാത്തതും
വേവിച്ചു വേവിച്ചു
തിളച്ചു തൂവിയവള്‍
അരിഞ്ഞും വെട്ടിയും
സ്വയം പാകപ്പെടുത്തിയവള്‍
കത്തിയാല്‍ മുറിഞ്ഞും
മീന്‍മുള്ള് തറഞ്ഞും
ചിതറിയ ചോരയില്‍ മുക്കി
വരച്ചിടുന്നവള്‍
വീടിന് താരാട്ട് പാടി
എഴുതാനിരിക്കുന്നവള്‍!