LoginRegister

പുനരപി ജനനം പുനരപി മരണം...

ജാസ്മിന്‍ അമ്പലത്തിലകത്ത്‌

Feed Back


”സൂപ്രണ്ട്, നാളെ പുലര്‍ച്ചെ, അതായത് ഇന്ന് കൃത്യം 12 മണിക്ക് നടത്തേണ്ട ഒരു സിസേറിയന് എല്ലാവിധ ഒരുക്കങ്ങളും തുടങ്ങിക്കൊള്ളൂ.”
രക്തസമ്മര്‍ദമുള്ള ഒരു രോഗിക്ക് ഇഞ്ചക്ഷന്‍ കൊടുത്തത് അന്വേഷിച്ച ശേഷം വീണ്ടും കൗണ്ടറില്‍ വന്നിരുന്നതായിരുന്നു നഴ്‌സ് സൂപ്രണ്ട് അനില. ഒരു കോഫി കഴിക്കാം എന്നു കരുതി കാന്റീനിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഫോണ്‍ റിങ് ചെയ്തത്.
അങ്ങേത്തലയ്ക്കല്‍ ഗൈനക്കോളജി ഡോക്ടറാണ്. കനത്ത ശബ്ദത്തില്‍ അയാള്‍ തുടര്‍ന്നു:
”നോക്കൂ, ഗര്‍ഭിണിക്ക് മാസം 8 തുടങ്ങിയതേയുള്ളൂ. പക്ഷേ, അവള്‍ക്ക് കുഞ്ഞിനെ നാളെത്തന്നെ ഭൂമിയിലേക്ക് ജനിപ്പിക്കണമത്രേ. ഓകെ അനില, മനുഷ്യരുടെ ഓരോ ആഗ്രഹങ്ങളല്ലേ… വേണ്ട ഒരുക്കങ്ങള്‍ ചെയ്‌തോളൂ.”
ഫോണ്‍ കട്ട് ചെയ്ത ഉടനെ നെടുവീര്‍പ്പോടെ അനില പ്രസവ വാര്‍ഡിലെ ഓപറേഷന്‍ തിയേറ്ററിലേക്ക് നടന്നു. കാപ്പി കഴിക്കാനുള്ള മൂഡ് നഷ്ടമായി. എപ്പോഴും അങ്ങനെയാണ്. വെറുതെ വിടാതെ പിന്നാലെ കൂടുന്ന കുറേ സംത്രാസങ്ങള്‍!
എവിടെ നിന്നൊക്കെയോ കുട്ടിക്കരച്ചിലുകള്‍ കേള്‍ക്കുന്നു. അവിടെ ഉണ്ടായിരുന്ന നഴ്‌സിനോട് കാര്യങ്ങള്‍ പറഞ്ഞ്, ഒരുക്കങ്ങള്‍ തുടങ്ങി. എല്ലാം പറഞ്ഞേല്‍പിച്ച് വീണ്ടും കൗണ്ടറില്‍ വന്നിരുന്നു.
രണ്ടു സഹപ്രവര്‍ത്തകരും ഇന്ന് അവധിയിലാണ്. എന്തെങ്കിലും ഒന്ന് മിണ്ടിപ്പറയണമെന്ന് തോന്നുമ്പോള്‍ ശരിക്കും പെട്ടുപോകുന്നത് ഇത്തരം അവസരങ്ങളിലാണ്.
അപ്പോഴും കാതില്‍ കുട്ടിക്കരച്ചിലുകള്‍! പീഡിയാട്രിക് ഒപിയില്‍ ഇത് പതിവുള്ളതാണെങ്കിലും, ഡോക്ടറുടെ നിര്‍ദേശം വന്നതിനു ശേഷം കൂടിയതുപോലെ! വൈകി പിറക്കേണ്ട ഒരായിരം കുഞ്ഞുങ്ങള്‍ ഭൂമിയില്‍ തുരുതുരാ പെയ്തു നിറയുന്നു. കൈകാല്‍ ഇളക്കിയുള്ള അവരുടെ കരച്ചിലാണെങ്ങും!
10 മിനിറ്റ് കഴിഞ്ഞതേയുള്ളൂ. വീണ്ടും ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലയ്ക്കല്‍ ജനറല്‍ ഫിസിഷ്യനാണ്. ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടര്‍:
”സൂപ്രണ്ടേ, 102ലെ ആ പേഷ്യന്റിന് എങ്ങനെയുണ്ട്?”
കാര്‍ക്കശ്യം നിറഞ്ഞ ശബ്ദം. മുതിര്‍ന്നു കഴിഞ്ഞാല്‍ ഇത്തരം ആളുകള്‍ക്ക് ഒന്നുകില്‍ ഗൗരവം, അല്ലെങ്കില്‍ കുത്തഴിഞ്ഞ ശൃംഗാരം. അനില അക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഡോ. ഫിലിപ്പോസ് ആദ്യ ഗണത്തില്‍ പെടുന്നു.
കുറച്ചു ദിവസമായി പ്രത്യേക ശ്രദ്ധ കൊടുക്കുന്ന രോഗിയാണ്. ബോധാബോധങ്ങള്‍ക്കിടയിലെ ഊഞ്ഞാലിലാണ് ജീവിതം. പണത്തിന് ഒരു പഞ്ഞവുമില്ല. നഗരത്തില്‍ മൂന്ന് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ നടത്തിയിരുന്നു. ഇപ്പോള്‍ ഒന്നും തീര്‍ത്തുപറയാനാകാത്ത അവസ്ഥ!
”സര്‍, ആള്‍ക്ക് ചെറിയ മാറ്റമുണ്ട്. ഹാര്‍ട്ട് ബീറ്റ്‌സ് ഒക്കെ സ്റ്റഡിയാണ്. ഇസിജിയിലെ വേരിയേഷനും നോര്‍മലിലേക്ക് മാറി. ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. പഴയ അവസ്ഥയെക്കാള്‍ ഭേദമാണ്”- അവള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. പിന്നെ ശ്വാസമെടുത്ത് നിവര്‍ന്നുനിന്നു.
പുറത്ത് അന്നേരം ഒരു ആംബുലന്‍സ് വന്ന് കിതച്ചു നിന്നു. ഇനി അല്‍പനേരം ട്രോളികള്‍ ഉരുളും. അവള്‍ ആ മരവിച്ച ഒച്ചകള്‍ക്കായി കാതു കൂര്‍പ്പിച്ചു. എല്ലാം ധൃതിയെന്ന് തോന്നിക്കും. പക്ഷേ, ഒന്നും കാണില്ല.
”അനിലാ, ഒരു കാര്യം ചെയ്‌തോളൂ, അവരുടെ മക്കളും കൊച്ചുമക്കളും കുറച്ചു കഴിഞ്ഞ് ഹോസ്പിറ്റലിലെത്തും. അദ്ദേഹത്തിന് ചെയ്യാന്‍ ഉദ്ദേശിച്ച ആ സര്‍ജറിയുടെ ഒരുക്കങ്ങളൊക്കെ നിര്‍ത്തിവെച്ചോളൂ.”
മറ്റൊന്നും പറയാതെ ഫോണ്‍ ഒരു നിമിഷം നിശ്ചലമായി. പറയാതെ പറഞ്ഞ എന്തൊക്കെയോ ഫോണിന്റെ കാതില്‍ അങ്ങനെ കനത്തു നിന്നു.
ഫോണിലെ റിങ്‌ടോണ്‍ വീണ്ടും മുഴങ്ങി. ഡോക്ടര്‍ എന്തെങ്കിലും പറയുന്നതിനു മുമ്പേ തന്നെ അവള്‍ തിരക്കി:
”എന്തു പറ്റി സര്‍?”
”എടോ… തനിക്കറിയാലോ, നമ്മുടെ ഹോസ്പിറ്റലിന്റെ മെയിന്‍ പാര്‍ട്ണറും നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ബിസിനസുകാരനുമായ അദ്ദേഹത്തിന്റെ കൊച്ചു മകന്‍ എന്റെ അടുത്ത സുഹൃത്താണെന്ന്. അവര്‍ക്ക് അദ്ദേഹത്തിന്റെ മരണം നാളെത്തന്നെ വേണമെന്ന് ഒരേ നിര്‍ബന്ധം!”
അനിലയ്ക്ക് ഒരു പുക നിറച്ച പേടകത്തിനുള്ളില്‍ പെട്ട ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. വല്ലാത്ത ദാഹം. കണ്ണില്‍ ഇരുട്ട് കയറിയതുപോലെ. ഒറ്റ വലിക്ക് കുറേ വെള്ളം കുടിച്ചു. പിന്നെ നീണ്ട നിശ്വാസത്തോടെ അവള്‍ ഓര്‍ത്തു: ഇതെന്തൊരു ലോകമാണ്!
ദൂരെ, മരങ്ങള്‍ക്കിടയിലൂടെ കാണുന്ന ഒരു അസ്തമയമായിരുന്നു അവളുടെ ഫോണിലെ പ്രൊഫൈല്‍ പിക്ചര്‍.
പതിയെ അവള്‍ അദ്ദേഹം കിടക്കുന്ന ഐസിയു മുറിയിലേക്ക് നടക്കാനൊരുങ്ങി. കാലുകള്‍ക്ക് വല്ലാത്ത ഭാരം. അതോ ഭാരം മനസ്സിനാണോ? അവള്‍ക്കൊന്നും മനസ്സിലായില്ല. ഒരുതരം മരവിപ്പു മാത്രം!
അപ്പോഴാണ് ഹോസ്പിറ്റല്‍ എന്‍ട്രന്‍സില്‍ ഒരു ബഹളം കേട്ടത്. നോക്കിയപ്പോള്‍ വേഷഭൂഷിതയായി ഒരു ഗര്‍ഭിണിയും ഒപ്പം കുറെ ബന്ധുക്കളും. പിന്നെ കൂടെ ഒരു വീഡിയോഗ്രാഫറും. ആകെ ഒരു കല്യാണവീടിന്റെ പ്രതീതി.

അലങ്കരിച്ച തൊട്ടിലും മധുര പലഹാരങ്ങളുമായി അനുഗമിച്ച ബന്ധുമിത്രാദികളും ഉണ്ട് പിന്നാലെ. ഗൈനക്കോളജി ഡോക്ടര്‍ പറഞ്ഞ കക്ഷിയാണെന്ന് മനസ്സിലാക്കിയ അവള്‍ അവര്‍ക്കുള്ള എസി റൂം അറേഞ്ച് ചെയ്യാന്‍ അറ്റന്‍ഡറെ ഏല്‍പിച്ചു.
അറുപത് വയസ്സു കഴിഞ്ഞ ഒരു വൃദ്ധനായിരുന്നു ആ അറ്റന്‍ഡര്‍. അയാള്‍ ജീവിതത്തില്‍ ഒരു കുഞ്ഞിക്കാല്‍ കാണാനാകാത്തതിന്റെ എല്ലാ ദുഃഖങ്ങളും അറിഞ്ഞ ഒരു പാവമായിരുന്നു. ഭാര്യയെ ഒരു കുഞ്ഞിനെയെന്നോണം സ്‌നേഹിച്ചിരുന്ന സാധു.
ഗര്‍ഭിണിയോട് വസ്ത്രങ്ങള്‍ മാറി ചെക്കപ്പിനായി ഓപറേഷന്‍ റൂമിലേക്ക് വരാന്‍ ഗൈനക്കോളജി വിഭാഗത്തിലെ നഴ്‌സ് പറയുന്നത് കേട്ടതിനു ശേഷം അനില വീണ്ടും കൗണ്ടറില്‍ വന്നു. 102ലെ പേഷ്യന്റിന്റെ ഫയലുമായി ഐസി യൂനിറ്റിലേക്ക് നടക്കാന്‍ ഒരുങ്ങവേ വീണ്ടും ഒരു ബഹളം.
നാല് കാറുകളിലായി നിറയെ ആള്‍ക്കാര്‍. ഒപ്പം ഒരു ഫോട്ടോഗ്രാഫറും. ഇവരൊക്കെ കൂടി എങ്ങോട്ടാണാവോ? ഒരു വീല്‍ചെയറുമായി പുറത്താരോ നില്‍ക്കുന്നതായി തോന്നി. മുന്നില്‍ ഇരുന്ന മരുന്നുകള്‍ നിറച്ച ട്രേയില്‍ നിന്ന് ഒരു പുല്‍ച്ചാടി തല നീട്ടി നോക്കി. പാലാ കൊച്ചുപള്ളിയില്‍ കുര്‍ബാന കൂടാന്‍ പോകുന്ന തന്റെ പിതാവിന്റെ മുഖമായിരുന്നു ആ പുല്‍ച്ചാടിക്ക്.
അനില പുറത്തേക്ക് ചെന്ന് അവരോട് കാര്യം ചോദിച്ചു. കൂട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഒരു കോട്ടിട്ടയാള്‍ ചോദിച്ചു:
”ഡോക്ടര്‍ തോമസ് വിളിച്ചു പറഞ്ഞില്ലേ? ഞങ്ങളുടെ ഗ്രാന്‍ഡ് ഫാദര്‍ റൂം നമ്പര്‍ നൂറ്റിരണ്ടില്‍ ഉണ്ടായിരുന്നു. കുറച്ചു ദിവസമായി ഐസിയുവിലാണ്.”
അപ്പോഴാണ് അനിലക്ക് കാര്യം പിടികിട്ടിയത്. അവരെല്ലാവരും തന്നെ ഒരു ഉത്സവത്തിന്റെ മൂഡിലാണ്. ജീവിതം എന്നാല്‍ ആഘോഷങ്ങള്‍ എന്നു മാത്രം കരുതുന്നവര്‍.
”ഓകെ, ഞാനിപ്പോ വരാം. നിങ്ങളൊക്കെ റൂമിലേക്ക് പൊയ്‌ക്കോളൂ.”
അനില ഐസിയുവിലേക്ക് നടന്നു. മനസ്സിന് വല്ലാത്ത ഭാരം തോന്നി. അങ്ങകലെ ഒരു കൊച്ചു ഗ്രാമത്തില്‍ തന്നെയും ഓര്‍ത്ത് പ്രാര്‍ഥനയുമായി ഇരിക്കുന്ന ഒരപ്പനും അമ്മച്ചിയും മുന്നില്‍ വന്ന് നില്‍ക്കുന്നതുപോലെ. അവര്‍ കൈ കൂപ്പി യാചിക്കുന്നു: കൊല്ലരുതേ…
ത്യാഗത്തിന്റെ രൂപമെന്നോണം ദിവസങ്ങളായി ആ രോഗിക്ക് കൂട്ടുനിന്നിരുന്ന അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് അനിലയുമായി നല്ല പരിചയത്തിലായി കഴിഞ്ഞിരുന്നു. ഒരു മകളും അച്ഛനുമെന്നപോലെ.
പതിവില്ലാതെ കണ്ട അനിലയുടെ ചിരി മാഞ്ഞ മുഖവും വേദനിച്ച മനസ്സും പിന്നാലെ ആഘോഷത്തിമര്‍പ്പിലെ ആരവങ്ങളാല്‍ നടന്നടുക്കുന്ന സുഹൃത്തിന്റെ കുടുംബാംഗങ്ങളും. കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ അയാള്‍ക്ക് ബുദ്ധിമുട്ടേണ്ടിവന്നില്ല.
ഐസിയു മുറിയിലെ വാതില്‍ തുറന്ന് അകത്തേക്ക് കയറിയ അനിലയെ അയാള്‍ നിസ്സംഗതയോടെ നോക്കി. പിന്നെ കിടക്കയിലേക്കും. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
നിസ്സഹായതയോടെ അയാള്‍ സങ്കടപ്പെട്ട് ആശുപത്രി കവാടം കടന്നു. അപ്പോള്‍ അയാളോടൊപ്പം ഒരു കീറ് വെളിച്ചവും പുറത്തേക്ക് പോയി.
നിരത്തില്‍ ഏതാനും വാഹനങ്ങളേ ഉണ്ടായിരുന്നുള്ളൂ. തന്റെ മുറിയില്‍ നിന്നാല്‍ അനിലക്ക് ദൂരെ, തികച്ചും തിരക്കൊഴിഞ്ഞ നിരത്തിലൂടെ അയാള്‍ തല താഴ്ത്തി നടന്നകലുന്നത് കാണാമായിരുന്നു.
”എല്ലാ വര്‍ഷവും സ്‌പെഷ്യല്‍ ദിവസം ഡത്ത് ആനിവേഴ്‌സറി ആഘോഷം ആകുമല്ലോ. പിന്നെ, സ്ഥാപനങ്ങള്‍ക്ക് അവധിയും കൊടുക്കേണ്ട. ഇങ്ങനെയാണ് സുഹൃത്തും കുടുംബവും പറഞ്ഞിരിക്കുന്നത്”- ഡോക്ടറുടെ വാക്കുകള്‍ അപ്പോഴും അനിലയുടെ കാതില്‍ അലയടിക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് മൊബൈലില്‍ വാട്ട്‌സ്ആപ്പ് കോള്‍ അടിച്ചത്. ഒത്തിരി നേരത്തിനു ശേഷമാണ് അനില വാട്ട്‌സ്ആപ്പ് ഓപണ്‍ ചെയ്തത്.
”നാളത്തെ ന്യൂ ഇയര്‍ എന്താ പ്ലാനിങ്?”
അവള്‍ക്ക് ആകെയൊരു മരവിപ്പായിരുന്നു. ഫോണ്‍ ഓഫാക്കി എടുത്തുവെച്ചു.
ഒരു പിറവിയുടെയും ഒരു മടക്കത്തിന്റെയും ആഘോഷങ്ങള്‍ അപ്പോഴേക്കും ഹോസ്പിറ്റലില്‍ തുടങ്ങിയിരുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top