LoginRegister

പുഞ്ചിരിയുടെ വിസ്മയങ്ങള്‍

ആയിശ സി ടി

Feed Back


ഒരു കുഞ്ഞിന്റെ പുഞ്ചിരിയില്‍ എല്ലാം മറക്കുന്നവരാണ് നാം. നീറുന്ന പ്രശ്നങ്ങളിലും നമ്മെ ഒന്ന് ചിരിപ്പിക്കാന്‍ കൊച്ചുകുട്ടികളുടെ കൊഞ്ചലുകള്‍ക്കും ചിരികള്‍ക്കുമാകുന്നു. ഒരാളെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നത് ധര്‍മമാണെന്ന് റസൂല്‍(സ) പഠിപ്പിക്കുന്നുണ്ട്.
മുഖപ്രസന്നതയോടെയും ഹൃദ്യവുമായാണ് നാം മറ്റുള്ളവരെ സ്വീകരിക്കേണ്ടത്. അപ്പോള്‍ ഹൃദയമറിഞ്ഞുള്ള ഉള്‍ക്കൊള്ളല്‍ കൂടിയാവുമത്. അത് മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന മാനസികോല്ലാസം ചെറുതായിരിക്കില്ല. പ്രസന്നഭാവത്തോടെയല്ലാതെ മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് അവരില്‍ യാതൊരു സ്വാധീനവും ചെലുത്താനാവില്ല. ആളുകള്‍ക്ക് അത്തരക്കാരോട് വിമുഖത തോന്നുകയും ചെയ്യും.
എല്ലാവരും എപ്പോഴും നിരീക്ഷിക്കുന്നത്, കണ്ടുമുട്ടലിന്റെ ആദ്യത്തില്‍ അയാളുടെ മുഖഭാവം എങ്ങനെയാണ് എന്നതാണ്. നിരന്തരമായി പുഞ്ചിരിയും സന്തോഷഭാവവും പ്രദാനം ചെയ്യുന്നവര്‍ മറ്റുള്ളവരുടെ മനസ്സില്‍ നല്ല ഊര്‍ജമാണ് പകരുന്നത്. ഒരു ദിവസത്തെയും പല ദിവസങ്ങളിലെയും ഉന്മേഷം കെട്ടുപോകാതെ കാത്തുസൂക്ഷിക്കാന്‍ പ്രചോദനമാകുന്നു പുഞ്ചിരികള്‍.
ആശങ്കയോടെ കയറിപ്പോകുന്ന ഇടങ്ങളില്‍ പുഞ്ചിരിയാണ് നമ്മെ സ്വാഗതം ചെയ്യുന്നതെങ്കില്‍ ആശങ്കയേറെയും അലിയിച്ചുകളയാന്‍ അതു മതിയാകും. മാരക രോഗങ്ങള്‍ ബാധിച്ച് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു കഴിയുന്നവരെയും താങ്ങിനിര്‍ത്തുന്നത് അവരെ പുഞ്ചിരിയിലൂടെ ഒട്ടും മുഷിപ്പില്ലാതെ പരിചരിക്കുമ്പോഴാണ്. പാലിയേറ്റീവ് ക്ലിനിക്കുകള്‍ അത്തരം ധര്‍മമാണ് നിര്‍വഹിക്കുന്നത്.
ഒരാളുടെ അന്ത്യനിമിഷങ്ങള്‍ സുന്ദരമാക്കാന്‍ പുഞ്ചിരിയും തലോടലും പോലെ പിന്നെയെന്തുണ്ട് വിലപ്പെട്ടതായി? ആശ നശിച്ചുപോകുന്ന സന്ദര്‍ഭങ്ങളില്‍ ജീവിതത്തിലേക്ക് തിരിച്ചു നടത്തിക്കുന്നു ചില പുഞ്ചിരികള്‍.
വിജയികളെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് അവരുടെ മുഖങ്ങള്‍ പ്രശോഭിതമായിരിക്കും, അവര്‍ പുഞ്ചിരി തൂകുന്നവരായിരിക്കും എന്നാണ്.
നല്ല കര്‍മങ്ങള്‍ ചെയ്തു, വെറുപ്പില്ലാത്ത ഹൃദയം സൂക്ഷിക്കുന്നവരായിരിക്കും നല്ല വ്യക്തികള്‍. സമാധാനചിത്തരായി ജീവിക്കുന്നതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് സമാധാനം പകരാനും അവര്‍ക്ക് സാധിക്കും. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്നതിന്റെ ധന്യത അവരുടെ മുഖങ്ങളിലുണ്ടാകും.
അന്ത്യനാളുകളില്‍ നല്ല മനുഷ്യര്‍ക്ക് വലതുകൈയില്‍ അവരുടെ കര്‍മരേഖ ലഭിക്കുമ്പോള്‍ സന്തോഷവാനായി അവര്‍ തങ്ങളുടെ ആള്‍ക്കാരിലേക്ക് തിരിച്ചുപോകുമെന്നും, അവരുടെ മുഖങ്ങള്‍ മിനുസമുള്ളവയും ചിരിച്ചുകൊണ്ടും ആഹ്ലാദത്താല്‍ തിളങ്ങുന്നവയുമായിരിക്കുമെന്ന് ഖുര്‍ആന്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നു.
വിജയങ്ങളിലും നേട്ടങ്ങളിലും സന്തോഷവേളകളിലും മനുഷ്യന്റെ വികാരപ്രകടനമാണ് ചിരിയിലൂടെ നടക്കുന്നത്. അതോടൊപ്പം നല്ല വ്യക്തികള്‍ ഏതൊരു കാര്യത്തെയും നല്ല മനസ്സോടെ കാണുകയും മുഷിപ്പില്ലാതെ, വെറുപ്പില്ലാതെ കൈകാര്യം ചെയ്യാനാകുന്നവരും എപ്പോഴും സുസ്മേരവദനരുമായിരിക്കും.
നേട്ടങ്ങളേറെയുണ്ടെങ്കിലും, പല കാര്യങ്ങളിലും അനുഗൃഹീതരാണെങ്കിലും പലരും സന്തോഷം പ്രകടിപ്പിക്കുകയോ, അവരുടെ അനുഗ്രഹങ്ങളെക്കുറിച്ച് നന്ദിപൂര്‍വം പറയുകയോ ആനന്ദിക്കുകയോ ചെയ്യാതെ, സന്തോഷിക്കാന്‍ നേരമായിട്ടില്ല, ഇനിയും കൂടുതല്‍ നന്മകള്‍ ലഭിക്കാനുണ്ടെന്ന പ്രതീക്ഷയില്‍ ഗൗരവഭാവത്തിലും ഒട്ടും പ്രസന്നത പ്രകടിപ്പിക്കാതെയും ജീവിതത്തിനായി നെട്ടോട്ടമോടുന്നു. അവര്‍ ചിരിക്കാന്‍ മറക്കുന്നു. ചിരിച്ചാല്‍ സ്വന്തം ഇമേജും വലുപ്പവും തകരുമെന്ന് ചിലര്‍ കണക്കുകൂട്ടുന്നു.
സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളെ മയപ്പെടുത്താനും വേദനകളില്‍ ശമനമാകാനും പുഞ്ചിരി നല്ലൊരു ഔഷധമാണ്. പുഞ്ചിരി ഒരു പ്രകൃതമായി സ്വീകരിക്കുന്നതിലൂടെ സ്വന്തമായി ഒന്നും ചെലവഴിക്കാതെ തന്നെ വമ്പിച്ച ഫലങ്ങള്‍ കാണാനാകും. സംശുദ്ധമായ മനസ്സിലൂടെ നിര്‍ഗളിക്കുന്ന ചിരി കപടതയുടെ മറയല്ല. മറിച്ച് അകവും പുറവും ഒരുപോലെ കാത്തുസൂക്ഷിക്കുന്നവരുടെ പാരിതോഷികമാണ്. ദുരുദ്ദേശ്യങ്ങള്‍ ഒളിച്ചുവെച്ചുള്ള പുഞ്ചിരികള്‍ക്ക് ഏറെക്കാലം ആയുസ്സുണ്ടാകില്ല.
റസൂല്‍ ഏതു സമയത്തും സുസ്മേരവദനനായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തന്നെ ആക്രമിച്ചവരോടും തന്റെ കഴുത്തില്‍ ചീഞ്ഞുനാറുന്ന കുടല്‍മാല അണിയിച്ചവരോടുപോലും പ്രസന്നതയോടെ പ്രതികരിക്കാന്‍ സാധിച്ച റസൂല്‍ നമ്മെ ഓര്‍പ്പിക്കുന്ന പാഠങ്ങള്‍ ജീവിതഗന്ധിയാണ്.
ജീവിതം തന്നെ സന്ദേശമായി സമര്‍പ്പിച്ചുകൊണ്ട്, ഏത് തിന്മകള്‍ക്കും നന്മയാകണം മറുപടിയെന്ന് അദ്ദേഹം പഠിപ്പിച്ചു. തിന്മയെ നന്മ കൊണ്ട് തടുക്കുന്നവര്‍ക്കു മുന്നില്‍ ബദ്ധശത്രു ഉറ്റമിത്രമായി വരുമെന്ന് അറിയിച്ചു. നന്മയിലേക്കുള്ള നടത്തം പുഞ്ചിരിയിലൂടെ തുടങ്ങണം. ഏവര്‍ക്കും സുന്ദരമായ കാഴ്ചയും സാന്നിധ്യവും പ്രദാനം ചെയ്യണം.

ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് തന്നെ വളരെ സുന്ദരമായാണ് പടച്ചവന്‍ നിര്‍വഹിച്ചിരിക്കുന്നത്. പുഞ്ചിരി തൂകുന്ന പൂക്കളും കാതുകള്‍ക്ക് ഇമ്പമേകുന്ന സ്വരങ്ങളും പുഴകളുടെ ഒഴുക്കും ഉദയാസ്തമയങ്ങളുടെ മനോഹാരിതയും അതിസുന്ദരമായ എല്ലാ പ്രകൃതിദൃശ്യങ്ങളും പരസ്പരം ആകര്‍ഷിക്കുന്ന തരത്തില്‍ ഇണകളുടെ സുന്ദരമായ സൃഷ്ടിപ്പുമെല്ലാം മനുഷ്യരില്‍ ആനന്ദം പകരുന്ന വിധത്തിലാണ്. അവന്‍ എത്ര നല്ല കലാകാരനാണ്! ഒരു ചെറിയ പുഞ്ചിരിയിലും ഒരുപാട് നന്മകള്‍ ഒളിപ്പിച്ചിരിക്കുന്നു അവന്‍. അതിനാല്‍ തന്നെ എല്ലാവരെയും നല്ല മുഖത്തോടെ അഭിമുഖീകരിക്കുകയെന്നത് ചെറിയ കാര്യമല്ലെന്നും അത് വളരെ പുണ്യകരമാണെന്നുമാണ് പരമകാരുണികന്‍ അറിയിക്കുന്നത്.
പ്രകൃതിയുടെ രൂപം പ്രസന്നമാണ്, നന്മയാണ്. അത് എല്ലാവരിലേക്കും പകരുന്നത് നല്ല ഊര്‍ജമാണ്. അതുപോലെ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് ശുദ്ധപ്രകൃതിയിലാണ്. പവിത്രമായ മനസ്സും പുഞ്ചിരിയുമായാണ് നാമെല്ലാവരും വളരുന്നത്. പക്ഷേ ജീവിത സാഹചര്യങ്ങള്‍ നമ്മെ പരുക്കനും ഗൗരവപ്രകൃതക്കാരനുമാക്കാന്‍ നാം സ്വയം അനുവദിച്ചു. ജീവിതത്തിന്റെ ഏത് വരള്‍ച്ചയും വര്‍ഷവും നമ്മെ തലോടിയും സങ്കടപ്പെടുത്തിയും കടന്നുപോയാലും സുന്ദര സൃഷ്ടിയായ നമ്മുടെ സ്വഭാവങ്ങളെയും പ്രകൃതത്തെയും അത് ബാധിക്കാനോ വികലമാക്കാനോ അനുവദിക്കാതിരിക്കുക.
പ്രവാചകന്‍ കടന്നുപോയ കനല്‍വഴികള്‍ നമ്മെ സങ്കടപ്പെടുത്തുന്നതാണ്. അനാഥനായി ജനിച്ചു. പിന്നീട് മാതൃസ്നേഹവും നിലച്ചു. ദരിദ്രനായി വളര്‍ന്നു. പ്രവാചകത്വത്തിലൂടെ നാട്ടുകാരും കുടുംബക്കാരും ഒറ്റപ്പെടുത്തി. നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട് പ്രിയ സഖി ഖദീജയുടെ വേര്‍പാടില്‍ മനംനൊന്ത് അനേക കഠിനപരീക്ഷണങ്ങളിലൂടെ കടന്നുപോയതിനു ശേഷവും, വളരെ മാര്‍ദവമുള്ള അലിവും കനിവും നിറഞ്ഞ ഹൃദ്യമായ പെരുമാറ്റത്തിലൂടെ ലോകത്തിന്റെ മനസ്സിലിടം പിടിച്ച റസൂല്‍ തന്റെ സവിശേഷമായ പ്രസന്നതയും പുഞ്ചിരിയും ശത്രുവെന്നോ മിത്രമെന്നോ ഭേദമില്ലാതെ എല്ലാവര്‍ക്കും പകര്‍ന്നു.
ലോക ചരിത്രത്തില്‍ ഇത്രമേല്‍ തന്റെ അനുയായികളില്‍ സ്വാധീനം ചെലുത്തിയ വേറൊരു വ്യക്തിയെ നമുക്ക് കണ്ടത്താനാവില്ല.
ആരെയും ആകര്‍ഷിക്കുന്ന പുഞ്ചിരിയും വ്യക്തിത്വവുമായിരുന്നു റസൂല്‍. ആ സാമീപ്യം എല്ലാവര്‍ക്കും ശമനവും പരിഹാരവുമായിരുന്നു. ആ വാക്കുകള്‍ എല്ലാവര്‍ക്കും ഹൃദ്യവും ആശ്വാസവുമായിരുന്നു.
അതിനാല്‍ ജീവിതം നമ്മെ കൂടുതല്‍ സുന്ദരമാക്കട്ടെ. ജീവിതയാത്ര നമ്മുടെ നല്ല മനസ്സും പുഞ്ചിരിയും കവര്‍ന്നെടുക്കാതിരിക്കട്ടെ. പുഞ്ചിരിക്കാനുള്ള പേശികളുടെ അധ്വാനം വളരെ കുറവാണ്. പരുഷപ്രകൃതിയിലേക്ക് കടക്കുമ്പോള്‍ പേശികളുടെ അധ്വാനം കൂടുന്നു. ശാരീരിക അവയവങ്ങളുടെ അനായാസ പ്രവര്‍ത്തനങ്ങളില്‍ മികച്ചത് പ്രസന്നഭാവവും പുഞ്ചിരിയുമാണ്.
അതിനാല്‍ ഏറ്റവും ലളിതവും സുന്ദരവുമായ നീക്കം നടത്താന്‍ നമുക്കാവേണ്ടതുണ്ട്. ഏവരോടും ചിരിക്കാം. അത് ഒരേസമയം ആരോഗ്യദായകവും ധര്‍മവുമാണ്. ഇരുലോകത്തും പ്രതിഫലാര്‍ഹമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന വിശ്വാസി ഒരു നന്മയെയും നിസ്സാരമായി കാണുന്നില്ല.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top