LoginRegister

പാല്‍നിലാവ് പോലെ പാട്ട്‌

റഷീദ് പരപ്പനങ്ങാടി

Feed Back


മാപ്പിളപ്പാട്ടുകളത്രയും മാപ്പിളമാര്‍ പാടുന്ന പാട്ടോ മാപ്പിളമാരെപ്പറ്റി ആരെങ്കിലും പാടുന്ന പാട്ടോ അല്ല. മറിച്ച് ആരു പാടിയാലും എന്തിനെക്കുറിച്ചായാലും അത് മാപ്പിളത്തമുള്ളതാവണം എന്നാണ് മാപ്പിളപ്പാട്ടിനെക്കുറിച്ചുള്ള വിവക്ഷ.
ഏറെയും മാപ്പിളമാരുടെ ജീവിതത്തെക്കുറിച്ചും അവരുടെ തൊഴില്‍, ആചാരങ്ങള്‍, ജീവിതവീക്ഷണം, മറ്റ് ഇടപെടലുകള്‍, മത-സാംസ്‌കാരിക രംഗങ്ങളിലെ സാന്നിധ്യം എന്നിവയെല്ലാം അവയില്‍ പ്രതിഫലിക്കുക എന്നത് സ്വാഭാവികം.
അതുകൊണ്ടുതന്നെ മാപ്പിളപ്പാട്ടിന്റെ ആലാപനത്തിലും മാപ്പിളമാരുടെ ജീവിതവ്യവസ്ഥയും ചേര്‍ന്നുനില്‍ക്കുന്ന മറ്റ് ഘടകങ്ങളും നമുക്ക് കണ്ടെത്താവുന്നതാണ്.
‘വരകള്‍ മുതനൂല്‍ ചിറ്റൊളുത്തും കമ്പി/ വാലും തലൈചന്തം കനപ്പും കമ്പി/ സകല കവിരാജര്‍ ഇതിനെ പാര്‍പ്പിന്‍’ എന്ന ഒരു വിവക്ഷ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ഒരു സൂചകമായി ‘സലീഖത്ത്’ പടപ്പാട്ടിലൂടെ നല്‍കുന്നുണ്ട്.
ഈ താളബോധ നിബന്ധന തന്നെയാണ് മാപ്പിളപ്പാട്ടിനെ മറ്റ് ഗാനരൂപങ്ങളില്‍ നിന്നു ആസ്വാദന തലത്തില്‍ വേര്‍തിരിച്ച് നിര്‍ത്തുന്നത്.
വിഷയം കൃഷി, തൊഴില്‍, മറ്റ് ജീവിത വ്യവഹാരങ്ങള്‍ എന്നിവയില്‍ എന്തുമാവാം. ആ നിലക്ക് പരിശോധിക്കുമ്പോള്‍ ‘പാട്ടിന്റെ പാല്‍നിലാവ്’ എന്ന പി എ ബി അച്ചനമ്പലത്തിന്റെ കൃതി തീര്‍ത്തും മാപ്പിളപ്പാട്ടിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടുള്ളതാണെന്ന് വിലയിരുത്താനാവും.
പ്രകൃതി, മതമൈത്രി, കല്യാണം, ആരാധനാ കര്‍മങ്ങള്‍, ദേശമഹിമ, ദൈവികാനുഗ്രഹങ്ങള്‍ എല്ലാം ഇതില്‍ വിഷയമാക്കിയിട്ടുണ്ട്. പ്രളയവും പ്രണയവും വരെ. അവയെല്ലാം തനത് മാപ്പിളപ്പാട്ടുകളിലെ രീതിക്കനുസരിച്ചാണെന്നതിനാല്‍ ആലാപനത്തിന് ആര്‍ക്കും വഴങ്ങുകയും ചെയ്യും.
മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ എഴുതിയ ‘ഇശലിന്റെ മധുമൊഴികള്‍’ എന്ന തലക്കെട്ടോടെയുള്ള സമര്‍പ്പണ ലേഖനവും പുസ്തകത്തിന് ഏറെ മാറ്റു കൂട്ടുന്നു.
വര്‍ഷങ്ങളായി മാപ്പിളപ്പാട്ട് രചയിതാവായും മാപ്പിളകലകളുടെ മത്സരവേദികളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുള്ള പി എ ബി അച്ചനമ്പലം നല്‍കുന്ന പാട്ടിന്റെ പാല്‍നിലാവ് ആസ്വാദ്യകരമാണ് എന്ന കാര്യം തീര്‍ച്ച. സര്‍ഗോത്സവ വേദികളില്‍ തനതായ മാപ്പിളപ്പാട്ടുകള്‍ അന്വേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ് ഈ ഗ്രന്ഥം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top