LoginRegister

പാരാമെഡിക്കല്‍ കോഴ്‌സുകള്‍

പി കെ അന്‍വര്‍ മുട്ടാഞ്ചേരി

Feed Back


ഞാന്‍ പ്ലസ്‌വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. പാരാമെഡിക്കല്‍ കോഴ്‌സുകളാണ് താല്‍പര്യം. കേരളത്തിലെ കോഴ്‌സുകളെ പരിചയപ്പെടുത്താമോ?
ഷബ്‌ന മേപ്പാടി

കേരളത്തില്‍ ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ വിവിധ ബിരുദ-ഡിപ്ലോമ പാരാമെഡിക്കല്‍ പ്രോഗ്രാമുകളുണ്ട്. ബിരുദ പ്രോഗ്രാമുകള്‍ നാലു വര്‍ഷവും ഡിപ്ലോമ പ്രോഗ്രാമുകള്‍ രണ്ടു വര്‍ഷവും. അവരവരുടെ അഭിരുചിയും താല്‍പര്യവും തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ സാധ്യതയും ഉന്നത പഠനാവസരങ്ങളുമൊക്കെ പരിഗണിച്ച് ഏറ്റവും അനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പാരാമെഡിക്കല്‍ പ്രോഗ്രാമുകളുടെ അലോട്ട്‌മെന്റ് നടത്തുന്നത് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയാണ്.
വിജ്ഞാപനങ്ങള്‍ ശ്രദ്ധിച്ച് എല്‍ബിഎസ് സെന്റര്‍ വഴി (www.lbscentre.kerala.gov.in) അപേക്ഷ സമര്‍പ്പിക്കണം. പ്രത്യേക പ്രവേശന പരീക്ഷയില്ല. പ്ലസ്ടു പരീക്ഷയില്‍ നിര്‍ദിഷ്ട വിഷയങ്ങളില്‍ നേടിയ മാര്‍ക്കനുസരിച്ച് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുന്നത്. സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനം അതത് സ്ഥാപനങ്ങള്‍ നേരിട്ടാണ് നടത്തുന്നത്.
ബിരുദ പ്രോഗ്രാമുകള്‍
ബിഎസ്‌സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എംഎല്‍ടി), ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (എംആര്‍ടി), ബിഎസ്‌സി ഒപ്‌റ്റോമെട്രി, ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (ബിപിടി), ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ( ബിഒടി), ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബിഎഎസ്എല്‍പി), ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബിസിവിടി), ബിഎസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോ തെറാപ്പി ടെക്‌നോളജി, ബിഎസ്‌സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളുണ്ട്.
ബിഎസ്‌സി നഴ്‌സിങ് പ്രവേശനവും ഇതോടൊപ്പം തന്നെയാണ് നടത്തുന്നത്. ബിഎഎസ്എല്‍പി ഒഴികെയുള്ള കോഴ്‌സുകളുടെ പ്രവേശനത്തിന് പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ബിഎഎസ്എല്‍പി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്‌ക്കൊപ്പം ബയോളജി/ മാത്തമാറ്റിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇലക്ട്രോണിക്‌സ്/ സൈക്കോളജി എന്നിവയില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടി വിജയിച്ചിരിക്കണം.
പാരാമെഡിക്കല്‍ ഡിപ്ലോമ പ്രോഗ്രാമുകള്‍
ഫാര്‍മസി (ഡിഫാം), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസിസ് ആന്റ് റേഡിയോ തെറാപ്പി ടെക്‌നോളജി, റേഡിയോളജിക്കല്‍ ടെക്‌നോളജി, ഒഫ്താല്‍മിക് അസിസ്റ്റന്റ്, ഡെന്റല്‍ മെക്കാനിക്‌സ്, ഡെന്റല്‍ ഹൈജിനിസ്റ്റ്, ഓപറേഷന്‍ തിയേറ്റര്‍ ആന്റ് അനസ്‌തേഷ്യ ടെക്‌നോളജി, കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എന്‍ഡോസ്‌കോപിക് ടെക്‌നോളജി, ഡെന്റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്‍സ്, റെസ്പിറേറ്ററി ടെക്‌നോളജി, സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ഡിപാര്‍ട്ട്‌മെന്റ് ടെക്‌നോളജി എന്നിവ.
ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലുള്ള പ്ലസ്ടുവാണ് യോഗ്യത. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവക്ക് മൊത്തം 40 ശതമാനം മാര്‍ക്ക് വേണം. ഫാര്‍മസി കോഴ്‌സിന് ബയോളജിക്കു പകരം മാത്തമാറ്റിക്‌സ് പഠിച്ചാലും മതി.
കേരള ആരോഗ്യ സര്‍വകലാശാലയുടെ കീഴിലല്ലാത്ത സ്ഥാപനമായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിലെ വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി പ്രത്യേകം അപേക്ഷിക്കണം (www.amrita.edu). .

ബിഎസ്സി അഗ്രികള്‍ചര്‍
ഞാന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ബിഎസ്സി അഗ്രികള്‍ചര്‍ കോഴ്‌സിന് പോകാനാണ് താല്‍പര്യം. പ്രവേശന വഴികള്‍ വിശദമാക്കാമോ?
മിന്‍ഹ, മസ്‌കത്ത്

കേരളത്തില്‍ ബിഎസ്സി അഗ്രികള്‍ചര്‍ കോഴ്‌സ് പഠിക്കാന്‍ കേരള അഗ്രികള്‍ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നാല് കോളജുകളാണുള്ളത്: കോളജ് ഓഫ് അഗ്രികള്‍ചര്‍ വെള്ളായണി തിരുവനന്തപുരം, കോളജ് ഓഫ് ഹോര്‍ട്ടികള്‍ചര്‍ വെള്ളാനിക്കര തൃശൂര്‍, കോളേജ് ഓഫ് അഗ്രികള്‍ചര്‍ പടന്നക്കാട് കാസര്‍കോഡ്, കോളജ് ഓഫ് അഗ്രികള്‍ചര്‍ അമ്പലവയല്‍ വയനാട് എന്നിവ. ഈ കോളജുകളിലെ സ്റ്റേറ്റ് മെറിറ്റ് (85 ശതമാനം) സീറ്റുകളിലേക്കുള്ള പ്രവേശനം നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്-അണ്ടര്‍ ഗ്രാജ്വേറ്റ് (NEET UG) മാര്‍ക്ക് പരിഗണിച്ച് കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്.
ഇതിനായി നീറ്റ് പരീക്ഷ മികച്ച രീതിയില്‍ എഴുതുന്നതോടൊപ്പം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് പ്രത്യേകം അപേക്ഷ (KEAM) നല്‍കുകയും വേണം.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ വിജയിച്ച കുട്ടികള്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. എന്നാല്‍ കേരളത്തിലെ കോളജുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ കാര്‍ഷിക സര്‍വകലാശാലകളിലെ അഖിലേന്ത്യാ ക്വാട്ടയായ 15 ശതമാനം സീറ്റുകളുടെ (20 ശതമാനമാക്കി ഉയര്‍ത്തിയേക്കാം).
പ്രവേശനം ഈ വര്‍ഷം മുതല്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലേക്കുള്ള പൊതുപരീക്ഷയായ സിയുഇടി യുജി വഴിയാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, അഗ്രികള്‍ചര്‍ എന്നിവയില്‍ മൂന്നു വിഷയങ്ങളെങ്കിലും പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവര്‍ക്കാണ് യോഗ്യത. കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 3000 രൂപ (നാഷണല്‍ ടാലന്റ് സ്‌കോളര്‍ഷിപ്) ലഭിക്കുമെന്നത് ശ്രദ്ധേയമാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top