LoginRegister

പാട്ടിന്റെ മുറ്റത്തൊരു തലശ്ശേരിപ്പെണ്‍ചരിതം

ഷബീര്‍ രാരങ്ങോത്ത്‌

Feed Back

ദാന റാസിഖിന്റെ പാട്ടുയാത്ര

വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. സ്‌കൂള്‍ യുവജനോത്സവ കാലം. തലശ്ശേരിക്കാരിയായ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനി മാപ്പിളപ്പാട്ട് വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. ബദ്‌റുദ്ദീന്‍ പാറന്നൂര്‍ എഴുതി മുഹ്സിന്‍ കുരിക്കള്‍ സംഗീതം നല്‍കിയ ‘മദിരകപ്പതി ഗുരുനബിയാര്‍ ഹാമീം ഒണ്ടന്‍ തളമില്‍’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു അവള്‍ പാടാനായി തിരഞ്ഞെടുത്തിരുന്നത്. സിമ്യ ഹംദാന്റെ ശിക്ഷണത്തില്‍ നന്നായി പ്രാക്ടീസ് ചെയ്താണ് പോയിരുന്നത്. ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ അവള്‍ പയ്യന്നൂരില്‍ വെച്ചു നടന്ന ജില്ലാ കലോത്സവവേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ ജില്ലാ വേദിയില്‍ പാടാനായി കയറി. പാട്ടു തുടങ്ങി അല്‍പം കഴിഞ്ഞപ്പോഴേക്ക് തൊണ്ട വരണ്ടു. പാട്ടിന്റെ ഒഴുക്ക് മുറിഞ്ഞു. ഒരു നിമിഷത്തെ സംഭ്രമത്തിനൊടുവില്‍ പാട്ട് പാടി മുഴുമിപ്പിച്ചു. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും സദസ്യരുടെ മനസു പിടിച്ചുപറ്റിയാണവള്‍ തിരികെ പോന്നത്. പിറ്റേ വര്‍ഷം വീണ്ടും അവള്‍ ഇതേ പാട്ടുമായി യുവജനോത്സവ വേദിയിലെത്തി. ഇത്തവണയും ഉപജില്ലാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അവള്‍ ജില്ലയില്‍ നന്നായി തന്നെ ഗാനമാലപിച്ചു. എന്നാല്‍, ഈ ഗാനം മാപ്പിളപ്പാട്ടല്ല എന്ന വിചിത്രമായ കണ്ടെത്തലായിരുന്നു വിധികര്‍ത്താക്കളിലൊരാള്‍ക്ക് ഉണ്ടായിരുന്നത്. അന്ന് അവര്‍ ആ ആലാപനത്തെ മത്സരത്തിന്റെ വിധിനിര്‍ണയത്തിലേക്ക് പരിഗണിച്ചതേയില്ല.
ആ അവഗണന തന്റെ പ്രതിഭക്കു നേരെയുള്ള കൊഞ്ഞനംകുത്തലാണെന്നു മനസിലാക്കിയ അവള്‍ അന്നു മുതല്‍ പാട്ടിനെ വാശിയോടെ ചേര്‍ത്തുപിടിച്ചു. ഇത്രയും നല്ല പാട്ട് എങ്ങനെയെങ്കിലും ആളുകളെ കേള്‍പ്പിക്കണമെന്നായിരുന്നു അവളുടെ ഉമ്മക്ക്. ആ പാട്ട് റെക്കോര്‍ഡ് ചെയ്ത് യൂട്യൂബ് വഴി അവര്‍ പുറത്തിറക്കി. ഗാനം യൂട്യൂബില്‍ വൈറലായി. ഒരു പുതിയ ഗായികയെ മലയാളക്കര ആ ഗാനത്തോടൊപ്പം സ്വീകരിക്കുകയായിരുന്നു. ദാന റാസിഖ് എന്ന മനോഹര ശബ്ദം മലയാളിയുടെ കര്‍ണപുടങ്ങളിലൂടെ ഹൃദയത്തിലേക്ക് ചേക്കേറുന്നത് ആ ഗാനം മുതലാണ്. ഇന്ന് ഏതൊരു മലയാളിക്കും പരിചിതമായ പേരാണ് ദാനയുടേത്. ആ ശബ്ദം ഓരോ വീടകങ്ങളിലും ആനന്ദധാര തീര്‍ക്കാന്‍ പോന്നതായിരിക്കുന്നു.
ഉപ്പയും ഉമ്മയും ബന്ധുക്കളുമെല്ലാം പാട്ടിനോട് ചേര്‍ന്നു സഞ്ചരിക്കുന്നവരായതിനാല്‍ തന്നെ സംഗീതമെന്ന കയത്തിലൂടെയുള്ള യാത്ര ദാനയ്ക്ക് ഏറെ എളുപ്പമാകേണ്ടതായിരുന്നു. എന്നാല്‍, ബാല്യകാലത്ത് പാടുമെന്നല്ലാതെ അത് ഒരു പാഷനായിരുന്നില്ല. ഉമ്മയുടെയും ഉപ്പയുടെയും സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധങ്ങളായിരുന്നു അവളിലെ പാട്ടുകാരിയെ പുറത്തെത്തിച്ചിരുന്നത്.

യു എ ഇയിലെ ബാല്യകാലത്ത് നഴ്‌സറി ഘട്ടത്തിലാണ് ദാന ആദ്യമായി ഒരു വേദിയില്‍ പാടുന്നത്. ‘തൊട്ടിലിലുമ്മാന്റെ താരാട്ടിലാടുന്ന കൊച്ചു കുറുമ്പാ കുഞ്ഞനുജാ’ എന്ന പാട്ടായിരുന്നു അന്ന് പാടിയത്. അന്ന് ആ ആലാപനം ശ്രദ്ധ നേടുകയും കുഞ്ഞുദാനക്ക് പലരില്‍ നിന്ന് പ്രോത്സാഹനം ലഭിക്കുകയും ചെയ്തു. യു എ ഇ വാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം സ്‌കൂള്‍ കലോത്സവങ്ങളില്‍ ദാന മത്സരിക്കാനാരംഭിച്ചു. അതും രക്ഷിതാക്കളില്‍ നിന്നുള്ള നിര്‍ബന്ധം കൊണ്ടു തന്നെയായിരുന്നു.
മാഹി അല്‍ഫലാഹ് സ്‌കൂളിലെ യു പി പഠനകാലത്ത് അവിടെയുള്ള അധ്യാപകര്‍ ദാനയിലെ പ്രതിഭ തിരിച്ചറിയുകയും ഏറെ പ്രോത്സാഹനം നല്‍കുകയും ചെയ്തു. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സമയത്ത് ദാന വിവിധ മത്സരങ്ങളില്‍ നിന്നായി സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഒമ്പതാം ക്ലാസില്‍ വെച്ച് ഉര്‍ദു ഗസല്‍, മാപ്പിളപ്പാട്ട്, ഉര്‍ദു പദ്യം എന്നീ വിഭാഗങ്ങളില്‍ സംസ്ഥാനതലങ്ങളില്‍ മത്സരിക്കുകയും ഗസലിന് ഒന്നാം സമ്മാനം നേടുകയും ചെയ്തു. ഈ ഘട്ടങ്ങളിലൊക്കെയും സ്വന്തം സഹോദരിയില്‍ നിന്നുള്ള ശിക്ഷണം എന്നതിനപ്പുറം യാതൊരുവിധ പരിശീലനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ദാനയ്ക്ക് ലഭിച്ചിരുന്നില്ല. ഒമ്പതാം ക്ലാസില്‍ വെച്ചുള്ള വിജയത്തിനു ശേഷം തൊട്ടടുത്ത വര്‍ഷം നന്നായി പരിശീലനം നേടിയാണ് മത്സരത്തിനു പോയത്. ആ ഘട്ടത്തിലാണ് ആദ്യം പറഞ്ഞ ദുരനുഭവങ്ങള്‍ ദാനയ്ക്ക് നേരിടേണ്ടിവന്നത്.
കലോത്സവരംഗത്തുള്ള ഒട്ടും ആശാസ്യമല്ലാത്ത മാത്സര്യം ദാനയില്‍ വലിയ മടുപ്പ് സൃഷ്ടിച്ചുവെങ്കിലും ആ ദുരനുഭവങ്ങള്‍ തന്നെയാണ് പാട്ടിനെ ചേര്‍ത്തുപിടിച്ച് വിജയദൂരങ്ങള്‍ താണ്ടാന്‍ പ്രേരണയായിത്തീര്‍ന്നതും.
പാടുമെങ്കിലും അതിനോടൊരു പാഷനില്ലാത്ത ആദ്യ കാലത്തുനിന്നു മാറി പാട്ട് ദാനയുടെ ജീവിതത്തിലെ അനിവാര്യ സാന്നിധ്യമായി മാറി. +1/+2 കാലഘട്ടത്തില്‍ പഠനത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ. എങ്കിലും മുബാറക് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകര്‍ ദാനയ്ക്ക് കൂടുതല്‍ ധൈര്യം നല്‍കുകയും പിന്തുണ നല്‍കുകയുമുണ്ടായി. +1 പരീക്ഷയുടെ സമയത്ത് വരണ്ട അക്ഷരങ്ങളിലൂടെയുള്ള സഞ്ചാരത്തില്‍ ബോറടി തോന്നിത്തുടങ്ങിയപ്പോഴാണ് ദാന ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. പാട്ട് പാടിയിടുക എന്ന ലക്ഷ്യത്തില്‍ പബ്ലിക് അക്കൗണ്ടായിരുന്നു തുടങ്ങിയത്. പാട്ടുകള്‍ പിന്നീട് അതുവഴി മഴ പോലെ പെയ്തുകൊണ്ടേയിരുന്നു. +2 പഠനകാലത്ത് മാതൃഭൂമി നടത്തിയ ഗാനോത്സവത്തില്‍ ദാന പങ്കെടുക്കുകയും ഏറെ പ്രതിഭാധനരായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് ഒന്നാമതായി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.

+2 കഴിഞ്ഞതോടെ യൂട്യൂബ് ചാനലും തുടങ്ങി. ഇതിനിടയില്‍ തന്നെ ‘സുന്ദരനായവനേ’ എന്ന ഹിറ്റ് ഗാനത്തിന്റെ ദാനയുടെ കവര്‍ വേര്‍ഷന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ദാന എന്ന പേര് സംഗീതാസ്വാദകര്‍ക്ക് ഏറെ പ്രിയങ്കരമാകുന്നത് ഈ പാട്ടോടു കൂടിയാവണം. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ദാനയ്ക്ക്. മലയാളിയുടെ മനസകങ്ങളില്‍ താരാട്ടുപാടുന്ന സ്വരമാധുര്യമായി ദാന പ്രതിഷ്ഠിക്കപ്പെട്ടു. മലയാളം, തമിഴ്, ഹിന്ദി മെലഡികള്‍ക്ക് ദാനയുടെ വേര്‍ഷന്‍ വരുന്നത് കാത്തിരിക്കുന്ന ഒട്ടനവധി സംഗീതാസ്വാദകരുണ്ടിന്ന്.
എറണാകുളം മഹാരാജാസില്‍ പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണിന്ന് ദാന. പാട്ടിലാണ് ഇന്ന് ദാനയുടെ ജീവിതം. കുടുംബവും സൗഹൃദവലയങ്ങളുമൊക്കെ ദാനയുടെ പാട്ടുയാത്രക്ക് വഴിയൊരുക്കുന്നുണ്ട്. കിട്ടുന്ന ഇടവേളകളില്‍ പതിയെ മൂളുന്ന ഈണങ്ങള്‍ ഉറക്കെ പാടാന്‍ ആവശ്യപ്പെടുകയും അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന സൗഹൃദങ്ങള്‍ ദാനയ്ക്ക് ഊര്‍ജം പകരുന്നുണ്ട്.
സ്വതന്ത്ര സംഗീതത്തില്‍ പുതിയ വഴി തെളിക്കണമെന്നാണ് ദാനയുടെ ആഗ്രഹം. ഇതുവരെക്കും തുടര്‍ന്ന ചിട്ടകളില്‍ നിന്നു മാറി ഔദ്യോഗിക സംഗീത വിദ്യാഭ്യാസം നേടുന്നതിലേക്ക് ആ ചിന്ത ദാനയെ നയിച്ചിട്ടുണ്ട്. ഉസ്താദ് ഫയാസ് ഖാനിനു കീഴിലായി കഴിഞ്ഞ കുറച്ചു നാളുകളായി സംഗീത പഠനം തുടരുന്നുണ്ട് ദാനയിപ്പോള്‍. ദാനയുടെ ശബ്ദം സംഗീത ലോകം ശ്രദ്ധിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ‘മില്യന്‍ ഡോളര്‍ വോയ്‌സ്’ എന്ന് ദാനയെ വിശേഷിപ്പിച്ച് ലേഖനമെഴുതിയത്. പുറത്തിറങ്ങാനുള്ള ഒരു സിനിമക്കു വേണ്ടിയും ദാന പാടിയിട്ടുണ്ട്.
തലശ്ശേരിയിലെ അബ്ദുല്‍ റാസിഖിന്റെയും സി ടി താഹിറയുടെയും മകളാണ് ദാന. സഹോദരങ്ങളായ റഫ റാസിഖ്, തൂബ റാസിഖ്, മുഹമ്മദ് ദുര്‍റ റാസിഖ് എന്നിവരും മികച്ച ഗായകരാണ്. ഉപ്പ അബ്ദുല്‍ റാസിഖിനൊപ്പവും സഹോദരങ്ങള്‍ക്കൊപ്പവും ദാന ഗാനങ്ങളാലപിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ അഫ്സല്‍ യൂസുഫിന്റെ സംഗീതത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ‘വീണ്ടും’ എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സംഗീത വഴിയെ സഞ്ചരിക്കുമ്പോഴും പഠനകാര്യങ്ങള്‍ കൈവിടാത്ത ദാന +2 മുഴുവന്‍ മാര്‍ക്കും നേടിയാണ് വിജയിച്ചതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.
സംഗീതത്തിന്റെ പുതിയ മേച്ചില്‍പുറങ്ങളില്‍ വ്യത്യസ്തത നിറക്കാന്‍ ദാനക്ക് ആവട്ടെ എന്നാശംസിക്കാം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top