മൗനം പുതപ്പിച്ച ഭാഷയാല്‍
മിണ്ടിപ്പറച്ചിലുകളില്‍ നിന്നും
ആരൊക്കെയോ
പേടി കത്തിച്ചുവാങ്ങുന്നു
കൂട്ടമായവര്‍ ഇരുട്ടുണ്ടാക്കി
ഒറ്റയ്ക്ക് വെളിച്ചത്തെ തിരയുന്നു
മൂടിപ്പുതച്ചിരിക്കുന്ന
സത്യം ഇടംകണ്ണാല്‍
പാളി നോക്കി ചുരുണ്ടുകിടക്കുന്നു
എപ്പോഴോ വഴിതെറ്റി
വഴിയില്‍ നിന്നൊരാള്‍
മുഖം മറച്ചു നില്‍ക്കുന്നു
സമാധാനം പഠിച്ചിറങ്ങിയ
വെള്ളരിപ്രാവ്
കുറുകി തോല്‍പ്പിക്കുന്നു
കടം കൊടുത്ത ധൈര്യം
തിരിച്ചു ചോദിക്കാന്‍
മറന്നുപോയി
മൂപ്പെത്താതെ
തെരുവില്‍ കാവലിരിക്കുന്നു
ഉണ്ട ചോറിനെ
ഉടുത്ത വസ്ത്രത്തെ
ശ്വസിച്ച വായുവിനെ
പേശി പേശി
ഒരു വിധം വശത്താക്കുന്നു
പേടിയാല്‍ വരച്ച ഭൂപടത്തില്‍
ഇടമില്ലാത്തവര്‍
മുഖത്ത് ദേശക്കൂറു
ഒട്ടിച്ചുവെക്കുന്നു
ഒളിച്ചുകടത്തിയ
ഇന്നലെകളിലേക്ക്
ചൂട്ടു കത്തിക്കുമ്പോള്‍
കരുണയുള്ളൊരു
വാക്കു വന്നു സമാധാനം
ഇട്ടേച്ചു പോകുന്നു
നിഴലില്‍ നിന്ന്
പഠിച്ചെടുത്ത
യുദ്ധമുറകള്‍
ആര്‍ക്കോ വേണ്ടി
പയറ്റുന്നു
മോചനം തേടിയിറങ്ങിയ
ഒരു പൂവ്
ചാവേറായി
കരിഞ്ഞുണങ്ങുന്നു
വെന്ത ചോര്‍
കാത്തിരിക്കുന്നു
വിശുദ്ധ പുസ്തകത്തിലെ
അക്ഷരങ്ങള്‍
പാറി പാറി
പറന്നു പോകുന്നു
ആത്മാവില്ലാത്തൊരു നാവ്
നിലവിളിച്ചു ബാക്കിയാവുന്നു.