LoginRegister

പരുന്ത് മേഘങ്ങള്‍ക്കു മീതെ പറക്കുന്നു

ഷെരീഫ് സാഗര്‍

Feed Back


നസറുദ്ദീന്‍ ഹോജയും മകനും തങ്ങളുടെ കഴുതയോടൊപ്പം നടക്കുകയായിരുന്നു. കഴുതയുടെ പുറത്ത് വലിയൊരു ഭാണ്ഡക്കെട്ട് കാണാം. ആ പാവത്തിനെ അധികം പ്രയാസപ്പെടുത്തേണ്ട എന്ന് കരുതിയാണ് അവര്‍ നടന്നത്. എന്നാല്‍ ആളുകള്‍ ഇതുകണ്ട് ചിരിച്ചു.
”ഒരു കഴുത ഒപ്പമുണ്ടായിട്ട് അതിന്റെ പുറത്ത് കയറാതെ നടക്കുന്ന വിഡ്ഢികള്‍.” -അവര്‍ ബാപ്പയെയും മകനെയും കളിയാക്കി. ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാര്‍ അവരുടെ അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു.
ഇതുകേട്ട് സഹികെട്ട ഹോജയും മകനും പിന്നീടുള്ള യാത്ര കഴുതപ്പുറത്താക്കി. എന്നാല്‍ കുറേക്കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ അവരെ രൂക്ഷമായി നോക്കാന്‍ തുടങ്ങി. വലിയ ഭാണ്ഡക്കെട്ടും അതിനൊപ്പം രണ്ട് മനുഷ്യരുമായി കഴുത പ്രയാസപ്പെട്ട് നടക്കുകയാണ്.
”ഒരു മനഃസാക്ഷിയില്ലാത്ത ബാപ്പയും മകനും. കണ്ടില്ലേ, ആ കഴുതയെ പ്രയാസപ്പെടുത്തുന്നത്!”
ഇതുകേട്ട ഹോജ മകനെ താഴെയിറക്കി. മകന്‍ നടന്നു. ബാപ്പയും ഭാണ്ഡക്കെട്ടും കഴുതപ്പുറത്ത്. കുറച്ചു കഴിഞ്ഞപ്പോള്‍ ആളുകള്‍ അടക്കം പറയാന്‍ തുടങ്ങി.
”എന്തൊരു മനുഷ്യനാണിത്! സ്വന്തം മകന്‍ നടന്ന് തളര്‍ന്നിരിക്കുന്നു. ബാപ്പയാണെങ്കില്‍ കഴുതപ്പുറത്തിരുന്ന് സുഖിക്കുന്നു.”
ഇതു കേട്ട് ഹോജ കഴുതപ്പുറത്തുനിന്നിറങ്ങി മകനെ കഴുതപ്പുറത്ത് കയറ്റി. യാത്ര തുടര്‍ന്നു. പതിവു പോലെ നാട്ടുകാര്‍ അഭിപ്രായവുമായി വന്നു.
”പ്രായമായ ബാപ്പയെ നടത്തി മകന്‍ കഴുതപ്പുറത്തിരുന്ന് സുഖിക്കുന്നു! ഇങ്ങനെയുമുണ്ടോ മക്കള്‍!”
എല്ലാംകൂടി കേട്ടപ്പോള്‍ ഹോജക്ക് ദേഷ്യം പിടിച്ചു. മകനെ കഴുതപ്പുറത്തുനിന്ന് ഇറക്കി. പിന്നെ രണ്ടു പേരും കൂടി കഴുതയെ ചുമന്ന് അങ്ങാടിയിലൂടെ നടന്നു.
ഇതൊരു കഥയാണെങ്കിലും നമുക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന ‘നാട്ടുകാരെപേടി’യുടെ ഒരു നേര്‍ചിത്രമാണിത്. നാട്ടുകാരെ പേടിച്ച് പേടിച്ചാണ് പലരും സ്വന്തം ഇഷ്ടങ്ങളും താല്‍പര്യങ്ങളും മാറ്റിവെച്ച് മറ്റെന്തോ ആയി ജീവിക്കുന്നത്. വീട്ടുകാരെപേടി എന്ന് പറയുന്നതിനേക്കാള്‍ നാട്ടുകാരെപേടി എന്നു തന്നെയാണ് പറയേണ്ടത്. കാരണം വീട്ടുകാര്‍ തീരുമാനമെടുക്കുന്നതും നാട്ടുകാരെ പേടിച്ചാണ്. ആരാണ് നമ്മുടെ ജീവിതം ഡിസൈന്‍ ചെയ്യേണ്ടത് എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്ന ചൊല്ല് പോലെ എന്ത് ചെയ്താലും നാട്ടുകാര്‍ക്ക് ഒരഭിപ്രായം പറയാനുണ്ടാകും. അതനുസരിച്ച് നമ്മുടെ താല്‍പര്യങ്ങളെ ബലികൊടുക്കാതിരിക്കുക എന്നതാണ് നമ്മുടെ ജീവിതം ജീവിക്കാനുള്ള മാര്‍ഗം.
ഒരാള്‍ ഒരു വീട് വെക്കാന്‍ ഉദ്ദേശിക്കുന്നു എന്നു കരുതുക. ജീവിതാവസ്ഥയും താല്‍പര്യങ്ങളും അനുസരിച്ചുള്ള ഒരു പ്ലാന്‍ അയാളുടെ മനസ്സിലുണ്ടാകും. എന്നാല്‍ ആര്‍കിടെക്ട് വരുന്നതോടെ ആ വീട് ആര്‍ക്കിടെക്ടിന്റെ വീടായി മാറും. തറയിട്ട് വീടുപണി ആരംഭിക്കുന്നതോടെ നാട്ടുകാര്‍ അഭിപ്രായങ്ങളുമായി വരും. പിന്നെ ആ വീട് നാട്ടുകാരുടെ മനസ്സിലുള്ള വീടായി. നമുക്ക് ചുറ്റുമുള്ള മിക്ക വീടുകളും ഇങ്ങനെ നാട്ടുകാരുടെ വീടുകളാണ്. ആധാരവും അവകാശവും മാത്രമാണ് സ്വന്തം. വീടിന്റെ ഡിസൈനും മെറ്റീരിയലും എല്ലാം നാട്ടുനടപ്പാണ്. മറ്റൊരു താല്‍പര്യം നമുക്കുണ്ടെങ്കില്‍പോലും നാട്ടുകാര്‍ അതിന് സമ്മതിക്കില്ല. നാട്ടുകാരെ പേടിച്ച് നമ്മുടെ താല്‍പര്യങ്ങളെ മാറ്റിവെക്കുകയും ചെയ്യും.
ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് മനസ്സു വിഷമിപ്പിക്കുകയും അതുതന്നെ ഓര്‍ത്ത് ചെയ്യാനുള്ള ജോലികളെല്ലാം മാറ്റിവെക്കുകയും ചെയ്യുന്ന എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ‘എന്നാലും അവന്‍ എന്തിനാണ് അതെന്നോട് പറഞ്ഞത്, അവള്‍ അങ്ങനെ പറയാന്‍ പാടുണ്ടോ, എന്നെ താഴ്ത്തിക്കെട്ടാനല്ലേ അങ്ങനെ പറഞ്ഞത്….’ എന്നു തുടങ്ങി നമുക്കുള്ളില്‍ മറ്റുള്ളവരെ ജഡ്ജ് ചെയ്യാനും വിധിക്കാനുമുള്ള ഒരാളെ നാം കുടിയിരുത്തിയിട്ടുണ്ട്. അതുപോലെ മറ്റുള്ളവരും നമ്മളെ വിലയിരുത്തിക്കൊണ്ടിരിക്കുന്നു. സാമൂഹിക ജീവിതത്തില്‍ അനിവാര്യമായി സംഭവിക്കുന്ന ഒന്നാണിതെങ്കിലും നമ്മള്‍ മുന്നോട്ടുവെക്കുന്ന ചുവടുകളില്‍ പലതും പിഴച്ചുപോകുന്നത് നാട്ടുകാരെ പേടിച്ചിട്ടാണ്.
മറ്റുള്ളവര്‍ നമുക്കെതിരെ ചെയ്യുന്നതും നമ്മളെക്കുറിച്ച് പറയുന്നതും കേട്ട് ടെന്‍ഷനടിച്ചിരുന്നാല്‍ ജീവിതത്തില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റാതാകും. മറ്റുള്ളവരുടെ തടവറയില്‍ ജീവിക്കുന്ന അവസ്ഥയാകും. നമുക്കൊരു ജീവിതമേയുള്ളൂ. അത് കണ്ടെത്തുക. ജീവിക്കുക. മറ്റുള്ളവരുടെ കൈയിലെ പാവയാകാതിരിക്കുക. മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്ന് ചിന്തിച്ചിരിക്കുന്നവരെല്ലാം മറ്റുള്ളവരുടെ തടവറയിലാണ് ജീവിക്കുന്നതെന്ന് പറഞ്ഞത് ലവോത്സുവാണ്.
അവരെന്തും പറഞ്ഞോട്ടെ. അതവരുടെ കാര്യം. നമ്മള് വേറെ ലെവലാണെന്ന് കരുതുക. ‘വീട് അങ്ങനെയല്ല, ഇങ്ങനെയാണ് ഉണ്ടാക്കേണ്ടത്’ എന്ന് അഭിപ്രായം പറയുന്നവനൊന്നും ‘നീ വീടുണ്ടാക്കുകയല്ലേ, ഇന്നാ ഒരഞ്ചു ലക്ഷം എന്റെ വക പിടിച്ചോ’ എന്ന് പറയില്ല. നമ്മുടെ സുഖവും സന്തോഷവും ആരും വെള്ളിത്താലത്തിലാക്കി കൊണ്ടുവരികയുമില്ല. അത് നമ്മളുണ്ടാക്കേണ്ട ഒരു മനോഹര ലോകമാണ്. മറ്റുള്ളവരെ തിരുത്താനും കുറ്റപ്പെടുത്താനും സമയം മെനക്കെടുത്തുന്നതിന് പകരം സ്വന്തം മനോഭാവം തിരുത്താന്‍ ശ്രമിച്ചാല്‍ ഈ ലോകം അതിമനോഹരമായിരിക്കും.
നമുക്ക് സ്വന്തമായി ഒരു ജീവിതമുണ്ട്. അതില്‍ അഭിമാനിക്കുക. നമ്മുടെ സ്വകാര്യതകളിലേക്ക് ഇടിച്ചുകയറാന്‍ ആരെയും അനുവദിക്കാതിരിക്കുക. താഴ്ത്തിക്കെട്ടിയവനോട് പകരം ചോദിക്കേണ്ടത് പ്രതികാരം ചെയ്തിട്ടല്ല. അത് പൊറുത്തുകൊടുത്തിട്ടോ അവഗണിച്ചിട്ടോ ആണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്: ”ദുര്‍ബലന്‍ പ്രതികാരം ചെയ്യുന്നു. ശക്തിയുള്ളവന്‍ മറക്കുന്നു. ബുദ്ധിയുള്ളവന്‍ അവഗണിക്കുന്നു.” നമുക്കെതിരെ നില്‍ക്കുന്നവരോട് ഇപ്പറഞ്ഞതില്‍ ഏതുരൂപത്തില്‍ പകരം ചോദിക്കണമെന്ന് സ്വയം തീരുമാനിക്കുക.
പ്രശ്‌നങ്ങള്‍ വരും. എന്നാല്‍ ഏറ്റവുമാദ്യം അതിനെ മറികടക്കാനുള്ള പോംവഴികളിലേക്ക് മനസ്സ് സഞ്ചരിക്കണം. അതല്ലാതെ കണ്ടാല്‍ക്കണ്ടവരോടൊക്കെ ആ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞുപറഞ്ഞ് മനസ്സ് നിറയെ പ്രശ്‌നവുമായി യുദ്ധം നടത്തുകയല്ല വേണ്ടത്. ഏറ്റവും മികച്ച പരിഹാരത്തിലേക്ക് ഉടനെ തന്നെ കാലെടുത്തുവെക്കുക. മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുക. അഭിപ്രായം പറയുന്നവന്‍ അനുഭവസ്ഥനല്ലാത്തത് കൊണ്ട് അവന്റെ അഭിപ്രായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ശേഷി സ്വയം സമ്പാദിക്കുക.
എ പി ജെ അബ്ദുല്‍കലാം പറയുന്നു: ”എല്ലാ പക്ഷികളും മഴ വരുമ്പോള്‍ കൂട്ടില്‍ രക്ഷ തേടുന്നു. എന്നാല്‍ പരുന്ത് മേഘങ്ങള്‍ക്ക് മീതെ പറന്ന് രക്ഷ തേടുന്നു. പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഒന്നു തന്നെ. അതിനെ എങ്ങനെ സമീപിക്കുന്നു എന്ന വ്യത്യാസമാണ് പ്രധാനം. ” .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top