ജീവിതം
ഞാനിവിടെ ജീവിക്കുന്നു എന്ന് ആന്തരികമായി അനുഭവിച്ചറിഞ്ഞില്ലെങ്കില്‍ ആ ജീവിതം കൊണ്ട് യാതൊരു ഫലവുമില്ല. എന്റെ ഇഷ്ടങ്ങളിലെ സത്യം അറിഞ്ഞാണ് ഇതുവരെ ജീവിച്ചത്. സാമ്പത്തിക സുരക്ഷിതത്വവും മറ്റ് സുഖ സൗകര്യങ്ങളൊന്നും ആ തീരുമാനത്തെ മാറ്റിയിട്ടില്ല. അതു കൊണ്ട് അടുത്ത നിമിഷത്തിന്റെ അനിശ്ചിതത്വമാണ് ജീവിതം. ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ഇനി എപ്പോഴാണ് പറയുക എന്ന ചിന്ത വന്ന് തിരക്കുകൂട്ടുമ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ട്. അതിന് ഞാനെന്റെ വഴിയായി കണ്ടത്, എഴുത്താണ്.
നിലപാട്
മനുഷ്യരെ ഇന്നേ വരെ നിറം കൊണ്ടോ ഭാഷ കൊണ്ടോ ജാതി കൊണ്ടോ മതം കൊണ്ടോ കാണാന്‍ ശ്രമിച്ചിട്ടില്ല. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ഒരാള്‍ ആദ്യം തന്നെ ജയവും തോല്‍വിയും മുന്നില്‍ കാണണം. പലരോടും പിണങ്ങിയിട്ടുണ്ട്.തര്‍ക്കിച്ചിട്ടുണ്ട്. തിരിച്ചവുകളില്‍ ബോധ്യം ഉണ്ടാകുമ്പോള്‍ തിരുത്താറുമുണ്ട്.
എഴുത്ത്
പകിട്ടും പളപളപ്പും ഉള്ള മറ്റനേകം മേഖലകളില്‍ ചെന്ന് പരാജയപ്പെട്ട് നിന്ദയും അപമാനവും അവഹേളനവും ഒക്കെ അനുഭവിച്ചു കഴിയുന്ന ഒരാള്‍ക്ക് ഈ ലോകത്തെ അത്ഭുതത്തോടെയും നിരാശയോടെയും ഒരുവേള മാറിനിന്ന് ഒരു ജേതാവിനെപ്പോലെയും നോക്കിക്കാണാനുള്ള കുറുക്കുവഴിയാണ് എഴുത്ത്. സമൂഹം വളരെ വേഗം അംഗീകരിക്കുന്ന ഏതെങ്കിലും പ്രവൃത്തികള്‍ക്ക് കൊള്ളാവുന്ന ഒരാള്‍ ഒരിക്കലും ഒരു കഥാകൃത്തോ നോവലിസ്റ്റോ ആകില്ല. കുറഞ്ഞപക്ഷം, എനിക്കെങ്കിലും ഇതാണ് എഴുത്ത്.
ജീവിതം പഠിപ്പിച്ചത്
നീ എന്താണോ, എപ്പോഴും അതായിരിക്കാന്‍ ശ്രമിക്കുക. വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ പകര്‍ന്നാടുന്ന നടനമല്ല, ജീവിതം. പരിമിതികള്‍ തിരിച്ചറിഞ്ഞാല്‍ ഒരിടത്തും കോമാളിയാകണ്ട. ഒരിക്കല്‍ പറ്റിയ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്, അത് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. അന്നേരം അത് ചൂണ്ടിക്കാണിച്ചു തരാന്‍ ഉള്ളില്‍ വിളങ്ങുന്ന ഒരാള്‍ ഉണ്ടാകണം. അയാളെ ഊട്ടിയുറപ്പിക്കാനാണ് കര്‍മങ്ങളിലൂടെ ശ്രമിക്കുന്നത്.