അരയ്‌ക്കു താഴെ പൂര്‍ണമായി തളര്‍ന്നെങ്കിലും കഥകളുടെ ലോകം പണിത് മനസ്സു കൊണ്ട് നിവര്‍ന്നുനില്‍ക്കുകയാണ് കൊണ്ടോട്ടിക്കടുത്ത് പൊന്നാട് ഫെബ്‌ന മന്‍സിലില്‍ ശബ്‌ന പൊന്നാട് എന്ന കഥാകാരി. ഒന്നര വയസ്സ് മുതല്‍ വേദനയുടെ പിടിയിലായ ശബ്‌നയുടെ ലോകം വീടിനകത്ത് മാത്രമായിരുന്നു. എഴുത്തിനു കൂട്ടായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സജീവമാക്കിയതോടെ തീക്ഷ്‌ണമായ പുതിയ ലോകം തന്നെ 37കാരിയായ ഇവര്‍ പണിതു. പൊന്നാട് കോഴിപ്പറമ്പത്ത് മുഹമ്മദ് കുഞ്ഞുട്ടി-ലൈല ദമ്പതികളുടെ മൂത്ത മകളായ ശബ്‌ന ഒന്നര വയസ്സു മുതല്‍ അരയ്‌ക്കു കീഴെ ചലനമറ്റ ശരീരവുമായാണ് ജീവിക്കുന്നത്. വീടിന്റെ നാലു ചുവരുകള്‍ ക്കുള്ളില്‍ വീല്‍ചെയറില്‍ ഒതുങ്ങിക്കിടക്കുന്ന മകളുടെ നിസ്സഹായാവസ്ഥ മാതാവ് ലൈലക്ക് താങ്ങാനായിരുന്നില്ല. എന്തെങ്കിലും എഴുതണം എന്ന് മാതാവ് പറയുന്നതുവരെ ശബ്‌ന അവളെ ഒരു സാധ്യതയുള്ള എഴുത്തുകാരിയായി കരുതിയിരുന്നില്ല. ഒടുവില്‍ പരിമിതികൾ വകവെക്കാതെ ശബ്‌ന എഴുതിത്തുടങ്ങി. തളരാത്ത മനസ്സില്‍ നിന്നു ജനിക്കുന്ന കൊച്ചുകൊച്ചു കഥകളിലൂടെ കഥാലോകം പതിയെ വളര്‍ന്നു.
കുഞ്ഞുകുട്ടിയായ കാലത്ത് ശബ്‌ന പിതാവ് മുഹമ്മദിന്റെ കൈപിടിച്ച് നടന്നിരുന്നു. പിന്നീടെപ്പോഴോ കടുത്ത പനി ബാധിച്ച് കാലുകളുടെ ശേഷി നശിക്കുകയായിരുന്നു. ആ കഥ പറയുമ്പോള്‍ മുഹമ്മദിന്റെ കണ്ണ് നിറയും. അരയ്‌ക്കു കീഴ്ഭാഗം പാടെ തളര്‍ന്നു. നീണ്ട ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മെഡിക്കല്‍ കോളജ് തൊട്ട് മണിപ്പാല്‍ ആശുപത്രി വരെയുള്ള നാടായ നാട്ടിലൊക്കെ ചികിത്സക്കെത്തിച്ചു. തളര്‍ന്ന ശരീരഭാഗം ഒന്നു ചലിപ്പിക്കാന്‍ പോലും കഴിയാതെ വൈദ്യശാസ്ത്രം തോല്‍വി പറഞ്ഞു. മാതാപിതാക്കള്‍ നല്‍കിയ ആത്മധൈര്യം ഊർജമാക്കി തളര്‍ന്ന ശരീരം വീൽചെയറില്‍ അമര്‍ത്തി ശബ്‌ന പ്രതിസന്ധികളോട് പൊരുതിനിന്നു. ഏഴാം ക്ലാസു വരെ വാഴക്കാട് സിഎച്ച് മെമ്മോറിയല്‍ സ്‌കൂളില്‍ പഠനം നടത്തി. പ്രോത്സാഹ നം ഉണ്ടായെങ്കിലും തുടര്‍പഠനത്തിന് സ്‌കൂളില്‍ പോവാന്‍ കഴിഞ്ഞില്ല. എട്ടും ഒമ്പതും ക്ലാസുകള്‍ വീട്ടില്‍ നിന്ന് ട്യൂഷന്‍ വഴി പഠിച്ചു.
കോഴിക്കോട് മാതൃവീട് സ്ഥിതി ചെയ്യുന്ന കിണാശ്ശേരി സ്‌കൂളില്‍ നിന്ന് 388 മാർക്കോടെ എസ്എസ്എല്‍സി പാസായതോടെ ശബ്‌നക്ക് ആത്മവിശ്വാസമായി. പിതാവ് വിദേശത്തായതോടെ തുടര്‍പഠനം നടന്നില്ല. പരസഹായമില്ലാതെ ഒന്നനങ്ങാന്‍ പോലും കഴിയാതായതോടെ ഈ പെണ്‍കുട്ടിയുടെ ജീവിതം മുറിക്കകത്തെ വീല്‍ചെയറില്‍ കുരുങ്ങി. പക്ഷേ, തളരാത്ത മനസ്സ് കൊണ്ട് കാണാത്ത ലോകത്തെ ശബ്‌ന ആത്മധൈര്യത്തിന്റെ ചിന്തകള്‍കൊണ്ട് പടുത്തു. അത് പിന്നീട് കഥകളായി കടലാസിലേക്ക് പകര്‍ന്നു. അങ്ങനെ ശബ്‌ന എന്ന പെണ്‍കുട്ടി കഥാലോകത്തേക്ക് കടന്നു.
നിനക്കും കഥയെഴുതി നോക്കിക്കൂടേ എന്ന ഉമ്മയുടെ ചോദ്യം ശബ്‌നക്കുള്ള പ്രചോദനമായി. ഒടുവില്‍ ആദ്യ കഥ പിറന്നു. ‘എന്നേക്കുമുള്ള ഒരോർമ’ എന്ന കഥ വെളിച്ചം കണ്ടു.
എഴുതിയ കഥകൾ ചേർത്ത് 2007ല്‍ ആദ്യ പുസ്തകം പുറത്തിറങ്ങി. പിന്നീടങ്ങോട്ട് എഴുത്തിന്റെയും വായനയുടെയും ലോകത്ത് സജീവമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ജന്മദിനം’, മുകുന്ദന്റെ ‘കിളി വന്ന് വിളിച്ചപ്പോള്‍’ എന്നീ പുസ്തകങ്ങളാണ് ആദ്യം വായിച്ചത്. കൂടുതല്‍ പ്രോത്സാഹനം ലഭിച്ചതോടെ ഒട്ടേറെ സാഹിത്യകൃതികള്‍ വായിച്ചു തീര്‍ത്തു. ബഷീറാണ് ഇഷ്ട എഴുത്തുകാരന്‍. ബഷീറിന്റെ മുഴുവന്‍ സാഹിത്യ രചനകളും വായിച്ചു. എംടിയുടെ നാലുകെട്ട് ഏറെ സ്വാധീനിച്ച മറ്റൊരു കൃതിയാണ്. ചിത്രരചനയിലും മിടുക്കിയാണ്. ശോകഗാനത്തിലൂടെ മനഃശാന്തി കണ്ടെത്താനാണ് ഏറെ ഇഷ്ടം. മലമ്പുഴ ഡാം കാണാന്‍ പോയതാണ് ബാല്യകാലത്ത് പുറത്ത് നടത്തിയ ആദ്യ യാത്ര. പക്ഷേ, കാണാത്ത ലോകങ്ങളെക്കുറിച്ച് പറയാനും എഴുതാനും ഇവര്‍ക്ക് ആയിരം നാവ്. ശരീരത്തെ തളര്‍ത്തിയിട്ടും തന്റെ അവസ്ഥയില്‍ ഇവര്‍ക്ക് ഇപ്പോള്‍ നിരാശയില്ല. ഇതിനേക്കാള്‍ കഷ്ടത അനുഭവിക്കുന്ന എത്രയോ പേരില്ലേ എന്നാണ് ശബ്‌നയുടെ ചോദ്യം. 2011ല്‍ ഓപണ്‍ ആയി ബിഎ മലയാളം ബിരുദം നേടി.
കാലം ഒരുപാട് കടന്നു പോയി. എഴുത്തിന്റെ ലോകത്ത് സജീവമായപ്പോഴും തന്നെപ്പോലുള്ളവര്‍ക്ക് സാന്ത്വനമേകി ആത്മധൈര്യം നല്‍കുകയാണ് ഇവര്‍ ഇന്ന്.തന്റെ നേതൃത്വത്തിലുള്ള ശബ്‌നാസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ന് ഒട്ടേറെ പേര്‍ക്ക് അത്താണിയാണ്. വീടിനോട് ചേര്‍ന്നുള്ള സാന്ത്വന ഭവനത്തില്‍ എല്ലാ മാസവും വിവിധ പരിപാടികള്‍ നടത്തിവരുന്നു. 200ലധികം പേര്‍ക്ക് ട്രസ്റ്റ് സാന്ത്വനമാവുന്നുണ്ട്. വിത്തുപേന നിർമാണം ഉള്‍പ്പെടെ പരിശീലനങ്ങള്‍, ശലഭയാത്ര പോലെ പഠനയാത്രകള്‍, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവിതരണം, സാഹിത്യ ചര്‍ച്ചകള്‍ എന്നിങ്ങനെ നീളുന്നു ശബ്‌നയുടെ പ്രവര്‍ത്തനങ്ങള്‍.
2010ല്‍ ‘ആ രാവ് പുലരാതിരുന്നെങ്കില്‍’ എന്ന രണ്ടാമത്തെ കഥാസമാഹാരം പുറത്തിറങ്ങി. 2013ല്‍ ‘തളിര്‍നാമ്പുകള്‍’ ഡോക്യുമെന്ററി സംവിധാനം ചെയ്തു. ഈ വര്‍ഷം തന്നെ ‘കാലത്തിന്റെ കാലൊച്ച’ എന്ന കവിതാ സമാഹാരവും പുറത്തിറക്കി. 2016ല്‍ ‘ലാങ്കി പൂക്കളുടെ താഴ്‌വാരം’ എന്ന നോവല്‍ പിറന്നു. 2018ല്‍ രണ്ടാം പതിപ്പും പുറത്തിറങ്ങി. 2022ല്‍ ‘ഷബോനിയുടെ സാമ്രാജ്യം’ എന്ന പേരില്‍ ബാലസാഹിത്യ കൃതി പ്രസിദ്ധീകരിച്ചു. കെ കെ പൂക്കോയ തങ്ങള്‍ സ്മാരക പുരസ്‌കാരം, മലപ്പുറം ജില്ലാ ഭരണകൂട ഉപഹാരം, യുവജനക്ഷേമ ബോര്‍ഡ് പുരസ്‌കാരം, വൈദ്യര്‍ സ്മാരക അവാര്‍ഡ്, വാരിയന്‍കുന്നത്ത് ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ ബഹുമതികളും ഈ കഥാകാരിയെ തേടിയെത്തി.
ഒരുപാട് എഴുതണം. തളരാത്ത മനസ്സ് എന്നും കുട്ടിനുണ്ടാവണമെന്നാണ് പ്രാർഥന. ശബ്‌നയുടെ തളരാത്ത മനസ്സ് ചുണ്ടില്‍ പുഞ്ചിരിയായി വിരിയുന്നു. തനിക്ക് അന്യമാവുന്ന ജീവിതകാഴ്ചകളെ സ്വപ്‌നം കണ്ട് ശബ്‌ന പൊന്നാട് കഥാലോകത്ത് അടയാളം തീര്‍ക്കുകയാണ്. .