ഒരു വ്യക്തിയില്‍ അന്തര്‍ലീനമായ കഴിവുകളെ വികസിപ്പിച്ച് അവനെ പരിപൂര്ണതയില് എത്തിക്കുന്ന, ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അനുസ്യൂതമായ പ്രക്രിയയാണ് പഠനം. തൊഴില്‍, അറിവ്, സ്വഭാവരൂപീകരണം, സാംസ്കാരിക ഉന്നമനം, ആത്മീയത, വ്യക്തിത്വ വികസനം എന്നിവയെല്ലാം പഠന ലക്ഷ്യങ്ങളാണ്. മൂല്യബോധം, പൗരബോധം, മനുഷ്യ സ്വാതന്ത്ര്യം, തൊഴില്‍, അവസര സമത്വം തുടങ്ങിയവയെല്ലാം വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകങ്ങളാണ്.
അറിവിന്റെ അച്ചുതണ്ടിലാണ് ഇന്ന് ലോകം കറങ്ങുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലും ഇന്ന് ചര്‍ച്ചാ വിഷയമാവുന്നു. വിവരവിസ്ഫോടനത്തിന്റെ മായികലോകം, ടി.വി, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഏതു കുഗ്രാമത്തിലും ലഭ്യമാണ്. അറിവില്ലാത്തവരല്ല മറിച്ച് ശാസ്ത്രസാങ്കേതിക സങ്കേതങ്ങളെ അറിയാത്തവരാണ് ഇന്നത്തെ നിരക്ഷരര്‍. ഉയര്‍ന്ന ഉദ്യോഗം, സമൂഹത്തില്‍ മാന്യത, ആവശ്യത്തിന് സമ്പത്ത് മുതലായവ നേടിത്തരുന്നത് പഠനമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലൂടെയാണ്. എന്നാല്‍ ബുദ്ധി വികസനത്തിനും അതിന്റെ ഉല്‍പ്പാദനക്ഷമതക്കും ആവശ്യമായ സ്രോതസ്സ് വായനയാണ്. വായനയുടെ അഭാവത്തില്‍ ബുദ്ധി മുരടിക്കുന്നു. നിരന്തര വായന ബുദ്ധി വികാസത്തിന് വഴിയൊരുക്കുന്നതോടൊപ്പം പുതിയ പുതിയ ആശയത്തിലേക്ക് മനുഷ്യനെ നയിക്കുക കൂടി ചെയ്യുന്നു.
പഠനം തുടങ്ങുന്നതിനു മുമ്പ് തന്നെ എന്ത്, എപ്പോള്‍, എങ്ങനെ, എത്ര സമയം തുടങ്ങിയവ തീരുമാനിക്കണം. അതായത് പഠനാസൂത്രണമാണ് ഏറ്റവും പ്രധാനമായത്. ശ്രദ്ധ, നിശ്ചിത സമയം പഠനം, കൃത്യനിഷ്ഠ, കഠിനാധ്വാനം, അനുകൂലമായ മനോഭാവം, വൃത്തി, അറിയാത്ത കാര്യങ്ങള്‍ അന്വേഷിച്ചറിയല്‍, സ്വയം കുറിപ്പ് തയ്യാറാക്കല്‍, പൊതുവിജ്ഞാനം, നല്ല ചിന്ത, നല്ലവരുമായുള്ള സഹവാസം, പഠന ടൈംടേബിള്‍, പ്രാര്‍ഥന, ആത്മവിശ്വാസം, പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയിക്കാന്‍ പരിശ്രമിക്കല്‍, മദ്യപാനം- ലഹരിയുടെ ഉപയോഗം- പുകയില എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കല്‍, അനാശ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടാതിരിക്കല് തുടങ്ങി ഒട്ടനവധി ഗുണങ്ങള്‍ നല്ല പഠിതാവിന്റെ ലക്ഷണങ്ങളാണ്. പഠനത്തില്‍ ഒന്നാമനാകാന്‍ താഴെ പറയുന്ന ചെറിയ ഒരു തത്വം പ്രാവര്‍ത്തികമാക്കാവുന്നതാണ്. ഇതിനെ ഫസ്റ്റ് പ്രിന്‍സിപ്പില്‍ എന്നു പറയുന്നു. അതായത് ഇംഗ്ലീഷിലെ ഫസ്റ്റ് എന്ന അക്ഷരങ്ങളെ ഒരു അക്രോണിമായി ഉപയോഗിക്കുന്നതാണ്.
FIRST
F -Forward with confidence
I- Intensive Preparation
R- Revision
S- Spiritual or prayer
T- Time bound
എഫ്- ഫോര്‍വേഡ് വിത്ത് കോണ്‍ഫിഡന്‍സ്: ആത്മവിശ്വാസം വളര്‍ത്തി പഠനത്തില്‍ മുന്നേറുക. തനിക്ക് പഠനത്തില്‍ ഒന്നാമന് ആവാന്‍ കഴിയും, ഞാന്‍ ഒന്നാമന് ആകും, ഞാന്‍ എന്തു വിലകൊടുത്തും ഫസ്റ്റ് ആവുക തന്നെ ചെയ്യും എന്നിങ്ങനെയുള്ള ആത്മഗതം നടത്തുക.
ഐ-ഇന്റന്‍സീവ് പ്രിപ്പറേഷന്‍: അഥവാ തീവ്രമായ തയ്യാറെടുപ്പ്. പഠനത്തിനു വേണ്ടിയുള്ള നല്ല തയ്യാറെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തീവ്രമായ മുന്നൊരുക്കമാണ്. വിഷയത്തെ മനസ്സിലാക്കല്‍, പരീക്ഷാ രീതി മനസ്സിലാക്കല്‍, ചോദ്യപേപ്പറുകളെ അറിയല്‍, ഓരോ ചോദ്യത്തിനുമുള്ള മാര്‍ക്ക് മനസ്സിലാക്കല്‍ മുതലായവ പഠനത്തെ ക്രമീകരിക്കാന്‍ സഹായിക്കുന്നു. വെറുതെ വായിച്ചു പോകുന്നതിനു പകരം ചെറിയ ചെറിയ കുറിപ്പുകള്‍ ഉണ്ടാക്കുക. പ്രധാനമായ പോയിന്റുകളെ പ്രത്യേക മഷി ഉപയോഗിച്ച് എഴുതി വെക്കല്‍, ചിത്രങ്ങള്‍, സൂത്രവാക്യങ്ങള്‍ മുതലായവ വലിയ ചാര്‍ട്ട് പേപ്പറില്‍ എഴുതി പഠിക്കുന്ന സ്ഥലത്ത് ഒട്ടിച്ചുവെക്കല്‍ മുതലായവ പഠനത്തെ എളുപ്പമാക്കുന്നു.
ആര്-റിവിഷന്‍: പഠിച്ച കാര്യങ്ങളെ വീണ്ടും ആവര്‍ത്തിക്കല്‍ അഥവാ വീണ്ടും റിവൈസ് ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എസ്-സ്പിരിച്വല്‍ (പ്രയര്‍): പ്രാര്‍ഥന അഥവാ ആത്മീയത എന്നത് വളരെ പ്രധാനമായ മറ്റൊരു ഗുണമാണ്.
റ്റി- ടൈം ബൗണ്ട് (ടൈം മാനേജ്മെന്റ്): സമയബന്ധിതമായി കാര്യങ്ങളെ ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഒരു രീതിയില്‍ പഠനത്തെ എളുപ്പമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ആര്‍ക്കും ഉപയോഗിക്കാവുന്ന എളുപ്പത്തിലുള്ള ഒരു രീതിയാണ്.
നിങ്ങള്‍ നേടുന്ന മാര്‍ക്കുകള്‍ മാത്രം വിലയിരുത്തി നിങ്ങള്‍ ബുദ്ധിശാലി ആണോ അല്ലയോ എന്ന് പറയാന്‍ സാധ്യമല്ല. കാരണം വളരെയധികം പ്രതിഭകള്‍ മാര്‍ക്ക് കുറഞ്ഞവരും സ്കൂളുകള്‍ ഉപേക്ഷിച്ചവരും ഉപേക്ഷിക്കേണ്ടിവന്നവരും ആണ്. ഉദാഹരണത്തിന് തോമസ് ആല്‍വ എഡിസണ്, ന്യൂട്ടണ്‍, ഐന്സ്റ്റീന്, രാമാനുജന് തുടങ്ങിയവര്‍. ആയതിനാല്‍ നിങ്ങളെ പറ്റി നിങ്ങള്‍ തന്നെ ഒരു വിലയിരുത്തല്‍ നടത്തേണ്ടതായിട്ടുണ്ട്. തനിക്ക് താല്പര്യമുള്ള തൊഴിലുകള്‍ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് താല്പര്യം? ഏതു കോഴ്സുകളാണ് പഠിക്കേണ്ടത്? എവിടെയാണ് ഈ കോഴ്സുകള്‍ ലഭ്യമായത് തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങള്‍ നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കുക.
തനിക്കുള്ള ശാരീരികവും മാനസികവുമായ പരിമിതികള്‍ എന്തൊക്കെയാണ്? കഴിവുകള്‍ ഏതൊക്കെയാണ്? അവസരങ്ങള്‍ എന്തൊക്കെയാണ്? തന്റെ വൈകല്യങ്ങള്‍ എന്തൊക്കെയാണ് എന്നിത്യാദി ചോദ്യങ്ങള്‍ നിങ്ങള്‍ സ്വയം ചോദിക്കുകയും ശരിയും വ്യക്തവുമായ ഉത്തരങ്ങള്‍ കണ്ടെത്തി സ്വയം തിരിച്ചറിയുകയും അതിനനുസരിച്ച് കോഴ്സുകളും തൊഴിലുകളും തിരഞ്ഞെടുക്കാനും കരസ്ഥമാക്കാനും പരിശ്രമിക്കുകയും ചെയ്യുക. ഉപരിപഠന ഡയറക്ടറികള്‍, തൊഴില്‍ വിദഗ്ധര്‍, തൊഴില്‍/ ഉപരിപഠന സൈറ്റുകള്‍ എന്നിവയുടെ സഹായത്താല്‍ ഇത് സാധ്യമാകുന്നതാണ്.
ഒരു പ്രദേശത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു കാര്യം അവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരമാണ്. സര്‍വ ചൂഷണങ്ങളില്‍ നിന്നും മുക്തമാവുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കാനും വിദ്യാഭ്യാസം നമ്മെ കഴിവുറ്റവരാക്കുന്നു. ആയതിനാല്‍ പഠനം തുടരുവാനും ഉയര്‍ന്ന നിലയില്‍ എത്താനും നാം പരിശ്രമിക്കേണ്ടതുണ്ട്. മത്സര പരീക്ഷകളെപ്പറ്റി അറിയുകയും നല്ല തയ്യാറെടുപ്പോടെ പരീക്ഷകള്‍ എഴുതാനും നാം തയ്യാറാവണം. തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍, വര്‍ത്തമാന പത്രങ്ങള്‍, തൊഴില്‍ സൈറ്റുകള്‍ തുടങ്ങിയവ കൃതമായി നോക്കുകയും നമ്മുടെ യോഗ്യതക്കനുസരിച്ചുള്ള തൊഴിലവസരങ്ങളില്‍ എത്തിപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുക. ഉയര്‍ന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്, സി എ, മറ്റു യു പി എസ് സി, കെ പി എസ് സി അവസരങ്ങളിലും ചിട്ടയായ പരിശീലനത്തോടെ മുന്നേറുക.
Failing to plan is planning to fail.
No pains, no gains.
The most important danger is not that our goal is too high and we miss it, but our goal is too low and we reach it.