ആണ്ടിലൊരിക്കല്‍ കഠിനമായ ആരാധനാദിനങ്ങളിലൂടെ കടത്തിവിട്ട് വിശ്വാസിയെ സംസ്‌കരിച്ചെടുക്കാനുള്ള അതിശക്തമായ മാര്‍ഗമാണ് റമദാന്‍ വ്രതാനുഷ്ഠാനം. ഒന്നിച്ചും ചേര്‍ന്നും പരസ്പരം അറിഞ്ഞും അടുത്തും മാനവികമാകുന്നതാണ് എല്ലാ ആരാധനാ കര്‍മങ്ങളും. ജമാഅത്ത് നമസ്‌കാരങ്ങള്‍, ജുമുഅഃ, സകാത്ത്, ഉംറ, ഹജ്ജ്. അതുപോലെ വ്രതാനുഷ്ഠാനവും സഹജീവികളെ അറിയാനും അടുക്കാനും കൂടിയുള്ള രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സൂക്ഷ്മതയിലൂന്നിയ കര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുകയാണ് അവന്റെ അടിമകള്‍. വിശ്വാസിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതും സ്വീകരിക്കപ്പെടുന്നതും ആരാധനാ കര്‍മങ്ങള്‍ ഒരുമയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും അടക്കം അനേകം മൂല്യങ്ങളിലൂടെ കടന്നുപോവുന്നതിലൂടെയാണ്.
റമദാന്‍ കാത്തിരിപ്പാണ്. പിഴവുകള്‍ പറ്റിപ്പോകുന്ന ജീവിതത്തില്‍ മനസ്സിനെയും ജീവിതത്തെയും ശുദ്ധീകരിച്ചെടുക്കാന്‍ റമദാനിനെ വിശ്വാസി കാത്തിരിക്കുന്നു. വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും ആര് വ്രതമനുഷ്ഠിക്കുന്നുവോ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ അല്ലാഹു പൊറുക്കുമെന്ന നബിവചനം മനസ്സിലേറ്റി പശ്ചാത്താപത്തിന്റെ ഏറ്റവും നല്ല വഴിയായി റമദാനിനെ നെഞ്ചേറ്റുന്നു വിശ്വാസികള്‍.
റമദാന്‍ ഒരു പ്രതീക്ഷയാണ്. നരകം കൊട്ടിയടക്കപ്പെടുകയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്ന അനുഗൃഹീത ദിനരാത്രങ്ങള്‍ ആയുസ്സില്‍ വീണ്ടും അനുഭവിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും പ്രാര്‍ഥനയും ബാക്കിവെച്ചുകൊണ്ടാണ് ഓരോ റമദാനിനെയും നാം യാത്രയാക്കിയത്. ഇനിയും ഒരുവന് റമദാനിലേക്ക് ആരോഗ്യത്തോടെയുള്ള ആയുഷ്‌കാലം തന്ന് അനുഗ്രഹിക്കേണമേ നാഥാ എന്നതാണ് അകമഴിഞ്ഞ തേട്ടം. പകലുകളില്‍ മുഴുവനായി അന്നപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുന്ന, മുപ്പതു ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന കഠിനമായ ആരാധനാരീതിയാണ് എന്ന ഉത്തമബോധ്യത്തോടെ തന്നെയാണ്, ഏറ്റവും പ്രിയപ്പെട്ട ഒരാളെ കാത്തിരിക്കുന്ന ആവേശത്തോടെ ഓരോ വര്‍ഷവും കാത്തിരിക്കുന്നത്. അല്ലാഹുവിനെയും അവന്‍ നിശ്ചയിച്ച ആരാധനാകര്‍മങ്ങളെയും നെഞ്ചേറ്റുന്ന വിശ്വാസികള്‍ ബര്‍കത്തുള്ളൊരു ലോകത്തിന്റെ തുടര്‍ച്ചയായി മാറുന്നു.
റമദാന്‍ സ്ത്രീകള്‍ക്ക് ഒരുക്കത്തിന്റെ കാലമാണ്. എല്ലാവിധ ഒരുക്കവും നടക്കണം. മനസ്സകം ശുദ്ധീകരിക്കാനുള്ള അതിഥിയെ വീടകവും പരിസരവും ശുദ്ധീകരിച്ചുകൊണ്ടാണ് സ്വീകരിക്കുന്നത്. എന്നാല്‍ പല ഭാഗങ്ങളിലും ഇഫ്താറുകളുടെ പേരിലുള്ള ധൂര്‍ത്തിനു നേരെ കണ്ണടയ്ക്കാന്‍ കഴിയാത്തത്ര ഭീകരമായി മാറുന്നു. മറ്റു മാസങ്ങളെ അപേക്ഷിച്ചു ചെലവു കുറയേണ്ടതുണ്ട്. പക്ഷേ, വിപണികളില്‍ മുസ്ലിം സ്ത്രീകളുടെ തള്ളിക്കയറ്റമാണ്. നോമ്പുവിഭവങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ വീടുകളില്‍ നിറയ്ക്കാനുള്ള തയ്യാറെടുപ്പ് ശഅ്ബാന്‍ അവസാനത്തില്‍ തുടങ്ങുന്നു. മലബാര്‍ ഏരിയകളില്‍ നോമ്പുതുറ വിഭവങ്ങളുടെ ഉത്സവമാണ്. പകലില്‍ ഒഴിഞ്ഞുകിടന്ന വയറിലേക്ക് വിവിധങ്ങളായ ഭക്ഷണപാനീയങ്ങളുടെ തള്ളിക്കയറ്റമാണ് മഗ്രിബ് ബാങ്കുവിളിയോടെ നടക്കുന്നതെന്നു തോന്നുംവിധമുള്ള ഒരുക്കങ്ങളും ഇഫ്താര്‍ പാര്‍ട്ടികളും നോമ്പുകാരനെ നോമ്പു തുറപ്പിക്കുന്നതിലൂടെ കിട്ടുന്ന വമ്പിച്ച പ്രതിഫലം നേടാന്‍, മുസ്ലിം സമുദായം ഇന്ന് മഹത്തായ പല മൂല്യങ്ങളും പ്രതിഫലനവും നഷ്ടപ്പെടുത്തുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇഫ്താറിന്റെ പരിപൂര്‍ണ നബി മാതൃകയിലേക്ക് നാം നടക്കണം. മനസ്സും ശരീരവും ഒന്നുപോലെ ശുദ്ധീകരിക്കുന്ന റമദാനിന്റെ ചൈതന്യം നേടാനും ലോകത്തിനു മാതൃകയാകാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
സൂക്ഷ്മതയാണ്
റമദാനിന്റെ തേട്ടം
മുന്‍കഴിഞ്ഞ തലമുറകളിലും വ്രതാനുഷ്ഠാനമുണ്ടായിരുന്നു എന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വ്രതം പോലെ മനുഷ്യനെ ആകെ ശുദ്ധീകരിക്കുന്ന മറ്റൊരു കര്‍മവുമില്ല. അതിനാല്‍ വ്രതാനുഷ്ഠാനമില്ലാത്ത ജനത ഉണ്ടായിട്ടില്ല എന്നുവേണം കരുതാന്‍. കൂടുതല്‍ ഭയഭക്തിയിലേക്കും സൂക്ഷ്മതയിലേക്കും ജനങ്ങളെ എത്തിക്കാനുള്ള നല്ല പരിശീലനമാണ് വ്രതം. സുന്ദരമായൊരു മൗനവും ആകര്‍ഷകമായ ശാന്തതയും വിശ്വാസം നിറഞ്ഞുനില്‍ക്കുന്ന മനവും സത്കര്‍മങ്ങളാല്‍ ധന്യമാകുന്ന രാവും പകലും വിശ്വാസിയെ സൂക്ഷ്മതയുടെ ലോകത്ത് പിടിച്ചുനിര്‍ത്തുന്നു. ഒഴിഞ്ഞ വയറ് അവനെ ഓര്‍മിപ്പിക്കുകയും തിരുത്തുകയും ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാം മുന്നിലുണ്ട്, പക്ഷേ, നിന്റെ നാഥനെ മാത്രം ഭയപ്പെട്ടും പ്രതിഫലം കാക്ഷിച്ചും എന്തും ഉപേക്ഷിക്കാന്‍ നീ തയ്യാറാണ്. ത്യജിക്കാനും ത്യാഗം സഹിക്കാനും തയ്യാറുള്ള നിന്നെ ജയിക്കാന്‍ ആര്‍ക്കുമാവില്ല. നിന്റെ സൂക്ഷ്മതയ്ക്ക് എന്തൊരു ആന്തരിക ഭംഗിയാണ്. പുറമേ കാണിക്കുന്ന ലോകം സാക്ഷിയാകുന്ന ലോകമാന്യത വീട്ട് ഖല്‍ബകത്തെ ഒരു സൂക്ഷ്മത റമദാന്‍ നിന്നില്‍ പണിതീര്‍ത്തിരിക്കുന്നു നോമ്പുകാരാ എന്നു ദാഹത്തിന്റെ, സഹനത്തിന്റെ പകലുകള്‍ അവനോട് ഇഷ്ടത്തോടെ പറയുന്നുണ്ട്.
ഒഴിഞ്ഞ വയറ്, അത് കേവലം വിശപ്പിന്റേതും ദാഹത്തിന്റേയും മാത്രം കഥ പറയുകയല്ല. മറിച്ച്, പല പാഠങ്ങളും അവനു പകരുന്ന, സംസ്‌കരിച്ചെടുക്കുന്ന പണിശാലയായി മാറുന്നു. വര്‍ഷങ്ങളുടെ വ്രതാനുഷ്ഠാനങ്ങള്‍ വിശ്വാസിയെ വിനയാന്വിതനും കൃപാലുവും ഭയഭക്തിയുള്ളവനുമാക്കി മാറ്റിയിരിക്കും. അത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ ആരാധനകളുടെ മര്‍മം തൊട്ടറിയാന്‍ നമുക്ക് ഭാഗ്യം സിദ്ധിച്ചില്ല എന്നതാണ് സത്യം. റമദാനിന്റെ പകലുകളും രാവുകളും പുണ്യപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും പാപമോചനത്തിനായി മടുപ്പില്ലാതെ തേടാനുമാകണം. ഒരു ചെറിയ നന്മയ്ക്കു പോലും ഏറെ പ്രതിഫലം ലഭ്യമാകുന്ന ദിനങ്ങളുടെ പ്രത്യേകത ഉള്‍ക്കൊണ്ടുകൊണ്ട്, ഒരു സമയവും നഷ്ടപ്പെടുത്താതെ കഴിച്ചുകൂട്ടാന്‍ സാധിക്കുന്നത് യാതൊരു പ്രകടനപരതയുമില്ലാതെ അല്ലാഹുവിനെ ഭയപ്പെടുന്ന അവന്റെ പ്രിയപ്പെട്ട അടിമകള്‍ക്കായിരിക്കും. അല്ലാഹു ഒരാളെ പ്രിയപ്പെടുന്നതിന്റെ അളവുകോല്‍ അത് സൂക്ഷ്മത മാത്രമാണെന്ന് തിരുനബി വ്യക്തമാക്കിയത് ഗൗരവമായി കാണേണ്ടതുണ്ട്. മനസ്സകത്തെ സൂക്ഷ്മതയുടെ അളവ് ഗണ്യമായി വര്‍ധിപ്പിക്കാനും അതുവഴി നല്ലൊരു മനുഷ്യന്റെ ഉദയമുണ്ടാകാനും വ്രതം കാരണമാകുന്നു. റമദാന്‍ വെറുമൊരു വയറുകായലും കര്‍മങ്ങള്‍ വര്‍ധിപ്പിക്കലുമല്ല. അത് മനുഷ്യനെ മാറ്റിപ്പണിയുന്ന സ്രഷ്ടാവിന്റെ ഏറ്റവും വലിയ തന്ത്രമാണ്. സ്രഷ്ടാവിന്റെ എല്ലാ അനുഗ്രഹങ്ങളും ആവോളം അനുഭവിച്ചു സുഖിച്ചുകഴിയുമ്പോള്‍ നല്‍കിയവനെ തന്നെ തള്ളിപ്പറയുന്ന അഹങ്കാരവും സ്വാര്‍ഥതയും അരങ്ങു വാഴുമ്പോള്‍ ഇവിടം തരിശായി മാറാതിരിക്കുന്നത്, അവനെ തിരിച്ചറിയുന്ന, വണങ്ങുന്ന, വിനയപ്പെടുന്ന ചിലര്‍ അകവും പുറവും തഖ്‌വയില്‍ സമര്‍പ്പിക്കുന്നതിനാലാണ്.
സ്വീകരിക്കാം മനസ്സറിഞ്ഞ്
റമദാനില്‍ നോമ്പ് അനുഷ്ഠിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത മാസങ്ങളില്‍ തന്നെ നോറ്റുവീട്ടലാണ് അഭികാമ്യം. എന്നാല്‍ സാധിക്കാതെ വരികയാണെങ്കില്‍ അടുത്ത റമദാനിനു മുമ്പായി നോറ്റു വീട്ടിയാല്‍ മതിയാകും. നഷ്ടപ്പെട്ട നോമ്പുകള്‍ തുടര്‍ച്ചയായി നോറ്റുവീട്ടല്‍ നിര്‍ബന്ധമില്ല.
റമദാന്‍ എന്ന അനുഗൃഹീത മാസം സമാഗതമാകുമ്പോള്‍ അതിനെ വരവേല്‍ക്കാന്‍ അക്ഷരാര്‍ഥത്തില്‍ വിശ്വാസി സമൂഹം തയ്യാറാകേണ്ടതുണ്ട്. അതിനാലാണ് മുന്‍കഴിഞ്ഞ നോമ്പുകള്‍ അനുഷ്ഠിക്കാന്‍, അല്ലെങ്കില്‍ പ്രായശ്ചിത്തം നല്‍കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് നിറവേറ്റി അതിഥിയെ സ്വീകരിക്കാന്‍ ഒരുങ്ങണമെന്ന് വ്യക്തമാക്കുന്നത്. ജീവിതത്തിലേക്ക് സത്യാസത്യ വിവേചനമായി വന്ന ഖുര്‍ആനാകുന്ന വെളിച്ചം നല്‍കി സര്‍വശക്തന്‍ നമ്മെ അനുഗ്രഹിച്ചത് വിശുദ്ധ റമദാനിലാണ്. അതിനു നന്ദിയര്‍പ്പിക്കാന്‍ കൂടിയുള്ള പരിശുദ്ധ മാസത്തില്‍ നമുക്ക് ലഭിച്ചിരിക്കുന്ന വെളിച്ചത്തിന്റെ മൂല്യം എത്ര മഹത്തരമായതാണെന്ന് അറിയുമ്പോള്‍ മാത്രമാണ് ജീവിതം മുഴുവന്‍ അവനുള്ള നന്ദിയായി അര്‍പ്പിച്ചാലും തീരില്ല നമ്മുടെ ബാധ്യതയെന്നു മനസ്സിലാവുക.
റമദാന്‍ ആഗതമായാല്‍, റസൂല്‍ (സ) ദാനധര്‍മങ്ങള്‍ വര്‍ധിപ്പിച്ചിരുന്നുവെന്നും അവസാന പത്തില്‍ കാറ്റടിച്ചുവീശുന്നതിനേക്കാള്‍ വേഗത്തില്‍ ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നുവെന്നും കാണാം.
തെറ്റില്‍ നിന്നു നമ്മെ തടയാനുള്ള ഏറ്റവും നല്ല പരിചയാണ് വ്രതം. നോമ്പുകാരനു രണ്ടു സന്തോഷമുണ്ട്. നോമ്പു തുറക്കുമ്പോഴുള്ള സന്തോഷം. പിന്നീട് തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ വിശ്വാസിയുടെ പ്രതീക്ഷയും തേട്ടവുമാണ്. അതു തേടിക്കൊണ്ടുള്ള ഇഅ്തികാഫ് അത്രമേല്‍ അനുഭൂതി നല്‍കുന്നു. സമാധാനവുമായി നമ്മിലേക്ക് എത്തുന്ന റമദാനെന്ന പ്രിയപ്പെട്ട വിരുന്നുകാരനെ സ്വന്തമാക്കേണ്ടത്, നല്ല മനസ്സോടെയും പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും പഠിച്ചും പ്രാര്‍ഥനകളും ദിക്റുകളും വര്‍ധിപ്പിച്ചും തറാവീഹിലൂടെ കടന്നുപോയും രാത്രിയെ ജീവിപ്പിച്ചും, ഐഛിക കര്‍മങ്ങളും ദാനധര്‍മങ്ങളുമെല്ലാം വര്‍ധിപ്പിച്ചും, വാക്കിലും പ്രവൃത്തിയിലും സൂക്ഷ്മത പാലിച്ചും കൊണ്ടാണ്. അങ്ങനെ റമദാനിനെ നമുക്ക് സ്വന്തമാക്കാനാകണം. ഏറെ ഇഷ്ടത്തോടെ സ്വാഗതം ചെയ്ത അതിഥി പടിയിറങ്ങിപ്പോകുമ്പോഴേക്കും റയ്യാന്‍ കവാടത്തിലൂടെ ക്ഷണിക്കപ്പെടുന്ന അതിഥികളായി നാം മാറണം. നാളിതുവരെ വ്രതത്തിലൂടെ നാം അടക്കിപ്പിടിച്ച ദാഹവും ക്ഷീണവും വിട്ടകലാന്‍ റയ്യാനിലൂടെ ഒന്നു കടന്നു പോയാല്‍ മതി. തുറന്നുവെക്കപ്പെട്ട സ്വര്‍ഗം പിന്നീടൊരിക്കലും നമുക്കു നേരെ കൊട്ടിയടക്കപ്പെടാതിരിക്കാനും, അടച്ചുവെക്കപ്പെട്ട നരകം നമുക്ക് നേരെ വരാതിരിക്കാനുമുള്ള അനുഗ്രഹമേറ്റുവാങ്ങിക്കൊണ്ടു വേണം അതിഥിയെ യാത്രയാക്കേണ്ടത്.
റമദാനേകുന്ന ആത്മനിര്‍വൃതി
റമദാന്‍ വിശ്വാസിയെ ഉടച്ചുവാര്‍ക്കുന്നു, മാറ്റിപ്പണിയുന്നു. അക്ഷരാര്‍ഥത്തില്‍ അതാണ് സംഭവിക്കുന്നത്. വ്രതകാലം പ്രത്യക്ഷത്തില്‍ നമുക്ക് നല്‍കുന്നത് ദാഹവും വിശപ്പും ക്ഷീണവുമാണെങ്കിലും വിശ്വാസിയെ സംബന്ധിച്ച് അവന്‍ കാത്തിരിക്കുന്ന ഒരു തെളിനീരാണ് റമദാന്‍. അതില്‍ അവനു കുളിച്ചു കയറണം. അതിനോട് അവന് ഏറെ സംസാരിക്കണം. അതിന്റെ പകലില്‍ അവന്‍ അല്‍പം അടങ്ങിപ്പോവുകയാണെങ്കില്‍ അതിന്റെ രാവില്‍ അവന് ഏറെ മിണ്ടിപ്പറയാനുണ്ട്. നാഥനിലേക്ക് ഇത്രമേല്‍ അടുക്കാന്‍ മറ്റൊരു മാസവുമാകുന്നില്ലല്ലോ എന്നവന്‍ വേദനിക്കും. വ്രതമുദ്ദേശിച്ചു എഴുന്നേല്‍ക്കുന്ന അത്താഴസമയവും രാവിന്റെ അന്ത്യയാമവും നാഥനുമായുള്ള രഹസ്യസംഭാഷണത്തിനും കൂടിയുള്ളതാണെന്നു തിരിച്ചറിയുന്നു. തന്റെ ആശയും പ്രത്യാശയും നോവും ആശങ്കയും എല്ലാം അവനിലേക്ക് സമര്‍പ്പിക്കുന്നു. വ്രതമവസാനിപ്പിക്കുന്ന അസ്തമയനേരങ്ങളില്‍ ഏറ്റവും സന്തോഷത്തോടെ ഇതുപോലെ നിന്നെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷത്തിനും ഭാഗ്യം നല്‍കണേയെന്നു രഹസ്യമായി തേടുന്നു. എത്രയധികം കാര്യങ്ങളാണ് ആ പുണ്യദിനങ്ങളില്‍ നാമവനോട് അര്‍ഥിക്കുന്നത്! എത്രയെത്ര സ്വപ്നങ്ങള്‍ അവന്‍ നമുക്ക് പൂവണിയിച്ചുതന്നിട്ടുണ്ട്!
വീര്യം കൂടിയതും കുറഞ്ഞതുമായ ക്രമത്തില്‍ എത്രയെത്ര ശുദ്ധീകരണ ഉപാധികളാണ് നീ വെച്ചിരിക്കുന്നത്. എത്ര ശക്തമായ അഴുക്കിനെ ഇല്ലാതാക്കാനും നീ അവസരങ്ങള്‍ നല്‍കിയല്ലോ നാഥാ…
റമദാന്‍ നമ്മുടെ പുണ്യമാണ്. കാരുണ്യവാന്‍ നമുക്ക് വെച്ചുതന്ന ഏറ്റവും നല്ല വഴിയും കവാടവും. ഓരോ രാവും പകലും എത്ര വിലയേറിയതാണ്. അതിലെ ഓരോ പത്തും എത്ര മഹത്തരമാണ്. ജുമുഅകള്‍ക്ക് എന്തൊരു സുഗന്ധമാണ്. നോമ്പ് മുറിക്കുമ്പോഴുള്ള ആ വെള്ളത്തിനും കാരക്കയ്ക്കും എന്തൊരു സ്വാദാണ്. ആ ലൈലത്തുല്‍ ഖദ്ര്‍ അനുഭവിക്കാനും അറിയാനുമുള്ള ആര്‍ത്തി വേറൊന്നിനോടുമില്ല. ഒന്നായിച്ചേര്‍ന്നുള്ള തറാവീഹ് മുസ്ലിം ഉമ്മത്തിന്റെ ഇസ്സത്താണ്. ഏറെ നിര്‍ഭയത്വത്തോടെ ഇരുന്ന ഇഅ്തികാഫുകള്‍ പകരുന്നത് നാളെകളിലേക്കുള്ള ഊര്‍ജമാണ്. നോമ്പ് തുറപ്പിക്കാനുള്ള അവസരം നാളേക്കുള്ള നീക്കിയിരിപ്പാണ്. നോമ്പുകാരന്‍ ഈ ദുനിയാവിനു നല്ല നടത്തത്തിലേക്കുള്ള വഴികാട്ടിയാണ്.
നമുക്ക് മുന്നില്‍ വീണ്ടും അനുഗൃഹീത മാസം തണലുവിരിച്ചിരിക്കുന്നു. അതിന്റെ മഹത്വവും മൂല്യവുമറിഞ്ഞും മനസ്സകത്തേക്ക് നാം സ്വീകരിക്കുക. ആ ദിനങ്ങളും കടന്നു പോകും… റമദാന്‍ ആഗതമായിട്ടും പശ്ചാത്തപിക്കാനും ഖേദിച്ചു മടങ്ങാനും ഭാഗ്യമില്ലാത്തവരെ പുണ്യ റസൂല്‍ ശപിച്ചത് നാം ഓര്‍ക്കുക. തിരക്കുപിടിച്ച ദുനിയാവിന്റെ യാത്രയെ അല്‍പം ചുരുക്കി റമദാന്‍ വാഹനത്തിലേക്ക് കയറാം. അതില്‍ ശാന്തമായിരുന്ന് ആലോചിക്കാം, കരയാം, ഖേദിക്കാം, ആശിക്കാം…
നമ്മെ റമദാന്‍ അത്ഭുതങ്ങളിലേക്ക് കൊണ്ടുപോകും, ഏറെ ഉന്നതിയിലേക്ക്. ഒടുവില്‍ കഴുകിത്തുടച്ച മിനുസമുള്ള പാത്രം പോലെ നമ്മുടെ ഹൃദയം തിളങ്ങട്ടെ. ഇനി ഒരു അഴുക്കിനും പഴുതില്ലാത്ത വിധത്തില്‍…
റമദാന്‍ മഴയില്‍ കുളിച്ചു ശുദ്ധിയാകാന്‍ നമുക്ക് സാധിക്കട്ടെ… അകം ശുദ്ധിയുള്ളവര്‍ കയറിപ്പോകുന്ന സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക് റയ്യാനിലൂടെ കയറിപ്പോകാനുള്ള സൗഭാഗ്യം നമുക്കുണ്ടാകട്ടെ.