LoginRegister

പച്ചക്കുളിരുള്ള പീസ് ലാന്റ്

ഹാറൂന്‍ കക്കാട്

Feed Back


മാരക വിഷപദാർഥങ്ങളും വ്യത്യസ്ത മായങ്ങളും ചേർത്തുകൊണ്ട് മാർക്കറ്റുകളിൽ ലഭിക്കുന്ന ഭക്ഷണപദാർഥങ്ങളാണ് ഇന്ന് നമ്മുടെ ആരോഗ്യത്തെ പ്രധാനമായും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ ഗ്രാമങ്ങളിൽ പോലും വ്യാപകമായ ഫാസ്റ്റ് ഫുഡ് സംസ്കാരം അപകടകരമായ വിവിധ രോഗങ്ങളിലേക്ക് മനുഷ്യരെ തള്ളിവിടുകയാണ്. വിഷലിപ്തമായ ഭക്ഷണപദാർഥങ്ങളിൽ നിന്ന് മുക്തരാവാൻ ഓരോരുത്തരും സ്വയം പര്യാപ്തത നേടുക എന്നതാണ് പരിഹാരം. ഈ മേഖലയിൽ മാതൃകാപരമായ സംരംഭങ്ങളാണ് പീസ് ലാന്റ് എന്ന നെല്ലിത്തൊടി ഫാം നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് അമ്പലപ്പാറ ചൂനങ്ങാട് പിലാത്തറയിലെ പരേതനായ എൻ വി മുഹമ്മദ് എന്ന കുഞ്ഞിക്കയുടെയും ചീരാപറമ്പിൽ ഖദീജയുടെയും മകനായ എൻ വി മുബാറക് മദനിയുടെയും മലപ്പുറം ജില്ലയിലെ പുളിക്കൽ കൊട്ടപ്പുറം പറവഞ്ചേരി വലിയകത്ത് അബ്ദുൽകരീമിന്റെയും സൽമ അരീക്കോടിന്റെയും മകൾ പി വി സറീനയുടെയും ജീവിതം കാർഷികവൃത്തിയിലേക്ക് വഴിമാറിയത് കൗതുകകരമായ കഥയാണ്.
പുളിക്കൽ മദീനത്തുൽഉലൂം അറബിക് കോേജിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ഗവൺമെൻറ് ടി ടി ഐയിൽ നിന്ന് ഭാഷാധ്യാപക പരിശീലനവും നേടിയ മുബാറക് മദനി കരാട്ടെ പഠനവും പൂർത്തിയാക്കിയ പ്രതിഭയാണ്. 1988/90 കാലഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ കടവത്തൂർ എൻ ഐ എ കോളജിൽ അധ്യാപകനായിരുന്നു അദ്ദേഹം. പിന്നീട് മരുഭൂമിയിലേക്ക് പറക്കാനായിരുന്നു കാലത്തിന്റെ നിയോഗം. സുഊദി അറേബ്യയിലെ നജ്റാനിൽ 1992ൽ ആരംഭിച്ച പ്രവാസജീവിതം കാൽനൂറ്റാണ്ടോളം ദൈർഘ്യമേറിയതായിരുന്നു. ജോലിയോടൊപ്പം തന്നെ അധ്യാപനവും പ്രഭാഷണവും സാമൂഹിക ക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളും കൈവിടാതെ പ്രവാസലോകത്തെ ജീവിതം അദ്ദേഹം പരമാവധി ധന്യമാക്കി. നജ്റാൻ ഇസ്‌ലാഹി സെന്റർ, കെ എം സി സി എന്നീ സംഘടനകളുടെ മുഖ്യ ഭാരവാഹിയായി നിരവധി പ്രവർത്തനങ്ങൾക്ക് ദീർഘകാലം അദ്ദേഹം നേതൃത്വം നൽകി. അതോടൊപ്പം സുഊദി ഇന്ത്യൻ എംബസിയിൽ ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങളും നടത്തി.
കൃഷിയോട് ഇമ്പമുള്ള മനസ്സായിരുന്നു മുബാറക് മദനിയുടേത്. അതിനാൽ പ്രവാസകാലത്ത് അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം ചെറിയ രീതിയിൽ കൃഷിചെയ്തു തുടങ്ങി. 2007 മുതൽ കൃഷി രീതികളെ ഗൗരവമായി സമീപിച്ചു. 2016ൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കി.
മരുഭൂമിയിൽ ക്രിയാത്മകമായി ചിലവഴിച്ച രണ്ടര പതിറ്റാണ്ട് കാലത്തെ ഓർമകളുമായി മനസ്സിനും മണ്ണിനും പച്ചപ്പു നൽകുന്ന കാർഷികവൃത്തിയിൽ സജീവമാകാനായിരുന്നു പിന്നീട് മുബാറക് മദനിയുടെ തീരുമാനം. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. കുടുംബത്തിൽ നിന്ന് പോലും എതിർപ്പുകൾ ഉയർന്നെങ്കിലും അദ്ദേഹം ധീരമായി മുന്നോട്ടുനീങ്ങി. സാമ്പത്തിക നഷ്ടം മാത്രമേ കൃഷിമൂലം ഉണ്ടാവുകയുള്ളൂ എന്നായിരുന്നു എല്ലാവരുടെയും ഏകസ്വരത്തിലുള്ള മുന്നറിയിപ്പ്.
എന്നാൽ പണത്തിന് നൽകാൻ കഴിയാത്ത മാനസിക സംതൃപ്തിയും സന്തോഷവും കാർഷികരംഗം സമ്മാനിക്കുമെന്ന ശുഭാപ്തി വിശ്വാസവുമായി മുബാറക് മദനിയും പ്രിയതമ സറീനയും രംഗത്തിറങ്ങുകയായിരുന്നു.
കൃഷിയോടുള്ള അടങ്ങാത്ത താൽപര്യം തന്നെയാണ് ലാഭം ഇല്ലാതിരുന്നിട്ടും ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ഇവർക്ക് പ്രചോദനമായത്. ഇവിടെനിന്ന് വിൽപ്പനയാകുന്ന വിവിധ ഉത്പന്നങ്ങളിലൂടെ ലഭിക്കുന്ന പണം കൃഷി സാമഗ്രികൾ വാങ്ങാനും ഫാമിലെ ജോലിക്കാർക്കു ശമ്പളം നൽകാനും മറ്റും ഉപയോഗിക്കണം. എന്നാൽ കാർഷികവൃത്തി നൽകുന്ന കൺകുളിർമയും സന്തോഷവും വളരെ വലുതാണ്. കൃഷിയോട് താൽപര്യമുള്ളവർക്കേ ഈ ആത്മസംതൃപ്തിയുടെ പ്രാധാന്യം മനസ്സിലാവുകയുള്ളൂ. കൃഷി ചെയ്യുമ്പോൾ വിവിധ ഘട്ടങ്ങളിൽ അവാച്യമായ അനുഭൂതിയാണ് ലഭിക്കുക. അവ കാണുമ്പോഴുള്ള കുളിർമയും ഉൽപ്പന്നങ്ങൾ വിളവെടുക്കുമ്പോഴുള്ള സന്തോഷവും ഭക്ഷിക്കുമ്പോഴുള്ള ആത്മസംതൃപ്തിയും അതുവഴി ലഭിക്കുന്ന ആരോഗ്യവും എല്ലാം വിവരണാതീതമാണ്. ഈ ദമ്പതികളുടെ ഈയൊരു കാഴ്ചപ്പാടിന്റെയും ഇച്ഛാശക്തിയുടെയും പ്രതിഫലനമായാണ് നെല്ലിത്തൊടി ഫാം യാഥാർഥ്യമായത്.
വീടും പരിസരവും കൃഷിയിടവും വൃക്ഷലതാദികളും കിളികളും മൃഗങ്ങളും തുടങ്ങി പ്രകൃതിയുടെ ഓരോ അത്ഭുതങ്ങളും സമ്മാനിക്കുന്ന മാനസികോല്ലാസം മറ്റൊന്നിനും പകരം വെക്കാനാവാത്തതാണ്. പ്രഭാത നേരങ്ങളിൽ ഇവിടെ നിന്ന് ഉയരുന്ന പക്ഷിമൃഗാദികളുടെ സ്വരങ്ങൾ മാത്രം കേട്ടാൽ തന്നെ നമ്മുടെ മനസ്സ് നിറയും. അഞ്ചര ഏക്കറോളം വിസ്തൃതിയുള്ള ഭൂമിയിൽ പലവിധ കൃഷികളാണ് ഇവർ നടത്തുന്നത്.
മണ്ണുത്തി കാർഷിക സർവകലാശാല, കൊച്ചി സർവകലാശാല എന്നിവിടങ്ങളിലെ വ്യത്യസ്ത കൃഷി രീതികളെക്കുറിച്ച് മുബാറക് മദനി ശാസ്ത്രീയമായി പഠനം നടത്തിയിട്ടുണ്ട്. വിവിധ കൃഷി പരീക്ഷണങ്ങളും ഇവിടെ നടത്തിവരുന്നുണ്ട്.

കരിമ്പനകളുടെയും നെല്‍പാടങ്ങളുടെയും നാടായ പാലക്കാട് ജില്ല സഞ്ചാരികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട നാടാണ്. 1957 ജനുവരി ഒന്നിനാണ് ഗ്രാമീണ ഭംഗി നിലനിർത്തുന്ന ഈ ജില്ല രൂപീകൃതമായത്. കേരളത്തിന്റെ ധാന്യപ്പുര, കേരളത്തിന്റെ നെല്ലറ എന്നിങ്ങനെ വിഖ്യാതമായ പാലക്കാട് ജില്ലയുടെ അതിർത്തികൾ മലപ്പുറവും തൃശൂരുമാണ്. വടക്ക് കിഴക്കായി നീലഗിരിയും കിഴക്ക് കോയമ്പത്തൂര്‍ ജില്ലയും സ്ഥിതി ചെയ്യുന്നു. പാലക്കാടൻ മനോഹാരിത വർധിപ്പിക്കുന്നതിൽ നെല്ലിത്തൊടി ഫാമും അതിന്റേതായ പങ്കാളിത്തം വഹിക്കുന്നു. പാലക്കാട് ജില്ലയിലെ മികച്ച കർഷകനുള്ള സർക്കാർ അവാർഡ് മുബാറക് മദനിക്ക് ലഭിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രാദേശിക, ജില്ലാ, സംസ്ഥാന ബഹുമതികളും ലഭിച്ചിട്ടുണ്ട്.
കൃഷി വെറുമൊരു നേരമ്പോക്കല്ല ഇവർക്ക്. മനസ്സിനോട് എഴുതിച്ചേർത്ത ജീവിതം തന്നെയാണ്. തെങ്ങ്, കമുങ്ങ്, കുരുമുളക്, ഇഞ്ചി, നെല്ലിക്ക, വാഴ, ജാതിക്ക, വെറ്റില, സപ്പോർട്ട, മാങ്കോസ്റ്റിൻ, ഡ്രാഗൺഫ്രൂട്ട്, പാഷൻ ഫ്രൂട്ട് തുടങ്ങി വിവിധ ഫലവർഗങ്ങൾ, വിവിധ പച്ചക്കറികൾ, വിവിധ ഇടവിളകൾ തുടങ്ങിയവയെല്ലാം ജൈവരീതിയിൽ ഇവിടെ കൃഷിചെയ്യുന്നുണ്ട്. പത്തു തരം മാവുകളും ആറു തരം പ്ലാവുകളും ഉണ്ട്. ഇതോടൊപ്പം ആട്, പശു, കോഴി, താറാവ്, മീൻ വളർത്തൽ തുടങ്ങിയവയും നടത്തുന്നു. വീടിനോടു ചേർന്നുള്ള അഞ്ചരയേക്കർ സ്ഥലത്തും മറ്റൊരിടത്തുള്ള രണ്ട് ഏക്കർ സ്ഥലത്തുമാണ് കൃഷികൾ നടത്തുന്നത്. കഠിനാധ്വാനവും അർപ്പണബോധവുമാണ് പ്രതികൂല സാഹചര്യങ്ങളിലും ഈ സംരംഭവുമായി മുന്നോട്ടുപോകാൻ ഇവരെ സഹായിക്കുന്നത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും പുരോ​ഗതിയിലും ​സുപ്രധാന സ്ഥാനമാണ് കൃഷിക്കുള്ളത്. മനുഷ്യർ കൃഷിയിലേക്കും മൃ​ഗങ്ങളെ ഇണക്കി വളർത്തുന്നതിലേക്കും തിരിഞ്ഞ നവീന ശിലായു​ഗത്തിൽ തന്നെ കേരളത്തിലും കൃഷിയുടെ ചരിത്രം ആരംഭിച്ചുവെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും കൊണ്ട് നാണ്യവിളകള്‍, ഭക്ഷ്യവിളകള്‍, തോട്ടവിളകള്‍ എന്നിവ ഉള്‍പ്പെടുന്ന വ്യത്യസ്തമായ വിളരീതികള്‍ക്ക് അനുയോജ്യമാണ്. സംസ്ഥാന കാര്‍ഷിക മേഖല നിര്‍ണായക മാറ്റങ്ങള്‍ക്കു സാക്ഷ്യംവഹിച്ചിട്ടുണ്ടെന്ന് മുബാറക് മദനി പറയുന്നു. പുതിയ കൃഷി രീതികളെ കുറിച്ച് അറിയാനും ഗുണമേന്മയുള്ള വിത്തുകൾ ശേഖരിക്കാനും വിദൂര സ്ഥലങ്ങളിൽ പോലും ഇവർ എത്താറുണ്ട്.

കഴിഞ്ഞ കുറേ വർഷങ്ങളായി 11 കുടുംബങ്ങൾ അടങ്ങിയ ഒരു യാത്രാഗ്രൂപ്പിൽ അംഗങ്ങളാണ് ഈ ദമ്പതികൾ. ഈ കൂട്ടായ്മക്ക് കീഴിൽ കേരളത്തിലും പുറത്തും നിരവധി യാത്രകൾ സംഘടിപ്പിക്കുന്നതിൽ ഇവരുടെ സാന്നിധ്യം സജീവമാണ്. ഇതു കൂടാടെ വിവിധ യാത്രാഗ്രൂപ്പുകളിലും അംഗങ്ങളാണ്. ഇത്തരം യാത്രകളിൽ പുതിയകൃഷി രീതികളെ നേരിട്ട് അറിയാനും ആവശ്യമായവ നെല്ലിത്തൊടി ഫാമിലേക്ക് ഉപയോഗപ്പെടുത്താനും സാധിക്കുന്നു.
ദൈവം ഓരോ മനുഷ്യനും ജീവിതത്തിൽ സമ്മാനിക്കുന്ന ആരോഗ്യവും സമ്പത്തും സമയവും അറിവും ഫലപ്രദമായി വിനിയോഗിക്കുക എന്നതാണ് ആത്മസംതൃപ്തിയുടെ മാർഗം. നെല്ലിത്തൊടി ഫാമിലെ മരങ്ങളെ സ്വന്തം മക്കളെ പോലെയാണ് ഇവർ പരിചരിക്കുന്നത്. ഈ മരങ്ങളുമായുള്ള സഹവാസം മരണാനന്തര ജീവിതത്തിൽ തങ്ങൾക്ക് തണലായി മാറുമെന്ന് ഈ ദമ്പതികൾ പ്രതീക്ഷിക്കുന്നു. ഇവരുടെ മരണശേഷവും ഈ മരങ്ങളിൽ നിന്നും ചെടികളിൽ നിന്നും കായ്കനികൾ ഭക്ഷിക്കുകയും മറ്റ് ഉപകാരങ്ങൾ നിലനിൽക്കുകയും ചെയ്യുക വഴി ആ നന്മകളെല്ലാം ഇവർക്ക് പാരത്രിക ജീവിതത്തിൽ മുതൽക്കൂട്ടായി മാറുമെന്നത് ആത്മഹർഷത്തിന്റെ അപൂർവ നിമിഷങ്ങളായിരിക്കും.
ഈ ദമ്പതികൾ കരുതിവെച്ച പ്രകൃതിസൗന്ദര്യത്തെയും സ്നേഹവായ്പ്പിനെയും അറിയുന്നതിനു വേണ്ടി ഇവിടെ വിരുന്നെത്തുന്ന എല്ലാവരും മനസ് നിറയെ ഒരുപിടി നല്ല ഓർമകൾ ഏറ്റുവാങ്ങിയാണ് തിരികെ യാത്രയാകുന്നത്.
ഇവിടെ എത്തുന്നവരെയെല്ലാം അഭിമാനത്തോടെയും സന്തോഷത്തോടെയും സ്നേഹത്തോടെയും ഈ മാതൃകാ ദമ്പതികൾ വരവേൽക്കും, ഓർമകളിൽ നിറയെ ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിക്കും. ഇനിയും വരണമെന്ന വാക്കുകളോടെ യാത്രയാക്കും…
കടവത്തൂർ എൻ ഐ എ കോളജിൽ മുബാറക് മദനിയുടെ ശിഷ്യന്മാരായിരുന്ന ഞങ്ങൾ ഏതാനും സഹപാഠികൾ ഒന്നിച്ചായിരുന്നു നെല്ലിത്തൊടി ഫാം സന്ദർശിച്ചത്. ഒരു പകൽ മുഴുവൻ
അവിടം ചെലവഴിച്ച് മടങ്ങുമ്പോൾ മനം നിറയെ ഈ കുടുംബം നൽകിയ ഇമ്പമുള്ള ഒട്ടേറെ സ്മൃതികളും ഞങ്ങളുടെ കൂടെവന്നു. ജീവിതത്തിന് കൂടുതൽ കരുത്തും ആത്മവിശ്വാസവും പകരുന്ന ഹൃദ്യമായ ഓർമകൾ!
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top