LoginRegister

ന്യൂജന്‍ ചെറുപ്പക്കാരന്റെ പരിഭവങ്ങള്‍

മന്‍സൂര്‍ ഒതായി

Feed Back


ഇരുപതുകാരനായ സലീല്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. പ്ലസ്ടു വിജയിച്ചപ്പോള്‍ കോളജില്‍ ചേര്‍ന്നു പഠിക്കാന്‍ വലിയ മോഹമായിരുന്നു. പരീക്ഷയില്‍ വേണ്ടത്ര മാര്‍ക്ക് ലഭിക്കാത്തതിനാല്‍ അന്ന് അഡ്മിഷന്‍ ലഭിക്കാന്‍ പ്രയാസമായിരുന്നു. പിതാവിന്റെ നിരന്തര പരിശ്രമഫലമായാണ് അവന് ഒരു മാനേജ്മെന്റ് സീറ്റ് തരപ്പെടുത്തിയത്. മകനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കണമെന്നാണ് മാതാപിതാക്കളുടെ മോഹം. കോളജില്‍ സീറ്റ് കിട്ടിയാല്‍ നന്നായി പഠിച്ചോളുമെന്ന് വീട്ടുകാര്‍ക്ക് വാക്കും കൊടുത്തു. പക്ഷേ, കോളജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവന്റെ മട്ടും ഭാവവും മാറിയെന്ന് ഉമ്മ പറയുന്നു. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരനാണെങ്കിലും സലീല്‍ വീട്ടുകാര്‍ക്ക് പ്രശ്നക്കാരനാണ്.
മുമ്പൊക്കെ കടയില്‍ പോയി ബാപ്പയെ സഹായിച്ചിരുന്ന അവന്‍ ഇപ്പോള്‍ കടയില്‍ ജോലി ചെയ്യുന്നത് നാണക്കേടാണത്രേ. കടയില്‍ നില്‍ക്കുന്നതിന് ഉപ്പ പണം കൊടുക്കാറുണ്ടെങ്കിലും ഇപ്പോള്‍ അത്യാവശ്യ സന്ദര്‍ഭത്തില്‍ പോലും ഒന്ന് സഹായിക്കാന്‍ മനസ്സു കാണിക്കുന്നില്ല. ഒന്നുകില്‍ മൊബൈലില്‍ കളിച്ചിരിക്കും. അല്ലെങ്കില്‍ എങ്ങോട്ടെങ്കിലും കറങ്ങാന്‍ പോകും. വില കൂടിയ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ വാശി പിടിക്കും. കോളജില്‍ പോകാന്‍ പഴയൊരു ബൈക്കുണ്ടെങ്കിലും അതില്‍ അവന്‍ തൃപ്തനല്ല. പുതിയ ബുള്ളറ്റ് വാങ്ങിക്കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇഷ്ടങ്ങള്‍ സാധിച്ചുകൊടുത്തില്ലെങ്കില്‍ അതിന്റെ ദേഷ്യം പ്രകടിപ്പിക്കുന്നത് ഉമ്മയോടും അനുജനോടും. ബാപ്പയുടെ കൈയില്‍ കാശില്ലേ, പിന്നെ എന്തിനാ ചെലവഴിക്കാന്‍ മടിക്കുന്നത് എന്നാണ് അവന്റെ വാദം. എല്ലാം നിസ്സാരവത്കരിക്കുന്ന മകനെ മാറ്റിയെടുക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്നാണ് മാതാപിതാക്കള്‍ അന്വേഷിക്കുന്നത്.
മക്കളും മാതാപിതാക്കളും തമ്മിലുള്ള വിടവ് ഇക്കാലത്ത് വളരെ കൂടുതലാണ്. കുടുംബത്തിനകത്തുള്ള തുറന്ന ആശയവിനിമയത്തിന്റെ അഭാവം ഈ അകല്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ടെക്നോളജിയിലേക്ക് പിറന്നുവീണ പുതുതലമുറയും പഴയ സാഹചര്യത്തില്‍ വളര്‍ന്ന തലമുറയും തമ്മില്‍ അന്തരമുണ്ടാവുക സ്വാഭാവികം മാത്രം. ‘ജനറേഷന്‍ ഗ്യാപ്’ എന്ന് പലപ്പോഴും നാം പറഞ്ഞു കേള്‍ക്കാറുണ്ട്. ചിന്തയിലും കാഴ്ചപ്പാടിലും പെരുമാറ്റത്തിലും വ്യവഹാരങ്ങളിലും എന്നു വേണ്ട, ഉപയോഗിക്കുന്ന ഭാഷയില്‍ പോലും ഈ വ്യത്യാസം നമുക്ക് അനുഭവപ്പെടാറുണ്ട്.
സാങ്കേതികവിദ്യയുടെ വളര്‍ച്ച, ജീവിത നിലവാരത്തില്‍ വന്ന ഉയര്‍ച്ച, സോഷ്യല്‍ മീഡിയയുടെ സ്വാധീനം എന്നിവയെല്ലാം നമ്മുടെ കുട്ടികളുടെ ജീവിതവീക്ഷണം മാറ്റിമറിച്ചതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മുമ്പത്തെ കുട്ടികള്‍ക്ക് അറിവിന്റെ അടിസ്ഥാനമെന്നത് കേവലം മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍, സമപ്രായക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ മാത്രമായിരുന്നു. തങ്ങള്‍ ഇടപഴകിയിരുന്ന ചുറ്റുപാടില്‍ നിന്നും വ്യക്തികളില്‍ നിന്നുമാണ് അന്നത്തെ ആളുകളുടെ ജീവിത കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടത്. എന്നാല്‍ ഇന്ന് ന്യൂജന്‍ കുട്ടികള്‍ക്കു മുമ്പില്‍ അറിവിന്റെ സാങ്കേതികവിദ്യാ പ്രളയമാണ് സൃഷ്ടിക്കുന്നത്. ഈ കുത്തൊഴുക്കില്‍ തിന്മയുടെ ചുഴികളില്‍ പെടാനുള്ള സാഹചര്യങ്ങളാണ് ഏറെയും. ലോകത്തുള്ള ആരുമായും അതിരുകളില്ലാതെ ഇടപെടാനും വികാരങ്ങള്‍ പങ്കുവെക്കാനുമുള്ള അനന്തസാധ്യതകളാണ് ന്യൂജന്‍ കുട്ടികള്‍ക്കുള്ളത്.
കോവിഡ് കാലം സാങ്കേതികവിദ്യയുടെ പുതുമകളുടെ നിരവധി ആകര്‍ഷണങ്ങള്‍ നമുക്ക് തുറന്നുതന്നു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സംവിധാനവും കുട്ടികള്‍ക്ക് യഥേഷ്ടം സമ്മാനിക്കാന്‍ കൊറോണ അവസരമൊരുക്കി. അങ്ങനെ ന്യൂജന്‍ ഓണ്‍ലൈന്‍ ലോകത്ത് ആകൃഷ്ടരായി സത്യവും മിഥ്യയും തിരിച്ചറിയാന്‍ പോലുമാകാതെ കുട്ടികളിന്ന് വല്ലാത്തൊരു സ്വപ്നലോകത്താണ് ജീവിക്കുന്നത്. കൗമാരത്തെ കല്ലെറിയാതെ അവരെ മനസ്സിലാക്കാനാണ് മുതിര്‍ന്ന തലമുറ ശ്രമിക്കേണ്ടത്. ആട്ടിയകറ്റുകയല്ല, ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടത്. കാലത്തിന്റെ മാറ്റം മനസ്സിലാക്കി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവുക തന്നെ വേണം. കൗമാരത്തെ കേള്‍ക്കാതെയും യുവജനങ്ങളോട് കൂട്ടുകൂടാതെയും അവരുടെ മനസ്സ് കീഴടക്കാന്‍ നമുക്ക് സാധ്യമല്ല.

കൗമാരക്കാരും യുവജനങ്ങളും ചിന്തിക്കുന്നത്, അവര്‍ കൊച്ചു കുട്ടികളല്ല, അവരെ മുതിര്‍ന്നവരായി മാതാപിതാക്കള്‍ അംഗീകരിക്കണം, അവരുടെ വേറിട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കണം, അവരെ എപ്പോഴും ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യരുത് എന്നൊക്കെയാണ്.
സലീലിനോട് ഒറ്റയ്ക്ക് സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞത്, തനിക്ക് ഇപ്പോഴും വീട്ടില്‍ ആവശ്യമായ അംഗീകാരം തരുന്നില്ല എന്നാണ്. ഏതൊരു കാര്യത്തിനും പൈസ കിട്ടണമെങ്കില്‍ ഉമ്മയോടോ ബാപ്പയോടോ ചോദിക്കണം. തന്റെ ആവശ്യത്തിന് മാസത്തില്‍ ഒരു നിശ്ചിത സംഖ്യ തരാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. ഞാന്‍ ഇരുപത് വയസ്സുള്ള ഒരു ചെറുപ്പക്കാരനല്ലേ? എനിക്ക് എന്തെല്ലാം ആവശ്യങ്ങളുണ്ടാകും? അത് വീട്ടുകര്‍ മനസ്സിലാക്കണ്ടേ?
എന്തൊക്കെയാണ് നിന്റെ ആവശ്യങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ അവന്‍ വാചാലനായി. നല്ല ഒരു സ്മാര്‍ട്ട് ഫോണ്‍, ഹെഡ്‌സെറ്റ്, പവര്‍ബാങ്ക്, കളിക്കാനും വ്യായാമത്തിനും പ്രത്യേകം ടീഷര്‍ട്ടുകള്‍, പാന്റ്സ്, ഷൂസ് എന്നിവ. മൊബൈല്‍ ഡാറ്റ തീരുമ്പോള്‍ റീചാര്‍ജ് ചെയ്യണം. പെട്രോള്‍ അടിക്കാന്‍ പൈസ വേണം. ഇടയ്ക്ക് ഹോട്ടലില്‍ നിന്ന് ഫുഡ് കഴിക്കണം. ടൂര്‍ പോവണം… പിന്നെ ഒരു കാര്യം കൂടിയുണ്ട് സര്‍, കൂട്ടുകാരൊക്കെ ബ്രാന്‍ഡഡ് സാധനങ്ങള്‍ യൂസ് ചെയ്യുമ്പോള്‍ എനിക്കും അതിനുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടാകണം. ഇതിനൊക്കെ മാതാപിതാക്കള്‍ പിശുക്കു കാണിക്കരുത്.
കുട്ടികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടുക്കുന്നതോടൊപ്പം, ജീവിതത്തിന്റെ അര്‍ഥവും മൂല്യവും ബോധ്യപ്പെടുത്തുകയും വേണം. എങ്ങനെയെങ്കിലും കുറേ പൈസയുണ്ടാക്കി അടിച്ചുപൊളിക്കാനുള്ളതല്ല നമ്മുടെ വിലപ്പെട്ട ജീവിതം എന്ന് അവര്‍ തിരിച്ചറിയണം. നേരും നെറിയുമില്ലാതെ സുഖിച്ചു ജീവിച്ചുതീര്‍ക്കാനുള്ളതല്ല ഐഹിക ജീവിതം. സത്യവും ധര്‍മവും മൂല്യവും മാനിക്കാതെ ഐഹിക ജീവിതത്തില്‍ മതിമറന്ന ജനതയുടെ വിനാശത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്. ”നമ്മുടെ ഈ ഐഹിക ജീവിതമല്ലാതെ ജീവിതമില്ല തന്നെ. നമ്മുടെ മരണവും ജീവിതവും ഇവിടെത്തന്നെ. കാലചക്രമല്ലാതെ നമ്മെ നശിപ്പിക്കുന്നില്ല” (ഖുര്‍ആന്‍ 45:24) എന്നതായിരുന്നു അവരുടെ ജീവിതവീക്ഷണം. ഇത്തരം ഒരു ഭ്രമം നമ്മെ അപകടപ്പെടുത്തുന്നതിനെക്കുറിച്ച് നാം ജാഗ്രത പാലിച്ചേ മതിയാകൂ. കാരണം, യഥാര്‍ഥ ജീവിതലക്ഷ്യം മനസ്സിലാക്കി ജീവിതം മനോഹരമാക്കുന്നതില്‍ നിന്ന് ഇത്തരം ചിന്താഗതികള്‍ നമ്മെ വഴി തെറ്റിക്കും. മാതാപിതാക്കള്‍ മക്കള്‍ക്ക് ജീവിതം പഠിക്കാനുള്ള അവസരങ്ങള്‍ പകര്‍ന്നു നല്‍കണം. ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക. കേവലം ഉപദേശികളായി മാറാതെ സൗഹൃദവും അംഗീകാരവും മുടങ്ങാതെ നല്‍കുക. മക്കള്‍ അലങ്കാരവും അഭിമാനവുമാവാന്‍ നമുക്ക് നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്യാം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top