LoginRegister

നോമ്പുമധുരമുള്ള വേദന

റസീന കെ പി

Feed Back


കൊറോണയെന്ന സൂക്ഷ്മാണുവിനു മുമ്പില്‍ വീട്ടില്‍ തന്നെ അടച്ചിരിക്കേണ്ടിവന്ന രണ്ടു നോമ്പുകാലങ്ങള്‍ക്കു ശേഷം വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ഇഫ്താര്‍ സംഗമങ്ങളും തറാവീഹ് നമസ്‌കാരങ്ങളും ഈദ്ഗാഹുകളും എല്ലാം പഴയ പോലെ വീണ്ടും സജീവമാകുന്ന നോമ്പുകാലം നമ്മെ സംബന്ധിച്ചിടത്തോളം അടങ്ങാത്ത സന്തോഷത്തിന്റെതാണല്ലോ.
ഓരോ റമദാനും പ്രതീക്ഷയുടേത് മാത്രമല്ല അറ്റമില്ലാത്ത ഓര്‍മകളുടേത് കൂടിയാണ്. ഓര്‍മവെച്ച നാള്‍ മുതലുള്ള എത്രമാത്രം അനുഭവങ്ങളാണ് ഓരോ റമദാനിനോടും കെട്ടിപ്പിണഞ്ഞു കിടക്കുന്നത്..
നോമ്പിന്റെ ബാലപാഠങ്ങള്‍ കണ്ടു മനസിലാക്കുന്നത് വീട്ടില്‍ നിന്നു തന്നെയാണ്. വറുതിയുടെ കാലമായിരുന്നെങ്കിലും ആ ഇല്ലായ്മയിലും ഒത്തുചേരലിന്റെ വലിയൊരു സന്തോഷമുണ്ടായിരുന്നു. ഇല്ലായ്മകള്‍ പരസ്പരം പങ്കിട്ടു കഴിച്ചുള്ള കൂട്ടുകുടുംബത്തിന്റെ നോമ്പുതുറക്കല്‍, അത്താഴം എല്ലാം ഇന്നത്തേതിനേക്കാള്‍ രുചികരവും ആഹ്ലാദകരവുമായിരുന്നു. ഇപ്പോള്‍ പ്രവാസത്തിന്റെ ഒറ്റമുറിയിലേക്ക് നോമ്പുതുറ ചുരുങ്ങുമ്പോള്‍ നാട്ടിലെ ആളും ആരവവുമെല്ലാം മനസ്സിലേക്ക് ചിക്കിചികഞ്ഞെത്താറുണ്ട്.
ഓര്‍മവെച്ച കാലം മുതല്‍ കാണുന്നതാണ് ശഅബാന്‍ മാസം മുതല്‍ തുടങ്ങുന്ന നനച്ചുകുളി. മുതിര്‍ന്നവരും കുട്ടികളും എല്ലാം ചേര്‍ന്നുള്ള വീട് മുഴുവന്‍ വൃത്തിയാക്കല്‍ എന്തൊരു രസമായിരുന്നു. തറവാട്ടു കിണറില്‍ നിന്ന് വെള്ളം കോരിക്കൊണ്ടു വന്നു വീട് മുഴുവന്‍ കഴുകുക. ടിന്നുകളും പാത്രങ്ങളുമെല്ലാം കഴുകിത്തുടച്ചുണക്കി നോമ്പിന് ആവശ്യമായ സാധനങ്ങള്‍ നിറയ്ക്കുക. ആ ശീലം ഈ പ്രവാസത്തിലും തുടര്‍ന്നു പോരുന്നു. റമദാനെ സ്വീകരിക്കാനുള്ള ഒരു മുന്നൊരുക്കം കൂടിയാണല്ലോ അത്.
ഓരോ റമദാനിലും ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് ഉമ്മച്ചിയുടെ കൈ കൊണ്ടുള്ള ഭക്ഷണമാണ്. എല്ലാവരും ഒന്നിച്ചുള്ള നോമ്പ് തുറക്കല്‍ വലിയ സംതൃപ്തിയുടേത് കൂടിയാണ്. എല്ലാ വര്‍ഷവും നോമ്പും പെരുന്നാളും കൂടാന്‍ നാട്ടിലേക്ക് തിരിക്കണമെന്ന് അതിയായി ആഗ്രഹിക്കാറുണ്ടെങ്കിലും സാഹചര്യം അനുവദിക്കാറില്ല. എട്ടു വര്‍ഷത്തോളമായി നാട്ടില്‍ നിന്നു നോമ്പ് തുറന്നിട്ട്.. അതൊരു നോവ് തന്നെയാണ്.
റമദാനെ കുറിച്ചോര്‍ക്കുമ്പോള്‍ റബ്ബിന്റെ അപാരമായ അനുഗ്രഹം പെയ്തിറങ്ങിയ ഒരു പിറവിയുടെ നൊമ്പരമാണ് മനസില്‍ ഓടിയെത്തുന്നത്. മഗ്‌രിബ് ബാങ്ക് വിളിക്കുന്നതിന് മുമ്പ് നോമ്പ് മുറിക്കേണ്ടി വന്ന ദിവസം കൂടിയാണത്.
അതൊരു സങ്കടത്തിന്റെ ദിനമായിരുന്നെങ്കിലും പിന്നാലെ വന്ന സന്തോഷം ഓര്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹം തന്നെ എന്നു പറയാം. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞന്‍ ഗര്‍ഭിണി ആയിരിക്കുന്ന സമയം. ഡേറ്റ് ഏകദേശം അടുത്തെത്തിയിരിക്കുന്നു. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതുകൊണ്ട് നോമ്പ് എടുക്കേണ്ടെന്ന് ഡോക്ടറും വീട്ടുകാരും വിലക്കി. പിന്നീട് എടുത്തു വീട്ടിയാല്‍ മതിയല്ലോ എന്ന് ഉമ്മച്ചിയുടെയും ഇക്കയുടെയും സാന്ത്വനപ്പെടുത്തലില്‍ മനസിനെ ഒരുവിധം സമാധാനപ്പെടുത്തി.
എല്ലാവരും നോമ്പെടുക്കുമ്പോള്‍ ഞാന്‍ മാത്രം ഭക്ഷണം കഴിക്കുക, വല്ലാത്തൊരു സങ്കടമായിരുന്നു. ആ വര്‍ഷത്തില്‍ ഒരു നോമ്പങ്കിലും എടുക്കണം എന്ന എന്റെ ആഗ്രഹത്തിന് മറ്റുള്ളവരില്‍ നിന്ന് സമ്മതം കിട്ടാന്‍ പ്രയാസമായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ അപ്പോള്‍ തന്നെ നോമ്പ് ഒഴിവാക്കാം എന്ന എന്റെ ഉറപ്പിന്‍മേലാണ് ഉമ്മയില്‍ നിന്ന് പാതിസമ്മതം വാങ്ങിയത്. അങ്ങനെയാണ് ആ റമദാനിലെ ഏഴാമത്തെ നോമ്പിന് നിയ്യത്ത് വെക്കുന്നത്.
രാവിലെ മുതല്‍ തന്നെ അല്പം ക്ഷീണം തോന്നിയെങ്കിലും സാരമാക്കിയില്ല. എങ്ങനെയെങ്കിലും നോമ്പ് മുഴുവനാക്കണം എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളൂ. അസര്‍ നമസ്‌കാരം കഴിഞ്ഞു അല്പം വിശ്രമിക്കുന്നതിന് ഇടയിലാണ് ചെറിയൊരു വേദന പോലെ അനുഭവപ്പെട്ടത്. ചിലപ്പോള്‍ വന്നുപോവുന്ന ഇടവേദന പോലെയേ അതിനെ കരുതിയുള്ളൂ.
ആരോടും പറയാതെ പോയി കിടന്നു. വേദന കൂടുകയല്ലാതെ കുറയുന്നില്ല. എന്തായാലും നോമ്പ് തുറന്നിട്ട് ഉമ്മയോട് പറയാം എന്നു വിചാരിച്ചു.
അതിനിടയിലെപ്പോഴോ ആണ് ഉമ്മച്ചി വന്നു നോക്കി, നിനക്ക് എന്തോ അസ്വസ്ഥത ഉണ്ടല്ലോ എന്നു ചോദിക്കുന്നത്. മക്കളുടെ മുഖം ഒന്ന് വാടിയാല്‍ പോലും ഏറ്റവും കൂടുതല്‍ മനസിലാക്കാന്‍ പറ്റുന്നത് ഉമ്മമാര്‍ക്കാണല്ലോ.

ഉമ്മ അപ്പോള്‍ത്തന്നെ അടുത്തു വീട്ടില്‍ താമസിച്ചിരുന്ന ഡോക്ടറെ വിളിച്ചു. ഡെലിവറി അടുത്ത് തന്നെ ഉണ്ടാകും. വേഗം ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. പിന്നെ എല്ലാം വേഗത്തില്‍ ആയിരുന്നു. ഉമ്മച്ചിയും മൂത്തമ്മയും കൂടി ഹോസ്പിറ്റലില്‍ പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. നോമ്പ് മുറിപ്പിച്ചു ഭക്ഷണം കഴിപ്പിച്ചു. അല്ലെങ്കില്‍ വേദന സഹിക്കാനുള്ള ശക്തി ഉണ്ടാവില്ലെന്ന് എനിക്കും അറിയാമായിരുന്നു.
എല്ലാവിധ തയ്യാറെടുപ്പുകളുമായി ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോള്‍ നോമ്പു തുറക്കുന്ന സമയം ആയിട്ടുണ്ടാവും. അപ്പോഴേക്കും നോമ്പ് മുറിക്കേണ്ടി വന്നതിലുള്ള വേദനയെക്കാള്‍ കൂടുതലായി പുതിയൊരു പിറവിയുടെ വേദന എന്നെ തളര്‍ത്തുന്നുണ്ടായിരുന്നു. വന്നും പോയുമിരുന്ന ആ വേദന നോമ്പ് എട്ട് ഉച്ചവരെ നീണ്ടു. വേദന സഹിച്ചു വാടിത്തളര്‍ന്നു പോയ നട്ടുച്ച. എല്ലാ വേദനയെയും ഒരു കരച്ചിലിലേക്ക് അവസാനിപ്പിച്ചു കൊണ്ട് ഉച്ചക്ക് 12 മണിക്ക് ഞങ്ങളുടെ മാലാഖക്കുട്ടി ഭൂമിയിലേക്ക് മുഖം കാണിച്ചു. ശവ്വാല്‍ മാസത്തെ ചന്ദ്രിക പോലെ അവള്‍ റമദാനില്‍ വെളിച്ചം പരത്തി.
അതൊരു പാതി മരണത്തിന്റെ വേദന ആയിരുന്നെങ്കിലും ഉമ്മയാവുക എന്ന ആഗ്രഹങ്ങള്‍ക്ക് മുമ്പില്‍ ഓരോ സ്ത്രീയും സഹനത്തിന്റെ അങ്ങേയറ്റം വരെ പോവാന്‍ തയ്യാറാണല്ലോ.
മനസിന്റെ ചെപ്പില്‍ എപ്പോഴും തേച്ചുമിനുക്കി കാത്തു സൂക്ഷിക്കുന്ന അനുഭവങ്ങള്‍ക്ക് ഇപ്പോഴും മങ്ങലേട്ടിട്ടില്ല.
ശവ്വാലമ്പിളി മാനത്ത് വെട്ടം പരത്തുമ്പോഴെല്ലാം സങ്കടപ്പെടുത്തുന്നൊരു പെരുന്നാള്‍ അനുഭവമുണ്ട്.
കല്യാണം കഴിഞ്ഞു ആദ്യത്തെ പെരുന്നാളായിരുന്നു അത്. അന്ന് ഭര്‍ത്താവിന് ജോലി മൈസൂര്‍ ആയിരുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ നാട്ടില്‍ വരുമായിരുന്നു. ആ വര്‍ഷത്തെ നോമ്പ് തുടങ്ങി ഒരാഴ്ച കഴിഞ്ഞു തിരിച്ചു പോയത് പെരുന്നാളിന് എത്തിക്കൊള്ളാമെന്ന് വാക്ക് തന്നിട്ടായിരുന്നു.
പുതിയ വീട്, പുതിയ സാഹചര്യം എല്ലാമായും ഞാന്‍ ഒത്തുവരുന്നതേയുള്ളൂ.. ഒറ്റക്കുള്ള ദിവസങ്ങളെല്ലാം വിരഹത്തിന്റെതായിരുന്നു. പെരുന്നാളിന് ഇക്ക എത്തുമല്ലോ എന്നുള്ള പ്രതീക്ഷയായിരുന്നു ഓരോ കാത്തിരിപ്പിനും ഊര്‍ജം പകര്‍ന്നത്. ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഇല്ല. വീട്ടില്‍ ലാന്‍ഡ് കണക്ഷനും ഇല്ല. അടുത്ത വീട്ടിലേക്ക് വരുന്ന ഫോണ്‍ കോളിലായിരുന്നു ഞങ്ങള്‍ പരസ്പരം കേട്ടിരുന്നത്.
നോമ്പുകള്‍ ഓരോന്നായി കടന്നുപോയ്‌ക്കൊണ്ടിരുന്നു. പെരുന്നാള്‍ രാവായി. തക്ബീര്‍ വിളികളുയര്‍ന്നു. ഇക്കയുടെ കാള്‍ മാത്രം വന്നില്ല. രാത്രി മുഴുവന്‍ കണ്ണടക്കാതെ കാത്തിരുന്നു. ഫോണ്‍ വിളിയുമില്ല ആളുമില്ല..
നേരം പുലര്‍ന്നു. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞു ആളുകള്‍ കുടുംബവീട്ടിലേക്ക് സന്ദര്‍ശനത്തിന് പോയിത്തുടങ്ങി. എന്റെ വീട്ടില്‍ നിന്ന് ആങ്ങളമാരും കൂട്ടുകാരുമെല്ലാം വന്നു. പക്ഷെ ഞാന്‍ പ്രതീക്ഷിച്ച ആളു മാത്രം വന്നില്ല.. സങ്കടം അവരെ കാണിക്കാതെ മറച്ചു പിടിക്കാന്‍ ശ്രമിച്ചു. എന്നെ വിളിക്കാന്‍ വന്നവരോടൊപ്പം എന്തുകൊണ്ടോ എനിക്ക് പോവാന്‍ തോന്നിയില്ല. അത് വാശിയോ ദേഷ്യമോ അല്ലായിരുന്നു. വിവാഹ ശേഷമുള്ള ആദ്യത്തെ പെരുന്നാള്‍ ഇക്കയില്ലാതെ വീട്ടിലേക്ക് ചെല്ലാന്‍ മനസ് അനുവദിച്ചില്ല. എല്ലാവരും നിര്‍ബന്ധിച്ചിട്ടും ഞാന്‍ പോയില്ല.. വീട്ടില്‍ അനിയന്മാരും ഉമ്മയും ഉപ്പയും വലിയുമ്മയുമെല്ലാം കുറെ കാത്തിരുന്നുവത്രേ. ഞാന്‍ വരാത്തതുകൊണ്ട് പെരുന്നാള്‍ ശോകമായിപ്പോയെന്ന് അവരെല്ലാം പിന്നീട് പറയുമായിരുന്നു.
ജോലിയുടെ തിരക്കിനിടയില്‍ പെരുന്നാളിന് വരാന്‍ പറ്റാത്തത് കൊണ്ടായിരുന്നുവെന്ന് പറഞ്ഞു അന്ന് രാത്രിയാണ് ഇക്കയുടെ ഫോണ്‍ എത്തിയത്. വീട്ടില്‍ പോവാത്തതിന് പരിഭവം പറഞ്ഞു. പെരുന്നാള്‍ കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ഇക്ക നാട്ടില്‍ എത്തിയത്.
22 വര്‍ഷങ്ങള്‍ക്കിപ്പുറവും അന്ന് പെരുന്നാളിന് എന്നെ ഒറ്റക്കാക്കിയത് പറഞ്ഞു ഞാന്‍ ഇപ്പോഴും വഴക്കു കൂടാറുണ്ട്.
”ഉമ്മ ഇത് എത്ര പ്രാവശ്യം പറഞ്ഞതാ.. ഇനി പെരുന്നാള്‍ ഓര്‍മകളൊന്ന് മാറ്റിപിടിക്ക്..” എന്നു പറഞ്ഞു മക്കള്‍ ഇടയ്ക്കിടെ കളിയാക്കാറുണ്ട്. ചില കാര്യങ്ങള്‍ അങ്ങനെയാണല്ലോ. മറ്റുള്ളവര്‍ക്ക് ചെറുത് എന്ന് തോന്നുമെങ്കിലും നമുക്ക് അത് എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് അവര്‍ക്ക് അറിഞ്ഞു കൊള്ളണമെന്നില്ല.
ഓരോ നോമ്പും പെരുന്നാളും വരുമ്പോഴും സന്തോഷവും സങ്കടവും തരുന്ന ആ ഓര്‍മകളിലേക്കെല്ലാം ഞാന്‍ വീണ്ടും വീണ്ടും ഇറങ്ങി നടക്കാറുണ്ട്. ഓര്‍ക്കുന്തോറും മധുരിക്കുന്ന അല്ലെങ്കില്‍ കയ്ക്കുന്ന എത്രമാത്രം അനുഭവങ്ങളാണ് മനസില്‍ തുള്ളിത്തുടിച്ചു നൃത്തം ചെയ്തുകൊണ്ടേയിരിക്കുന്നത്.
പ്രവാസത്തിന്റെ ചൂടിലും തിരക്കിലും ഓരോ റമദാനിനെയും ശവ്വാല്‍ പിറവിയെയും ഞങ്ങള്‍ സന്തോഷപൂര്‍വം വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു. ഇന്നത്തെ അനുഭവങ്ങളാണല്ലോ നാളത്തെ ഓര്‍മകളാവുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top