LoginRegister

നോമ്പുകാലം ധന്യമാക്കാന്‍

നദീര്‍ കടവത്തൂര്‍

Feed Back

വിശ്വാസികള്‍ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന മാസമാണ് റമദാന്‍. കൂടുതല്‍ നന്മകള്‍ചെയ്യാനും തിന്മകളില്‍ നിന്ന് മോചനം തേടി പശ്ചാത്തപിക്കാനും റമദാന്‍ സാഹചര്യമൊരുക്കുന്നു. സാധാരണയുള്ള ജീവിത ശൈലിയില്‍ വരുന്ന മാറ്റമാണ് ഈ സാഹചര്യമൊരുങ്ങുന്നതിന്റെ പ്രധാന കാരണം. ഭക്ഷണവും വെള്ളവും തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ അല്ലാഹുവിന്റെ പ്രീതിക്കായി ഉപേക്ഷിക്കുമ്പോള്‍ മലീമസമായ ചിന്താഗതികളില്‍ നിന്ന് ശരീരത്തെയും മനസ്സിനെയും മുക്തമാക്കാനും കൂടുതല്‍ നന്മകള്‍ ചെയ്യാനും മനസ്സ് പാകപ്പെട്ടു വരുമെന്നതില്‍ സംശയമില്ല.
എന്നാല്‍ ഈ മാസത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ വിശ്വാസികളുടെ ഭാഗത്തു നിന്ന് ഉണ്ടാവണം. അല്ലായെങ്കില്‍ സാധാരണ മാസങ്ങള്‍ കടന്നുപോവുന്നതു പോലെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു എന്ന ഒരു വ്യത്യാസത്തില്‍ മാത്രം റമദാനും യാത്രയാവും.
നോമ്പിന്റെ പ്രധാന ഘടകങ്ങള്‍, നോമ്പ് അസാധുവാക്കുന്ന കാര്യങ്ങള്‍, നോമ്പില്‍ അനുവദനീയമായത്, റമദാനിലെ നന്മകള്‍, ആരാധനകളുടെ ക്രമീകരണം, പ്രാര്‍ഥനകള്‍ തുടങ്ങി റമദാനിനു വേണ്ടി ഒരുങ്ങുവാനും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാനുമുള്ള ചില ഓര്‍മപ്പെടുത്തലുകളാണ് ഈ റമദാന്‍ ഗൈഡില്‍.

അത്താഴം കഴിക്കല്‍
. നബി(സ) പറഞ്ഞു: ”നിങ്ങള്‍ അത്താഴം കഴിക്കുക. അതില്‍ അനുഗ്രഹമുണ്ട്” (ബുഖാരി 1923).
നോമ്പു തുറക്കല്‍
. സൂര്യാസ്തമയം ആയിക്കഴിഞ്ഞാല്‍ നീട്ടിക്കൊണ്ടുപോവാതെ നോമ്പു തുറക്കല്‍ നിര്‍ബന്ധമാണ്. നബി(സ) പറഞ്ഞു: ”നോമ്പു തുറക്കാന്‍ ധൃതികാണിക്കുന്ന കാലത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും” (ബുഖാരി 1957).
നാവിനെ സൂക്ഷിക്കല്‍
. നബി(സ) പറയുന്നു: ”ഒരാള്‍ വ്യാജമായ വാക്കും അതനുസരിച്ചുള്ള കര്‍മങ്ങളും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് താല്പര്യമില്ല” (ബുഖാരി 1903).
ഖുര്‍ആനുമായുള്ള ബന്ധം
ദൃഢമാക്കാം

. നബി(സ) പഠിപ്പിച്ചു: ഖുര്‍ആനില്‍ നിന്ന് ആരെങ്കിലും ഒരു അക്ഷരം പാരായണം ചെയ്താല്‍ അവന്ന് പത്തു നന്മയുടെ പ്രതിഫലം ലഭിക്കും.

നോമ്പു തുറപ്പിക്കാം
. നോമ്പു തുറപ്പിക്കുന്നതും പുണ്യമാണ്. നബി(സ) പറഞ്ഞു: ”വല്ലവനും ഒരു നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ അവന്റെ പ്രതിഫലം പാപമോചനവും നരക വിമുക്തിയുമാണ്. ആ നോമ്പുകാരന്റെ പ്രതിഫലത്തിന് ഒട്ടും കുറവുവരാതെ തന്നെ അതിനു സമമായ പ്രതിഫലം അവനു ലഭിക്കുന്നതാണ് (ബൈഹഖി).
ക്ഷമയില്‍ മുന്നേറുക
. റമദാന്‍ ക്ഷമയുടെ മാസമാണ്. അക്രമത്തിന് മുതിരുന്നവരോട്, അസഭ്യവുമായി വരുന്നവരോട് ഞാന്‍ നോമ്പുകാരനാണ് എന്ന ക്ഷമയുടെ വാക്കുകള്‍ പറയുക (മുസ്‌ലിം 1151).
പ്രാര്‍ഥനാ നിരതരാവാം
. നബി(സ) പറഞ്ഞു: ”മൂന്നു പ്രാര്‍ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്കാതിരിക്കില്ല. നോമ്പുകാരന്റെയും മര്‍ദിതന്റെയും യാത്രക്കാരന്റെയും” (സ്വഹീഹുല്‍ ജാമിഅ് 3030).
തറാവീഹ് നമസ്‌കാരം
. നബി(സ) പറഞ്ഞു: ”മനുഷ്യരേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടുംബബന്ധം ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റു നമസ്‌കരിക്കുക. എങ്കില്‍ സ്വര്‍ഗത്തില്‍ സമാധാനപൂര്‍വം പ്രവേശിക്കാം” (ഇബ്നുമാജ).
ഇഅ്തികാഫ്
. നബി(സ) എല്ലാ റമദാനിലും അവസാന പത്തില്‍ മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. മരണമടഞ്ഞ വര്‍ഷം അവസാനത്തെ ഇരുപതു ദിവസം നബി(സ) ഇഅ്തികാഫ് നിര്‍വഹിച്ചു (അബൂദാവൂദ്).
ദാനധര്‍മങ്ങള്‍
. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”നബി(സ) ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്‌രീലുമായി സംഗമിക്കുമ്പോഴാണ് അദ്ദേഹം അത്യുദാരനായിരുന്നത്. ജിബ്‌രീലാകട്ടെ, റമദാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങളുടെ പരിശോധന നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. ജിബ്‌രീല്‍വന്നു കാണുമ്പോഴൊക്കെ റസൂല്‍ അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരനാകുമായിരുന്നു” (ബുഖാരി).
നിര്‍ബന്ധ ബാധ്യത
”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരിക്കുന്നതുപോലെ തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്” (ഖുര്‍ആന്‍ 2:183).
”ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ വ്രതമനുഷ്ഠിക്കേണ്ടതാണ്”(ഖുര്‍ആന്‍ 2:185).
നബി(സ) പറഞ്ഞു: ”ഇസ്ലാം അഞ്ചുകാര്യങ്ങളിലാണ് പടുത്തുയര്‍ത്തപ്പെട്ടത്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കല്‍, നമസ്‌കാരം നിലനിര്‍ത്തല്‍, സകാത്ത് നല്കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, ഹജ്ജ് നര്‍വഹിക്കല്‍’ (ബുഖാരി 4514).
റമദാനിന്റെ ശ്രേഷ്ഠത
. നരകകവാടങ്ങള്‍ അടക്കപ്പെടുന്നു, സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുന്നു, പിശാചുക്കള്‍ ബന്ധിക്കപ്പെടുന്നു (നസാഈ 4:129).
. മഹാപാപങ്ങള്‍ ഇല്ലെങ്കില്‍ ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുള്ള ചെറുപാപങ്ങള്‍ മായ്ച്ചുകളയും (മുസ്‌ലിം: 233)
. റമദാന്‍ മാസത്തില്‍ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി നോമ്പനുഷ്ഠിച്ചാല്‍ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടും (ബുഖാരി: 2014).
നോമ്പില്‍ ഇളവ്
അനുവദിക്കപ്പെട്ടവര്‍

. രോഗികള്‍
. വയോധികര്‍
. ഗര്‍ഭിണികള്‍
. മുലയൂട്ടുന്നവര്‍
. ആര്‍ത്തവകാരികള്‍
. പ്രസവരക്തമുള്ളവര്‍
. കുട്ടികള്‍
. യാത്രക്കാര്‍

നിര്‍ബന്ധ ഘടകങ്ങള്‍
.നിയ്യത്ത്
അല്ലാഹു നിര്‍ബന്ധമാക്കിയ വ്രതം അവന്റെ മാത്രം പ്രതിഫലം പ്രതീക്ഷിച്ചും ശിക്ഷ ഭയപ്പെട്ടും നിര്‍വഹിക്കുന്നു എന്ന ബോധമാണിത്. ഹജ്ജും ഉംറയുമൊഴിച്ച് മറ്റു കര്‍മങ്ങള്‍ക്കൊന്നും നിയ്യത്തിനായി പ്രത്യേക പദങ്ങള്‍ നബി(സ്വ) പഠിപ്പിച്ചിട്ടില്ല.
.നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന്
അകന്നു നില്‍ക്കല്‍
പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളും ലൈംഗിക ബന്ധവുമടക്കം നോമ്പ് മുറിയുന്ന മുഴുവന്‍ കാര്യങ്ങളില്‍ നിന്ന് അകന്നുനില്ക്കുക. .

നോമ്പിനെ
ബാധിക്കാത്ത കാര്യങ്ങള്‍

. ദന്തശുദ്ധീകരണം
. കുളിക്കല്‍
. സുറുമയിടല്‍
. എണ്ണ തേക്കല്‍
. സുഗന്ധം പൂശല്‍
. ഉമിനീര്‍ ഇറക്കല്‍
. മനപ്പൂര്‍വമല്ലാത്ത ഛര്‍ദ്ദി
. ചുംബനം
. ആശ്ലേഷണം
. സ്വപ്‌ന സ്ഖലനം
. ഭക്ഷണം/പോഷണം എന്നീ
ലക്ഷ്യങ്ങള്‍ക്കല്ലാത്ത കുത്തിവെപ്പ്
. ഇന്‍ഹെയ്‌ലര്‍ ഉപയോഗം

നോമ്പു ദുര്‍ബലടുത്തുന്ന
കാര്യങ്ങള്‍

. ബോധത്തോടെ തിന്നുക/കുടിക്കുക.
. ആര്‍ത്തവം, പ്രസവരക്തം
. ഇഛാപൂര്‍വമായ സ്ഖലനം
. സംഭോഗം
. ഡയാലിസിസ്, രക്തസ്വീകരണം
(ഇവ ആവശ്യമായി വരുന്ന രോഗികള്‍ നോമ്പ് നീട്ടിവെക്കാന്‍ ഇളവ് അനുവദിക്കപ്പെട്ടവരാണ്. അതിനാല്‍ അവര്‍ പിന്നീട് നോറ്റു വീട്ടിയാല്‍ മതി.)

ലൈലത്തുല്‍
ഖദ്ര്‍

വിശുദ്ധ ഖുര്‍ആനിന്റെ അവതരണമാണ് റമദാനിന്റെ ശ്രേഷ്ഠതക്ക് നിദാനം. ഖുര്‍ആന്‍ അവതരിച്ച രാവിനാണ് ലൈലതുല്‍ഖദ്ര്‍ (നിര്‍ണയത്തിന്റെ രാത്രി) എന്നു പറയുന്നത്.
”നിശ്ചയം നാം ഖുര്‍ആനിനെ ലൈലതുല്‍ഖദ്റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ ഉത്തമമാകുന്നു. അന്നു മലക്കുകളും ജിബ്രീലും തങ്ങളുടെ നാഥന്റെ അനുവാദത്തോടുകൂടി എല്ലാ കല്പനകളുമായി ഇറങ്ങിക്കൊണ്ടിരിക്കും. പ്രഭാതം വരെ അന്ന് രക്ഷയുണ്ടായിരിക്കും” (ഖുര്‍ആന്‍ 97:15).
നബി(സ) പറഞ്ഞു: ”ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ റമദാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പത് അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍” (ബുഖാരി 2020).
റമദാന്‍ അവസാനപത്തില്‍ നബി(സ) മറ്റൊരു കാലത്തും ചെയ്യാത്തവിധം ആരാധനാ കര്‍മങ്ങളില്‍ മുഴുകാറുണ്ടായിരുന്നു (മുസ്ലിം 1174).
അവസാന പത്തായാല്‍ നബി(സ) അരമുറുക്കി ഉടുക്കുകയും രാത്രി സജീവമാക്കുകയും വീട്ടുകാരെ ഉണര്‍ത്തുകയും ചെയ്യും (ബുഖാരി 2024). .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top