അനന്തതയുടെ താഴ്‌വരയിലേക്ക്
മഞ്ചലേറുന്നതിന്‍ മുമ്പ്
അതിരില്ലാത്ത സ്‌നേഹക്കടലുകള്‍
തൊട്ടറിയുന്ന തിരയായി മാറണം.
ഒന്നു വിളിക്കാതെ, കാലൊച്ച കേള്‍പ്പിക്കാതെ
കൈപിടിക്കാനെത്തുന്നതിന്‍ മുമ്പ്
ആശകളുടെ ആകാശത്തിലെ
നക്ഷത്രങ്ങളെ ചുംബിക്കാനാകണം.
ക്ഷണിക്കാതെ വന്നു ക്ഷണത്തിലെന്നെ
പുല്‍കിയുറക്കുന്നതിന്‍ മുമ്പ്
അനാഥത്വത്തിനിരുളില്‍ പിടയുന്നവനെ
ചേര്‍ത്തണക്കുന്ന വെളിച്ചമാകണം.
നിനച്ചിരിക്കാതെ തലോടാനെത്തുന്ന
നനുത്ത കൈകള്‍ തിരിച്ചറിഞ്ഞ്
വിതുമ്പുന്ന സ്‌നേഹാധരങ്ങളോട്
വിട ചൊല്ലാന്‍ ഒരു പുഞ്ചിരി ബാക്കിയാകണം.