ഇക്കാലത്ത് വളരെ സാധാരണയായി ഉപയോഗിക്കുന്ന വാക്കാണ് വിഷാദം അല്ലെങ്കിൽ ഡിപ്രഷൻ എന്നത്. ഞാൻ ഡിപ്രസ്ഡാണ് അല്ലെങ്കിൽ ഇന്നൊരു ഡിപ്രസ്ഡ് മൂഡ് ആണ് എന്നൊക്കെ പലരും പറയുന്നത് കേട്ടിട്ടുണ്ടാകും. അത്ര നിസ്സാരവൽക്കരിക്കേണ്ട ഒന്നല്ല വിഷാദരോഗം. കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ളവരിൽ ഒരുപോലെ ഉണ്ടാവുന്ന ഒരവസ്ഥയാണിത്. മാത്രമല്ല നാൾക്കുനാൾ വിഷാദരോഗം പിടിപെടുന്ന ആളുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൃത്യസമയത്ത് മനസ്സിലാക്കി ചികിത്സിച്ചില്ലെങ്കിൽ ആത്മഹത്യയിലേക്കു വരെ നയിക്കുന്നതാണ് ഈ അവസ്ഥ.
നാട്ടിലെ ഓൾറൗണ്ടറായിരുന്നു നസീബ്. നാട്ടിൽ എന്തു പരിപാടി ഉണ്ടായാലും എല്ലാവരെയും സഹായിക്കാനും അത് വിജയിപ്പിക്കാനും നസീബാണ് മുന്നിൽ ഉണ്ടാവുക. ട്രിപ്പുകളും ക്യാമ്പുകളും ഒക്കെയായി എപ്പോഴും സജീവമായിരുന്നു അവൻ. പഠനത്തിലും മിടുക്കൻ. ഉന്നത വിജയത്തോടെ ബിരുദാനന്തര ബിരുദവും കഴിഞ്ഞപ്പോൾ അവൻ വളരെയധികം ഇഷ്ടത്തോടെ മിലിറ്ററിയിൽ ചേരാൻ തീരുമാനിച്ചു. പെട്ടെന്നു തന്നെ സെലക്ഷൻ കിട്ടുകയും ചെയ്തു. ആദ്യ ട്രെയിനിങിനിടയിലാണ് അകാരണമായ പേടിയും വിഷാദവും നസീബിന് പിടിപെടുന്നത്. ഉറക്കം നഷ്ടപ്പെടുന്നു. വിശപ്പില്ലാതാകുന്നു. ഒന്നിനോടും ഒരു താൽപര്യം തോന്നുന്നില്ല. എപ്പോഴും മുറിയിൽ അടച്ചിരിക്കാനാണ് തോന്നുന്നത്. വെറുതെ കരയാൻ തോന്നുന്നു. ആരോടും ഒന്നും സംസാരിക്കാൻ തോന്നുന്നില്ല. വീട്ടിലേക്ക് വിളിക്കാൻ തോന്നുന്നില്ല. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത തരം തീവ്രമായ ഒറ്റപ്പെടൽ. ഇങ്ങനെ പിടിച്ചുനിൽക്കാൻ പറ്റാത്ത വിധം മനസ്സിനെ വിഷാദം പിടിച്ചു മുറുക്കി കഴിഞ്ഞിരുന്നു.
എന്താണ് വിഷാദ രോഗം?
വേദനയുണ്ടാകുമ്പോഴോ മാനസിക സമ്മർദം ഉണ്ടാകുമ്പോഴോ നമുക്കുണ്ടാകുന്ന സ്വാഭാവികമായ വികാരമാണ് വിഷാദം. എന്നാൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയോ കാരണങ്ങളോടുകൂടിയോ രണ്ടാഴ്ചയോളം ഇതു നീണ്ടു നിൽക്കുകയാണെങ്കിൽ ഈ വിഷാദം ഒരു രോഗാവസ്ഥയിലേക്ക് മാറി എന്ന് പറയാം. തലച്ചോറിലെ ചില ന്യൂറോ ട്രാൻസ്‌മിറ്ററുകളുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനമാണ് വിഷാദ രോഗത്തിനു കാരണം എന്ന് പഠനങ്ങൾ കാണിക്കുന്നു. ഇതു കൂടാതെ കുട്ടിക്കാലത്തോ മറ്റോ സംഭവിച്ച ചില ആഘാതങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, പ്രിയപ്പെട്ടവരുടെ മരണമോ മറ്റു നഷ്ടങ്ങളോ, ദീർഘകാല രോഗങ്ങൾ, നിരന്തരമായ ഉറക്കമില്ലായ്മ, മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം, പാരമ്പര്യം തുടങ്ങിയ കാരണങ്ങളെല്ലാം വിഷാദരോഗത്തിലേക്ക് നയിക്കാറുണ്ട്.
രോഗലക്ഷണങ്ങൾ
. എല്ലായ്പ്പോഴും സങ്കടം അനുഭവപ്പെടുക.
. എന്ത് കാര്യം ചെയ്യാനും ഉത്സാഹക്കുറവും ഉന്മേഷക്കുറവും അതൃപ്തിയും തോന്നുക.
. ദൈനംദിന കാര്യങ്ങൾ ചെയ്‌തു മുഴുവനാക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവുക.
. ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാതിരിക്കുക.
. എല്ലാ കാര്യങ്ങളെക്കുറിച്ചും കുറ്റബോധം തോന്നുക.
. ഞാനൊരു പരാജിതനാണ്, എന്റെ എല്ലാ പരാജയങ്ങൾക്കും കാരണം ഞാൻ തന്നെയാണ് എന്ന് ചിന്തിക്കുക.
. ഞാൻ ശിക്ഷിക്കപ്പെടേണ്ട ആളാണ് എന്ന ചിന്ത.
. സ്വയം ഇഷ്ടക്കേട് തോന്നുക.
. കാരണമില്ലാതെ കരയാൻ തോന്നുകയോ കരയണമെന്ന് തോന്നുമെങ്കിലും കണ്ണീർ വറ്റിയ പോലെയോ തോന്നുക.
. ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുക.
. സ്വയം വേദനിപ്പിക്കുന്നതിനെ കുറിച്ചും മരിക്കുന്നതിനെ കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുക.
ഉറക്കത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ വിഷാദരോഗികളിൽ സാധാരണമാണ്. ചിലർക്ക് ഉറക്കം കൂടുതലാകാം, എന്നാൽ മറ്റു ചിലർക്ക് ഉറക്കമേ ഇല്ലാത്ത അവസ്ഥയും ഉണ്ടാകാം.
വിശപ്പിന്റെ കാര്യവും ഇങ്ങനെത്തന്നെ. വിഷാദരോഗികളായ ചിലർക്ക് സാധാരണയിൽ കവിഞ്ഞ വിശപ്പ് തോന്നും. എന്നാൽ മറ്റു ചിലർക്കാകട്ടെ ഒരു ഭക്ഷണവും കഴിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും. എപ്പോഴും ക്ഷീണമാണ് എന്ന തോന്നലായിരിക്കും.
വിഷാദരോഗത്തെ നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. അതിനാൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ ചികിത്സ തേടാൻ വൈകരുത്. നേരത്തെ ചികിത്സ ലഭിച്ചാൽ പ്രശ്നങ്ങളെ നല്ല രീതിയിൽ തരണം ചെയ്യാനും രോഗം ആവർത്തിച്ചു വരാതിരിക്കാനും സഹായകമാകും. എന്നാൽ ചികിത്സ വൈകിപ്പിച്ചാൽ വിഷാദരോഗം ഗുരുതരമായ മനോരോഗങ്ങളിലേക്ക് നയിക്കും. കൃത്യമായ മരുന്നു ചികിത്സയും സൈക്കോതെറാപ്പിയും വിഷാദരോഗത്തെ ഫലപ്രദമായി നേരിടാൻ സഹായിക്കും.
കുട്ടികളിലെ
വിഷാദരോഗം
ഏഴാം ക്ലാസുകാരനായ ശരത് അന്തർമുഖനായ ഒരു വിദ്യാർഥിയായിരുന്നു. പഠിക്കാൻ മിടുക്കനാണെങ്കിലും ക്ലാസിൽ ഒന്നോ രണ്ടോ കുട്ടികളോട് മാത്രമാണ് അങ്ങനെ കൂട്ടുണ്ടായിരുന്നത്. അവൻ അവന്റേതായ ഒരു ലോകത്തായിരുന്നു എപ്പോഴും. മാതാപിതാക്കളുടെ ഏക മകനായിരുന്നു അവൻ. വീട്ടിൽ എപ്പോഴും തന്റെ റൂമിൽ മാത്രം കഴിച്ചുകൂട്ടാനായിരുന്നു അവൻ ആഗ്രഹിച്ചിരുന്നത്. ഏഴാം ക്ലാസിലെ ഓണപ്പരീക്ഷക്ക് അവന് വല്ലാതെ മാർക്ക് കുറഞ്ഞു. ചില വിഷയങ്ങളിൽ അവൻ തോറ്റുപോയി. അച്ഛനും അമ്മയും ടീച്ചർമാരും കാര്യമായി തന്നെ അവനെ വഴക്ക് പറഞ്ഞു. പിറ്റേ ദിവസം രാവിലെ പെയിൻ കില്ലറുകൾ അമിതമായി കഴിച്ച് സ്വയം മരിക്കാൻ ശ്രമിച്ച അവനെ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷിക്കാനായത്. അന്തർമുഖനായിരുന്ന അവന്റെ ഉള്ളിലെ വിഷാദം ഒരു രോഗാവസ്ഥയിൽ എത്തിയിരുന്നു എന്നത് അവൻ ഒരു ആത്മഹത്യാശ്രമം നടത്തിയപ്പോൾ മാത്രമാണ് മറ്റുള്ളവർക്ക് മനസ്സിലായത്.
മുതിർന്നവരിൽ എന്നപോലെ കുട്ടികളിലും വിഷാദരോഗം വളരെ തീവ്രമായി തന്നെ കണ്ടുവരാറുണ്ട്. എന്നാൽ ചില ലക്ഷണങ്ങൾ മുതിർന്നവരിൽ നിന്നു വ്യത്യസ്തമായും കുട്ടികളിൽ കാണാറുണ്ട്. ദേഷ്യവും വാശിയും കൂടുക, നിസ്സാര കാരണങ്ങൾക്കു പോലും വല്ലാതെ ദേഷ്യം കാണിക്കുക, കൂട്ടുകാരുമായി പ്രശ്നങ്ങൾ ഉണ്ടാക്കുക, അകാരണമായ ശാരീരിക പ്രശ്നങ്ങൾ, അതായത് ചിലപ്പോൾ വയറുവേദന, തലവേദന എന്നൊക്കെ പറഞ്ഞു സ്കൂളിൽ പോകാൻ മടി കാണിക്കുക, അമിതമായ വിശപ്പ്, അമിതമായ സ്‌ക്രീൻ അഡിക്‌ഷൻ, കൂട്ടുകാരുടെ കൂടെ കളിക്കുന്നതിനും വീട്ടുകാരോടും മറ്റും മിണ്ടുന്നതിനും താല്പര്യമില്ലാതെ എപ്പോഴും മൊബൈൽ കാണുകയോ ഗെയിം കളിക്കുകയോ ചെയ്യുക തുടങ്ങി വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളോട് യാതൊരു സാമ്യവും ഇല്ലാത്ത തരത്തിലുള്ള പെരുമാറ്റങ്ങൾ വിഷാദരോഗം കാരണം ചില കുട്ടികളിൽ കണ്ടുവരാറുണ്ട്.
സാധാരണയിൽ നിന്ന് മാറി കുട്ടികളുടെ പ്രവർത്തനങ്ങളിലോ പെരുമാറ്റത്തിലോ എന്തെങ്കിലും വ്യത്യാസങ്ങൾ കാണുകയാണെങ്കിൽ അതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൃത്യസമയത്ത് വേണ്ട സപ്പോർട്ട് കൊടുക്കാൻ കഴിയൂ. ചികിത്സിക്കപ്പെടാതിരുന്നാൽ വീണ്ടും വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു അവസ്ഥയാണ് വിഷാദരോഗം. അതിനാൽ കുട്ടികളിലെ ലക്ഷണങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ട ചികിത്സ നൽകിയാൽ കുട്ടിക്കാലത്തു തന്നെ ഈ അവസ്ഥയിൽ നിന്നു മുക്തി നേടാൻ അവരെ പ്രാപ്തരാക്കാം. .