കേരളീയർക്ക് 2018ലാണ് നിപ വൈറസ് എന്ന പേര് പരിചിതമാകുന്നത്. കൊറോണ വൈറസ് ലോകത്തെ സ്തംഭിപ്പിക്കുന്നതിനു മുൻപേ തന്നെ കേരള ക്കരയെ വിറപ്പിച്ച വില്ലൻ. 17 ജീവനോളം അപഹരിച്ച ഭീകരൻ. 2019 കൊച്ചിയിൽ വീണ്ടും കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായി. 2021ൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ ഒരു പത്രണ്ടു വയസുകാരന്റെ ജീവനെടുത്തു നിപ. 2023ൽ ആറു പേരിൽ രണ്ട് പേർ ഈ അസുഖം കാരണം മരണപ്പെട്ടു. ഇപ്പൊ വീണ്ടും പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ നിപ ബാധിച്ച് മരണപ്പെട്ടിരിക്കുന്നു. കേരളത്തിലെ എല്ലാ നിപ കേസുകളും പരിശോധിച്ചാൽ മെയ് മുതൽ ഒക്ടോബർ വരെ ഉള്ള മാസങ്ങളിലാണ് അസുഖം ബാധിക്കുന്നതും മരണം സംഭവിക്കുന്നതും. വവ്വാലുകളുടെ പ്രജനന കാലം ആണത്രേ ഈ മാസങ്ങൾ.
നിപ വൈറസ് ഒരു ആർ എൻ എ വൈറസ് ആണ്. ഇതൊരു സൂനോട്ടിക് ഡിസീസ് ആണ് (മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖം). അതേസമയം തന്നെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാവുന്ന ഒരു സാംക്രമിക രോഗവുമാണിത്. കാലാന്തരങ്ങളിൽ വൈറസിന് സംഭവിച്ച ജനിതക മാറ്റം ഇതിനു കാരണഹേതു ആയി പറയപ്പെടുന്നു.
ഈ വൈറസിന്റെ പ്രകൃതി ദത്ത റീസർവോയർ പഴം തീനി വവ്വാലുകളാണ്. വവ്വാലുകളുടെ ശരീരശ്രവങ്ങൾ വഴിയാണ് വൈറസ് പരക്കുന്നത്. അതായതു വവ്വാല് ചപ്പിയ ഫലവർഗങ്ങൾ, കള്ള് എന്നിവയുടെ ഉപഭോഗം വഴി ഈ വൈറസ് മനുഷ്യരിലേക്ക് പകരാം.
1998 – 1999 കാലഘട്ടത്തിൽ മലേഷ്യയിൽ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ പന്നികളിൽ നിന്നായിരുന്നു മനുഷ്യരിലേക്ക് ഈ വൈറസ് പടർന്നത്. പന്നി പോലത്തെ മൃഗങ്ങൾ ഒരു ഇന്റർമീഡിയറ്റ് ഹോസ്റ്റ് ആയാണ് പ്രവർത്തിക്കാറ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നതും ശരീര ശ്രവങ്ങൾ വഴി തന്നെയാണ്.
മനുഷ്യ ശരീരത്തിൽ എത്തിയാൽ നാല് ദിവസം മുതൽ പതിനാലു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. ശക്തിയായ പനി, ശരീര വേദന, തലവേദന, കാഴ്ചക്ക് ഉണ്ടാകുന്ന മങ്ങൽ, ചുമ, ശ്വാസം മുട്ടൽ, അപസ്മാരം, ബോധം മറയൽ, ക്ഷീണം ഇവയാണ് പ്രധാന രോഗലക്ഷങ്ങൾ. രോഗം ബാധിക്കുന്ന രണ്ടു പ്രധാന അവയവങ്ങൾ ശ്വാസകോശം (ന്യൂമോണിയ), തലച്ചോർ (മെനിഞ്ചോ എൻസ്ഫലിറ്റിസ് ) എന്നിവയാണ്.
രോഗലക്ഷങ്ങൾ കണ്ടു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് വിദഗ്‌ധ ഡോക്ടറെ സമീപിക്കണം. വിശദമായ ക്ലിനിക്കൽ പരിശോധന വഴി ന്യൂമോണിയ അല്ലെങ്കിൽ മെനിഞ്ചോഎൻസെഫലിറ്റിസ് എന്ന രോഗ നിർണയം സാധ്യമാകും. ഈ ക്ലിനിക്കൽ സിൻഡ്രോം ഉള്ള ആൾക്കാരുടെ വിശദമായ ലബോററ്ററി പരിശോധന വഴി ഈ രോഗാവസ്ഥക്കുള്ള ബാക്കി കാരണങ്ങൾ ഇല്ല എന്നുറപ്പാക്കണം. തുടർന്ന് നട്ടെല്ലിൽ നിന്ന് നീര് കുത്തി എടുത്തു നടത്തുന്ന സി സ്‌ഫ് പരിശോധന, ആർ ടി പി സി ആർ പരിശോധന ഇവയെല്ലാം വഴി രോഗനിർണയം സാധ്യമാകും.
രോഗനിർണയം നടത്തിയാൽ ഗുരുതര അവസ്ഥയിൽ ഉള്ള രോഗികൾക്ക് രോഗലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രമേ നൽകാനാവൂ. രോഗത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ ഉള്ള മരുന്ന് ഇത് വരെ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മരണ നിരക്ക് 40-74% വരെയാണ്. പിടിപെട്ടാൽ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതൽ ആണെന്നർഥം.
എങ്ങനെ
പ്രതിരോധിക്കാം?
ഈ വൈറസ് പരിസ്ഥിതിയിൽ നിലകൊള്ളുന്നത് പഴം തീനി വവ്വാലുകളിലാണ്. അവരിൽ ഈ വൈറസ് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. വവ്വാലുകളുടെ പ്രജനന കാലത്തു ശരീര ശ്രവങ്ങൾ വഴി ഈ വൈറസ് മനുഷ്യന്മാരിലേക്ക് പകരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് വവ്വാൽ കഴിക്കാൻ സാധ്യതയുള്ള പഴവർഗങ്ങൾ (പേരക്ക, ഞാവൽ പഴം, റംബൂട്ടാൻ, ചാമ്പങ്ങ, മാങ്ങ തുടങ്ങിയവ) ഈ സമയത്തു നന്നായി കഴുകിയും തൊലി കളഞ്ഞും മാത്രം കഴിക്കുക. പറ്റുമെങ്കിൽ ഈ കാലത്തു ഇത്തരം പഴങ്ങൾ പരമാവധി ഒഴിവാക്കുക. താഴെ വീണതോ മൃഗങ്ങൾ കടിച്ചതോ ആയ പഴങ്ങൾ പൂർണമായി ഒഴിവാക്കുക.
വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ കൂടുതൽ ജാഗ്രത പുലർത്തുക.
നിപ അണുബാധ സംശയിക്കുന്ന ആളെ ഐസൊലേഷൻ വാർഡിൽ ആണ് അഡ്മിറ്റ് ചെയ്യാറ്. വീട്ടിലാണെങ്കിലും ഇത്തരം ആളുകളുമായി സാമൂഹിക അകലം പാലിക്കാനും ക്ലോസ് കോൺടാക്ട് ഒഴിവാക്കാനും ശ്രദ്ധിക്കണം.
മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കും ഇത് പടരുന്നത് ശരീര ശ്രവങ്ങൾ വഴി തന്നെയാണ്. ഇത്തരം രോഗികളെ ശുശ്രൂഷിക്കുന്ന ആളുകൾ സാർവത്രിക മുൻകരുതലുകൾ കൈകൊള്ളേണ്ടത് അത്യന്താപേക്ഷിമാണ്. ഫേസ്‌മാസ്ക്, കൈയുറ, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക.
ഒട്ടു മിക്ക സംക്രമിക രോഗങ്ങൾക്കും ഇന്ന് ഫലപ്രദമായ വാക്‌സിനേഷൻ ലഭ്യമാണ്. പക്ഷെ നിപയുടെ കാര്യത്തിൽ ഒരു ഫലപ്രദമായ ചികിത്സ യോ വാക്‌സിനേഷനോ ലഭ്യമല്ല. രോഗം വരാതെ ശ്രദ്ധിക്കുകയാണ് ഏറ്റവും നല്ലത്. .