ജനിക്കുമ്പോള്‍ കരഞ്ഞവരാണ് നമ്മള്‍. കരഞ്ഞില്ലെങ്കില്‍ അടിച്ച് കരയിപ്പിച്ചിട്ടുണ്ട്. ആ കരച്ചില്‍ കേട്ട് ചിലര്‍ മനസ്സ് നിറഞ്ഞ് ചിരിച്ചു. ഒരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം കൊണ്ടാണ് അവര്‍ ചിരിച്ചത്. ജനിച്ചാല്‍ മരണവും ഉറപ്പ്. ജീവിതത്തില്‍ ഉറപ്പുള്ള ഒരേയൊരു കാര്യമാണ് മരണം. ആ ഉറപ്പിലേക്കുള്ള പ്രയാണത്തിനിടയിലാണ് ഒട്ടും ഉറപ്പില്ലാത്ത കുറെയധികം കാര്യങ്ങള്‍ മനുഷ്യര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
‘നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും’ എന്ന തലക്കെട്ടുമായി ഒരു പുസ്തകം തന്നെയുണ്ട്. റോബിന്‍ ശർമ എഴുതിയതാണ്. ജീവിക്കുന്ന കാലത്ത് നമ്മളെത്ര ജീവിതങ്ങളെ തൊട്ടു എന്നതിനെ ആശ്രയിച്ചാണ് മരണ ശേഷമുള്ള കരച്ചിലുകള്‍. ഒരു ചോദ്യവും പറച്ചിലുമില്ലാതെ നമ്മുടെ ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിമിഷങ്ങള്‍ മിനുട്ടുകളാകുന്നു. മണിക്കൂറുകളാകുന്നു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും മാറിമറിയുന്നു. നിശ്ചിതമായ മരണത്തിലേക്കുള്ള യാത്രക്കിടയില്‍ അനിശ്ചിതമായ ഒരു ജീവിതം. ആ വിലപ്പെട്ട ജീവിതത്തെ നമ്മളെങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് മാത്രമാണ് മരണ ശേഷമുള്ള വിധി.
മനോഹരമായ ലോകത്തെ അനുഭവിക്കാന്‍ നമുക്ക് ലഭിച്ച അവസരമാണ് ജീവിതം. ജീവിതം എന്ന അവസരം പോലെ ജീവിതത്തിലും ചില അവസരങ്ങള്‍ കിട്ടും. ആ അവസരങ്ങളെ എങ്ങനെ വിനിയോഗിക്കുന്നു എന്നത് തന്നെയാണ് പ്രധാനം. ചിട്ടകളും വ്യവസ്ഥകളുമില്ലാതെ ജീവിച്ചാല്‍ ആ ജീവിതം സാര്‍ത്ഥകമാകില്ല. മറിച്ച്, കൃത്യമായ കാഴ്ചപ്പാടുകളും ദിനചര്യകളുമാണ് ജീവിതത്തെ സമ്പന്നമാക്കുന്നത്. ജീവിതത്തിന് ഒരു വ്യവസ്ഥയുണ്ടാക്കണം എന്ന് ചുരുക്കം.
നേരത്തെ എഴുന്നേല്‍ക്കുക, ധ്യാനിക്കുക, വ്യായാമം ചെയ്യുക, നന്നായി ചിരിക്കുക, പുസ്തകങ്ങള്‍ വായിക്കുക, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുക തുടങ്ങി ദിനചര്യയുടെ ഭാഗമാകേണ്ട ചില കാര്യങ്ങള്‍ റോബിന്‍ ശർമ നിര്‍ദേശിക്കുന്നുണ്ട്. ഒരു ദിനചര്യ 21 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ അത് ശീലമായി മാറുമെന്നും അദ്ദേഹം പറയുന്നു.
സാധാരണ ഇത്തരം പുസ്തകങ്ങളിലെല്ലാം ജീവിതത്തെക്കുറിച്ചാണ് പറയുക. ജീവിതത്തിന്റെ ആസ്വാദ്യകരമായ നിമിഷങ്ങള്‍, സൗന്ദര്യബോധം, സന്തോഷ രഹസ്യം എന്നിവയൊക്കെയാണ് വിശദീകരിക്കുക. എന്നാല്‍ ഈ പുസ്തകം മരണത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ജീവിതത്തെ പ്രചോദിപ്പിക്കുന്നത്. നിങ്ങളുടെ ശവസംസ്‌കാര ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരൊക്കെ നിങ്ങളെപ്പറ്റി നല്ലത് പറയും? ആരൊക്കെ കരയും? എന്നൊക്കെയാണ് ചോദിക്കുന്നത്.
സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറാനും നമ്മളെല്ലാം ഒരു ദിവസം അവസാനിക്കാനുള്ള ജന്മങ്ങളാണെന്ന് ബോധ്യപ്പെടാനും ഇത്തരം ചോദ്യങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കണം. മടികൂടാതെ ലക്ഷ്യത്തിലേക്ക് കുതിക്കാനും മരണബോധം വളരെ നല്ലതാണ്. കൂടുതല്‍ സമയമില്ലെന്ന് ചിന്തിക്കുമ്പോഴാണല്ലോ പല ജോലികളും നമ്മള്‍ വേഗം ചെയ്തു തീര്‍ക്കുന്നത്. ജീവിതത്തിലും ദിവസങ്ങള്‍ കുറവാണെന്ന് ചിന്തിച്ചാല്‍ ലക്ഷ്യങ്ങളിലേക്ക് അതിവേഗം കുതിച്ച് ചെല്ലാന്‍ കഴിയും.
നുണകള്‍ പറയുന്നത് കുറച്ചാല്‍ തെറ്റുകള്‍ കുറയും. സത്യസന്ധത താനെ കൈവരും. ചുറ്റുമുള്ളവരോട് കാരുണ്യത്തോടെ പെരുമാറുമ്പോള്‍ നമ്മുടെ സ്‌നേഹ അക്കൗണ്ടിലേക്ക് നിക്ഷേപങ്ങള്‍ പെരുകും. ചുറ്റുമുള്ളവര്‍ നമ്മെ എത്രത്തോളം സ്വീകരിക്കുന്നുവോ അത് നമ്മുടെ സന്തോഷത്തിന് കാരണമാകും. ചെറിയ വിഷമങ്ങള്‍ വിഷമങ്ങളല്ലാതാകും. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ചിന്തിക്കാതെ, ഓരോ ദിവസവും പുതിയതാക്കി മാറ്റണം. സ്വയം കുറ്റപ്പെടുത്തുന്നവരും വിധിയെ പഴിക്കുന്നവരും എത്ര ശക്തരായിട്ടും കാര്യമില്ല. മനസ്സിന് ശക്തിയുള്ളവന്‍ ബലവാനല്ലെങ്കിലും മുന്നോട്ട് കുതിക്കുന്നു. അതില്ലാത്തവന്‍ കരുത്തനാണെങ്കിലും ജീവിതത്തിന്റെ വഴിത്താരകളില്‍ കിതച്ച് തളരുന്നു, ചിലപ്പോഴൊക്കെ വീണുപോകുന്നു.
ഉണരുമ്പോഴുള്ള ആദ്യത്തെ 30 മിനുട്ട് നിര്‍ണായകമാണ്. ‘പ്ലാറ്റിനം 30’ എന്നാണ് റോബിന്‍ ശർമ അതിനെ വിളിക്കുന്നത്. ഈ 30 മിനുട്ട് ശരിയായി വിനിയോഗിച്ചാല്‍ ജീവിതം മുഴുവന്‍ മാറ്റങ്ങളുണ്ടാകും. 30 മിനുട്ടില്‍ 15 ധ്യാനത്തിന് വേണ്ടിയും രണ്ടാമത്തെ ഭാഗം വിജ്ഞാന സമ്പാദനത്തിന് വേണ്ടിയും ഉപയോഗിക്കണം. ജീവിതത്തില്‍ മുന്‍ഗണനകള്‍ തീരുമാനിക്കണം. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കഴിയില്ലെന്ന് തുറന്ന് പറയണം. നോ എന്ന് പറയാനുള്ള മടിയാണ് പലരെയും അനാവശ്യ കാര്യങ്ങളില്‍ മുഴുകുന്ന അവസ്ഥയിലെത്തിക്കുന്നത്. ശരീരത്തിന് ഭക്ഷണമെന്ന പോലെ മനസ്സിന് ക്രിയാത്മക ചിന്തകളും അനിവാര്യമാണ്. മൃഗങ്ങളെ പോലെ ജീവിക്കുന്നതിന് പകരം ചുറ്റുമുള്ള അജ്ഞാത രഹസ്യങ്ങളെ ചോദിച്ച് ചോദിച്ച് പഠിക്കാന്‍ ശ്രമിക്കണം. വിജ്ഞാനത്തിനും വിനോദത്തിനും വ്യായാമത്തിനും ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനും സമയം കണ്ടെത്തണം.
സുരക്ഷിതത്വത്തിന്റെ പുതപ്പാണ് എല്ലാവര്‍ക്കും ഇഷ്ടം. അത്തരം പുതപ്പുകളില്‍ മയങ്ങുന്നവന് ജീവിതത്തില്‍ ഉണര്‍ന്നിരിക്കാനാവില്ല. മറിച്ച്, ആ പുതപ്പിനെ വകഞ്ഞ് തണുപ്പിനെ നേരിട്ട് മുന്നോട്ട് നടക്കുന്നവനാണ് ജീവിതത്തെ കണ്ടെത്തുന്നത്. സുരക്ഷിത സ്ഥാനങ്ങളില്‍ ഇരിക്കാന്‍ ആര്‍ക്കും പരിശീലനം ആവശ്യമില്ല. ഉപദേശത്തിന്റെയും ആവശ്യമില്ല. എന്നാല്‍ ആ തോട് പൊട്ടിച്ച് പുറത്തേക്ക് വന്ന് വെല്ലുവിളികള്‍ ഏറ്റെടുത്തവര്‍ ആരോ, അവരാണ് വിജയികള്‍. അവര്‍ ഒരുപക്ഷേ പരാജയപ്പെട്ടേക്കാം. എന്നാലും ആ പരാജയത്തിലേക്കുള്ള പാതകളിലെ അനുഭവങ്ങളായിരിക്കാം ഭാവിയുടെ ഏതെങ്കിലുമൊരു ഗതികേടില്‍ അവര്‍ക്ക് വഴികാട്ടുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ലെന്നും മരിക്കുന്നതിന് മുമ്പേ മനസ്സ് കൊണ്ട് മരിക്കുന്നതാണെന്നും റോബിന്‍ ശർമ സമർഥിക്കുന്നുണ്ട്. ശ്വാസം നിലച്ചാല്‍ മാത്രമല്ല, പുതിയ ആശയങ്ങളും അനുഭവങ്ങളും ഇല്ലാതാകുമ്പോഴും നാം മരിക്കുന്നു. എണ്‍പതാം വയസ്സില്‍ സാങ്കേതികമായി മരിച്ച ഒരാള്‍ ഈ അർഥത്തില്‍ ഒരുപക്ഷേ, മുപ്പതാം വയസ്സില്‍ തന്നെ മരിച്ചവനാകും. അർഥമില്ലാതെ ജീവിക്കുന്നത് മരണത്തിന് സമാനമാണെന്ന യാഥാർഥ്യബോധം ഏവരെയും കർമോത്സുകരാക്കുക തന്നെ ചെയ്യും. ചർമത്തില്‍ ചുളിവുണ്ടാക്കുന്നത് വര്‍ഷങ്ങളാണെങ്കില്‍, മനസ്സില്‍ ചുളിവുണ്ടാക്കുന്നത് ആശയ രാഹിത്യമാണ്.
ഭൂമിയില്‍ ജീവനോടെ സമയം കളയുന്നവരോടുള്ള ഓര്‍മപ്പെടുത്തലാണിത്. മരിച്ചവരെ പോലെ ജീവിക്കുന്നവരോട് ജീവിതത്തിലേക്ക് ഉണരൂ എന്ന് ഉറക്കെ പറയുകയാണ്. ജീവിക്കുമ്പോള്‍ സമ്പൂര്‍ണമായി ജീവിക്കുക. മരിക്കുന്നതിന് മുമ്പ് മരിക്കാതിരിക്കുക. ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് തിരിച്ചറിയുക. പുതിയ ചിന്തകളിലൂടെ, പുതിയ ആശയങ്ങളിലൂടെ പോസിറ്റീവ് വൈബിനെ സൃഷ്ടിക്കുക. നല്ല ചിന്തകളുടെ താക്കോലിട്ട് സന്തോഷത്തിന്റെ മുറികളിലേക്ക് പ്രവേശിക്കുക. ആ മുറികളില്‍ നിറയെ സുഗന്ധമായിരിക്കും. ആരും കൊണ്ടുവന്ന് തന്നതല്ല. നമ്മള്‍ തേടിപ്പിടിച്ച് കണ്ടെത്തിയതാണ്. സന്തോഷത്തിലേക്ക് സ്വയം എടുത്തെറിയാതെ ആരും അതങ്ങനെ കെട്ടിപ്പൊതിഞ്ഞ് കൊണ്ടുവരില്ല. നമ്മുടെ ഉള്ള് പറയുന്നതെന്തോ, അതാണ് നമ്മള്‍.
‘നിങ്ങള്‍ ജനിച്ചപ്പോള്‍ ലോകം ആനന്ദിച്ചു, പക്ഷെ നിങ്ങള്‍ കരഞ്ഞു. നിങ്ങള്‍ മരിക്കുമ്പോള്‍ ലോകം കരയുകയും നിങ്ങള്‍ ആനന്ദിക്കുകയും ചെയ്യുന്ന തരത്തില്‍ ജീവിക്കുക’ എന്നാണ് പഴയൊരു സംസ്‌കൃതം പഴഞ്ചൊല്ല്. എത്ര അർഥവത്തായ വാക്യം! എത്ര മനോഹരമായ ജീവിത ദര്‍ശനം!
ഒരു മൃഗത്തിന് ഭക്ഷണം നല്‍കുമ്പോള്‍, ഒരു ചെടിക്ക് വെള്ളം നല്‍കുമ്പോള്‍, പെരുവഴിയില്‍ ഒറ്റപ്പെട്ട ഒരാള്‍ക്ക് ലിഫ്റ്റ് കൊടുക്കുമ്പോള്‍, ഒരു മരം നടുമ്പോള്‍… അങ്ങനെ ജീവിതത്തില്‍ ആനന്ദം കണ്ടെത്താനുള്ള ലളിതമായ വഴികള്‍ പരിശീലിക്കണം. സ്വന്തം ശരീരത്തോട് സ്‌നേഹമുണ്ടാകണം. അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരാകണം. നമുക്ക് മാറ്റാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്‍ തലപുകച്ച് സമയം പാഴാക്കരുത്. ജീവിതം ദുരന്തമാണെങ്കില്‍ മരണവും ദുരന്തമായിരിക്കും. ജീവിതത്തിലെ നന്മകള്‍ മരണത്തെയും വസന്തം പോലെ മനോഹരമാക്കുന്നു. .