കഴിഞ്ഞ ദിവസം പല്ലില്‍ കറയുണ്ടെന്നു പറഞ്ഞ് ഒരു ദുബായിക്കാരന്‍ ക്ലിനിക്കില്‍ വന്നു.
”പുകവലിക്കുമോ?”
ഉത്തരം ‘അതെ’ എന്നാണെന്ന് അറിയാഞ്ഞിട്ടല്ല, രോഗകാരണം രോഗിയെക്കൂടി ബോധ്യപ്പെടുത്താനാണ് ഈ ചോദ്യം.
”ഏയ്… ഞമ്മക്ക് പണ്ടുമുതലേ അങ്ങനത്തെ ശീലങ്ങളൊന്നുല്ല.”
അയാള്‍ വേഗത്തില്‍ പറഞ്ഞൊപ്പിച്ചു. പിന്നെ, ഇടങ്കണ്ണിട്ട് അപ്പുറത്തെ കസേരയിലിരിക്കുന്ന തന്റെ ഭാര്യയെ ഒന്നു നോക്കി. കാര്യത്തിന്റെ കിടപ്പുവശം ഏകദേശം പിടികിട്ടിയതിനാല്‍ ഞാന്‍ പിന്നെ അതിനെക്കുറിച്ചു ചോദിക്കാതെ ചികിത്സയിലേക്ക് കടന്നു. മുഖം മാത്രമല്ല പല്ലും മനസ്സിന്റെ കണ്ണാടി തന്നെയാണെന്ന് പറയാം. ഒട്ടനേകം രോഗങ്ങളുടെ രോഗലക്ഷണങ്ങള്‍ വായിലും പ്രത്യക്ഷപ്പെടാറുണ്ട്, നേരെ തിരിച്ചും.
വെളുത്ത മുത്തുപോലുള്ള പല്ലുകള്‍ വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ‘ഭംഗിയുള്ള ചിരി’ എന്നു ചിലരെക്കുറിച്ചെങ്കിലും നമ്മള്‍ പറയാറുണ്ട്. വിവാഹം പ്രമാണിച്ച് പല്ല് വെളുപ്പിക്കാന്‍ വരുന്നവരുടെ എണ്ണവും കുറവല്ല. യൂട്യൂബില്‍ കാണുന്ന സാധനങ്ങള്‍ വാങ്ങിത്തേച്ചു ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്ന് പറഞ്ഞു വരുന്നവരുമുണ്ട്. എന്നാല്‍, എന്തുകൊണ്ട് പല്ലുകളുടെ നിറം മാറുന്നു, പല്ലുകളുടെ നിറമെങ്ങനെ കാത്തുസൂക്ഷിക്കാം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ നിത്യവും കേള്‍ക്കേണ്ടി വരാറുണ്ട്.
നമ്മുടെ ദുബായിക്കാരന്റെ കാര്യം തന്നെയെടുക്കാം. പുകയില ഉത്പന്നമാണ് ഇവിടെ വില്ലനെന്ന് ഇതിനോടകം തന്നെ വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ. നമ്മള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ കൊണ്ട് പല്ലിന്റെ നിറം മാറുകയാണെങ്കില്‍ അതിനെ എക്‌സ്ട്രിന്‍സിക് (ബാഹ്യമായ) സ്റ്റെയിന്‍ എന്നു വിളിക്കാം. പുകയിലയെക്കൂടാതെ ചില ഭക്ഷണപദാര്‍ഥങ്ങളും പാനീയങ്ങളും ഈ ഇനത്തില്‍പ്പെടും. അതില്‍ കോളയും റെഡ് വൈനും കൂടാതെ തങ്ങളുടെ ഇഷ്ടപ്പെട്ട ചായയും കാപ്പിയുമുണ്ടെന്നറിയുമ്പോള്‍ ചിലരുടെയെങ്കിലും മുഖമൊന്നു ചുളിയും. സ്ഥിരമായി സ്വിമ്മിങ് പൂള്‍ ഉപയോഗിക്കുന്നവര്‍ക്കും മോണയില്‍ രക്തസ്രാവമുള്ളവര്‍ക്കും എക്‌സ്ട്രിന്‍സിക് സ്റ്റെയിനുണ്ടാകാം. നിത്യവും അടിഞ്ഞുകൂടുന്ന പ്ലാക് പല്ലുകളെ മഞ്ഞനിറമാക്കുന്നു. പല്ലുകളും വായയും ശരിയായ രീതിയില്‍ വൃത്തിയാക്കാതിരിക്കുന്നത് ഇതിന്റെ ആക്കം കൂട്ടും. കൂടാതെ, വെള്ളത്തില്‍ അമിതമായി ഫ്‌ളൂറൈഡിന്റെ അളവ്, ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത്‌പേസ്റ്റുകളുടെ അമിതമായ ഉപയോഗം മൂലവും പല്ലുകളില്‍ ചെറിയ വെളുത്ത കുത്തുകള്‍ വരാന്‍ സാധ്യതയുണ്ട്.
കെമിക്കല്‍ സ്റ്റെയിന്‍
. ക്ലോര്‍ഹെക്‌സിഡീന്‍ മൗത്ത്‌വാഷ്
ദീര്‍ഘകാലമായുള്ള മൗത്ത്‌വാഷിന്റെ ഉപയോഗം.
. മെറ്റാലിക് സ്റ്റെയിന്‍
വ്യവസായശാലകളില്‍ നിന്നുള്ള മെറ്റല്‍ അടങ്ങിയ പൊടി ശ്വസിച്ചിട്ടുണ്ടാകുന്നത്.
ഇന്‍ട്രിന്‍സിക് (അന്തര്‍ലീനമായ) സ്റ്റെയിനിനെക്കുറിച്ച് പറയാം, ആറു മാസം മുമ്പ് ക്ലിനിക്കില്‍ വന്ന ഒരു രോഗിയുടെ മുന്‍പല്ല് നിറം മാറിയിരുന്നു. നോക്കിയപ്പോള്‍ കേടൊന്നുമില്ലായിരുന്നു. പല്ല് എവിടെയെങ്കിലും വെച്ച് ശക്തമായി ഇടിക്കുകയോ രോഗി എവിടെയെങ്കിലും വീഴുകയോ ആണെങ്കില്‍ പല്ലിന്റെ പള്‍പ്പ് നശിക്കുകയും ക്രമേണ നിറം മാറുകയും ചെയ്യാം. ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് അവര്‍ ഉറപ്പിച്ചുപറഞ്ഞു. കരള്‍രോഗമോ രക്തസംബന്ധമായ രോഗങ്ങളോ ഇല്ല താനും. ടെട്രാസൈക്ലിന്‍ പോലുള്ള മരുന്നുകള്‍ കഴിച്ചിട്ടുമില്ല. പിന്നെ എന്തായിരിക്കും?
ചികിത്സ വിധിച്ചു, രോഗിക്ക് അപ്പോയിന്‍മെന്റ് കൊടുത്തു പറഞ്ഞയച്ചു. വൈകുന്നേരമായപ്പോള്‍ എനിക്കൊരു ഫോണ്‍ വന്നു. നോക്കുമ്പോള്‍ പ്രസ്തുത രോഗിയാണ്. മാസങ്ങള്‍ക്കു മുമ്പ് തനിക്കൊരു അപകടം പറ്റിയിട്ടുണ്ടായിരുന്നുവെന്നും അന്ന് പല്ലിനു പൊട്ടലൊന്നുമില്ലാത്തതിനാല്‍ മറന്നുപോയതാണെന്നും അയാള്‍ പറഞ്ഞു. ട്രോമയുടെ ആഘാതമനുസരിച്ചു പല്ലിന്റെ പള്‍പ്പ് നശിക്കാന്‍ ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ ചുരുക്കം ചില അവസരങ്ങളില്‍ വര്‍ഷങ്ങളോ എടുത്തെന്നു വരാം.
മറ്റു കാരണങ്ങള്‍
ആല്‍കെപ്‌ടോനൂറിയ, രക്തസംബന്ധമോ ലിവര്‍സംബന്ധമോ ആയ രോഗങ്ങള്‍, പല്ലിലെ കേട്, പ്രായാധിക്യം എന്നിവയും ഇന്‍ട്രിന്‍സിക് സ്റ്റെയിനിന് കാരണമാകുന്നു.
ചികിത്സ
അകാരണമായി പല്ലിന്റെ നിറത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്നു തോന്നുകയാണെങ്കില്‍ ഉടനെ ഒരു ഡെന്റിസ്റ്റിന്റെ സഹായം തേടേണ്ടതാണ്. നിറംമാറ്റത്തിന്റെ കാരണമനുസരിച്ചു ഡെന്റിസ്റ്റ് നിങ്ങള്‍ക്ക് ചികിത്സ വിധിക്കും.
വീട്ടില്‍ ചെയ്യാവുന്ന
കാര്യങ്ങള്‍
. പല്ലിന്റെ നിറം വീണ്ടെടുക്കാന്‍ ചായ, കാപ്പി, കോള, റെഡ് വൈന്‍ പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുകയോ അവയുടെ ഉപയോഗം കുറക്കുകയോ ചെയ്യുക.
. ശരിയായ വിധത്തില്‍ പല്ല് തേക്കുന്നതും ഫ്‌ളോസ് ചെയ്യുന്നതും ശീലമാക്കുക.
. ഹോം ബ്ലീച്ചിങ്: ഡെന്റിസ്റ്റ് നിര്‍ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കിതു വീട്ടില്‍ത്തന്നെ ചെയ്യാവുന്നതാണ്.
മറ്റു ചികിത്സകള്‍
. പല്ലിന്റെ നിറം വീണ്ടെടുക്കാന്‍ ആറു മാസം കൂടുമ്പോള്‍ ഡെന്റിസ്റ്റിന്റെ സഹായത്തോടെ പല്ല് ക്ലീന്‍ ചെയ്യുക.
. ഇന്‍ ഓഫീസ് ബ്ലീച്ചിങ്
. ക്രൗണ്‍
. ബോണ്ടിങ്
. വെനീര്‍.