LoginRegister

നഴ്‌സിങ് മേഖലയിലെ പഠനാവസരങ്ങള്‍

പി കെ അന്‍വര്‍ മുട്ടാഞ്ചേരി

Feed Back


പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. നഴ്സിങ് മേഖലയിലെ പ്രധാന പഠനാവസരങ്ങളെ പരിചയപ്പെടുത്തുമല്ലോ.
ദാനിയ ചങ്ങരംകുളം

ആരോഗ്യ പരിപാലനരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിദഗ്ധ തൊഴിലാണ് നഴ്‌സിങ്. ശാരീരികവും മാനസികവുമായ വൈകല്യങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവരെ പരിചരിക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശാസ്ത്രീയമായ മരുന്നും ചികിത്സയും നല്‍കുകയും ചെയ്യുന്നവരാണ് നഴ്സുമാര്‍. കേവലമൊരു ജോലി എന്നതിലുപരി, ഒരു പരിപാവനമായ സേവന പ്രവര്‍ത്തനം കൂടിയാണ് നഴ്സിങ്. അങ്ങനെ കാണുന്നവര്‍ക്കു മാത്രമേ ഈ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കുകയുള്ളൂ. വിശാലമായ അറിവ്, കഠിനാധ്വാനം, ആശയവിനിമയ വൈദഗ്ധ്യം, ക്ഷമ, സഹനം തുടങ്ങിയ ഘടകങ്ങളും അവശ്യമാണ്. ചെറിയ ക്ലിനിക്കുകള്‍ മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ വരെ ഒട്ടേറെ തൊഴിലവസരങ്ങളാണ് നഴ്സിങ് യോഗ്യതയുള്ളവരെ കാത്തിരിക്കുന്നത്. ഏറെ സവിശേഷമായ ഈ മേഖലയിലേക്ക് പ്രവേശനം സാധ്യമാക്കുന്ന പ്രധാന കോഴ്സുകളെ പരിചയപ്പെടാം:
ഓക്സിലറി നഴ്സ് ആന്റ്
മിഡ്‌വൈഫ്സ് (ANM)

നഴ്സിങ്് മേഖലയിലെ അടിസ്ഥാന കോഴ്സ് എന്ന് കരുതാവുന്ന ഓക്സിലറി നഴ്സ് ആന്റ് മിഡ് വൈഫ്സ് എന്ന രണ്ട് വര്‍ഷ പ്രോഗ്രാം, തിരുവനന്തപുരം, പാലക്കാട്, കോട്ടയം, കാസര്‍കോട് എന്നീ സര്‍ക്കാര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് സ്‌കൂളുകളിലാണുള്ളത്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്ലസ്ടു/ തത്തുല്യ പരീക്ഷാവിജയമാണ് യോഗ്യത. മലയാളം എഴുതാനും വായിക്കാനും കഴിയണം. അപേക്ഷാര്‍ഥിയുടെ ജില്ലക്കനുസരിച്ച് ബന്ധപ്പെട്ട സെന്ററിലേക്കാണ് പൂരിപ്പിച്ച അപേക്ഷ നല്‍കേണ്ടത്. തിരുവനന്തപുരം (തൈക്കാട്) സെന്ററില്‍ പട്ടിക വിഭാഗക്കാര്‍ക്ക് മാത്രമാണ് പ്രവേശനം. വെബ്‌സൈറ്റ്: dhs.kerala.gov.in.
ജനറല്‍ നഴ്സിങ് ആന്റ്
മിഡ്വൈഫറി (GNM)

പ്ലസ്ടു തലത്തില്‍ സയന്‍സ് വിഷയങ്ങള്‍ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പഠിച്ചവര്‍ക്ക് പ്രവേശനം ലഭിക്കുന്ന മൂന്ന് വര്‍ഷ കോഴ്സാണിത്. സയന്‍സ് വിദ്യാര്‍ഥികളുടെ അഭാവത്തില്‍ മറ്റു സ്ട്രീമുകാരെയും പരിഗണിക്കാറുണ്ട്. കേരളത്തിലെ വിവിധ സര്‍ക്കാര്‍ നഴ്സിങ് കോളജുകളില്‍ ഈ കോഴ്സ് ലഭ്യമാണ്. ഓരോ സെന്ററുകളിലും 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കാണ്. അവരുടെ അഭാവത്തില്‍ പ്രസ്തുത സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കും. സ്വന്തം ജില്ലയിലെ നഴ്സിങ് സ്‌കൂളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അപേക്ഷകരുടെ എസ് എസ് എല്‍ സി/ തത്തുല്യ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ജില്ലയിലെ നഴ്സിങ് സ്‌കൂളിലാണ് പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റ്: dhs.kerala.gov.in
ജി എന്‍ എം കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഭാവിയില്‍ ഒരു നഴ്സിങ് ബിരുദം എടുക്കണമെങ്കില്‍ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിങ് എന്ന രണ്ട് വര്‍ഷ പ്രോഗ്രാം വഴി അവസരമുണ്ട്.
ബി എസ് സി നഴ്സിങ്
പ്ലസ്ടു സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പഠനം കഴിഞ്ഞ് പോകാവുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാമാണ് ബി എസ് സി നഴ്സിങ്. ഒരു വര്‍ഷത്തെ പ്രായോഗിക പരിശീലനം ഉള്‍പ്പെടെയാണ് നാല് വര്‍ഷം. വിവിധ സ്ഥാപനങ്ങളിലെ പ്രവേശന രീതികള്‍ വ്യത്യസ്തമാണ്. കേരളത്തില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു വേണ്ടി എല്‍ ബി എസ് സെന്ററാണ് കേന്ദ്രീകൃത അലോട്ട്‌മെന്റ് നടത്തുന്നത് (lbscentre.in).
സര്‍ക്കാര്‍ നഴ്സിങ് കോളജുകള്‍, സര്‍ക്കാര്‍ കണ്‍ട്രോള്‍ഡ്/ പ്രൈവറ്റ് സെല്‍ഫ് ഫൈനാന്‍സിങ് നഴ്സിങ് കോളജുകള്‍ എന്നിവയിലെ മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം ലഭിക്കുക. സെല്‍ഫ് ഫൈനാന്‍സിങ് കോളജുകളിലെ 50 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനമാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. ബാക്കിയുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രത്യേകം അപേക്ഷ നല്‍കണം. കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ പ്രൊഫഷനല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസി(CPAS)ന്റെ കീഴിലെ സ്വാശ്രയ സ്ഥാപനമായ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (www.cpas.ac.in), കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ മലബാര്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയന്‍സ് ആന്റ് റിസര്‍ച്ച് (www.mcc.kerala.gov.in), അസോസിയേഷന്‍ ഓഫ് ദ മാനേജ്മെന്റ്‌സ് ഓഫ് ക്രിസ്ത്യന്‍ സെല്‍ഫ് ഫിനാന്‍സിങ് നഴ്‌സിങ് കോളജസ് ഓഫ് കേരളയില്‍ (AMCSFNCK) അംഗങ്ങളായ നഴ്സിങ് കോളജുകള്‍ (amcsfnck.com), പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ ഓഫ് കേരള (PNCMAK) യില്‍ അംഗത്വമുള്ള നഴ്സിങ് കോളജുകള്‍ (www.pncmak.in) തുടങ്ങിയ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്ക് അതത് വെബ്‌സൈറ്റുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
മിലിറ്ററി നഴ്സിങ്
ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസി(AFMS)ന്റെ നഴ്സിങ് കോളജുകളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്ന നാല് വര്‍ഷ ബി എസ് സി നഴ്സിങ് കോഴ്സിലേക്ക് ഈ വര്‍ഷം മുതല്‍ നീറ്റ് യുജി സ്‌കോര്‍ പരിഗണിച്ചാണ് പ്രവേശനം. കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് ഓഫ് ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ ഇംഗ്ലീഷ് (ToGIGE), സൈക്കോളജിക്കല്‍ അസസ്മെന്റ് ടെസ്റ്റ് (PAT), ഇന്റര്‍വ്യൂ എന്നിവയിലെ പ്രകടനം കൂടി പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. മെഡിക്കല്‍ ഫിറ്റ്നസും തെളിയിക്കേണ്ടതുണ്ട്. പ്രവേശനത്തിനായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിച്ചിരിക്കണം. ആവശ്യാനുസരണം നീറ്റ് യുജി സ്‌കോര്‍ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും വേണം.

നഴ്സിങ് എയിംസുകളില്‍
എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ന്യൂഡല്‍ഹി, ഭുവനേശ്വര്‍, ഭോപാല്‍, ദിയോഗര്‍, ജോധ്പൂര്‍, പട്ന, നാഗ്പൂര്‍, റായ്പൂര്‍, ഋഷികേശ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നാല് വര്‍ഷത്തെ ബി എസ് സി ഓണേഴ്സ് നഴ്സിങ് പ്രോഗ്രാമുകള്‍ ലഭ്യമാണ്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പൊതു പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ബേസിക് രജിസ്ട്രേഷന്‍, ഫൈനല്‍ രജിസ്ട്രേഷന്‍ എന്നീ രണ്ട് ഘട്ടങ്ങളിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റ്: www.aiimsexams.ac.in
പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (JIPMER)ല്‍ ബി എസ് സി നഴ്സിങ് പ്രവേശനം നീറ്റ് യു ജി സ്‌കോര്‍ പരിഗണിച്ചാണ്. ജിപ്മറിന്റെ വെബ്സൈറ്റില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം (jipmer.edu.in). ഡോ. രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജ് ന്യൂഡല്‍ഹി, രാജ്കുമാരി അമൃത് കൗര്‍ കോളജ് ന്യൂഡല്‍ഹി, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി വാരാണസി, ഭോപാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഭോപാല്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ബി എസ് സി നഴ്സിങ് പ്രവേശനവും നീറ്റ് യുജി സ്‌കോര്‍ അനുസരിച്ചാണ്. എം സി സി യുടെ അലോട്ട്മെന്റ് പ്രോസസ് വഴിയാണ് പ്രവേശനം ലഭിക്കുക (www.mcc.nic.in). മെഡിക്കല്‍ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (NIMHANS) ബംഗളൂരു (nimhans.ac.in), പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (PGIMER), ചണ്ഡീഗഡ് (pgimer.edu.in) എന്നിവിടങ്ങളിലെ ബി എസ് സി നഴ്സിങ് പ്രവേശനവും പ്രത്യേക പരീക്ഷകള്‍ വഴിയാണ്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top