LoginRegister

നരബലിയിലെത്തുന്ന അന്ധവിശ്വാസങ്ങള്‍

എ ജമീല ടീച്ചര്‍

Feed Back


കേരളത്തില്‍ ഈയിടെയായി അതിക്രൂരവും വിചിത്രവുമായ രണ്ട് നരബലികള്‍ കൂടി നടന്നുകഴിഞ്ഞു. പത്തനംതിട്ടയിലെ ഇലന്തൂര്‍ എന്ന പ്രദേശത്താണ് സംഭവം നടന്നത്. റോസ്ലി, പത്മിനി എന്നീ രണ്ട് സ്ത്രീകളെയാണ് മാസങ്ങള്‍ക്കു മുമ്പ് തട്ടിക്കൊണ്ടുപോയി അരുംകൊല നടത്തിയത്. പ്രതികളായ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, ഇലന്തൂര്‍ സ്വദേശി കടകംപള്ളി വീട്ടില്‍ ഭഗവത് സിങ്, ഭാര്യ ലൈല മുതലായവര്‍ പോലീസ് കസ്റ്റഡിയിലാണ്. മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഈ കൊടുംക്രൂരത നടത്തിയത് ദേവീപ്രീതിക്കു വേണ്ടിയാണ്. കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകേണ്ടതിനു വേണ്ടിയാണുപോലും ഈ അറുകൊല നടത്തിയത്.
എന്നിട്ടും കേരള മനഃസാക്ഷി വല്ലാതെയൊന്നും ഞെട്ടിത്തരിച്ചില്ല. കാരണം അവര്‍ക്കിതു പുത്തരിയല്ല. അന്ധവിശ്വാസങ്ങളുടെ മറവില്‍ ഇത്തരം നികൃഷ്ടത്തരങ്ങള്‍ മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇന്നും നടക്കുന്നുണ്ട്. നാളെയും നടന്നെന്നു വരാം. ഇത് പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മൂവാറ്റുപുഴ എന്ന സ്ഥലത്ത് നടന്ന ഒരു നരബലിയുടെ ഓര്‍മകള്‍ കുറിച്ചിടട്ടെ. ഒരു സന്ധ്യാസമയം. സ്ഥലത്തെ ഒരു സ്‌കൂള്‍ വിട്ട് കുട്ടികളെല്ലാം തുള്ളിച്ചാടി വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന 10 വയസ്സുകാരന്‍ സുബൈര്‍കുട്ടി എന്ന ബാലന്‍ മാത്രം പോകാന്‍ ബാക്കിയുണ്ട്. അവന്‍ ഡെസ്‌കിലേക്ക് തലവെച്ചു കിടന്ന് ഏങ്ങിക്കരയുകയാണ്. കൂട്ടുകാര്‍ കാരണം തിരക്കി. വിങ്ങിപ്പൊട്ടിക്കൊണ്ട് അവന്‍ പറഞ്ഞൊപ്പിച്ചു: ”കൂട്ടുകാരേ, ഞാന്‍ സ്‌കൂള്‍ വിട്ട് വീട്ടില്‍ പോയാല്‍ പിന്നെ നാളെ നിങ്ങളെ കണ്ടെന്നു വരില്ല. എന്റെ വീട്ടില്‍ ഇന്നൊരു നരബലി നടക്കാന്‍ പോവുകയാണ്. വീടിനകത്ത് ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടുകിട്ടാനാണ് പോലും നരബലി. എന്നെയാണ് അവര്‍ അതിന് ബലിയാടാക്കുന്നത്.” അവന്‍ ഏങ്ങിയേങ്ങിക്കൊണ്ട് കാര്യം പറഞ്ഞൊപ്പിച്ചു. സ്നേഹിതന്മാര്‍ അവനെ സമാധാനിപ്പിച്ചു: ”നരബലിയോ! അതൊന്നുമുണ്ടാകില്ല. എല്ലാം നിന്റെ തോന്നലുകളാണ്. നീ സമാധാനമായി വീട്ടില്‍ പൊയ്ക്കോ.”
പക്ഷേ അവന്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. അവന്റെ സഹോദരിമാര്‍ അവനെയും കാത്തിരിക്കുകയാണ്. സ്‌കൂളില്‍ നിന്നെത്തിയ ഉടന്‍ അവര്‍ അവനെ കുളിപ്പിച്ചു മേലാകെ ഭസ്മം പൂശി ചുവന്ന മുണ്ട് ഉടുപ്പിച്ചു. ശേഷം പൂജാരിയുടെ ബലിക്കല്ലില്‍ അമര്‍ത്തിക്കിടത്തി. പൂജാരി ആക്രോശിച്ചു: ”അവന്റെ കണ്ണുകള്‍ രണ്ടും ചൂഴ്‌ന്നെടുക്കുക.” സഹോദരിമാര്‍ ആ നിഷ്ഠുര കൃത്യം ചെയ്തു. ”അവന്റെ നാക്ക് അരിഞ്ഞെടുക്കുക”- പൂജാരി ഗര്‍ജിച്ചു. സഹോദരിമാര്‍ അതും ചെയ്തു.
സുബൈര്‍കുട്ടി എന്ന ആ പാവം ബാലന്റെ ആത്മാവ് എങ്ങോ പോയ്മറഞ്ഞു. നിമിഷങ്ങളും മണിക്കൂറുകളും കഴിഞ്ഞു. പൂജാരി വാഗ്ദാനം ചെയ്തതുപോലെ നിധി പൊങ്ങിവന്നില്ല. സഹോദരിമാര്‍ക്ക് ബേജാറായി. അവര്‍ ആര്‍ത്തുവിളിച്ച് കരഞ്ഞു: ”ഞങ്ങള്‍ക്ക് നിധി വേണ്ട, ഞങ്ങളുടെ കുഞ്ഞാങ്ങളയുടെ ജീവന്‍ തിരിച്ചുതന്നാല്‍ മതി.”

പക്ഷേ, അതിന് പൂജാരിക്ക് സാധ്യമായില്ല. സംഭവം പുറത്തറിഞ്ഞു. പോലീസ് വന്ന് അന്വേഷണം നടത്തി. പൂജാരിയും സഹോദരിമാരും പിടിക്കപ്പെട്ടു. പക്ഷേ, പിന്നീട് അവര്‍ ശിക്ഷിക്കപ്പെട്ടോ എന്തോ?
ആരുമറിയാതെ ഇരുട്ടിന്റെ മറവില്‍ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരില്‍ നടക്കുന്ന ക്രൂരതകള്‍ എന്തൊക്കെയാണ്!
ഇതാണ് നമ്മുടെ കേരളം. ഇത്തരം പ്രതികളെയെല്ലാം നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ‘ആളൂരു’മാരും ഇവിടെ വട്ടമിട്ടു പറക്കുന്നുണ്ടല്ലോ. പിന്നെ എന്തു ചെയ്യും? അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരിക, അതിനെതിരെ മതം നോക്കാതെ ബോധവത്കരണം നടത്തുക എന്നത് മാത്രമാണ് മാര്‍ഗമുള്ളത്.
ദക്ഷിണ കേരളത്തെ അപേക്ഷിച്ച് മലബാര്‍ മേഖലയില്‍ ഇത്തരം ദുരാചാരങ്ങളുടെ എണ്ണം കുറവാണ് എന്നത് തെല്ലൊരാശ്വാസമാണ്. ഏകദേശം ഒരു നൂറ്റാണ്ടോളമായി മലബാറില്‍ മുജാഹിദ് പ്രസ്ഥാനം നടത്തിവരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരിലുള്ള പ്രബോധനം തന്നെയാണ് ഈ മാറ്റത്തിന് കാരണം.
പഴയ കാലത്ത് സന്ധ്യ മയങ്ങിയാല്‍ വീടുകളില്‍ നിന്ന് സ്ത്രീകളുടെ ഏങ്ങിക്കൂവല്‍ കേട്ടിരുന്നു. ശൈത്താന്‍ കൂക്ക് എന്നായിരുന്നു അതിന്റെ പേര്. സ്ത്രീകളുടെ ശരീരത്തില്‍ ശൈത്താന്‍ കൂടുന്നതായിരുന്നു പോലും അത്. ഭൂതം, പ്രേതം, കുട്ടിച്ചാത്തന്‍, കറിക്കുട്ടി, മത്തക്കുട്ടി, കാളി, കരിങ്കാളി എന്നിങ്ങനെ ഭൂത-പ്രേത-പിശാചുക്കള്‍ ഒരുപാടുണ്ടായിരുന്നു. ഇവരെയൊക്കെ പേടിച്ചും വിറച്ചുമാണ് മുസ്ലിം ബഹുജനം പോലും കഴിഞ്ഞിരുന്നത്. ഈ ബാധകള്‍ ശരീരത്തില്‍ കൂടിയാല്‍ പിന്നെ മൊല്ലാക്കമാര്‍ വന്നു വേണം അടിച്ചിറക്കാന്‍. നിഷ്ഠുരമായ വിധത്തില്‍ ചൂരല്‍ കൊണ്ട് ശരീരത്തില്‍ അടിക്കലായിരുന്നു ചികിത്സ.
”ഈ തടിമല്‍ നിന്ന് നീ പോകൂലേ, പോകൂലേ” എന്ന് ചോദിച്ചുകൊണ്ടായിരിക്കും അടിയുടെ പൊടിപൂരം. പാവം പെണ്ണുങ്ങള്‍ സഹിക്കാന്‍ പറ്റാത്ത വേദനകൊണ്ട് കിടന്ന് പുളയുകയും ചെയ്യും. ഇത്തരം പ്രാകൃത ചികിത്സകള്‍ ഏറെയും നടന്നിരുന്നത് മുസ്ലിംകള്‍ക്കിടയിലായിരുന്നു. ഭൂത-പ്രേത-പിശാച്-ജിന്നുകളെ പേടിക്കാതെ നിര്‍ഭയത്വത്തോടുകൂടി മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത പഴയകാല ദുരവസ്ഥ വീണ്ടും തിരിച്ചുവരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിരന്തരമായ ബോധവത്കരണവും പഴുതടച്ച നീതിന്യായ-ശിക്ഷാ നടപടികളും മാത്രമേ അതിന് പോംവഴിയുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് അന്‍ആമിലെ 82ാം വചനത്തില്‍ ചൂണ്ടിക്കാണിച്ചത് വളരെ അര്‍ഥവത്താണ്: ”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.”

ഈ ആയത്ത് അവതരിച്ച സന്ദര്‍ഭത്തില്‍ സഹാബത്തിനു ഭയമായി. അവര്‍ അല്ലാഹുവിന്റെ പ്രവാചകനോട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ഈമാനില്‍ ഏതെങ്കിലും തരത്തില്‍ അക്രമം വരാത്തവര്‍ ഞങ്ങളുടെ കൂട്ടത്തിലാരുമില്ലല്ലോ?”
നബി(സ) മറുപടി കൊടുത്തു: ”ഇവിടെ അക്രമം എന്ന് പറഞ്ഞത് അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന ശിര്‍ക്കാണ്.”
മുകളില്‍ പറഞ്ഞ ക്ഷുദ്രവിശ്വാസങ്ങളെല്ലാം ശിര്‍ക്കിന്റെ ഇനത്തില്‍ പെട്ടവയാണ്. ആഭിചാരം അഥവാ സിഹ്റ്, കൂടോത്രം മുതലായവയെല്ലാം. ഇതെല്ലാം ചെയ്യലും ചെയ്യിക്കലും അതിലൊക്കെ വിശ്വസിക്കലും വരെ കുറ്റകരമാണ്. നബി(സ)യുടെ ഒരു തിരുവചനം ശ്രദ്ധിക്കാം: അബൂമൂസ(റ) പറഞ്ഞു: ”മൂന്ന് വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. കള്ള് കുടിക്കുന്നവര്‍, കുടുംബബന്ധം മുറിച്ചുകളയുന്നവന്‍, സിഹ്റിനെ സത്യപ്പെടുത്തുന്നവന്‍.”
സിഹ്റില്‍ അഥവാ ആഭിചാരത്തില്‍ വിശ്വസിക്കുന്നവര്‍ അദൃശ്യമായ നിലക്ക് നന്മയും തിന്മയും നല്‍കാനുള്ള കഴിവ് സിഹ്‌റിലൂടെ സാധ്യമാണ് എന്ന് വിശ്വസിക്കുകയാണല്ലോ ചെയ്യുന്നത്. ഐശ്വര്യമുണ്ടാകാന്‍ വേണ്ടി ദേവീപ്രീതിക്കായി നരബലി നടത്തുന്നതും ഇത്തരം ക്ഷുദ്രവിശ്വാസത്തിന്റെ ഭാഗം തന്നെ. ഒരു യഥാര്‍ഥ സത്യവിശ്വാസി തന്റെ ജീവിതം അല്ലാഹുവിലേക്ക് അര്‍പ്പിക്കുന്നവനും അവനില്‍ നിന്ന് മാത്രം അഭൗതികമായ നിലയ്ക്ക് നന്മ-തിന്മകള്‍ പ്രതീക്ഷിക്കുന്നവനുമായിരിക്കും. ജ്യോത്സ്യന്മാരെയും മറ്റും സമീപിക്കല്‍ തന്നെയും ഇസ്‌ലാം വിരോധിച്ച കാര്യമാണ്.
ഇബ്നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു: തിരുമേനി(സ) അരുളി: ”ജോത്സ്യനെയോ മാരണം ചെയ്യുന്നവനെയോ സമീപിക്കുകയും എന്നിട്ട് അവര്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്താല്‍ നിശ്ചയം അവര്‍ മുഹമ്മദ് നബി(സ)ക്ക് ഇറക്കിയതില്‍ അവിശ്വസിച്ചു.”
ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹദീസ് ഇപ്രകാരമാണ്: തിരുമേനി (സ) അരുളി: ”ആരെങ്കിലും ഒരു ജ്യോത്സ്യനെ സമീപിച്ച് എന്തെങ്കിലും നഷ്ടപ്പെട്ടതിനെക്കുറിച്ച് ചോദിച്ചു. എങ്കില്‍ അവന്റെ നാല്‍പത് രാത്രിയിലെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല.”
അദൃശ്യവും അഭൗതികവുമായ കഴിവ് അല്ലാഹുവിനു മാത്രമേയുള്ളൂ. അദൃശ്യത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെ പക്കലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറഞ്ഞതാണല്ലോ. ചെറിയ ചെറിയ വിശ്വാസവൈകല്യങ്ങളാണ് പിന്നീട് പിശാച് വലുതാക്കിക്കാണിച്ച് നരബലി പോലുള്ള നിഷ്ഠുര കൊലപാതകങ്ങളിലേക്കുവരെ എത്തിക്കുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top