LoginRegister

നടവഴിയിലെ നേരുകള്‍ അവസാനിക്കുന്നില്ല

ഹാറൂന്‍ കക്കാട്‌

Feed Back


ഒരു പുസ്തകം ഒരേസമയം ഒരുപാട് പേരുടെ ആശ്വാസത്തിനും സമാധാനത്തിനും സന്തോഷത്തിനും കാരണമായിത്തീരുക എന്നതിന്റെ ആത്മനിര്‍വൃതി വിലമതിക്കാന്‍ കഴിയാത്തതാണ്. മലയാള സാഹിത്യത്തില്‍ വിപ്ലവതരംഗമുണ്ടാക്കിയ ‘നടവഴിയിലെ നേരുകള്‍’ എന്ന നോവല്‍ ഒട്ടേറെ പേരാണ് സ്വന്തം ജീവിതത്തോട് ചേര്‍ത്തിരിക്കുന്നത്. ഒരു പുസ്തകം എങ്ങനെയാണ് ഒരു സമൂഹത്തില്‍ ഫലപ്രദമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുക എന്നതിന്റെ നേര്‍സാക്ഷ്യം. കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും മഹാപ്രളയത്തില്‍ അകപ്പെട്ട നിരവധി പേരെ ആത്മഹത്യാ ചിന്തയുടെ മുനമ്പില്‍ നിന്ന് സന്തോഷപ്രദമായ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ അത്യപൂര്‍വ സൗഭാഗ്യം ലഭിച്ച ഗ്രന്ഥകാരിയാണ് ഷെമി.
റോയല്‍റ്റി തുക
തെരുവുബാല്യത്തിന്

”എന്റെ ബാല്യം തെരുവിലായിരുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ റോയല്‍റ്റി തുക എക്കാലത്തെയും തെരുവിലെ ബാല്യങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്”- ഷെമിയുടെ ആദ്യ നോവലായ ‘നടവഴിയിലെ നേരുകള്‍’ എന്ന കൃതിയുടെ സമര്‍പ്പണ വാചകമാണിത്.
ഷെമി എന്ന പെണ്‍കുട്ടിയുടെ വിസ്മയകരമായ ജീവിതം ഇതിവൃത്തമായ നോവല്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
ദാരിദ്ര്യത്തിന്റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥയാണിത്. ആകുലതകളുടെ പെരുവെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്‍മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില്‍ സാധിക്കുന്നു. വടക്കേ മലബാറിലെ മുസ്‌ലിം ജീവിതാവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച! തെരുവോരങ്ങളില്‍ വളര്‍ന്ന് ആര്‍ക്കും വേണ്ടാതെ വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന കുറേ പാഴ്‌ച്ചെടിപ്പൂക്കളുടെ കഥയാണ് ഷെമി സ്വന്തം അനുഭവത്തിലൂടെ പറയുന്നത്.
ആകാശം മേല്‍ക്കൂരയായും തുറസ്സായ വെളിപ്രദേശങ്ങള്‍ കിടപ്പാടമാക്കിയും ഒറ്റക്കൊരു പെണ്‍കുട്ടി ഈ ഭൂമുഖത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ടപ്പോള്‍ അനുഭവിക്കേണ്ടിവന്ന തീക്ഷ്ണമായ, പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ കൃത്യമായി പകര്‍ത്തിയിരിക്കുകയാണ് ഈ നോവലില്‍. റെയില്‍വേ പുറമ്പോക്കിലെ പൊന്തക്കാടുകള്‍ മെത്തയാക്കി കിടന്നുറങ്ങിയ കുട്ടിക്കാലം മുതല്‍ ദുബായിലെ മികച്ച ഉദ്യോഗത്തില്‍ ഷെമി എത്തിയതുവരെയുള്ള പെണ്‍ജീവിതത്തിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. ആത്മകഥാപരമായ സൃഷ്ടി വിഭാഗത്തില്‍പ്പെടുന്ന ഈ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രം കണ്ണൂരില്‍ ജനിക്കുകയും കുട്ടിക്കാലം കോഴിക്കോടും കൗമാരം കാസര്‍കോടും പിന്നീടുള്ള ജീവിതം തിരുവനന്തപുരം, കോട്ടയം, മംഗലാപുരം, മലപ്പുറം എന്നിവിടങ്ങള്‍ പിന്നിട്ട് അവസാനം ദുബൈയിലും എത്തിച്ചേരുന്നു.
ഉറൂബിന്റെ ഉമ്മാച്ചുവിനു ശേഷം മലബാറിലെ ശക്തമായ സ്ത്രീകഥാപാത്രത്തെ അവിസ്മരണീയമായി വരച്ചുകാട്ടുന്ന ഹൃദ്യമായ നോവലാണിത്.
സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ റൂമുകളില്‍ അനുഭവിക്കുന്ന വിഹ്വലതകള്‍, വര്‍ഗീയത, മതഭ്രാന്ത്, പ്രണയം, ഒളിച്ചോട്ടം എന്നിവയിലൂടെയെല്ലാം കടന്നുപോകുന്ന നോവല്‍, ഇറാഖ് യുദ്ധം ഉള്‍പ്പെടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ലോകത്ത് നടന്ന കുറേ സംഭവങ്ങളിലൂടെയും കടന്നുപോകുന്നു.
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളും സഹോദരന്മാരും നഷ്ടപ്പെട്ട് തെരുവിലിറങ്ങിയതാണ് ഷെമി. അനാഥാലയത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും പ്രതീക്ഷിച്ച സുരക്ഷിതത്വം അവിടെയും ലഭിച്ചില്ല. പഠനത്തിലൂടെ മാത്രമേ മോചനം സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ ഷെമി വീടുകളിലും ഓഫീസുകളിലും പണിയെടുത്ത് പഠിച്ചു.
എഴുത്തുകാരി ഷെമിയും ജീവിതപങ്കാളി ഫസ്‌ലുവും കോഴിക്കോട് മര്‍കസുദ്ദഅ്‌വയില്‍ വെച്ച് ‘പുടവ’യോട് സംസാരിക്കുന്നു:
? വായനയെ കൂടെ കൂട്ടാന്‍ ഓരോ മനുഷ്യനും ഓരോ കാരണമുണ്ടായിരിക്കണം, അത് അവരുടെ ബാല്യവുമായി ബന്ധപ്പെട്ടതാവാം. അമ്മയുടെയും മുത്തശ്ശിയുടെയും മടിയില്‍ തലവെച്ച്, ഓര്‍മയുറക്കുന്നതിനും മുമ്പ് കേട്ട കഥകളില്‍ നിന്ന് ആ കൗതുകങ്ങള്‍ തുടങ്ങിയിരിക്കാം… അങ്ങനെയങ്ങനെ പലതാവാം ഹേതു. താങ്കളില്‍ വായന ഒപ്പം കൂടിയത് ഏത് വിധത്തിലായിരുന്നു.
. മലയാള മനോരമ എന്നാണ് ആദ്യമായി കൂട്ടിവായിച്ചതെന്ന് ഓര്‍മയുടെ വ്യക്തതയില്‍ വാദിക്കുകയും വാശിപിടിക്കുകയും ചെയ്യുന്നു. ആറാം ക്ലാസ് വരെ പ്രിയപ്പെട്ട പാഠപുസ്തകങ്ങള്‍ തന്നെയാണ് പരിചയവും പ്രാപ്യവുമായ വായനാ പുസ്തകങ്ങള്‍. രണ്ടാം ക്ലാസില്‍ ആയിരിക്കുമ്പോള്‍ ജ്യേഷ്ഠസഹോദരങ്ങളുടെ പാഠപുസ്തകങ്ങള്‍ കൂടി കട്ടുവായിക്കുന്ന ശീലമുണ്ടായിരുന്നു. ആദ്യം നാലാം തരക്കാരായ സഹോദരികളുടേത്. അത് രണ്ടാവര്‍ത്തി മുഴുവനും വായിച്ചുകഴിഞ്ഞപ്പോള്‍ പിന്നെ എട്ടാംതരത്തിലുള്ള സഹോദരന്റേതായി. ടിയാന് വാരികകള്‍ വാങ്ങുന്നതും ചേച്ചിമാര്‍ക്കത് കട്ടുവായിക്കുന്നതുമായ ദൗര്‍ബല്യമുണ്ട്. ആ കള്ളപ്പതിവ് എനിക്ക് അറിയാമെങ്കിലും ഞാന്‍ അവരുടെയെല്ലാം പാഠപുസ്തകങ്ങള്‍ കട്ടുവായിക്കുന്നത് അവര്‍ അറിഞ്ഞില്ല, പ്രതീക്ഷിച്ചുമില്ല. കാരണം അവനവന്റെ പാഠാവലി തന്നെ വായിക്കാന്‍ മെനക്കെടാറില്ലാത്തതാണല്ലോ സ്‌കൂള്‍ കാലം. ഒരു ദിവസം മംഗളം വാരിക വായിച്ചുകൊണ്ടിരിക്കെ സഹോദരന്‍ കയറിവന്നു. സഹോദരിമാര്‍ പിടിക്കപ്പെട്ടു. മൂത്തവള്‍ അടി കിട്ടുന്നതിനൊപ്പം നീലപ്പാവാട നല്ലവണ്ണം നനച്ചു. ”ഇനിയെന്റെ പുസ്തകവലിപ്പെങ്ങാനും ആരെങ്കിലും തൊട്ടാല്‍… ഇപ്പം മൂത്രം ഒഴിപ്പിച്ചിട്ടേയുള്ളൂ, അടുത്തതെന്താന്നറിയാല്ലോ?” ആ നേരം ഞാന്‍ എനിക്കും താക്കീത് നല്‍കി ‘മോഷണവായന’ അവസാനിപ്പിക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ആള്‍സഭയില്‍ വിസര്‍ജിക്കുന്നത് ഒഴിവാക്കാനും നല്ലതാണെന്ന്.
എട്ട്, ഒമ്പത് വയസ്സുള്ള സമയത്ത് പിതാവിന്റെ കൂടെ അങ്ങാടിയില്‍ പോവാറുണ്ടായിരുന്നു. ശ്വാസതടസ്സത്തിന്റെ അസ്വസ്ഥതകളുള്ള പിതാവ് നടന്ന് ക്ഷീണിക്കുമ്പോള്‍ അങ്ങാടിയിലുള്ള വായനശാലയില്‍ കയറി വിശ്രമിക്കും. വായനശാലയിലെ ബെഞ്ചിലും ഡെസ്‌കിലുമെല്ലാം കുറേ പത്രപ്രസിദ്ധീകരണങ്ങള്‍ ഉണ്ടാവും. അതെടുത്ത് വായിക്കാന്‍ എനിക്ക് വല്ലാത്ത കൊതിയായിരുന്നു. പക്ഷേ, മുഷിഞ്ഞ് അഴുകിയ വസ്ത്രം ധരിച്ച എനിക്ക് വായനശാലയുടെ അകത്ത് കയറാന്‍ വലിയ ഭയമായിരുന്നു. ആരെങ്കിലും വഴക്ക് പറയുമോ എന്നതായിരുന്നു കാരണം. അന്ന് ആരും കാണാതെയാണ് ചെറിയ ബുക്കുകള്‍ എടുത്ത് വായനശാലയുടെ പുറത്തെ സ്‌റ്റെപ്പിലിരുന്ന് ഞാന്‍ പലപ്പോഴും വായിച്ചിരുന്നത്.
? ഒരു ആശയം ആദ്യമായി കടലാസിലേക്ക് പകര്‍ത്തിയത് ഏതു പ്രായത്തിലായിരുന്നു.
. പതിമൂന്നാം വയസ്സില്‍ ആകൃതിയില്ലാത്ത ആശയങ്ങളും കൃത്യതയില്ലാത്ത വിഷയങ്ങളും പലയിടത്തും കുത്തിക്കുറിച്ചു. അതിനോടെല്ലാം പ്രതികരിക്കാനും എന്റെ ഭാഗത്തുനിന്ന് മാത്രമേ സന്മനസ്സുണ്ടായിട്ടുള്ളൂ. ‘അകാല പക്വമായ വിത്തുകളേ, നിങ്ങളെ മൂപ്പെത്തിയാല്‍ മുളപ്പിച്ചെടുത്തോളാം’ എന്ന് വാഗ്ദാനം നല്‍കി മറ്റാരും കാണാതെ കുറച്ചധികം അടിയിലേക്കിറക്കി ഞാന്‍ തന്നെ കുഴിച്ചിട്ടു.
? താങ്കളുടെ അച്ചടിച്ചുവന്ന ആദ്യ രചന, എഴുത്തിന് പ്രചോദകമായ ഘടകങ്ങള്‍.
. തുടര്‍പഠനത്തിനു പണം കണ്ടെത്താനായി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഞാന്‍ എഴുതിയ കവിത ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചത്. സൃഷ്ടി അച്ചടിച്ച കോപ്പി അയച്ചിട്ടുണ്ടെന്ന് എഡിറ്റര്‍ അറിയിച്ചുവെങ്കിലും അതു കൈയില്‍ കിട്ടുംമുമ്പേ അവിടം വിട്ടു മറ്റൊരു ദൂരത്തേക്ക് എത്തിപ്പെട്ടതിനാല്‍ അച്ചടിച്ചുവന്ന ആദ്യ രചന കാണാന്‍ എനിക്ക് കഴിഞ്ഞില്ല.
പത്താം ക്ലാസിനു ശേഷം എന്നോടൊപ്പം പഠിച്ച എല്ലാ സഹപാഠികളുടെയും മുഖത്തു പ്രകടമായിക്കണ്ട ആശംസകളായിരുന്നു എനിക്കുള്ള പ്രോത്സാഹനം. പിന്നെ കൂട്ടുജീവിതത്തിലേക്കു കൈപിടിച്ചവന്റെ കണ്ണുകളില്‍ നിറഞ്ഞുകാണുന്ന ആവേശവും.

? ഒരു രചന എഴുതാനിരിക്കുമ്പോഴും അത് പൂര്‍ത്തിയാക്കുമ്പോഴും അനുഭവിക്കുന്ന മാനസികാവസ്ഥ.
. നിശ്ശബ്ദതയില്‍ മാത്രമേ എന്റെ ചിന്ത ഉച്ചത്തില്‍ സംസാരിക്കാന്‍ ധൈര്യപ്പെടാറും താല്‍പര്യപ്പെടാറുമുള്ളൂ. പക്ഷേ പരിതഃസ്ഥിതി എപ്പോഴും എന്നെ ബഹളങ്ങള്‍ക്കിടയില്‍ പിടിച്ചുനിര്‍ത്തി എഴുതിപ്പിക്കും. അതുകൊണ്ടുതന്നെ എഴുതിയതൊന്നും പൂര്‍ണമായില്ല എന്ന സംതൃപ്തിയില്ലായ്മ എനിക്ക് പിരിമുറുക്കമുണ്ടാക്കാറുണ്ട്.
? ‘നടവഴിയിലെ നേരുകള്‍’ എന്ന കൃതിയുടെ കഥാപശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു ലോകത്തേക്കാണ് ‘മലപ്പുറത്തിന്റെ മരുമകള്‍’ എന്ന നോവലിലൂടെ താങ്കള്‍ വായനക്കാരെ കൊണ്ടുപോകുന്നത്. ഈ രചനാ പരിവര്‍ത്തനത്തെ എങ്ങനെ നിരീക്ഷിക്കുന്നു.
. ഈ നോവലിലെ ഇതിവൃത്തം നേരത്തെ മനസ്സിലുണ്ടായിരുന്നു. പലപ്പോഴും സമകാലിക വിഷയങ്ങളില്‍ സാമൂഹിക പ്രതികരണ കുറിപ്പുകള്‍ ഞാന്‍ എഴുതാറുണ്ടായിരുന്നു. അത്തരം പ്രതികരണ മനസ്സാണ് ഈ നോവലിലും ഉള്ളത്. സത്യസന്ധമായ കാര്യങ്ങളാണ് ഇതില്‍ എഴുതിയത്. ‘നടവഴിയിലെ നേരുകള്‍’ എഴുതുന്നതിനു മുമ്പേ ഇതിന്റെ ആശയങ്ങളാണ് മനസ്സില്‍ ഉണ്ടായിരുന്നത്. വായനക്കാരില്‍ നിന്ന് ഈ നോവലിനും മികച്ച പ്രതികരണമുണ്ടാവാന്‍ കാരണം ഇതിലെ പ്രതിപാദ്യ വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും പ്രസക്തമായതുകൊണ്ടാണ്.
? താങ്കളുടെ ആദ്യ കഥാസമാഹാരം ‘കബന്ധ നൃത്തം’ കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിതമായി. ഈ പുസ്തകത്തിലെ കഥകള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം.
. വ്യത്യസ്ത പ്രമേയങ്ങളിലുള്ള 15 കഥകളുടെ സമാഹാരമാണ് ഈ കൃതി. ഇതിലെ ‘ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ’ എന്ന കഥ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തെയും സ്വഭാവത്തെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. അനിവാര്യമായ മാറ്റങ്ങള്‍ അത്യാവശ്യമായി വേണ്ടിടത്തുപോലും നടപ്പാക്കാതെ പോവുന്ന രാജ്യത്തിന്റെ അവസ്ഥകള്‍ ഈ കഥയിലെ പ്രമേയമാണ്. വേണ്ടിടങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നത് അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കും. ഇതിലെ ‘ബ്രേസിയര്‍’ എന്ന കഥ ഒരു അമ്മക്ക് മകളോടുള്ള ധാര്‍മികതയെ കുറിച്ച് ചില തുറന്നുപറച്ചിലുകള്‍ നടത്തുന്നതാണ്.
? നോവലുകളിലൂടെയും കഥകളിലൂടെയും താങ്കള്‍ മലയാള സാഹിത്യത്തില്‍ സാന്നിധ്യമറിയിച്ചു. ഏത് സാഹിത്യശാഖയാണ് കൂടുതല്‍ ആത്മസുഖം നല്‍കുന്നത്.
. എല്ലാ സാഹിത്യശാഖകളും വളരെ ഇഷ്ടമാണ്. കവിതകള്‍ ഒരുപാട് എഴുതിയിട്ടുണ്ട്. വിദ്യാര്‍ഥിക്കാലത്ത് സാഹിത്യമത്സരങ്ങളില്‍ പങ്കെടുക്കുമ്പോഴൊക്കെ കവിതക്കായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചിരുന്നത്. ചെറുകഥക്കും മറ്റും രണ്ടാം സ്ഥാനമായിരുന്നു കിട്ടിയിരുന്നത്. എല്ലാ സാഹിത്യശാഖകളെയും എനിക്ക് വലിയ ഇഷ്ടമാണ്.

? എഴുത്തിലെ പുതിയ സ്വപ്‌നങ്ങളും പദ്ധതികളും.
. എഴുത്തില്‍ എനിക്ക് വലിയ സ്വപ്‌നങ്ങളൊന്നുമില്ല. നിയോഗമെന്നോണം ഓരോന്നും അങ്ങനെയങ്ങനെ സംഭവിക്കുന്നതാണ്. രണ്ട് പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ എഴുതിയിട്ടുണ്ട്. കാനഡയിലുള്ള എന്റെ ഒരു സുഹൃത്തിന് ഞാന്‍ അയക്കുന്ന കത്തുകളാണ് ഒരു പുസ്തകത്തിന്റെ ഉള്ളടക്കം. ഞാന്‍ അവളെ അവസാനമായി കണ്ടത് രണ്ടു പതിറ്റാണ്ടു മുമ്പാണ്. 20 വര്‍ഷത്തിനു ശേഷം ഞാനവള്‍ക്ക് എഴുതിയ ഒരു കത്തിനു പോലും അവള്‍ മറുപടി അയച്ചിട്ടില്ല. എന്നാല്‍ അവളുടെ മറുകുറി ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രതീക്ഷയില്‍ എഴുതിയ കത്തുകളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
രണ്ടാമത്തെ പുതിയ പുസ്തകം 23 സ്ത്രീകളെ കുറിച്ച് എഴുതിയതാണ്. 23 പുരുഷന്മാരില്‍ നിന്ന് അവര്‍ക്കുണ്ടായ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇന്ത്യന്‍ പശ്ചാത്തലം തന്നെയാണ് ഈ പുസ്തകത്തിന്റെയും കഥാപരിസരം.

? താങ്കള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാര്‍.
. അഭിപ്രായങ്ങളെ അന്തസ്സോടെ കോറിയിടുന്ന വായനക്കാരും ഞാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരാണ്. ചെറുപ്പത്തില്‍ തെരഞ്ഞെടുപ്പുകാലത്ത് ചുവരില്‍ എഴുതുന്നവര്‍ മുതല്‍ അക്ഷരങ്ങളെ അടുപ്പിച്ചുവെക്കുന്ന എല്ലാവരും എന്റെ മാതൃകാ അധ്യാപകരാണ്. കവിതകളുടെയും കനവിന്റെയും ടീച്ചര്‍ സുഗതകുമാരി, മാധവിക്കുട്ടി, ആനന്ദ്, ആശ്ചര്യത്തിന് പൂര്‍ണവിരാമമില്ലാത്ത എം ടി, സുഭാഷ് ചന്ദ്രനടക്കം എല്ലാ എഴുത്തുകാരോടും എഴുത്തെല്ലിനു ബലം വെച്ചിട്ടില്ലാത്ത എനിക്ക് ആദരവാണ്.
? വിവാഹത്തിനു ശേഷം എഴുത്തില്‍ സജീവമാവാന്‍ സാധിച്ചിട്ടുണ്ടോ.
. 2004ല്‍ വിവാഹം. 2010 വരെ ഒരു പുസ്തകവും വായിച്ചില്ല, ഒരു വരി പോലും എഴുതിയതുമില്ല. നീണ്ട ആറു വര്‍ഷം ദിനപത്രങ്ങളോടു പോലും പരിചയം കാണിക്കാനായില്ല. 2010 ജൂണില്‍ മകള്‍ ഉപയോഗിച്ച പേപ്പറുകളുടെ പിന്‍ഭാഗത്ത് ധൃതിവെച്ചെഴുതിത്തുടങ്ങി. അങ്ങനെയാണ് ‘നടവഴികളിലെ നേരുകള്‍’ എന്ന പുസ്തകം പിറക്കുന്നത്.
? ഗള്‍ഫില്‍ ജീവിക്കുന്ന ഒരെഴുത്തുകാരി എന്ന നിലയില്‍ ആ അനുഭവങ്ങളും ഓര്‍മകളും പുതിയ രചനകള്‍ക്ക് വിഷയമാവുമെന്നു കരുതാമോ? പ്രവാസജീവിതം എഴുത്തിനു കൂടുതല്‍ അനുകൂല സാഹചര്യം സമ്മാനിച്ചോ.
. ജന്മനാട്ടിലും പ്രവാസലോകത്തുമായി കാര്യമായി എന്തെങ്കിലും പ്രത്യേകമായ മാറ്റങ്ങള്‍ എനിക്ക് തോന്നിയിട്ടില്ല. രണ്ടിടത്തും ഒരുപോലെയാണ് അനുഭവപ്പെട്ടത്. എവിടെയായാലും നമ്മുടെ മനസ്സാണല്ലോ പ്രധാനം.
ഗള്‍ഫ് എന്നാല്‍ സമ്പന്നതയും സ്വസ്ഥതയും സുഖസന്തോഷങ്ങളും എന്നാണ് എല്ലാവരുടെയും പ്രഥമ ധാരണ. ഭാഷയും വേഷവും ഭരണവും മാറിയ മറ്റൊരു ദേശം എന്നതല്ലാതെ മറ്റേതെങ്കിലും മാറ്റം എനിക്ക് അനുഭവപ്പെടുന്നില്ല. കൊലപാതകങ്ങളും കാമവും കുടിപ്പകയും കൂട്ടിക്കൊടുപ്പും കഷ്ടപ്പാടും കൊള്ളയും ഭൂലോകത്ത് എല്ലായിടത്തെയും കാഴ്ചകളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പ്രത്യേക സ്ഥലത്ത് എഴുത്തിന് അനുകൂലവും പ്രതികൂലവുമായ സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.
? വായനയെയും സാഹിത്യത്തെയും ഗൗരവമായി സമീപിക്കുന്നവര്‍ പുതിയ തലമുറയില്‍ ഉണ്ടോ.
. സാഹിത്യ സ്വീകര്‍ത്താക്കളും ഗൗരവവായനക്കാരും പുതുതലമുറയിലും ഒട്ടും കുറവല്ല എന്നതിന്റെ തെളിവാണ് പുസ്തകശാലകളുടെയും പുസ്തകങ്ങളുടെയും എണ്ണക്കൂടുതല്‍. എന്തെങ്കിലും എഴുതിയാല്‍ എഴുത്തുകാര്‍ക്കത് അച്ചടിച്ചുകാണാനും അഭിപ്രായങ്ങള്‍ അറിയാനുമായി ഇപ്പോഴും കുറേ സമയം വേണമെന്നത് യാഥാര്‍ഥ്യമാണ്. സോഷ്യല്‍മീഡിയയില്‍ സെന്‍സറിങ് ഇല്ലാത്ത രേഖപ്പെടുത്തലാണ്. അവിടെ അവസര സമത്വം മാത്രമല്ല ഉള്ളത്. എഴുത്തുകാരനും എഡിറ്ററും പ്രസാധകനും വിതരണക്കാരനും അവരവര്‍ തന്നെ. കയ്യടിയും കല്ലേറും ചിത്രസഹിതം നിമിഷാര്‍ധം കൊണ്ട് കിട്ടുകയും ചെയ്യും.
കണ്ണൂര്‍ സ്വദേശിയായ ഷെമിയുടെ ഭര്‍ത്താവ് ഫസ്‌ലു ദുബൈയിലെ പ്രശസ്തമായ അറേബ്യന്‍ റേഡിയോ നെറ്റ്‌വര്‍ക്കിന്റെ ഹിറ്റ് 96.7 എഫ് എം റേഡിയോയില്‍ സീനിയര്‍ ന്യൂസ് പ്രസന്ററാണ്. മക്കള്‍: ഇഷ, ഇവ. സകുടുംബം ദുബൈയില്‍ താമസിക്കുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top