LoginRegister

ദാമ്പത്യബന്ധങ്ങളുടെ സുതാര്യത

മന്‍സൂര്‍ ഒതായി

Feed Back


സല്‍മക്ക് ഭര്‍ത്താവ് നസീമിനെക്കുറിച്ച് പൊതുവെ നല്ല അഭിപ്രായമാണ്. വീട്ടുകാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന കുടുംബനാഥന്‍, ബന്ധുക്കളോടും സുഹൃത്തുക്കളോടും നല്ല അടുപ്പം സൂക്ഷിക്കുന്ന വ്യക്തി. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളി. ഭാര്യയുടെയും മക്കളുടെയും ആവശ്യങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ഒരു വീഴ്ചയും വരുത്താറില്ല. അവളെയും മക്കളെയും കൂട്ടി ഇടക്കിടെ വിനോദയാത്ര പോവുകയും ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്യും. എന്നാല്‍ അദ്ദേഹം പല സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത് തനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ജോലിയുടെയും സേവനത്തിന്റെയും ഭാഗമായി സ്ത്രീകളുമായി സംസാരിക്കുന്നതും അവരുമായി സൗഹൃദം പുലര്‍ത്തുന്നതും കുഴപ്പിമില്ലെന്ന് അവള്‍ പറയുന്നു. എന്നാല്‍ ആളുകളുമായി പെട്ടെന്ന് അടുപ്പത്തിലാവുകയും ഫ്രണ്ട്ഷിപ്പുണ്ടാക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഭര്‍ത്താവ്. ഈ സ്വഭാവം എല്ലാവരോടും കാണിച്ചാല്‍ അത് കുടുംബ ജീവിതത്തെ ബാധിക്കില്ലേ എന്നവള്‍ ആശങ്കിക്കുന്നു. ഈയിടെ തന്റെ ബന്ധുവായ യുവതിയുമായി നസീം സൗഹൃദത്തിലായെന്നും അവളുമായി ഫോണ്‍ ബന്ധം തുടരുന്നതായും തന്റെ ശ്രദ്ധയില്‍പെട്ടതായി അവള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ഈ സ്വഭാവത്തിലുള്ള അരിശവും ഇതൊക്കെ പുറത്തറിഞ്ഞാല്‍ ആകെ നാണക്കേടാവില്ലേ എന്ന ഭയപ്പാടിലുമാണ് സല്‍മ. എന്നാല്‍ ഇക്കാര്യം അദ്ദേഹത്തോട് തുറന്നുപറയാനുള്ള ആത്മധൈര്യം അവള്‍ക്കില്ല താനും. മുമ്പൊക്കെ ഇത്തരം സൗഹൃദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം വെറും തോന്നലാണ്, നീ വെറുതെ സംശയിക്കുകയാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തതെത്രെ.

ദാമ്പത്യ ജീവിതത്തില്‍ സുതാര്യത വളരെ പ്രധാനപ്പട്ടതാണ്. ബന്ധങ്ങള്‍ സുതാര്യമാവുമ്പോഴാണ് വിവാഹ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയുമുണ്ടാകുന്നത്. പരസ്പര വിശ്വാസമാണ് പങ്കാളിയോടൊത്തുള്ള ജീവിതയാത്ര ആനന്ദകരമാക്കുന്നത്. ഭാര്യ/ഭര്‍ത്താവ് എന്നില്‍ നിന്ന് എന്തൊക്കെയൊ ഒളിച്ചുവെക്കുന്നു എന്നു തോന്നി തുടങ്ങിയാല്‍ ബന്ധത്തില്‍ വിള്ളലുകള്‍ രൂപപ്പെടും. പങ്കാളിക്ക് വല്ല സംശയമോ തെറ്റിദ്ധാരണയോ ഉണ്ടായാല്‍ ഉടന്‍ തന്നെ വ്യക്തത വരുത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഈ കൊച്ചുവിങ്ങലുകള്‍ വളര്‍ന്ന് ബന്ധത്തെ തകര്‍ത്തുകളയും.
ശാരീരികവും മാനസികവും വൈകാരികവുമായ സംതൃപ്തിയാണ് വിവാഹ ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി ദൈവം കനിഞ്ഞുനല്‍കിയ വ്യക്തിയാണ് ജീവിത പങ്കാളി. ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന പ്രിയമുള്ളയാള്‍. ധാരാളം സവിശേഷതകളുള്ള ചില്ലറ പരിമിതികളുള്ള വേറിട്ട വ്യക്തി. തന്റെ ജീവിതത്തില്‍ പ്രഥമ സ്ഥാനം നല്‍കേണ്ടയാളാണിത്. ഈ ബന്ധത്തില്‍ ഒന്നും ഒളിച്ചു വെക്കാനില്ല. ഇണയുടെ സവിശേഷതകള്‍ അംഗീകരിച്ച് അതില്‍ തൃപ്തി കണ്ടെത്തുക. സങ്കല്‍പത്തിലെ പങ്കാളിയുമായി ഭാര്യയെ/ ഭര്‍ത്താവിനെ താരതമ്യപ്പെടുത്തി ഇല്ലാത്ത ഗുണങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയാല്‍ വിവാഹ ജീവിതം വിരസമാവും.
പൂര്‍ണ മനസ്സോടെ പങ്കാളിയെ ഉള്‍ക്കൊള്ളുമ്പോഴാണ് ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാവുക. മനസ്സില്‍ ഇഷ്ടമുണ്ടാവുമ്പോള്‍ ഇണയുടെ സൗന്ദര്യവും സമീപനങ്ങളും ആസ്വാദ്യകരമായി മാറും. മനസ്സില്‍ അകല്‍ച്ചയുണ്ടാവുമ്പോള്‍ പങ്കാളിയുടെ സാമീപ്യം പോലും അരോചകമായി മാറും. വിവാഹ ജീവിതത്തില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോഴും മടുപ്പും വിരസതയും അനുഭവപ്പെടുന്നത് ശ്രദ്ധിക്കണം. തുറന്ന ആശയ വിനിമയത്തിലൂടെ, പ്രേമപൂര്‍വമുള്ള സമീപനത്തിലൂടെ സ്നേഹം വളരാന്‍ അവസരം സൃഷ്ടിക്കണം.
ദാമ്പത്യ ജീവിതത്തിലെ ആദ്യഘട്ടത്തെ പോലെയായിരിക്കില്ല രണ്ടാം ഘട്ടം. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്കും കുട്ടികളെ വളര്‍ത്തി വലുതാക്കാനും പരിശ്രമിക്കുന്ന ഘട്ടമാണ് ഒന്നാമത്തേത്. മക്കള്‍ വളര്‍ന്നുവലുതായി കുടുംബം സുരക്ഷിതമായി മുന്നോട്ടു പോകുന്നതാണ് രണ്ടാം ഘട്ടം. സ്ത്രീയും പുരുഷനും സ്വന്തം ജീവിതം വിലയിരുത്തുന്ന സമയമാണിത്. ദാമ്പത്യത്തില്‍ പൊതുവെ മടുപ്പ് അനുഭവപ്പെടുന്ന ഘട്ടമാണിത്. നാല്‍പതുകള്‍ക്കു ശേഷം മനോഭാവത്തിലും ചിന്താഗതിയിലുമുണ്ടാകുന്ന മാറ്റങ്ങളെ ദമ്പതികള്‍ തിരിച്ചറിയണം. പങ്കാളിയുടെ മാറുന്ന ആവശ്യങ്ങള്‍ കണ്ടറിയാനും കൂടെ സഞ്ചരിക്കാനുമാവണം. എനിക്കിത്രയേ പറ്റു എന്ന രീതിയില്‍ മാറ്റത്തോട് മുഖം തിരിക്കുന്ന സമീപനം ഒഴിവാക്കുക തന്നെ. പക്വത പെരുമാറ്റത്തിലുണ്ടാവാന്‍ അയാള്‍ ആഗ്രഹിക്കുന്നു. വിനയപൂര്‍വം ഇടപെട്ട് തന്നെ സന്തോഷിപ്പിക്കണമെന്ന് പുരുഷന്‍ പ്രതീക്ഷിക്കും. വീഴ്ചകള്‍ മാത്രം പ്രൊജക്ട് ചെയ്ത് ഭര്‍ത്താവിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിന്നോടുള്ള സ്ഥാനം നഷ്ടപ്പെടുന്നു എന്ന സത്യം സ്ത്രീ തിരിച്ചറിയണം. അതേസമയം എല്ലാ പ്രയാസങ്ങളിലും കൂടെനിന്ന കൂട്ടുകാരിക്ക് തന്റെ ഭാഗത്തിനുനിന്ന് അവഗണന അനുഭവപ്പെടാതിക്കാന്‍ ഭര്‍ത്താവ് പരമാവധി ശ്രമിക്കുകയും വേണം. പ്രായം ചെല്ലുന്തോറും ഭര്‍ത്താവിന് തന്നോടുള്ള ഇഷ്ടവും ആകര്‍ഷണീയതയും കുറഞ്ഞുപോകുമോ എന്ന് ആശങ്കപ്പെടുന്നവരാണ് പൊതുവെ സ്ത്രീകള്‍. വൈകാരികതക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ലോലഹൃദയര്‍. ഭാര്യയുടെ മുഖഭാവവും ശരീര ഭാഷയും കൃത്യമായി മനസ്സിലാക്കി പെരുമാറുന്നവനാണ് നല്ലവനായ ഭര്‍ത്താവ്. അയാളോട് ഏറെ കൂറും അടുപ്പവും കാത്തുസൂക്ഷിക്കാന്‍ ഭാര്യ കൊതിക്കും.
മുഹമ്മദ് നബി(സ) ഈ വിഷയത്തില്‍ വലിയ മാതൃക കാണിച്ചിട്ടുണ്ട്. പ്രിയ സഖി ആയിശ (റ)യോട് തിരുമേനി പറയുന്നുണ്ട്. ”നിന്റെ പിണക്കവും ഇണക്കവും എനിക്ക് നന്നായി അറിയാം.” ”അതെങ്ങനെ?” ”നീ സന്തോഷത്തിലാവുമ്പോള്‍ ‘മുഹമ്മദിന്റെ രക്ഷിതാവ്’ എന്നാണ് അല്ലാഹുവിനെക്കുറിച്ച് പറയാറുള്ളത്. എന്നാല്‍ നീ പിണക്കത്തിലാവുമ്പോള്‍ ‘ഇബ്‌റാഹിമിന്റെ രക്ഷിതാവ്’ എന്നാണ് പ്രയോഗിക്കാറുള്ളത്.”
പ്രവാചക തിരുമേനിയുടെ സൂക്ഷ്മമായ ഈ നിരീക്ഷണം അറിയിച്ചപ്പോള്‍ ആയിശാ ബീവി അത്ഭുതത്തോടെ ശരിയാണല്ലോ എന്ന് സമ്മതിക്കുന്നത് നമുക്ക് ചരിത്രത്തില്‍ വായിക്കാം. പ്രിയപ്പെട്ട ഭാര്യയുടെ നിസ്സാരമായ ഭാവമാറ്റങ്ങള്‍ പോലും തിരിച്ചറിഞ്ഞ് ഇടപഴകിയ പ്രവാചകന്‍ ദാമ്പത്യ ജീവിതം ധന്യമാക്കാനുള്ള മാര്‍ഗങ്ങളാണ് കാണിച്ചുതന്നത്.
ഭര്‍ത്താവിന്റെ സ്നേഹവും പരിഗണനയും മുഴുവന്‍ തനിക്ക് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ഭാര്യമാരും. ഭര്‍ത്താവിന്റെ ജീവിതത്തിലെ പ്രഥമ സ്ഥാനം തനിക്ക് വേണമെന്ന് അവള്‍ അതിയായി മോഹിക്കും. അവളോട് ഉള്ളു തുറക്കാതെ മറ്റു പലരോടും ബന്ധം സ്ഥാപിക്കുമ്പോള്‍ താന്‍ അവഗണിക്കപ്പെട്ടു എന്ന് ഭാര്യക്ക് തോന്നുക സ്വാഭാവികം മാത്രം. അതാണ് സല്‍മയുടെ വിഷയത്തിലും ഉണ്ടായത്. ഭാര്യയില്‍ നിന്ന് കിട്ടാത്ത സൗമ്യതയും പരിഗണനയും മറ്റു പല സൗഹൃദങ്ങളില്‍ നിന്നു കിട്ടിയപ്പോള്‍ നസീമിന്റെ മനസ്സ് അതില്‍ ആനന്ദം കണ്ടെത്തി. ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്ളയാളോട് തന്റെ പ്രയാസം പങ്കുവെക്കുന്നതിന് പകരം സ്വയം വ്യസനിക്കുകയാണ് സല്‍മ ചെയ്തത്. ഭാര്യക്കും മക്കള്‍ക്കും വേണ്ടതെല്ലാം നല്‍കിയിട്ടും അവള്‍ ഹാപ്പി ആവാത്തതിന്റെ കാരണം മനസ്സിലാക്കാന്‍ സാധിക്കാതെ പോയതായിരുന്നു നസീമിന്റെ പരാജയം.
ദാമ്പത്യ ജീവിതത്തിലെ വിശുദ്ധി നഷ്ടമാവുന്നത് ഗൗരവത്തില്‍ കാണണം. പരസ്പര വിശ്വാസത്തിന് പോറലേല്‍ക്കാതിരിക്കാന്‍ ജാഗ്രത കാണിക്കുക തന്നെ വേണം. മനസ്സു തുറന്നുള്ള ആശയ വിനിമയമാണ് അതിന് ആദ്യം വേണ്ടത്. സംശയത്തിന് ഇടനല്‍കാത്ത വിധം കാര്യങ്ങള്‍ തുറന്നുപറയുക. പങ്കാളിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ബന്ധത്തില്‍ നിന്ന് അകലം പാലിക്കുക. മറ്റേതൊരു ബന്ധത്തെക്കാളും കുടുംബ ബന്ധത്തിന് പ്രാമുഖ്യം നല്‍കണം. ഭാര്യയോടും മക്കളോടും നിഷ്‌കളങ്കമായ അടുപ്പവും പ്രതിബദ്ധതയും പുലര്‍ത്തുമ്പോള്‍ കിട്ടുന്ന ആനന്ദം മറ്റെവിടെ കിട്ടാനാണ്. പൈശാചിക പ്രേരണക്ക് വഴങ്ങി മായിക മോഹവലയങ്ങളില്‍ നിന്ന് ആനന്ദം കണ്ടെത്തുമ്പോള്‍ തിരിച്ചറിയുക, അത് കേവലം മിഥ്യയായ സന്തോഷം മാത്രമാണ്. അതിന് മന:സംതൃപ്തി നല്‍കാനാവില്ല. മനോവ്യഥയും നിരാശയും മാത്രമായിരിക്കും നിഷിദ്ധ മാര്‍ഗ ബന്ധത്തിലെ ആനന്ദത്തിന്റെ അനന്തരഫലങ്ങള്‍. ബന്ധങ്ങളിലെ സുതാര്യതയും സത്യസന്ധതയുമാണ് മനസ്സിന് സംതൃപ്തിയേകുന്നത്. അതു തന്നെയാണ് ജീവിത വിജയത്തിന്റെ വഴിയും.
”പറയുക വിശ്വസിച്ചവരായ എന്റെ ദാസന്മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹിക ജീവിതത്തില്‍ നന്മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്.” (വിശുദ്ധ ഖുര്‍ആന്‍ 39:10)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top