LoginRegister

തോറ്റ ജനത

യാസീന്‍ വാണിയക്കാട്

Feed Back


ടാറിട്ട റോഡവസാനിക്കുന്ന
ഞങ്ങളുടെ കോളനിയിലേക്ക്
വികസനമെന്ന കാല്പനിക പദവുമായി
വെളുവെളുക്കെ ചിരിച്ച്
ഇന്നലെയവര്‍ വീണ്ടും വന്നു
പണ്ടെന്നോ കണ്ണടഞ്ഞുപോയ
വഴിവിളക്കു കാലിന്മേല്‍
ചാരിനിന്നു നെഞ്ചിന്‍കൂടില്‍
അള്ളിപ്പിടിച്ചിരുന്ന കഫം
ആഞ്ഞുതുപ്പുകയായിരുന്നു അച്ഛന്‍
അരിമണിയില്ലാത്ത ചോറ്റുകലത്തില്‍
വെട്ടിത്തിളക്കുകയായിരുന്നു
കുഞ്ഞുങ്ങളുടെ
വിശപ്പിന്റെ ആളല്‍
പട്ടടയിലിരുന്ന്
പൊള്ളുകയായിരുന്നു
അമ്മയുടെ ചോര്‍ന്നൊലിക്കാത്ത
വീടെന്ന കിനാവ്
തയ്യല്‍മെഷീനില്‍ ആഞ്ഞുചവിട്ടി
നൈറ്റിയുടെ കാലപ്പഴക്കത്തെ
ഏച്ചുകെട്ടുകയായിരുന്നു
പ്രിയതമ
ഒരു വോട്ടിന് ഒരു പൂക്കാലം
തരാമെന്ന് പറഞ്ഞപ്പോള്‍
അമ്മമ്മയുടെ ഇളകിത്തുടങ്ങിയ
അണപ്പല്ലിനിടയില്‍ക്കിടന്ന
മുറുക്കാന്‍ ചണ്ടി മുറ്റത്ത്
ചോന്ന പൂക്കളം വരച്ചു
കനലു കെട്ട അടുപ്പില്‍
എണ്ണ വറ്റിയ വറചട്ടിയില്‍
മുളകെരിഞ്ഞ ഉരലില്‍
വക്കുപൊട്ടിയ അമ്മിക്കല്ലില്‍
അടുക്കള മാത്രം
വാക്ക് വറ്റിയവനെപ്പോലെ
തലതാഴ്ത്തി നിന്നു
വര്‍ണക്കടലാസില്‍ അച്ചുനിരത്തിയ
പ്രകടനപത്രിക വായിച്ചിരിക്കെ
വഞ്ചിതമായ ഇന്നലെകള്‍ക്ക്
വറുതിയുടെ കനമായിരുന്നെന്ന്
ഞങ്ങള്‍ മറന്നുതുടങ്ങി
ഓരോ പഞ്ചവത്സരങ്ങളിലും
കഞ്ഞിപ്പശ മുക്കി ഇസ്തിരിയിട്ട
തൂവെള്ള കുപ്പായം പോലെ
പിന്നെയും എഴുന്നുനിന്നു
എന്റെയും നിന്റെയും
കരിപുരണ്ട കിനാവുകള്‍
നീ കൊടി നാട്ടി
ഞാന്‍ ചുവരെഴുതി
ഇടക്കെപ്പോഴോ
നമ്മള്‍ പോര്‍വിളിച്ചു
രക്തസാക്ഷി മണ്ഡപത്തില്‍
ചോരമണമുള്ള പൂക്കള്‍ വിരിഞ്ഞു
ചൂണ്ടുവിരലില്‍ പുരണ്ട
മഷി മായും മുമ്പേ
ചത്തുമലച്ചു
നമ്മുടെ കിനാവുകള്‍…
ഫലമറിയും മുമ്പേ
തോറ്റ ജനതയാണ് നാം!

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top