LoginRegister

തോക്ക് ഉരുക്കിയുണ്ടാക്കിയ മണ്‍വെട്ടികള്‍

സി കെ റജീഷ്‌

Feed Back


ആള്‍ക്കൂട്ടത്തിലേക്ക് നിറയൊഴിച്ച് നിരപരാധികളെ വെടിവെച്ചു കൊന്നു രസിക്കുന്ന ക്രൂരത ചില രാജ്യങ്ങളില്‍ മുമ്പ് നിലനിന്നിരുന്നു. ഈ സാഹചര്യത്തില്‍ തോക്ക് ഉപയോഗിക്കുന്നതില്‍ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ക്രൂരതയുടെ ഈ തോക്ക് സംസ്‌കാരത്തെ ചോദ്യം ചെയ്ത മെക്‌സിക്കന്‍ കലാകാരനായിരുന്നു പെഡ്രോറെയസ്. 2007ല്‍ പെഡ്രോ സ്വന്തം രാജ്യത്തെ 1527 പഴയ തോക്കുകള്‍ ശേഖരിച്ചു. ഓരോ തോക്കും ഉരുക്കി അത്രയും എണ്ണം മണ്‍വെട്ടികളുണ്ടാക്കി. ഓരോ മണ്‍വെട്ടിയും ഉപയോഗിച്ച് ഒാരോ മരം വെച്ചു. വലിയ ഒരു സന്ദേശമാണ് ഇതുവഴി പെഡ്രോ സമൂഹത്തിന് കൈമാറിയത്. വിനാശകരമായ വിധത്തില്‍ ഉപയോഗിച്ച ആയുധത്തെ നിര്‍മാണാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹം. യുദ്ധസന്നാഹം എന്ന നിലക്ക് സൂക്ഷിച്ചിരുന്ന ആവശ്യത്തിലേറെയുള്ള ആയുധങ്ങള്‍ വിറ്റ് ഗിറ്റാര്‍ അടക്കമുള്ള സംഗീത ഉപകരണങ്ങള്‍ വാങ്ങി. അവയെ ഉപയോഗപ്പെടുത്തി ഏറെ ഹൃദ്യമായ സംഗീതവിരുന്ന് നടത്തി. അത് ജനങ്ങളുടെയെല്ലാം മനം കവര്‍ന്നു. കൈത്തോക്ക് ഉപയോഗിക്കുന്നത് പതിവാക്കിയവര്‍ സംഗീതപ്രേമികളായി മാറി.
തോക്ക് ഉരുക്കി മണ്‍വെട്ടികളുണ്ടാക്കുകയും അത് ഉപയോഗിച്ച് മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്ത പെഡ്രോ മഹിതമായ ഒരു പാഠം നമുക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. ഗുണകരമായത് സ്വാംശീകരിക്കാനും ദോഷകരമായത് വര്‍ജിക്കാനും ധൃതി കാണിക്കുന്നവരാണ് നാം. ഏതൊന്നിന്റെയും നന്മയെ പ്രയോജനപ്പെടുത്തി ഗുണകരമായ നിലക്ക് അവയെ വിനിയോഗിച്ചാല്‍ അതിന്റെ നേട്ടങ്ങള്‍ നമ്മെ അതിശയിപ്പിക്കും. വിനിയോഗരീതിക്ക് അനുസരിച്ചാണ് ഏതൊന്നിന്റെയും ഗുണദോഷങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. തനിക്ക് മാത്രമല്ല, ജീവിക്കുന്ന സമൂഹത്തിനും കൂടി ഗുണകരമായത് പകര്‍ന്നുനല്‍കുക എന്നതായിരിക്കണം എപ്പോഴും നമ്മുടെ ജീവിതരീതി.
തിന്മയെ വെടിഞ്ഞ് നന്മ നേടണമെന്ന് കൊതിക്കാത്തവരായി ആരുമില്ല. എങ്കിലും നാം ചെയ്യുന്ന നന്മയുടെ ഗുണഫലം നമ്മുടെ ജീവിത പരിസരത്തേക്ക് വ്യാപിപ്പിക്കണമെന്നത് മിക്കപ്പോഴും നാം വിസ്മരിക്കുന്നു. പ്രത്യക്ഷത്തില്‍ ഉപദ്രവകരമായതിനെ പോലും ഉപകാരമുള്ളതാക്കി മാറ്റാന്‍ കഠിനാധ്വാനവും കരുതലോടെയുള്ള വിനിയോഗവുമാണ് വേണ്ടത്.
വിത്തുപേന കണ്ടിട്ടില്ലേ? മഷി തീര്‍ന്നാല്‍ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേന മണ്ണിനെ മലിനപ്പെടുത്തുന്നു. എന്നാല്‍ കടലാസ് ഉപയോഗിച്ച് ചുരുളുകളായി നിര്‍മിക്കുന്ന പേനയുടെ അടിഭാഗത്ത് ഫലവൃക്ഷത്തിന്റെയോ തണല്‍മരത്തിന്റെയോ വിത്ത് വെച്ചാലോ? ഉപയോഗം കഴിഞ്ഞ് മണ്ണില്‍ ഉപേക്ഷിക്കുമ്പോള്‍ അതൊരു ചെടിയോ മരമോ ആയി മാറും.
അങ്ങനെയാവണം ജീവിതത്തിലെ തിന്മകളെ നന്മകളിലേക്ക് വഴിമാറ്റുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top