LoginRegister

തെളിവാകുന്ന രേഖകള്‍

ഡോ. പി അബ്ദു സലഫി

Feed Back


”കര്‍മരേഖ നല്‍കപ്പെടുന്നു. അപ്പോള്‍ കുറ്റവാളികള്‍ അതിന്റെ ഉള്ളടക്കത്തെ ഭയപ്പെടുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഹോ! ഞങ്ങള്‍ക്ക് നാശം. ഇതെന്ത് രേഖയാണ്? ചെറുതും വലുതുമായ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതിരുന്നിട്ടില്ലല്ലോ? തങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം അവിടെ ഉള്ളതായി അവര്‍ കാണുന്നു. നിന്റെ രക്ഷിതാവ് ഒരാളോടും അനീതി കാണിക്കുന്നതല്ല” (സൂറത്തുല്‍ കഹ്ഫ്: 49).
ഈ ലോകത്തെ ഓരോ മനുഷ്യന്റെയും ജീവിതം വളരെ കൃത്യമായി റെേക്കാര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. ഒന്നുപോലും വിട്ടുപോകാതെ അക്കാര്യം മലക്കുകള്‍ നിര്‍വഹിക്കുന്നുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. റഖീബ്, അതീദ് എന്നിവരുടെ സാന്നിധ്യമില്ലാതെ ഒരു വാക്കു പോലും ഒരാളും ഉച്ചരിക്കുന്നില്ല.
മനുഷ്യന്റെ എല്ലാ നന്മകളും തിന്മകളും രേഖപ്പെടുത്തുന്നുണ്ട്. നാളെ വിചാരണനേരത്ത് അവ മനുഷ്യന് കൈമാറുന്നു. സത്യവിശ്വാസികള്‍ക്ക് വലതു കൈയിലും നിഷേധികള്‍ക്ക് ഇടതു കൈയിലും ഈ രേഖ ലഭിക്കുന്നു. വിശ്വാസികള്‍ ആവേശപൂര്‍വം അത് ഏറ്റുവാങ്ങി അഭിമാനപൂര്‍വം മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കും. എന്നാല്‍ നിഷേധികള്‍ തങ്ങള്‍ക്ക് പറ്റിയ പരാജയം ഓര്‍ത്ത് വിലപിക്കുകയാണ് ചെയ്യുക. കുറ്റവാളികള്‍ തങ്ങളുടെ കര്‍മരേഖ മറിച്ചുനോക്കുമ്പോള്‍ കൂടുതല്‍ അദ്ഭുതപ്പെടുകയാണ്. എല്ലാം തങ്ങള്‍ക്കെതിരായ കാര്യങ്ങളാണ് ഇതിലുള്ളത്; ജീവിതത്തില്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ ഒരു കൊച്ചു കാര്യം പോലും അതില്‍ വിട്ടുപോയിട്ടില്ല എന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നു.
തങ്ങള്‍ക്കെതിരെ കണ്ണും കാതും തൊലിയും മൊഴി നല്‍കുന്ന സമയം കൂടിയാണത്. കൈകള്‍ സംസാരിക്കുകയും കാലുകള്‍ സാക്ഷി നില്‍ക്കുകയും ചെയ്യുന്ന രംഗം.
ആധുനിക റെേക്കാര്‍ഡിങ് സംവിധാനങ്ങളും ഡാറ്റാ സ്റ്റോറേജ് സിസ്റ്റങ്ങളും ഇക്കാര്യം നമുക്ക് വേഗത്തില്‍ മനസ്സിലാക്കിത്തരുന്നു. ഇതിനേക്കാള്‍ കുറ്റമറ്റ രീതിയില്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും റെക്കോര്‍ഡ് ചെയ്തുവെക്കാനും അതിനു സപ്പോര്‍ട്ട് ചെയ്യുന്ന തെളിവുകള്‍ നിരത്താനും സ്രഷ്ടാവ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതിനാല്‍ കര്‍മങ്ങള്‍ നന്നാക്കുക മാത്രമാണ് വിജയത്തിന്റെ വഴി. നാം പ്രവര്‍ത്തിച്ച ഒരു ചെറിയ നന്മയും നമുക്ക് ഉപകരിക്കാതെ പോകില്ല. അതേസമയം മനഃപൂര്‍വമുള്ള ഏത് തെറ്റും അല്ലാഹു പിടികൂടാതിരിക്കുകയുമില്ല. നീതിമാനായ റബ്ബ് എല്ലാവര്‍ക്കും അര്‍ഹമായ പ്രതിഫലമാണ് നല്‍കുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top