ദുരന്തം ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞ കണ്ണീർപ്പൊട്ടാണ് മുണ്ടക്കൈ. വയനാടിന്റെ സര്‍വ സൗന്ദര്യവും പേറി നാടിനും നാട്ടുകാര്‍ക്കും പ്രിയങ്കരമായിരുന്ന ആ നാട് ഇന്ന് ഓര്മ മാത്രമായി. നിരവധി ജീവനുകളെയും അവരുടെ വീടുകളെയും മണ്ണോടുകൂടി മലവെള്ളം കൊണ്ടുപോയപ്പോള്‍ നിസ്സഹായതയുടെ കുരുക്കിലായി ലോകം. സര്‍വം നഷ്ടപ്പെട്ടവരുടെ തേങ്ങല്‍ കണ്ടുനില്ക്കാന് പോലും കരുത്തില്ലാതെ സര്‍വരും കണ്ണീരണിഞ്ഞ സമയം. നിമിഷ നേരം കൊണ്ട് ഉറ്റവരെയും ഉടയവരെയും മാത്രമല്ല കാലു ചവിട്ടിനിന്ന മണ്ണു പോലുമാണ് അവര്‍ക്ക് നഷ്ടമായത്. സ്നേഹത്തോടെയും പരസ്പര സഹകരണത്തോടെയും നാളെയെ സ്വപ്നം കണ്ട് ജീവിച്ച ഈ സഹോദരങ്ങള്‍ക്കു മുന്നില്‍ ഇപ്പോള്‍ ഇരുട്ടാണ്. അത് മാറ്റിയെടുക്കാനും അവരെ പുനരധിവസിപ്പിക്കാനുമാണ് ഇനി നടപടികള്‍ വേണ്ടത്. ഉരുള്‍പൊട്ടലില്‍ ബാക്കിയായവര്‍ ഇന്ന് പ്രതീക്ഷയോടെ നോക്കുന്നത് സഹജീവികളുടെ കരുണാർദ്ര മനസ്സുകളിലേക്കാണ്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും യാഥാര്‍ഥ്യമായാല്‍ മുണ്ടക്കൈ പൂര്‍വാധികം ശക്തിയില്‍ പുനര്‍ജനിക്കും. അതിനുള്ള ഇച്ഛാശക്തി ഇന്നുണ്ട്. അതിനുള്ള പ്രൊജക്ടും പദ്ധതികളുമാണ് ഏകോപിപ്പിക്കേണ്ടത്. സര്‍ക്കാര്‍ സംവിധാനം കൂടി സജീവമായാല്‍ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ നാടായി മുണ്ടക്കൈ നമ്മുടെ മുന്നില്‍ തന്നെയുണ്ടാവും. അതിനുള്ള എല്ലാ സാധ്യതകളും സംവിധാനങ്ങളും നമുക്കുണ്ട്. സമയബന്ധിത പ്രവര്‍ത്തനത്തിലൂടെ അത് യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്ക് സുമനസ്സുകളുടെ പിന്തുണയുമുണ്ട്.
ഞങ്ങളെ പിരിക്കരുത്
പുനരധിവാസ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു അഭ്യര്‍ഥനയാണിത്. കാലങ്ങളായി ഒന്നിച്ചുകഴിഞ്ഞവരാണ് ഇവിടെയുള്ളവർ. കൊടുത്തും വാങ്ങിയും പരസ്പര സ്നേഹത്തിലും സഹായത്തിലും താങ്ങായ കുടുംബജീവിതം നയിച്ചവര്‍. അയല്‍ക്കാരും നാട്ടുകാരുമായിരുന്നു ശക്തി. നാടും വീടും നഷ്ടമായ പ്രദേശത്തുകാർക്ക് ഇപ്പോള്‍ ഏക ആശ്രയം പരസ്പരം അറിയുന്നവരാണ്. ഒന്നിച്ചു ജീവിച്ചവരാണ്. ഇവിടെ ബാക്കിയായവരെ പരസ്പരം പിരിക്കുന്ന രൂപത്തിലാവരുത് പുനരധിവാസ പദ്ധതികൾ. ഭുമിയും വീടും നല്കുകയാണെങ്കില് ഒരു സ്ഥലത്ത് നല്‍കണം.
ഇത് കേള്‍ക്കുമ്പോള്‍ തള്ളാന്‍ കഴിയില്ല ആര്‍ക്കും. കാരണം അവര്‍ അങ്ങനെ കഴിഞ്ഞവരാണ്. ഇല്ലായ്മയില്‍ ഒന്നിച്ചവരാണ്. വിധി അവരെ വീണ്ടും പരീക്ഷിച്ചപ്പോഴും പിരിയാന്‍ അവര്‍ക്കാവില്ല, അങ്ങനെ ചിന്തിക്കാനും.
അതിജീവനത്തിന്റെ വഴിയില്‍ സുമനസ്സുകളും സന്നദ്ധ സംഘടനകളും കൈകോര്‍ത്തിട്ടുണ്ട്. ഫണ്ടുകള്‍ സമാഹരിക്കുകയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ ബാക്കിയായവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ചിലര്‍ ആശുപത്രികളിലുമാണ്. അവരെ സുരക്ഷിമായി സ്ഥിര കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതിയില്‍ അവരുടെ അഭ്യര്‍ഥന മാനിക്കപ്പെടണം.
ആദ്യം ഭൂമി
ദുരന്തത്തില്‍ നഷ്ടമായവര്‍ക്ക് വീട് അടിസ്ഥാന ആവശ്യമാണ്. അതിന് ആദ്യം വേണ്ടത് ഭൂമിയാണ്. വീട് നിര്‍മിച്ചു നല്‍കാമെന്ന് നിരവധി പേര് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവ യാഥാര്‍ഥ്യമാകണമെങ്കില്‍ ആദ്യം ഭൂമി കിട്ടണം. മുണ്ടക്കൈക്കു സമീപം തന്നെ നിരവധി സ്ഥലങ്ങള്‍ സൗകര്യപ്രദമായി ലഭ്യമാണ്. പൂത്തക്കൊല്ലി എസ്റ്റേറ്റില്‍ സ്ഥലമുണ്ട്. നല്കാന് അതിന്റെ ആളുകള്‍ തയ്യാറുമാണ്. തരം തിരിക്കലിന്റെ പ്രശ്നമുണ്ട്. അത് സര്‍ക്കാര്‍ ഇടപെട്ട് ചെയ്യാവുന്നതേ ഉള്ളൂ. ഭൂമി കിട്ടിയാല്‍ വീടുനിര്‍മാണം ആരംഭിക്കാം.
മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തുള്ളവര്‍ കര്‍ഷകരായിരുന്നു. മണ്ണില്‍ പണിയെടുത്ത് ജീവിതം കരുപ്പിടിപ്പിച്ചവര്‍. അവര്‍ക്ക് വേണ്ടതും ഭൂമിയാണ്. പുതിയ ജീവിതം പച്ചപിടിപ്പിച്ചെടുക്കാന്‍ കൃഷിയിറക്കണം. അതിന് ആവശ്യമായ ഭൂമി വേണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനമാണ് ആദ്യമുണ്ടാവേണ്ടത്. അതിനായി കാത്തിരിക്കുകയാണ് സന്നദ്ധ പ്രവര്‍ത്തകരും. എങ്കിലേ വാഗ്ദാനം ചെയ്ത വീടുകള്‍ ഇവിടെ യാഥാര്‍ഥ്യമാവുകയുള്ളൂ.
ൈകയില്‍ പണമില്ല
ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും വസ്ത്രവുമുണ്ട്. പക്ഷേ, ഇവിടെ താമസിക്കുന്നവരുടെ കൈയില്‍ അത്യാവശ്യത്തിനു പോലും പണമില്ല. ഫോണ്‍ റീചാര്‍ജ് ചെയ്യാനും എവിടെങ്കിലും പോകാനും രേഖകള്‍ ശരിയാക്കാനുമൊക്കെ കൈയില്‍ പണം വേണം. സര്‍വം നഷ്ടപ്പെട്ടതിനാല്‍ ഒന്നും ഇവരുടെ കൈയില്‍ ഇല്ല. ഇതു മനസ്സിലാക്കി ഞങ്ങൾ 500 കുടുംബങ്ങള്‍ക്ക് 3000 രൂപ വീതം ആദ്യം തന്നെ നല്കി. ഇതുകൊണ്ട് അവര്‍ക്ക് അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാനായി. ഇത് മറ്റുള്ളവരും മാതൃകയാക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ പൂര്‍ണമായി കിട്ടിത്തുടങ്ങിയിട്ടില്ല. അത് കിട്ടുന്ന മുറയ്ക്ക് മാത്രമേ അവര്‍ക്ക് മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.
പത്രത്തിലുണ്ട്,
ചിത്രത്തിലില്ല
ദുരന്തസമയത്ത് ആശ്വാസവുമായി പലരും പല രീതിയിലും എത്തുന്നുണ്ട്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമുണ്ട്. അവയൊക്കെ പത്രത്തിലൊതുങ്ങും. പ്രവര്‍ത്തിക്കുന്നവരുടെ ചിത്രത്തില്‍ ഇവ ഉണ്ടാവാറില്ല. അതാണ് അനുഭവം. ഉദാഹരണമായി വീട് വാഗ്ദാനം തന്നെ. വീട് നിര്‍മിച്ചുകൊടുക്കാന്‍ ആദ്യം ഭൂമിയാണ് വേണ്ടത്. അത് പ്രഖ്യാപിക്കുന്നവരുടെ കൈയില്‍ ഉണ്ടാവില്ല. ഇത് കിട്ടാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതിനാല്‍ പദ്ധതി തണുക്കും. അവസാനം ഭൂമി കിട്ടിയില്ല എന്ന പേരില്‍ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും പാഴ്വാക്കാവും. അതാണ് മുന്‍ അനുഭവങ്ങള്‍. പുത്തുമലയില്‍ അടക്കം അതാണ് കണ്ടത്. വിരലില്‍ എണ്ണാവുന്ന സുമനസ്സുകള്‍ മാത്രമാണ് അവരുടെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചത്. അതേസമയം, സ്വന്തം താമസസ്ഥലത്തു പോലും വീടുനിര്‍മാണത്തിന് സ്ഥലം വിട്ടുനല്‍കി മാതൃക തീര്‍ത്തവരുമുണ്ട് നമുക്ക് മുന്നിൽ. അവരെ മറക്കുന്നില്ല.
സര്‍ക്കാര്‍ എവിടെ?
ദുരന്തത്തിനിരയായവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ടത് സര്‍ക്കാരാണ്. അവര്‍ സന്നദ്ധപ്രവര്‍ത്തകരെ കാത്തിരിക്കുകയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കോടികള്‍ നീക്കിയിരിപ്പ് ഉണ്ടായിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരാ. അടിയന്തരമായി നല്‍കേണ്ട സഹായം പോലും വൈകുകയാണ്. മുണ്ടക്കൈയില്‍ ഇപ്പോള്‍ കാണുന്ന സഹായം സുമനസ്സുകളുടെ ഔദാര്യമാണ്. ആ ഔദാര്യത്തിലേക്ക് ദുരന്തബാധിതരെ തള്ളിവിടുന്നത് ശരിയല്ല. ഇപ്പോള്‍ ദുരന്തം ബാധിച്ചവര്‍ അന്തസ്സായി ജീവിച്ചവരാണ്. മറ്റുള്ളവരെ സഹായിച്ചവരും ചേര്ത്തുനിര്ത്തിയവരുമാണ്. അവരെ ആശ്വസിപ്പിക്കണം. ഇപ്പോള്‍തന്നെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സമ്മർദം തുടങ്ങിക്കഴിഞ്ഞു. ഇവര്‍ എവിടേക്ക് പോകും? വാടകവീടുകളാണ് ശരണം. അതിന് അഡ്വാന്‍സ് നല്‍കണം. അതിനു വഴിയില്ല. പലരും ഉയര്‍ന്ന വാടകയാണ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ഇവര്‍ക്ക് പണം നല്‍കിയിട്ടുണ്ട് എന്ന പ്രതീക്ഷയിലാണ് ഈ ചൂഷണം. പാവങ്ങള്‍ കൈമലര്‍ത്തുകയല്ലാതെ എന്തു ചെയ്യും?
പ്രധാനമന്ത്രി വന്നത് വലിയ പ്രതീക്ഷയാണ് നല്‍കിയത്. പുനരധിവാസ പ്രൊജക്ട് ലഭിച്ചാല്‍ സഹായത്തിന് സാമ്പത്തികം പ്രശ്നമല്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രൊജക്ട് പൂര്‍ണരീതിയില്‍ നല്കിട്ടില്ല എന്നാണ് അറിയുന്നത്. ഭൂമി എടുത്തുകൊടുക്കാനുള്ള നടപടിയിലും പുരോഗതിയില്ല. മന്ത്രിസഭാ ഉപസമിതി കുറച്ചു കാലം സജീവമായിരുന്നു. ഇവര്‍ നല്‍കേണ്ട റിപ്പോര്‍ട്ടും പരിഹാര മാര്‍ഗങ്ങളും വഴിയില്‍ തങ്ങിയ മട്ടാണ്.
ശാശ്വതമാവണം
പരിഹാരം
ആളും ആരവവും ഒഴിഞ്ഞാല്‍ മുണ്ടക്കൈയില്‍ ബാക്കിയാവുന്നവര്‍ വീണ്ടും നിരാശയിലേക്ക് പോകും. അത് ഇല്ലാതാകണം. അതിനുനുസരിച്ചുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. കോളനിവത്കരണത്തിന് പകരം ചുരുങ്ങിയത് 10 സെന്റ് ഭൂമിയെങ്കിലും ഉള്‍പ്പെടുന്ന സ്ഥലം വീടുനിര്‍മാണത്തിന് അനുവദിക്കണം. ആവശ്യമായ ഭൂമി കൃഷിക്കും അനുവദിക്കണം. ഭാവിയില്‍ വീട് വിപുലീകരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമുള്ള സാധ്യതകള്‍ തുറന്നിടണം. കച്ചവടക്കാര്‍ക്ക് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. ജീപ്പ്, ഓട്ടോ തൊഴിലാളികള്‍ക്ക് ജീവനോപാധിയാണ് നഷ്ടമായത്. കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍ എന്നിവർക്ക് ആവശ്യമായ ജീവിതസൗകര്യങ്ങള്‍ ഒരുക്കിനല്‍കണം. പദ്ധതി പൂര്‍ത്തിയാവുന്നതുവരെ ജീവിക്കാനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കണം. ഇതിനൊക്കെ നേതൃത്വം നല്കാന് നിര്‍വഹണ സമിതി വേണം. ചെയ്തതും ചെയ്യാനുള്ളതും ഓഡിറ്റ് ചെയ്യണം. സാമ്പത്തിക സഹായങ്ങളും വാഗ്ദാനങ്ങളും ഏകോപിപ്പിക്കണം. അതിനു വേണ്ടി ഞങ്ങള്‍ മേപ്പാടി കേന്ദ്രമാക്കി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് യഥാസമയം അത് എത്തിക്കുക എന്നതാണ് ലക്ഷ്യം. സര്‍ക്കാര്‍ സംവിധാനം കൂടി ഉണര്‍ന്നാല്‍ അത് എളുപ്പമാണ്. .