LoginRegister

തന്നോടു തന്നെയുള്ള സംസാരങ്ങള്‍

കുഴൂര്‍ വിത്സണ്‍

Feed Back


കവിത
വിതയുടെയും കൊയ്ത്തിന്റെയും കാലത്ത് അപ്പന്റെയും അമ്മയുടെയും നിഴലായിരുന്നു. ഒറ്റയ്ക്ക് വര്‍ത്തമാനം പറയാനുള്ള ഇഷ്ടം വളര്‍ന്നാവണം കവിതകള്‍ ഉണ്ടായത്. മനുഷ്യരെ സഹിക്കാന്‍ വലിയ പാടാണെനിക്ക്. തിരിച്ചും ചിലര്‍ക്കത് തോന്നുന്നുണ്ടാവും. അപ്പന്റെ കൂടെയുള്ള പാടജീവിതം എന്നോട് തന്നെ മിണ്ടാന്‍ കുട്ടിക്കാലത്ത് പഠിപ്പിച്ചു. അത് പിന്നെ ശീലമായി എന്ന് തോന്നുന്നു. എന്നോടുള്ള മിണ്ടലാണു എനിക്ക് കവിത. അതില്‍ പ്രപഞ്ചവും കക്ഷി ചേരുന്നു എന്ന് മാത്രം. ഒറ്റയാകുന്നവരുടെ ഏറ്റവും വലിയ മാധ്യമമാണ് കവിത.
ജീവിതം
കൗമാരത്തില്‍, യൗവനത്തിന്റെ തുടക്കത്തില്‍ ജീവിതത്തെക്കുറിച്ചുണ്ടായ അത്ര വ്യക്തമല്ലാത്ത ബോധ്യങ്ങള്‍ വീണ്ടും വരുന്നുണ്ട്. ദൈവം, സ്‌നേഹം, വിശ്വാസം, പണം തുടങ്ങിയ സംഭവങ്ങളില്‍ പിന്നെയും ഒരു അവ്യക്തത. അതല്ലെങ്കില്‍ ചില പുതിയ നോട്ടങ്ങള്‍. കൗമാരവും മധ്യവയസിന്റെ ആരംഭവും. ചില സമാനതകള്‍ തോന്നുന്നു. അതിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
സമൂഹം
നമ്മള്‍ ഉള്‍പ്പെടുന്ന ഒന്നാണല്ലോ സമൂഹം. നമ്മുടെ മേന്മകളെ, ജീര്‍ണതകളെ ഒക്കെ കണ്ടുപിടിക്കണമെങ്കില്‍ അതില്‍ നിന്ന് ഒന്ന് മാറി നില്‍ക്കണം. പലപ്പോഴും പ്രവാസികള്‍ കേരളത്തെ നോക്കും പോലെ. സത്യത്തില്‍ നിലവിലെ സമൂഹം എല്ലാ അര്‍ഥത്തിലും എന്നെ ഭയപ്പെടുത്തുന്നുണ്ട്.
രാഷ്ട്രീയം
പെണ്‍കുട്ടി ഒരു രാഷ്ട്രമാണ് എന്നുള്ളത് രൂപേഷ് പോളിന്റെ കവിതാ സമാഹാരത്തിന്റെ പേരാണ്. കവിതയുടെ രാഷ്ട്രവും പ്രപഞ്ചവും ഉള്ളിലുണ്ട്. പ്രപഞ്ചത്തെക്കൂടി കണക്കിലെടുത്ത് കൊണ്ടുള്ള മനുഷ്യന്റെ പ്രയത്‌നങ്ങളോട് എനിക്ക് സ്‌നേഹവും വിശ്വാസവുമുണ്ട്. മറ്റൊരു രീതിയില്‍ പറയാനാകുന്നില്ല.
വാചകം
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്ത് പ്രയോജനം എന്ന ബൈബിള്‍ വാചകം പലപ്പോഴും ഉള്ളില്‍ ആവര്‍ത്തിക്കുന്ന ഒന്നാണ്. .

തയ്യാറാക്കിയത്:
പ്രശോഭ് സാകല്യം

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top