LoginRegister

ട്രെന്‍ഡായി മാറുന്ന ലഹരി ഉപയോഗം

മന്‍സൂര്‍ ഒതായി

Feed Back


പാതിവഴിയില്‍ പ്ലസ്ടു പഠനം നിര്‍ത്തി കടയില്‍ ജോലി നോക്കുകയാണ് അജ്മല്‍ ബാബു. വിദേശത്ത് ജോലി ചെയ്യുന്ന പിതാവും വീട്ടമ്മയായ മാതാവും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ സഹോദരിയുമാണ് വീട്ടിലെ അംഗങ്ങള്‍. അവന്‍ ജോലിക്ക് പോവുന്നത് വീട്ടുകാരെ സാമ്പത്തികമായി സഹായിക്കാനൊന്നുമല്ല. മകന്‍ എന്തെങ്കിലും ഒരു തൊഴിലധിഷ്ഠിത കോഴ്സ് പഠിച്ചാല്‍ ഗള്‍ഫില്‍ അവനൊരു ജോലി ശരിപ്പെടുത്തിക്കൊടുക്കണമെന്നായിരുന്നു പിതാവിന്റെ മോഹം. പഠനത്തില്‍ വലിയ താല്‍പര്യം കാണിക്കാത്ത അവനെ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങാന്‍ പലതരം ഓഫറുകള്‍ നല്‍കി. പത്താം ക്ലാസില്‍ നല്ല ഗ്രേഡ് വാങ്ങിയാല്‍ ബൈക്ക് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തു. ബൈക്കെന്ന സ്വപ്ന സാക്ഷാത്കാരത്തിന് അവന്‍ ഇരുന്ന് പഠിച്ച് പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടി. പിതാവ് പറഞ്ഞ പ്രകാരം പുതിയ ബൈക്ക് വാങ്ങിക്കൊടുക്കുകയും ചെയ്തു.
പുതിയ വണ്ടിയുമായി അവന്‍ കൂട്ടുകാര്‍ക്കിടയിലേക്കിറങ്ങി. വീട്ടില്‍ നില്‍ക്കാന്‍ സമയമില്ലാതായി. പഠനത്തില്‍ ആവേശം കുറഞ്ഞു. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നിറങ്ങുകയും വൈകി വീട്ടിലെത്തുകയും ചെയ്തു. മകന്റെ കറക്കം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അവനെ ശ്രദ്ധിക്കണമെന്നും ലഹരി ടീമില്‍ ഉള്‍പ്പെടുന്നത് സൂക്ഷിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അവന്റെ മാതാവ് അവനെ അമിതമായി വിശ്വസിച്ചു. തന്റെ മകന്‍ അത്തരക്കാരനല്ലെന്ന് അറിയിക്കുകയും ചെയ്തു.
പത്താം ക്ലാസ് മുതല്‍ ലഹരി ഉപയോഗിക്കുന്ന കൂട്ടുകാര്‍ അവനുണ്ടായിരുന്നു. പലവട്ടം പ്രലോഭിപ്പിച്ചപ്പോഴും അവന്‍ അതില്‍ നിന്നു മാറിനിന്നു. കൂട്ടുകാര്‍ ലഹരിയുടെ പുകച്ചുരുളുകള്‍ ആസ്വദിച്ച് അവനു മുമ്പില്‍ ഹീറോകളായി. നീ ഇപ്പോഴും മാതാപിതാക്കളെ അനുസരിക്കുന്ന കൊച്ചുകുട്ടിയാണെന്ന് പരിഹസിച്ചു. ലഹരി ഉപയോഗം ആണത്തത്തിന്റെ അടയാളമാണെന്നു പറഞ്ഞ് അവനെ വെല്ലുവിളിച്ചു. കൂട്ടുകാര്‍ക്കിടയില്‍ അപമാനിതനാവുന്നു എന്ന തോന്നലുണ്ടായപ്പോള്‍ അവന്‍ ലഹരി ഉപയോഗം ആരംഭിച്ചു. അവനും ധീരതയില്‍ പങ്കാളിയായി. കൂട്ടുകാര്‍ക്കിടയില്‍ അവന്റെ ലഹരി ഉപയോഗം പ്രചരിച്ചപ്പോള്‍ അക്കാര്യം വീട്ടുകാരും അറിഞ്ഞു. അവന്‍ കഞ്ചാവിന്റെ ആളാണെന്നു പറഞ്ഞ് പലരും പരിഹസിച്ചു.
ലഹരി ഉപയോഗിച്ചുതുടങ്ങിയപ്പോള്‍ പഠനത്തില്‍ താല്‍പര്യമില്ലാതായി. പ്ലസ് വണ്‍ പരീക്ഷയില്‍ പരാജയപ്പെട്ടു. സ്‌കൂളില്‍ തുടരാന്‍ പറ്റാത്തതിനാല്‍ അവന്‍ പഠനം നിര്‍ത്തി. വെറുതെ നില്‍ക്കേണ്ട എന്നതിനാല്‍ കടയില്‍ ചില്ലറ ജോലികളുമായി മുന്നോട്ടുപോവുകയാണ് അജ്മല്‍. നാട്ടുകാരുടെ മുമ്പില്‍ അപമാനിതനായപ്പോള്‍ അവന് കുറ്റബോധമുണ്ടായി. ഉമ്മയോടും ബന്ധുക്കളോടും എല്ലാം തുറന്നുപറഞ്ഞ് അവന്‍ മാപ്പ് ചോദിച്ചു. കൃത്യസമയത്ത് ഫലപ്രദമായ ചികിത്സ ലഭിച്ചതിനാല്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. താന്‍ കാരണം കുടുംബത്തിന് അപമാനം വരുത്തിയതില്‍ ഏറെ ദുഃഖിതനാണ് അവന്‍. ആത്മവിശ്വാസത്തോടെ മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കണമെന്ന ആഗ്രഹത്തോടെയാണ് അവന്‍ കൗണ്‍സലിങ് റൂമിലെത്തിയത്.
വിദ്യാര്‍ഥി-യുവജനങ്ങള്‍ക്കിടയില്‍ ലഹരി വ്യാപിക്കുന്ന നേര്‍ചിത്രമാണ് നാം വായിച്ചത്. കേരളത്തില്‍ പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും അതിന്റെ ഭീകരതയെക്കുറിച്ചും ഭരണകൂടവും വാര്‍ത്താമാധ്യമങ്ങളും ഗൗരവത്തില്‍ ആലോചിക്കുന്ന സന്ദര്‍ഭമാണിപ്പോള്‍. പാത്തും പതുങ്ങിയും രഹസ്യമായും മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്ന കാലം മാറിയിരിക്കുന്നു. ലഹരി ഇന്ന് വന്‍കിട വ്യാപാര സാമ്രാജ്യമാണ്. കച്ചവടത്തിന്റെ രൂപവും രീതിയുമൊക്കെ മാറിയിട്ടുണ്ട്. ഡീലര്‍മാര്‍, ഏജന്റുമാര്‍, ഉപ ഏജന്റുമാര്‍, ചില്ലറ കച്ചവടക്കാര്‍, കാരിയര്‍മാര്‍ തുടങ്ങിയ കണ്ണികള്‍ അടങ്ങിയ വന്‍കിട വ്യാപാരശൃംഖലയായി ഇത് മാറിയിട്ടുണ്ട്.

മദ്യത്തോടും മയക്കുമരുന്നിനോടും അത് ഉപയോഗിക്കുന്നതിനോടുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. മുമ്പ് കള്ളുകുടിയനും കഞ്ചാവടിക്കുന്നവനും കൊള്ളരുതാത്തവനും സമൂഹത്തില്‍ തരം താഴ്ന്നവനുമായിരുന്നു. എന്നാല്‍ ഇന്ന് മദ്യപാനം സ്റ്റാറ്റസ് സിംബലായി ഗണിക്കപ്പെടുന്നു. മയക്കുമരുന്നും അത് ഉപയോഗിക്കുന്നവരും പലതരം ഓമനപ്പേരില്‍ മാന്യതയുടെ വേഷം ധരിച്ചിരിക്കുന്നു. മദ്യവും ഉപയോഗവും ഹീറോയിസത്തിന് ഒഴിച്ചുകൂടാനാവാത്ത കാര്യമായി സിനിമകളും അനുബന്ധ മീഡിയകളും ചിത്രീകരിക്കപ്പെടുന്നു. ഇതിനെയൊക്കെ എതിര്‍ക്കുന്നവര്‍ പിന്തിരിപ്പന്മാരും അറുബോറന്മാരുമാണെന്ന ധാരണ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
എന്തുകൊണ്ട് ഇത്രയേറെ കുട്ടികള്‍ ലഹരിക്ക് അടിപ്പെടുന്നു എന്ന് പഠിക്കേണ്ടതുണ്ട്. കുടുംബശൈഥില്യം, ചീത്ത കൂട്ടുകെട്ട്, പണം, ഒറ്റപ്പെടല്‍, മീഡിയയുടെ സ്വാധീനം എന്നിവയാണ് പ്രധാനമായും കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍. എല്ലാ കാലത്തും പുതുമ തേടുന്ന, സാഹസികത ഇഷ്ടപ്പെടുന്ന കൗമാരക്കാര്‍ക്കിടയില്‍ ലഹരി മരുന്ന് പരീക്ഷിക്കാന്‍ വളരെ എളുപ്പമാണ്. മയക്കുമരുന്നിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും ആവശ്യക്കാര്‍ക്ക് സാധനം എത്തിക്കാനും നൂറുകണക്കിന് കുട്ടി ഏജന്റുമാര്‍ കേരളത്തിലുണ്ട്. കീശ നിറയെ കാശും സ്മാര്‍ട്ട് ഫോണും ബൈക്കും ഒക്കെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കാരിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ നല്ല വീട്ടിലെ മക്കള്‍ പോലും തയ്യാറാവുന്നു. നമ്മുടെ ജീവിതശൈലിയിലും കുടുംബഘടനയിലും വന്ന മാറ്റം കുട്ടികള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ജോലിത്തിരക്കും കുടുംബബന്ധങ്ങളിലെ അകല്‍ച്ചയും കുട്ടികള്‍ ഒറ്റപ്പെടാന്‍ കാണമാവുന്നു. അത്തരം കുടുംബങ്ങളില്‍ പറയാനും കേള്‍ക്കാനും ആളില്ലാത്ത അവസ്ഥയില്‍ കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ആശ്വാസം കണ്ടെത്തുന്നു. അതിലൂടെ കിട്ടുന്ന ആനന്ദങ്ങളില്‍ കുട്ടികള്‍ അടിപ്പെട്ടുപോകുന്നു.
കോവിഡാനന്തരം കുട്ടികളില്‍ പൊതുവായിട്ടുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഏറെയാണ്. മണിക്കൂറുകള്‍ നീളുന്ന വീഡിയോകളും ഗെയിമുകളും സൈബര്‍ ചാറ്റുകളും അവരുടെ മസ്തിഷ്‌കങ്ങള്‍ മലിനമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും അത്തരം വീഡിയോകളും കുട്ടികള്‍ക്ക് പങ്കുവെക്കാറുണ്ടെന്ന് ഇരയായവര്‍ കൗണ്‍സലര്‍മാരോട് പറയാറുണ്ട്. മൊബൈല്‍ ഗെയിമിന് ഇരയായവരോട് രാത്രി ഉറങ്ങാതെ ഊര്‍ജസ്വലതയോടെ കളിക്കാന്‍ മയക്കുമരുന്ന് സഹായിക്കുമെന്ന് പ്രചരിപ്പിക്കാറുമുണ്ട്. ഇതു മാത്രമല്ല, പഠിക്കാന്‍ ഉന്മേഷം ലഭിക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും പ്രണയിക്കാന്‍ ധൈര്യം കിട്ടാനുമൊക്കെ ഒറ്റമൂലിയായി മയക്കുമരുന്നിനെ അവതരിപ്പിക്കുന്നു.
എല്ലാവരും ചെയ്യുന്നത് താനും ചെയ്യുന്നു എന്ന മനോഭാവമാണ് നമ്മുടെ കുട്ടികള്‍ക്കുള്ളത്. സ്വന്തം വീട്ടിലും നാട്ടിലുമുള്ള സംസ്‌കാരത്തേക്കാള്‍ അവന്‍ ഇന്ന് ഇഷ്ടപ്പെടുന്നത് മറ്റു സംസ്‌കാരങ്ങളെയാണ്. കൂട്ടത്തില്‍ കൂട്ടാനും ന്യൂജനാവാനും എന്തും ചെയ്യാന്‍ മടിക്കാത്തവരായി കുട്ടികള്‍ മാറുന്നു. ചവച്ചും കുടിച്ചും എല്ലാം ആഘോഷമാക്കുന്ന ഒരു സംസ്‌കാരത്തിലേക്ക് കാമ്പസുകള്‍ മാറുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ഒറ്റപ്പെടാതിരിക്കാനും കൂട്ടുകാര്‍ ചെയ്യുന്നതൊക്കെ ചെയ്ത് ധീരത പ്രകടിപ്പിക്കാനും മറ്റു കുട്ടികളും സന്നദ്ധമാവുന്നു. അജ്മലിന്റെ കേസിലും സംഭവിച്ചത് അതാണ്. കൂട്ടുകാര്‍ അവന്റെ വ്യക്തിത്വത്തെയും പൗരുഷത്തെയും വെല്ലുവിളിച്ചപ്പോള്‍ അവനും ലഹരി നുണയാന്‍ തയ്യാറായി.
ഈ വലക്കണ്ണികളില്‍ പെട്ടുപോയാല്‍ രക്ഷപ്പെടാന്‍ അത്ര എളുപ്പമല്ലെന്ന് നാം അറിയണം. അകപ്പെട്ടു പോയവര്‍ക്ക് ഫലപ്രദമായ ചികിത്സയും കൗണ്‍സലിങും നല്‍കുക എന്നതാണ് ഒന്നാമത്തെ കാര്യം. കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും അവരുടെ വ്യക്തിത്വത്തെ അപമാനിച്ചും അവരെ കൊടുംകുറ്റവാളികളാക്കാതിരിക്കുക. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ സംഭവിച്ച പിഴവുകള്‍ തിരിച്ചറിയാന്‍ മാതാപിതാക്കളും മുതിര്‍ന്നവരും തയ്യാറാവണം. കുട്ടികളുമായി ആശയവിനിമയം നടത്താനും അവരുടെ സ്വഭാവ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കാനും സമയം മാറ്റിവെക്കുക തന്നെ വേണം. അന്തര്‍മുഖത്വം, അമിത വികൃതി, കുറ്റവാസന എന്നീ വൈകല്യങ്ങളുള്ള കുട്ടികള്‍ ലഹരി ഉപയോഗത്തിലേക്കുള്ള സാധ്യത കൂടുതലാണ്. ഇത് തിരിച്ചറിഞ്ഞ് ആവശ്യമായ മനഃശാസ്ത്ര സഹായവും പിന്തുണയും അവര്‍ക്ക് നല്‍കണം. ‘നോ’ പറയേണ്ടിടത്ത് ആത്മധൈര്യത്തോടെ അങ്ങനെ പറയാനുള്ള ധാര്‍മികമായ കരുത്ത് ആര്‍ജിക്കാനുള്ള അവസരങ്ങള്‍ അവര്‍ക്ക് നല്‍കണം. മദ്യവും മയക്കുമരുന്നും എത്ര ആകര്‍ഷകമായി അവതരിപ്പിച്ചാലും അതിനോട് വെറുപ്പ് കാണിക്കാനുള്ള മനസ്സുണ്ടാവണം. ഉപയോഗിക്കുന്ന സന്ദര്‍ഭത്തില്‍ നിന്നും സാഹചര്യത്തില്‍ നിന്നും അഭിമാനപൂര്‍വം അകലം പാലിക്കുകയും വേണം.
”മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുന്നതിനും മാത്രമാകുന്നു ചെകുത്താന്‍ ആഗ്രഹിക്കുന്നത്. ഇനിയെങ്കിലും നിങ്ങള്‍ അതില്‍ നിന്നൊക്കെ വിരമിക്കുമോ?” (വിശുദ്ധ ഖുര്‍ആന്‍ 5:91).

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top