ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ ജോലിസാധ്യതകളും പഠനാവസരങ്ങള്‍ വിശദീകരിക്കാമോ?
ഹിജാസ് ഓമശ്ശേരി
വിനോദസഞ്ചാരത്തിലെ താല്‍പര്യം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഏറെ സാധ്യതകളുള്ള മേഖലയാണ് ട്രാവല്‍ ആന്റ് ടൂറിസം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വിനോദസഞ്ചാര മേഖലയുടെയും ട്രാവല്‍ വ്യവസായ മേഖലയുടെയും പങ്ക് വളരെ വലുതാണ്. ആഗോളീകരണവും വിവരസാങ്കേതിക മേഖലയിലെ കുതിച്ചുചാട്ടവും ഈ രംഗത്ത് അവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ആകര്‍ഷകമായ വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാപരിജ്ഞാനവുമുള്ള വ്യക്തികള്‍ക്ക് ലോകത്തിന്റെ ഏതു കോണിലും മികച്ച ജോലിസാധ്യതകളുണ്ട് എന്നതും ഈ മേഖലയുടെ പ്രത്യേകതയാണ്.
തൊഴിലവസരങ്ങള്‍
വിനോദ ടൂറിസം, രാജ്യാന്തര ടൂറിസം, വന്യജീവി ടൂറിസം, മെഡിക്കല്‍ ടൂറിസം, ഇക്കോ ടൂറിസം, ബീച്ച് ടൂറിസം, ഇവന്റ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, കാര്‍ഗോ തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യയിലും വിദേശത്തുമായി മികച്ച അവസരങ്ങളുണ്ട്.
ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ വിവിധ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ട്രാവല്‍ എക്‌സിക്യൂട്ടീവ്, ടൂര്‍ ഗൈഡ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മാനേജര്‍, ട്രാവല്‍ കണ്‍സള്‍ട്ടന്റ്, ട്രാവല്‍ ആന്റ് മീറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍, ട്രാവല്‍ കൗണ്‍സിലര്‍, അക്കമഡേഷന്‍ സര്‍വീസ് മാനേജര്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് മാനേജര്‍, ട്രാവല്‍ അഗ്രിഗേറ്റര്‍, ഇവന്റ് പ്ലാനര്‍, ടൂറിസം മാര്‍ക്കറ്റിംഗ് മാനേജര്‍, ട്രാവല്‍ റൈറ്റര്‍, എയര്‍ലൈന്‍ സ്റ്റാഫ്/ ഗ്രൗണ്ട് സ്റ്റാഫ്, ഹോട്ടല്‍ മാനേജര്‍, വിസ കണ്‍സള്‍ട്ടന്റ്, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തുടങ്ങി നിരവധി തസ്തികകളില്‍ ജോലിസാധ്യതകളുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ പൊതുവേ കുറവാണെങ്കിലും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കെടിഡിസി, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ബിരുദധാരികള്‍ക്ക് അവസരമുണ്ട്. ഹോം സ്റ്റേ, ടെന്റ് അക്കമഡേഷന്‍, ട്രാവല്‍ ഏജന്‍സി, കാര്‍ റെന്റല്‍, ടൂര്‍ ഓപറേറ്റിംഗ് കമ്പനി തുടങ്ങിയ സംരംഭങ്ങള്‍ സ്വന്തമായി തുടങ്ങാനും സാധ്യതകളുണ്ട്.
പഠനസാധ്യതകള്‍
ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ നിരവധി ഡിപ്ലോമ, ഡിഗ്രി,പിജി, പിജി ഡിപ്ലോമ കോഴ്‌സുകള്‍ ലഭ്യമാണ്. ചില സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും അവസരമുണ്ട്. വിവിധ കോഴ്‌സുകള്‍ നല്‍കുന്ന പ്രമുഖ സ്ഥാപനങ്ങളെ പരിചയപ്പെടാം.
IITTM ഗ്വാളിയോര്‍
ബിരുദ-ബിരുദാനന്തര തലത്തില്‍ മികച്ച കോഴ്‌സുകള്‍ നല്‍കുന്ന സ്ഥാപനമാണ് മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (IITTM). കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ഈ സ്ഥാപനത്തില്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ടൂറിസം ആന്റ് ട്രാവല്‍), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ്) എന്നീ കോഴ്‌സുകളുണ്ട് (ഗ്വാളിയോര്‍, ഭുവനേശ്വര്‍, നെല്ലൂര്‍, നോയിഡ കാമ്പസുകളില്‍). ഗോവ കാമ്പസിലും എംബിഎ കോഴ്‌സ് ലഭ്യമാണ്. അമര്‍ കന്തക്കിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് കോഴ്‌സുകള്‍ നടത്തുന്നത്. പ്രത്യേക പ്രവേശന പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.
വെബ്‌സൈറ്റ്: www.iittm.ac.in
കിറ്റ്‌സ് (KITTS)
ടൂറിസം രംഗത്ത് കേരളത്തിലെ മികച്ച സ്ഥാപനമാണ് തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (KITTS). വിനോദസഞ്ചാര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്. വിവിധ സെന്ററുകളിലായി എംബിഎ (ട്രാവല്‍ ആന്റ് ടൂറിസം), ബികോം (ട്രാവല്‍ ആന്റ് ടൂറിസം), ബിബിഎ (ടൂറിസം മാനേജ്‌മെന്റ്), ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍സ്, പിജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം തുടങ്ങിയ കോഴ്‌സുകളുണ്ട്. കൂടാതെ ചില അയാട്ട കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ലഭ്യമാണ്.
വെബ്‌സൈറ്റ് : www.kittsedu.org
ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഡല്‍ഹി സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ആന്ധ്രപ്രദേശ്, ജമ്മു തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ബിരുദ കോഴ്‌സുകളുണ്ട്.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഇന്ദിരാഗാന്ധി ട്രൈബല്‍ യൂണിവേഴ്‌സിറ്റി, കേരള, കര്‍ണാടക, തമിഴ്‌നാട്, ഹരിയാന കേന്ദ്ര സര്‍വകലാശാലകള്‍, മധുരൈ കാമരാജ് സര്‍വകലാശാല, ദേവി അഹല്യ സര്‍വകലാശാല ഇന്‍ഡോര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ലഭ്യമാണ്.
കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത നിരവധി സ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ ബിരുദ-ബിരുദാനന്തര പഠനത്തിന് അവസരങ്ങളുണ്ട്. ജിപിഎം ഗവ. കോളജ് മഞ്ചേശ്വരം, സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വയനാട്, സെന്റ് തോമസ് കോളജ് റാന്നി, മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം, എസ്എന്‍ കോളജ് കുമരകം, എംഇഎസ് അസ്മാബി കോളജ് കൊടുങ്ങല്ലൂര്‍, നിര്‍മല കോളജ് മൂവാറ്റുപുഴ, എംഇഎസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കുറ്റിപ്പുറം, പ്രൊവിഡന്‍സ് വിമന്‍സ് കോളജ് മലാപറമ്പ്, ജെഡിടി ഇസ്‌ലാം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വെള്ളിമാടുകുന്ന്, ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് നരിക്കുനി തുടങ്ങിയവ ഉദാഹരണങ്ങളാണ്.
അയാട്ട കോഴ്‌സുകള്‍
എയര്‍ലൈന്‍ വ്യവസായവുമായി ബന്ധപ്പെട്ട സമസ്ത കാര്യങ്ങളിലും മാനദണ്ഡങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് അയാട്ട (IATA: International Air Transport Association). മുന്നൂറോളം എയര്‍ലൈനുകള്‍ ഇതില്‍ പങ്കാളികളാണ്. ട്രാവല്‍ പ്രൊഫഷണലാകാനുള്ള പരിശീലനവും അയാട്ട നല്‍കുന്നുണ്ട്. www.iata.org എന്ന വെബ്‌സൈറ്റിലെ ട്രെയിനിംഗ് ലിങ്ക് ക്ലിക്ക് ചെയ്താല്‍ ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളുടെ വിശദ വിവരങ്ങളറിയാം. അയാട്ടയുടെ അംഗീകൃത സ്ഥാപനങ്ങള്‍ മനസ്സിലാക്കി വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാല്‍ എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച ജോലിസാധ്യതകളുണ്ട്. .