LoginRegister

ഞാന്‍ അനുഗൃഹീതനാണ്, ലോകം എന്റേതാകുന്നു..!

ഷെരീഫ് സാഗര്‍

Feed Back


അറബ് ലോകത്തെ കവികളില്‍ ശ്രദ്ധേയനായ അഹ്മദ് ബുഖാതിറിന്റെ നഷീദുകളേറെയും ദൈവ സ്മരണകളുടെ തെളിനീരൊഴുകുന്ന അരുവികളാണ്. യു എ ഇ സ്വദേശിയായ അദ്ദേഹത്തിന്റെ ഗാനങ്ങളും ആല്‍ബങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാവ്യാസ്വാദകര്‍ക്ക് അനുഭൂതി പകരുന്നു. ‘ഫോര്‍ഗീവ് മി’ എന്ന അഹ്മദ് ബുഖാതിറിന്റെ വീഡിയോ ആല്‍ബം ദൈവത്തില്‍ വിശ്വസിക്കുന്ന ഓരോ മനുഷ്യന്റെയും ഹൃദയത്തെ പിടിച്ചുലയ്ക്കും. ലോകത്ത് മനുഷ്യര്‍ അനുഭവിക്കുന്ന പലതരത്തിലുള്ള ദുരിതങ്ങള്‍ കാണുന്ന കവി ഓരോ കാഴ്ചയിലും ദൈവത്തെ സ്തുതിക്കുന്നതാണ് ഇതിവൃത്തം.
ബസ്സില്‍ വെച്ച് കവി സുവര്‍ണ മുടിയുള്ള ഒരു പെണ്‍കുട്ടിയെ കാണുന്നു. അവളെ നോക്കി ചിരിക്കുന്നു. അവളെ പോലെ കവിയും അനുഗൃഹീതനാണെന്ന് കരുതുന്നു. എന്നാല്‍ പിന്നെ കാണുന്നത് ആ പെണ്‍കുട്ടി ക്രച്ചസില്‍ ഒറ്റക്കാലില്‍ വേച്ചുവേച്ച് നടക്കുന്നതാണ്. അവള്‍ അംഗപരിമിതയാണെന്ന് അറിയുമ്പോള്‍, രണ്ടു കാലുകളില്‍ നടക്കാനുള്ള ശേഷി തന്ന നാഥനോട് കവി പറയുന്നു. ”ദൈവമേ, എന്നിട്ടും ഞാന്‍ പരാതിപ്പെടുന്നെങ്കില്‍ എന്നോട് ക്ഷമിക്കണേ… എനിക്ക് രണ്ടു കാലുകളുണ്ട്, ലോകം എന്റേതാകുന്നു”.
കവി തുടര്‍ന്ന് പാടുന്നു:
”സായംസന്ധ്യയുടെ മനോഹാരിത നുകരും കണ്ണുകളും
ഞാന്‍ ഉദ്ദേശിക്കുന്നിടത്ത് എന്നെ എത്തിക്കുന്ന കാലുകളും
എനിക്ക് വേണ്ടത് കേള്‍പ്പിക്കുന്ന ചെവികളുമുണ്ട്
ദൈവമേ, എന്നിട്ടും പരാതിപ്പെടുന്നെങ്കില്‍ എന്നോട് ക്ഷമിക്കണേ
ഞാന്‍ അനുഗൃഹീതനാണ്, ലോകം എന്റേതാകുന്നു..!”
മിഠായി വാങ്ങാന്‍ പോയപ്പോള്‍ കവി കാണുന്നത് കണ്ണു കാണാത്ത ബാലനെയാണ്. പിന്നെ നീലക്കണ്ണുകളുള്ള കുട്ടിയെ കവി കാണുന്നു. അവന്‍ ഒറ്റയ്ക്ക്, കൂട്ടുകാര്‍ കളിക്കുന്നത് നോക്കി നില്‍ക്കുന്നു. എന്തു ചെയ്യണമെന്ന് അവനറിയില്ല. കവി ഒരു നിമിഷം നിന്ന്, അവനോട് ചോദിച്ചു. ”എന്തു പറ്റി കുഞ്ഞേ, മറ്റുള്ളവര്‍ക്കൊപ്പം കളിക്കാത്തതെന്ത്..?” ഒന്നും മിണ്ടാതെ അവന്‍ മുന്നോട്ടു നോക്കിയിരുന്നു. അപ്പോള്‍ കവി അറിഞ്ഞു, അവന് കേള്‍ക്കാനാവില്ലെന്ന്.
പാട്ട് തുടരുന്നു:
”ദൈവമേ, എന്നിട്ടും പരാതിപ്പെടുന്നെങ്കില്‍ എന്നോട് ക്ഷമിക്കണേ
എനിക്ക് രണ്ടു ചെവികളുണ്ട്, ലോകം എന്റേതാകുന്നു…!”
ജീവിതത്തില്‍ പ്രയാസങ്ങളുടെ പേമാരി പെയ്യുന്ന നേരത്ത് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മതി. ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുള്ള മനസ്സ് നമുക്കുണ്ടാകും. അങ്ങനെയൊരു മനസ്സുണ്ടെങ്കില്‍ ദൈവം കൂടുതലായി തന്നുകൊണ്ടേയിരിക്കും. നന്ദി പറയുക എന്നത് ശീലമാകണം. ദൈവത്തോടും മനുഷ്യരോടും നന്ദി പറയേണ്ട സമയത്ത് പറയണം. അതിനൊരു മടിയും വിചാരിക്കേണ്ട. ദൈവാനുഗ്രഹങ്ങള്‍ എണ്ണുകയാണെങ്കില്‍ അതിന്റെ കണക്കെടുക്കാനാവില്ല എന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ട്. നന്ദികെട്ട മനുഷ്യരോടാണ് അല്ലാഹു അക്കാര്യം ഓര്‍മിപ്പിക്കുന്നത്.
”എന്റെ വഴിയിലെ വെയിലിനും നന്ദി,
എന്റെ ചുമലിലെ ചുമടിനും നന്ദി.
എന്റെ വഴിയിലെ തണലിനും, മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി”
എന്ന് സുഗതകുമാരി പാടുന്നുണ്ട്.
കവി ഒ.എന്‍.വി കുറുപ്പ് പാടുന്നു:
”നന്ദി! നീതന്നൊരു ഇളം നീലരാവുകള്‍ക്ക്
എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക്
എന്നെ ചിരിപ്പിച്ച നക്ഷത്രമുല്ലകള്‍ക്ക്
എന്റെയേകേന്തതന്‍ പുഴയോരത്ത്
കൊച്ചുകാറ്റിന്റെ കൊതുമ്പുവള്ളത്തില്‍ നീ
ഏറ്റി അയച്ച വിശിഷ്ട ഗന്ധങ്ങള്‍ക്കുമെല്ലാം
എനിക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!”
നന്ദിയുള്ള മനുഷ്യനാവുക എന്നത് നല്ലൊരു ജീവിതത്തിന്റെ ലക്ഷണമാണ്. നന്ദിയുള്ള മനുഷ്യര്‍ പ്രയാസങ്ങളില്‍ ക്ഷമിക്കും. നേട്ടങ്ങളില്‍ ആനന്ദിക്കുന്നതോടൊപ്പം അതിന് കാരണക്കാരായവരോട് നന്ദി കാണിക്കും. വലിയ പ്രയാസം തോന്നുമ്പോള്‍ അവര്‍ ചുറ്റുമൊന്ന് നോക്കും. ലോകത്തിന്റെ മനോഹാരിതയില്‍, ഇത്തിരിപ്പോന്ന ജീവിതത്തില്‍ ലഭിച്ച ഒത്തിരി നേട്ടങ്ങളില്‍ അയാള്‍ ആഹ്ലാദിച്ചുകൊണ്ടിരിക്കും. അയാളുടെ മുന്നോട്ടുള്ള ഓരോ ചുവടുകളും നന്ദിയുള്ളതാകും. നന്ദിയുടെ ശിഖരങ്ങളില്‍ പിടിച്ച് നേട്ടങ്ങളുടെ ഉയരങ്ങളിലേക്ക് അയാള്‍ കയറിക്കൊണ്ടേയിരിക്കും. ഇല്ലായ്മകളില്‍ നിരാശപ്പെടാതെ ഉള്ളതിനെ ഓര്‍ത്ത് സന്തോഷിക്കും. എനിക്കെല്ലാമുണ്ട്, ലോകം എന്റേതാകുന്നു എന്ന് അയാള്‍ പറയും.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top