LoginRegister

ഞാനൊരു സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നെങ്കില്‍

മന്‍സൂര്‍ ഒതായി

Feed Back


ബി ടെക് ബിരുദധാരിണിയായ അന്‍സിലയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. എം ബി എക്കാരനായ ഭര്‍ത്താവ് മാജിദ് സ്വന്തമായി ബിസിനസ് ചെയ്യുന്നു. തന്റെ ഭര്‍ത്താവിന് ബിസിനസ്, ജോലി, സമ്പാദ്യം എന്ന ചിന്ത മാത്രമാണുള്ളതെന്നാണ് അവളുടെ പരിഭവം. ഈ പേരും പറഞ്ഞ് ഫുള്‍ടൈം ഫോണില്‍ സമയം ചെലവഴിക്കും. ചുറ്റുപാടും എന്ത് സംഭവിച്ചാലും ഫോണില്‍ നിന്ന് കണ്ണെടുക്കില്ല. സ്നേഹം ഭാവിച്ച് അടുത്ത് ചെന്നാല്‍ ഒട്ടും മൈന്‍ഡ് ചെയ്യില്ല. വല്ലതും ചോദിച്ചാല്‍ കൃത്യമായി മറുപടി കിട്ടില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചെത്തും വരെ യാതൊരു കമ്മ്യൂണിക്കേഷനുമില്ല. അങ്ങോട്ട് വിളിച്ചാല്‍ തിരക്കാണ് എന്നു പറഞ്ഞ് പെട്ടെന്നു തന്നെ ഫോണ്‍ കട്ട് ചെയ്യും. തിരിച്ചെത്തുന്ന സമയം ചോദിച്ചാല്‍, അത് പറയാന്‍ പറ്റില്ല എന്നായിരിക്കും മറുപടി. വീട്ടിലെത്തിയാല്‍ രാത്രി 12 മണി വരെ വീണ്ടും ഫോണില്‍ തന്നെ.
ഭര്‍ത്താവിന്റേത് അത്ര തിരക്കു പിടിച്ച ബിസിനസ് ഒന്നുമല്ലെന്നാണ് അന്‍സില പറയുന്നത്. തന്നെ ഒഴിവാക്കാനുള്ള ഒരു തന്ത്രമാണ് ഈ തിരക്ക് അഭിനയം എന്നുമവള്‍ പറയുന്നു. ഒരുപാട് സ്വപ്‌നങ്ങളോടെ വിവാഹജീവിതത്തിലേക്ക് വന്ന തന്നെ മാജിദ് ഇങ്ങനെ അവഗണിക്കുന്നതില്‍ അവള്‍ക്ക് ഏറെ മനോവിഷമമുണ്ട്. ഭര്‍ത്താവിന് മറ്റു ദുശ്ശീലങ്ങളൊന്നുമില്ലെങ്കില്‍ തന്നെ ഇങ്ങനെ അവഗണിക്കുന്നത് ഒട്ടും സഹിക്കാനാവുന്നില്ല. അദ്ദേഹം തന്റെ സ്മാര്‍ട്ട് ഫോണിന് നല്‍കുന്ന പരിഗണനയുടെ പകുതിയെങ്കിലും തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്നാണ് അന്‍സിലയുടെ മോഹം.
സോഷ്യല്‍ മീഡിയയും മറ്റ് ആധുനിക ആശയവിനിമയ-സാങ്കേതിക സംവിധാനങ്ങളും മാനവരാശിക്ക് ഉപകാരപ്രദമാണ്. വൈജ്ഞാനിക വളര്‍ച്ചക്കും വിവരങ്ങള്‍ ത്വരിതഗതിയില്‍ വിനിമയം ചെയ്യാനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഏറെ സഹായകമാണ്. ആധുനിക ആശയവിനിമയ മാര്‍ഗത്തില്‍ നിന്നു പൂര്‍ണമായും വിട്ടുനില്‍ക്കുക ഇക്കാലത്ത് പ്രയാസകരമാണ്. എന്നാല്‍ അവ ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാകുന്നത് അത്യന്തം അപകടകരമാണ്.
ജീവിതത്തിന്റെ പ്രധാന സമയം മുഴുവന്‍ മൊബൈല്‍ സ്‌ക്രീനിനു മുമ്പില്‍ ചെലവഴിക്കുന്ന ആളുകളുടെ എണ്ണം വളരെ വര്‍ധിച്ചിട്ടുണ്ട്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ജീവിതത്തിന്റെ മുഖ്യകേന്ദ്രങ്ങളായി മാറുന്നത് ശുഭസൂചകമല്ല. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കേണ്ട ഗുണനിലവാരമുള്ള സമയം സോഷ്യല്‍ മീഡിയകള്‍ കവര്‍ന്നെടുക്കുന്ന സത്യം നാം തിരിച്ചറിയാതെ പോവുന്നു. മനസ്സും മസ്തിഷ്‌കരവും സ്‌ക്രീനിനുള്ളില്‍പെട്ട് ദൈനംദിന ജീവിതത്തിന്റെ സജീവതയും താളക്രമവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ചുറ്റിലും എന്തുതന്നെ സംഭവിച്ചാലും തനിക്ക് ഒന്നുമില്ല എന്ന ഭാവമാണ് സ്‌ക്രീന്‍ അഡിക്റ്റുകള്‍ക്കുള്ളത്.
ഏത് സമയവും സ്മാര്‍ട്ട് ഫോണിനു മുന്നില്‍ തലകുനിച്ചിരിക്കുന്ന വ്യക്തിക്ക് ജീവിതത്തിന്റെ മാധുര്യം നുകരാനാവില്ല. കുടുംബജീവിതത്തിന്റെയും സാമൂഹിക അടുപ്പത്തിന്റെയും സന്തോഷ നിമിഷങ്ങള്‍ അനുഭവിക്കാനും സാധിക്കില്ല. തൊട്ടടുത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും സംസാരിക്കാന്‍ വരുന്നത് ഇവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. അതേസമയം ഓണ്‍ലൈന്‍ സൗഹൃദങ്ങളില്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കും. അകലെയുള്ള സൗഹൃദങ്ങളിലും ചാറ്റിങിലും ആനന്ദം കണ്ടെത്തുകയും ചെയ്യും.
ഭര്‍ത്താവിന്റെ ഫോണ്‍ അഡിക്ഷനും വര്‍ക്കഹോളിസവും മൂലം മനഃപ്രയാസം അനുഭവിക്കുന്ന ഒരു യുവതിയുടെ സങ്കടമാണ് തുടക്കത്തില്‍ നാം വായിച്ചത്. പൊതുവെ സാമൂഹികബന്ധങ്ങളും സൗഹൃദങ്ങളും കുറവുള്ള വ്യക്തിത്വമാണ് മാജിദിനുള്ളത്. ഇത്തരക്കാര്‍ക്ക് സൈബര്‍ ഇടങ്ങളും അവിടത്തെ ബന്ധങ്ങളും പ്രത്യേകം സന്തോഷവും സുരക്ഷിതത്വവും നല്‍കും. ഈ മായികലോകത്ത് ആനന്ദം കണ്ടെത്തുന്നവര്‍ക്ക് കൂടെയുള്ളവരോട് തണുപ്പന്‍ പ്രതികരണമായിരിക്കും. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ലെങ്കില്‍ പോലും മാജിദിന് ഭാര്യയോട് വൈകാരികമായ അടുപ്പം കാണിക്കാന്‍ സാധിക്കാതിരിക്കുന്നത്. തന്റെ കൂടെ മനോഹരമായ ജീവിതം സ്വപ്നം കാണുന്ന ഒരു പെണ്‍കുട്ടിയെ ഇദ്ദേഹം പാടേ വിസ്മരിക്കുന്നു. അവളുടെ പരിഭവങ്ങള്‍ക്ക് കാതോര്‍ക്കാനോ ആവശ്യങ്ങള്‍ തിരിച്ചറിയാനോ അയാള്‍ക്കാവുന്നില്ല.
ദാമ്പത്യത്തിന്റെ തുടക്കത്തില്‍ തന്നെ പങ്കാളിയില്‍ നിന്നുണ്ടാവുന്ന അവഗണനാ മനോഭാവം തീര്‍ച്ചയായും നിരാശക്കും ആത്മവിശ്വാസം കുറയാനും കാരണമാവും. വിവാഹജീവിതത്തിന്റെ പ്രാധാന്യവും മറ്റുള്ളവരുടെ പ്രതീക്ഷകളും മാജിദ് മനസ്സിലാക്കണം. ഭാര്യയുടെ പ്രതീക്ഷകള്‍ തിരിച്ചറിഞ്ഞ് യാഥാര്‍ഥ്യബോധത്തോടെ ജീവിക്കുകയാണ് പരിഹാര മാര്‍ഗം. ഒപ്പം ഭാര്യയുടെയും ഭര്‍ത്താവിന്റെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ദമ്പതികള്‍ മനസ്സിലാക്കി പെരുമാറണം.
ഒപ്പമുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അല്‍പം കൂടുന്നുണ്ട് എന്ന് പറയുമ്പോള്‍ അത് സമ്മതിക്കാന്‍ പലര്‍ക്കും മടിയാണ്. എനിക്ക് അത്തരം കുഴപ്പമൊന്നുമില്ല എന്ന് സമര്‍ഥിക്കുകയായിരിക്കും അടുത്ത നടപടി. എന്നാല്‍ ഒരു കാര്യം നാം മനസ്സിലാക്കുക. കൂടെയുള്ളവരെ ശ്രദ്ധിക്കാതെ, അവര്‍ പറയുന്നത് ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണിന് നാം മുന്‍ഗണന നല്‍കുന്നുവെങ്കില്‍ അത് സ്‌ക്രീന്‍ അഡിക്ഷന്റെ അടയാളമാണ്. ഉണര്‍ന്നാലുടന്‍ മറ്റു ദിനചര്യകളെല്ലാം മാറ്റിവച്ച് ഫോണെടുത്ത് അതിലെ മെസേജുകളില്‍ കൗതുകവും ആനന്ദവും പകരുന്നുണ്ടെങ്കില്‍ ഉറപ്പായും നിങ്ങളുടെ ദാമ്പത്യം സാമൂഹിക ഭീഷണിയിലാണ്. സോഷ്യല്‍ മീഡിയയില്‍ സൗഹൃദം വിരിയുമ്പോള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച് തലോടലിന്റെ കുളിര്‍മ കൊതിക്കുന്നവര്‍ അകന്നുപോയിക്കൂടാ.
ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനമാണ് മറ്റൊരു പ്രധാന കാര്യം. ജീവിതനേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തില്‍ പലരും ജീവിക്കാന്‍ മറന്നുപോവുന്നു. ജോലിയും പണവുമൊക്കെ ജീവിതം സന്തോഷമാക്കാനുള്ള കേവല മാര്‍ഗങ്ങളല്ലേ? എന്നാല്‍ അവ നമ്മുടെ സന്തോഷം കെടുത്തുന്ന കാര്യങ്ങളായി മാറിയാലോ? ദാമ്പത്യ ജീവിതം ദുസ്സഹമാവുന്ന രീതിയിലുള്ള ജോലികൊണ്ടെന്ത് പ്രയോജനം? പ്രിയമുള്ളവര്‍ നിന്നെ എനിക്ക് വല്ലാതെ മിസ്സാവുന്നു എന്ന് പറയുമ്പോള്‍ അത് നാം പ്രാധാന്യപൂര്‍വം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ സന്തോഷത്തോടൊപ്പം കുടുംബത്തിനും സന്തോഷമുണ്ടാവുമ്പോഴാണ് നമുക്ക് വളരാന്‍ സാധിക്കുക.
ജീവിതത്തിലെ നിരവധി ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലും പ്രവാചകന്‍ മുഹമ്മദ്(സ) തന്റെ പത്നിമാരോടൊപ്പം സമയം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയില്ല. അവരുമായി സംസാരിക്കാനും സല്ലപിക്കാനും അേദ്ദഹം സമയം മാറ്റിവെച്ചു. അവരുടെ കൊച്ചു സംസാരങ്ങള്‍ക്ക് കാതോര്‍ത്തു. വീട്ടുജോലികളില്‍ സഹായിച്ചും പ്രോത്സാഹന വാക്കുകള്‍ നല്‍കിയും അവരെ സന്തോഷിപ്പിച്ചു. ദമ്പതികള്‍ പരസ്പരം സ്നേഹം പങ്കിട്ട് സന്തോഷ ജീവിതം നയിക്കാന്‍ റസൂല്‍(സ) എക്കാലത്തും മാതൃകയാണ്. ഇണകള്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ചും സ്‌നേഹഭാഷത്തെ കുറിച്ചും തിരുമേനി ഇപ്രകാരം പറഞ്ഞു: ”ദൈവസ്മരണയില്ലാത്തതെല്ലാം കളിയും വിനോദവുമാണ്. നാലു കാര്യങ്ങളൊഴികെ. സഹധര്‍മിണിയോടൊന്നിച്ചുള്ള പുരുഷന്റെ സല്ലാപം, കുതിരയെ പരിശീലിപ്പിക്കല്‍, ഓട്ടപ്പന്തയം, നീന്തല്‍ പഠിപ്പിക്കല്‍.”

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top