LoginRegister

ജിന്നാള്‌

മറിയംബീവി പുറത്തീല്‍

Feed Back


”ഉം… കണ്ണ് തുറക്കാണ്ട് നല്ലോം സൂക്ഷിച്ച് നോക്ക്. എന്താ കാണുന്നത്?”
”ഒന്നും… ഒന്നും കാണ്…ന്നില്ല..!”
”നല്ലോം നോക്ക്, ഇപ്പളോ?”
ജിന്നുസ്താദ് ഉമ്മുകുല്‍സുവിന്റെ തലക്കു മുകളില്‍ പച്ചപ്പട്ടു കൊണ്ട് മൂടി അതിനു മുകളില്‍ അയാളുടെ ബലിഷ്ടമായ കൈപ്പത്തി അമര്‍ത്തിവെച്ചു. ഉമ്മുകുല്‍സു നന്നായി വിയര്‍ത്തു. പര്‍ദയും മൂടുപടവും അണിഞ്ഞ അവളുടെ തലയിലൂടെ ജിന്നുസ്താദ് മൂടിയ പച്ചപ്പട്ടു കൂടിയായപ്പോള്‍ അവള്‍ ശരിക്കും വെന്തു. തലക്ക് മുകളിലുള്ള ഉസ്താദിന്റെ കൈപ്പത്തിക്ക് കരിങ്കല്ലിന്റെ ഭാരമുണ്ടെന്ന് അവള്‍ക്ക് തോന്നി. ഇരുകണ്ണുകളും ഇറുക്കിപ്പൂട്ടി അവള്‍ ഉസ്താദ് ആരായുന്ന കാഴ്ചക്കായി പരതി. കനത്ത ഇരുട്ടല്ലാതെ മറ്റൊന്നും അവളപ്പോള്‍ കണ്ടില്ല.
ഉസ്താദിന് അകമ്പടിക്കാരായി ഒരുകൂട്ടം ജിന്നുകളുണ്ടത്രേ. അതാണ് ഉസ്താദ് ജിന്നുസ്താദായി അറിയപ്പെടുന്നത്.
”പ്പോ കാണണ്ണ്ടാ..?”
”ഉം…. ണ്ട്..!”
”ന്താ കാണുന്നത്…?”
ജിന്നുസ്താദ് എന്തൊക്കെയോ മന്ത്രവചനങ്ങള്‍ ഉച്ചത്തില്‍ ഉരുവിടുന്നതിനിടയില്‍ ചോദിച്ചു.
”ഒ… ഒരു.. കണ്ണ്..!”
അവള്‍ ഇറുക്കിപ്പൂട്ടിയ ഇരുട്ടു കയറിയ കണ്ണുകളില്‍ എങ്ങനെയോ നേര്‍ത്ത ഒരു മഞ്ഞവെളിച്ചമുള്ള കണ്ണ് മാത്രം കണ്ടെത്തി.
”ഒറ്റക്കണ്ണോ…?”
”ഉം…” ഉമ്മുകുല്‍സു പേടിച്ചുവിറച്ചു.
”നഊദുബില്ലാഹ്. അതുതന്നെ. അതവന്‍ തന്നെ. ഇതങ്ങനെ വിട്ടാ പറ്റൂല…”
ജിന്നുസ്താദ് പിന്നെയും ഉച്ചത്തില്‍ പല മന്ത്രവചനങ്ങളും ഉരുവിട്ടു. ഉമ്മുകുല്‍സുവിന്റെ നെഞ്ചില്‍ ഇടിത്തീ വീണു.
”ന്റള്ളാ… നീയെന്നെ കാക്കണേ…”
അവള്‍ മൗനമായി പച്ചപ്പട്ടിനുള്ളില്‍ കണ്ണീര്‍ വാര്‍ത്തു.
”ഉമ്മുകുല്‍സൂ… ഇബ്ലീസ് അന്റുള്ളില്‍ കൊറേ കേട്പാട് വര്ത്തീട്ട്ണ്ട്. അതിപ്പോ ഞാനും ന്റെ ജിന്നാളും ഒരു മഹാനും ചേര്‍ന്ന് ശരിയാക്കാന്‍ പോവ്വാ… അന്‍ക്ക് വയറിന് നല്ല വേദനയില്ലേ…? പറ പെണ്ണേ തൊള്ള തൊര്‍ന്ന്.”
”ഉം…. ണ്ട്.. ണ്ട്.”
ഉമ്മുകുല്‍സുവിന് അന്നേവരെയില്ലാത്ത ഒരു വയറുവേദന പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. വയറ്റില്‍ ഉരുള്‍പൊട്ടലും ഭൂകമ്പവും സുനാമിയും രൂപം കൊണ്ടു. അവള്‍ക്ക് ഓക്കാനം വന്നു.
”എനക്ക്, ച…ര്‍ദിക്കണം..”
”ഉം… ഉം… പണിയേറ്റ് തുടങ്ങീറ്റ്ണ്ട്‌ട്ടോ…” തോളിലിട്ട പച്ച ഷാളെടുത്ത് ജിന്നുസ്താദ് തന്റെ പണി വിജയം കണ്ടുതുടങ്ങിയെന്ന ഭാവത്തില്‍ രണ്ടുമൂന്ന് വട്ടം വീശി. ഉമ്മുകുല്‍സുവിന് ഛര്‍ദിക്കാന്‍ ആരാണ്ടൊക്കെയോ പെണ്ണുങ്ങള്‍ ചേര്‍ന്ന് കോളാമ്പി നല്‍കി. ഛര്‍ദിച്ച് തീര്‍ന്നപ്പോള്‍ ജിന്നുസ്താദ് പറഞ്ഞു:
”ഇപ്പോ അന്റെ വയറ് ഒരു കീറ് കീറും… കേട് മാറ്റാന്ണ്ട്… എല്ലാരും ഒറക്കെ ഞാന്‍ ചൊല്ലണതങ്ങ് ഏറ്റ്‌ചൊല്ലണം…”
ഉസ്താദ് പല മന്ത്രവചനങ്ങളും വലിയ ശബ്ദത്തില്‍ ചൊല്ലിക്കൊണ്ടിരുന്നു. വീട്ടുകാരെല്ലാം അത് ഏറ്റുചൊല്ലിക്കൊണ്ടിരുന്നു. ഉമ്മുകുല്‍സുവിനോട് വയറ്റിന്‍മേല്‍ കൈ വെച്ച് അനങ്ങാതിരിക്കാന്‍ പറഞ്ഞതനുസരിച്ച് അവള്‍ തലകുമ്പിട്ടിരുന്നു. വയറിനുള്ളില്‍ വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെട്ടു. അതൊക്കെ ഓപ്പറേഷന്റെ ഭാഗമാണെന്ന് ഉസ്താദ് പറഞ്ഞു.
”ഉം… ഓപ്പറേഷന്‍ കയിഞ്ഞിക്ക്ണ്. ഓള്‍ക്ക് നേര്യതെന്തെങ്കിലും കുടിക്കാന്‍ കൊട്‌ത്തേ…”
വീട്ടുകാര്‍ അവള്‍ക്ക് ഒരു കുഴിയന്‍ പിഞ്ഞാണത്തില്‍ കഞ്ഞി നല്‍കി.
”കഞ്ഞി കുടിച്ച് ശീണം മാറ്റ്. യെന്തെങ്കിലും ണ്ടെങ്കി ന്നോട് പറഞ്ഞാ മതി. വയറ്റിന്റെ കേടൊക്കെ മാറ്റീക്കണ്.”
ഓപ്പറേഷനും മന്ത്രവും തന്ത്രവും ഒക്കെ കഴിഞ്ഞ് ജിന്നുസ്താദ് തിരിച്ചുപോകാന്‍ ഏറെ വൈകി. അന്ന് മുഴുവന്‍ സര്‍ജറി കഴിഞ്ഞ ആളെ പോലെ ഉമ്മുകുല്‍സു വിശ്രമിച്ചു. വീട്ടുകാര്‍ അവള്‍ക്ക് വേണ്ട പരിചരണം നല്‍കി.
പിറ്റേ ദിവസം ഉച്ചയായിക്കാണും, അയലത്തെ വീട്ടില്‍ എന്തോ കാര്യത്തിന് പോയപ്പോഴാണ് ഉമ്മുകുല്‍സുവിന്റെ കയ്യിലുള്ള സെല്‍ഫോണ്‍ ശബ്ദിച്ചത്. അപരിചിത നമ്പര്‍ കണ്ട് എടുക്കണോ വേണ്ടയോ എന്ന് അവള്‍ ഒരു നിമിഷം ശങ്കിച്ചു. രണ്ടും കല്പിച്ച് ചൂണ്ടുവിരല്‍ പച്ച കീയില്‍ അമര്‍ന്നു.
”ഹലോ…. ഉമ്മുകുല്‍സൂ. ഇത് ഞാനാ ഉസ്താദ്. ന്ന്ട്ട് എന്തൊക്ക്യാ അന്റെ വര്‍ത്താനം…? എങ്ങനണ്ട് പ്പോ?”
”ന്റള്ളാ. ജിന്നുസ്താദ് ഇന്നെ നേരിട്ട് വിളിക്ക്യേ?” അപ്രതീക്ഷിതമായ ഉസ്താദിന്റെ വിളിയില്‍ അവളൊന്ന് ഉള്‍ക്കിടിലം കൊണ്ടു.
”അല്‍ഹംദുലില്ലാഹ്… സുഖാണ് ഉസ്താദേ… റാഹത്താണ്. അല്ല, ഇന്റെ നമ്പര്‍ ഉസ്താദിന് ഏട്ന്ന് കിട്ടി?”
അമ്പരപ്പ് വിട്ടുമാറാതെ അവള്‍ ഉസ്താദിനോടാരാഞ്ഞു.
”അതൊക്കെ ണ്ട് പെണ്ണെ. അയ്‌നാപ്പൊ ഇന്‍ക്ത്തരെ പണി? ഹ… ഹ…”
ഇതൊക്കെ നമ്മളെത്ര കണ്ടതാ എന്നുള്ള ഭാവത്തില്‍ ഉസ്താദ് പൊട്ടിച്ചിരിച്ചു.
”പിന്നെ… ന്തേലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ന്നെ വിളിച്ചോട്ടോ. യിതാണ് ന്റെ നമ്പര്‍. ശരി…ന്നാ…”
ഉസ്താദ് ഫോണ്‍ കട്ട് ചെയ്തിട്ടും ഉമ്മുകുല്‍സു തരിപ്പോടെ നിന്നു .
”ന്താ കൂല്‍സൂ … ആരാ ഫോണില്?” അയലത്തെ നബീസാത്ത ഉച്ചത്തില്‍ ചോദിച്ചപ്പോഴാണ് ഉമ്മുകുല്‍സുവിന് പരിസരബോധം വന്നത്.
”ആരുല്ലത്താ. ഞാമ്പോണ്.” അവള്‍ ധൃതിയില്‍ വീട്ടിലേക്ക് നടന്നു.
ന്നാലും ഉസ്താദ് വിളിച്ച് ന്റെ കാര്യന്വേഷിച്ചല്ലോ. ഇത്രേ ഔലിയാക്കളുടെ കറാമത്തുള്ള, ജിന്നുകളുടെ അകമ്പടിയുള്ള, ത്രേം വല്യ ഒര് മനുഷ്യന്‍… അവളുടെ ചിന്തകള്‍ മുഴുവന്‍ ഉസ്താദിന്റെ പിറകെ ആയിരുന്നു.
ഉടലാകെ ഒരു കോരിത്തരിപ്പ്. താന്‍ ഈ നിമിഷം ആരൊക്കെയോ ആയിത്തീര്‍ന്നെന്ന തോന്നല്‍. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതി അവളുടെ ഉള്ളില്‍ പൂത്തുലഞ്ഞു.
അന്ന് രാത്രി കെട്ടിയോനൊപ്പം കിടന്നുറങ്ങുമ്പോളാണ് ഉസ്താദിന്റെ വിളി പിന്നേം വന്നത്.
”ആരാടി കുല്‍സൂ… ഇന്നേരത്ത്?” ഉറക്കിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന ഹൈദര്‍ ഒന്ന് തിരിഞ്ഞുകിടന്നുകൊണ്ട് മുരണ്ടു.
”ഇങ്ങള് നോക്ക്. ഉസ്താദ് വിളിക്ക്ണു. ഒന്നെട്ക്ക്…”
ഉമ്മുകുല്‍സു അമ്പരപ്പോടെ ഫോണ്‍ ഹൈദറിനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
”ഉസ്താദോ…? ഇന്നേരത്തോ? നോക്കട്ടെ…”
ഹൈദര്‍ ചാടിയെണീറ്റ് ഫോണ്‍ ചെവിയോട് ചേര്‍ത്തു.
”ഹലോ…. കുല്‍സൂ … ന്തൊക്കേ മോളേ അന്റെ വര്‍ത്താനം?” അങ്ങേത്തലക്കലുള്ള ചോദ്യത്തില്‍ എന്തോ പന്തികേട് മണത്തു ഹൈദറിന്.
”ഇത് ഞാനാ ഹൈദറ്… ഓളെ കെട്ടിയോന്‍…”
”കുല്‍സൂന് കൊടുക്കെടാ ഫോണ്. അന്നെ കിട്ടാനാണെങ്കി ഞാനന്റെ നമ്പറീ വിളിക്കൂലേ?” ഉസ്താദിന്റെ ശബ്ദത്തില്‍ അധികാര ഭാവം .
ജാള്യതയും ദേഷ്യവും മറച്ചുവെച്ച് ഹൈദര്‍ പൊടുന്നനെ ഫോണ്‍ കുല്‍സുവിന് കൈമാറി. അസ്വസ്ഥതയുടെ പുതപ്പ് മുഖത്തിട്ട് മൂടി അയാള്‍ വീണ്ടും ഉറക്കിലേക്ക് വീഴുമ്പോള്‍ കുല്‍സു ഫോണിലായിരുന്നു.
”ഇന്നലെ രാത്രി എപ്പളാ ഉസ്താദ് ഫോണ്‍ വെച്ചത്…?”
രാവിലെ കട്ടനുമായി ഇറയത്ത് വന്ന കുല്‍സുവിനോടായി ഹൈദര്‍ ചോദിച്ചു.
”കൊറേ നേരം കയ്ഞ്ഞ്…”
”ന്താ അയാള് ചോയ്ച്ചത്?”
”ഒന്നൂല്ല… ന്റെ കാര്യങ്ങളൊക്കെ…”
”നട്ടപ്പായിരാക്ക് അന്റെ കാര്യം ചോയ്ക്കാന്‍ അയാളാരാ..? അയാളെ പോക്ക് അത്ര ശരിയല്ലട്ടോ…”
ഹൈദര്‍ ദേഷ്യവും പുച്ഛവും നിറഞ്ഞ ഒരു ചിരി പാസാക്കി. ചായ കുടിച്ച ഗ്ലാസ് കനത്തില്‍ മേശയില്‍ വെച്ചു.
”അങ്ങനൊന്നും പറയല്ലേ, കുര്ത്തക്കേടാവും… ങ്ങള് വായ് പൂട്ട്…”
കുല്‍സു അയാളുടെ വായ ഉള്ളംകൈ കൊണ്ട് പൊത്തിപ്പിടിച്ചു.
പിന്നീട് എല്ലാ രാത്രികളിലും ഉസ്താദിന്റെ ഫോണ്‍ കോള്‍ വന്നു. പിന്നെ പിന്നെ പകലുകളിലും വന്നു. അയാളുടെ ഏഴ് ജിന്നുകളും അവള്‍ക്ക് രാവും പകലും കൂട്ടിരുന്നു. അവളുറങ്ങുമ്പോള്‍ ജിന്നുകള്‍ അവളെ കോരിയെടുത്ത് സുബര്‍ക്കം കാണിച്ചു. ഏദന്‍ തോട്ടം കാണിച്ചു. അവളിന്നേവരെ കണ്ടിട്ടില്ലാത്ത പല അത്ഭുതങ്ങളും കാണിച്ചു. അവള്‍ ജിന്നുകളെയും ജിന്നുസ്താദിനെയും വല്ലാതെ ഇഷ്ടപ്പെട്ടു.
ഹൈദറില്ലാത്ത രാത്രികളില്‍ അവളും ജിന്നുകളും ജിന്നുസ്താദും കൂടി അര്‍മാദിച്ചു.
”കുല്‍സൂ… അന്നെ കാണാന്‍ ഹൂറീന്റെ മൊഞ്ചാണ്…” ഒരു രാത്രി ഉസ്താദ് പതിഞ്ഞ സ്വരത്തില്‍ അവളുടെ കാതില്‍ മന്ത്രിച്ചു. അവളുടെ ചെവിയില്‍ പൂവിരിഞ്ഞു. കണ്ണുകളിലും കവിളുകളിലും കഴുത്തിലും വിരിഞ്ഞു. അവളൊന്നാകെ പൂത്തുലഞ്ഞു.
”ഉസ്താദ് ഹൂറീനെ കണ്ടിട്ട്ണ്ടാ…?” അവള്‍ കോരിത്തരിപ്പോടെ കിന്നരിച്ചു.
”അന്നെ കണ്ടല്ലോ പെണ്ണേ ഞാന്‍. അന്റെ മൂടുപടത്തിന്റെ ഉള്ളിലെ നിലാവ് ഞാന്‍ കണ്ടല്ലോ.”
”ഉം…ഉം…”
”ഞാന്‍ അന്യ പെണ്ണിനോടൊന്നും വര്‍ത്താനം ചോയ്ക്കൂലാട്ടോ പെണ്ണേ. അവരെ നോക്ക പോലുല്ല! ഇന്‍ക്ക് എല്ലാത്തിനും ഔലിയാക്കളുടെ കാവലുണ്ട്.”
”അപ്പോ ഞാനോ…?”
”അന്റെ കാര്യം മഹാന്മാര്‍ ന്നെ ഏല്‍പിച്ചതല്ലേ പെണ്ണേ…? ഇന്‍ക് അങ്ങനെ അന്നെ ഇട്ടേച്ച് പോവാന്‍ പറ്റ്വോ…?”
”ഉം…ഉം…”
”പെണ്ണേ… അനക്ക് ഒറക്കം വന്നോ? അന്റെ ഹൈദറ് ക്ക ഇന്നെന്തേ ബന്നില്ല?”
ജിന്നുസ്താദ് വിശേഷങ്ങളില്‍ നിന്ന് വിശേഷങ്ങളിലേക്ക് പൊയിക്കൊണ്ടിരുന്നു.
അവളങ്ങോട്ട് കൂടുതലൊന്നും ചോദിക്കാന്‍ പോയില്ല. പല ചോദ്യങ്ങളും നാവിന്റെ തുമ്പത്തു വന്നെങ്കിലും അവളതെല്ലാം ഉമിനീരില്‍ ലയിപ്പിച്ച് കുടിച്ചു. തന്നെപ്പോലെ ഒരു പെണ്ണ് ഈ കണ്ട കറാമത്തുകളൊക്കെ ഉള്ള ഒരു ഘടാഘടിയന്‍ ഉസ്താദിനോട് എങ്ങനെ അങ്ങോട്ട് കാര്യങ്ങള്‍ ചോദിക്കും എന്നായിരുന്നു അവളുടെ ഉള്ളില്‍. അവള്‍ ഉം…ഉം… എന്ന് മൂളുകയും ചിലപ്പോള്‍ ചിരിക്കുകയും ചെയ്തു.
ഉറക്കമൊഴിഞ്ഞ രാത്രികള്‍ ഉമ്മുകുല്‍സുവിന് ശരീരക്ഷീണം സമ്മാനിച്ചു. അവളുടെ കണ്ണുകള്‍ മഴക്കാലത്ത് പാടവരമ്പത്തിരുന്ന് കരയുന്ന പോക്കാന്‍തവളകളുടെ കണ്ണുകളെ ഓര്‍മിപ്പിച്ചു.
”നീയെന്താ കുല്‍സൂ ഇങ്ങനെ തൂക്കല് പിടിച്ച കോയിന്റെ മാതിരി…?” അവളുടെ വീര്‍ത്ത കണ്‍പോളകളില്‍ നോക്കി ഉമ്മ ചോദിച്ചു.
”ഒന്നൂല്ലുമ്മാ… ഇന്നലെ രാത്രി ഒട്ടും ഒറക്കം കിട്ടീല്ല…” കൂടുതലൊന്നും പറയാതെ അവള്‍ ഒഴിഞ്ഞുമാറി.
അവളപ്പോള്‍ ജിന്നുകളുടെ ലോകത്തായിരുന്നു. അവളും ഉസ്താദും അദ്ദേഹത്തിന്റെ ജിന്നുകളും വിഹരിക്കുന്ന ഒരു മായികലോകത്ത്. അവളവിടെ കറുത്ത പര്‍ദയണിഞ്ഞും നിറങ്ങളുള്ള ഉടയാടകളണിഞ്ഞും ഉസ്താദ് നീട്ടിയ സ്വര്‍ണ ചഷകത്തില്‍ നിന്നു ലഹരി നുകരുകയായിരുന്നു, മത്ത് പിടിപ്പിക്കുന്ന പാനീയം. അവള്‍ക്ക് ചുറ്റും ഒരായിരം ജിന്നുകള്‍ നൃത്തം വെച്ചു.
നേരത്തിന് ചായയും വെള്ളവും കിട്ടാതായപ്പോള്‍ ഹൈദര്‍ ഭാര്യവീട്ടിലേക്കുള്ള പോക്ക് കുറച്ചു. അയാള്‍ ഗതികേടിന്റെ നരകത്തിലും കുല്‍സു ജിന്നുസ്താദിനൊപ്പം സുബര്‍ക്കത്തിലുമായി ദിവസങ്ങള്‍ കഴിച്ചുകൂട്ടി. കുല്‍സുവിന് ഹൈദറിനെ വിളിക്കാനോ സംസാരിക്കാനോ തോന്നിയില്ല. അയാളാകട്ടെ ഒറ്റപ്പെടലിന്റെ വേദനയില്‍ നീറിപ്പുകഞ്ഞു.
ഇന്ന് രാത്രി ഇതിനൊരു അന്തിമ തീരുമാനമാക്കണമെന്ന നിയ്യത്തോടെയാണ് ഹൈദര്‍ അന്ന് കുല്‍സുവിന്റെ വീട്ടിലേക്ക് കയറിച്ചെന്നത്. രാത്രി വൈകി പൊടുന്നനെ കയറിച്ചെല്ലുമ്പോള്‍ കുല്‍സു ഫോണിലായിരിക്കും എന്ന് അയാള്‍ക്കുറപ്പായിരുന്നു.
അമ്മായിയമ്മ വാതില്‍ തുറന്നതും അയാള്‍ ധൃതിപ്പെട്ട് റൂമിലേക്ക് കയറി. ഇരുട്ടില്‍ കുല്‍സുവിന്റെ നേരിയ ഏങ്ങലടി കേട്ടു. ഹൈദര്‍ പൊടുന്നനെ റൂമിലെ ലൈറ്റിന്റെ സ്വിച്ച് ഓണ്‍ ചെയ്തു. കുല്‍സു തലയണയില്‍ മുഖമമര്‍ത്തി തേങ്ങിക്കരയുകയാണ്.
”ന്താടീ… നീ ഇങ്ങനെ കരയണത്…? കാര്യം ന്താന്ന് പറ…” ഹൈദര്‍ കുല്‍സുവിനെ തട്ടി വിളിച്ചു.
”ഉ…. ഉസ്താദ്…” അവളുടെ വാക്കുകള്‍ മുറിഞ്ഞു.
”അയാള് മരിച്ചോ?” ഹൈദര്‍ അമര്‍ഷം കൊണ്ട് പല്ലിറുമ്മി.
”പോ…. മന്‍ശാ ങ്ങള്. ങ്ങക്കൊക്കെ തമാശേണല്ലോ. ഓറ് ന്നോട് ചൂടായി. ഞാന്‍ വിളിച്ചിട്ടൊന്നും ഫോണെട്ക്ക്ന്നില്ല. ന്നോട് ന്റെ ഫോട്ടോ ചോയ്‌ച്ചേര്ന്ന്. തരൂല്ലാന്ന് ഞാനൊന്നു ധിക്കരിച്ച് പോയി. അതിന്, ഓറ് പൊര്ത്തക്കേടായി പോവ്വോ? എന്‍ക്ക് പേടിയാവ്ണ്…”
ഉമ്മുകുല്‍സു ഏങ്ങിയേങ്ങിക്കരഞ്ഞു.
‘ഠപ്പേ…’ ഹൈദറിന്റെ വലതു കൈപ്പത്തി കുല്‍സുവിന്റെ കവിളില്‍ ആഞ്ഞുപതിച്ചു.
”ന്റെ ജിന്നാളേ…” കുല്‍സു നിലവിളിച്ചു.
”ഓളും ഓളൊരു ജിന്നുസ്താദും. നിര്‍ത്തിക്കോണം. ഇന്ന് മുതല്‍ക്ക്… അല്ലെങ്കീ അന്നെ കൊന്ന് ഞാന്‍ ജയിലില്‍ പോവും. ഉസ്താദ്… ജിന്ന്… കറാമത്ത്… ഒലക്കേന്റെ മൂട്…”
ഹൈദര്‍ അരിശത്തോടെ കുല്‍സൂന്റെ സെല്‍ഫോണ്‍ ദൂരേക്കെറിഞ്ഞു. ചുവരിലിടിച്ച് ഫോണിന്റെ തല പിളര്‍ന്നു. തലച്ചോറ് തെറിച്ചു. കുല്‍സുവിനെ രക്ഷിക്കാന്‍ ജിന്നുകളാരും വന്നില്ല.
കുല്‍സു ഏങ്ങിക്കരഞ്ഞ് ഉറക്കത്തിലേക്ക് വീണു. ഹൈദര്‍ സ്വസ്ഥതയുടെ പുതപ്പിനുള്ളില്‍ നീണ്ടുനിവര്‍ന്ന് കിടന്നു.
അപ്പോള്‍ ജിന്നുസ്താദും ജിന്നുകളും മറ്റനേകം ഉമ്മുകുല്‍സുമാരോടൊപ്പം ആനന്ദത്തിന്റെ പറുദീസയിലായിരുന്നു…

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top