LoginRegister

ചെറുതുകളുടെ സന്തോഷം

നൂറ വി

Feed Back


സന്തോഷം
അഞ്ചോ ആറോ വയസ്സുള്ള കുട്ടിയായിരിക്കെ, എന്റെ ഉപ്പപ്പാന്റെ ചങ്ങാതിയായ വാസു മാഷ് എന്നോട് ചോദിച്ചു: ”സന്തോഷം എന്നാല്‍ എന്താണ്?” എന്തുകൊണ്ട് അങ്ങനെ ഒരു ചോദ്യം എന്നൊന്നും അറിയില്ല. ”മിച്ചറ് തിന്നുന്നതിനിടയില്‍ കിട്ടുന്ന കടലയാണ് സന്തോഷം” എന്നായിരുന്നു അന്ന് എന്റെ മറുപടി. വര്‍ഷങ്ങള്‍ അനേകം കഴിഞ്ഞിട്ടും ആ കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയെ ഞാന്‍ മറന്നേപോയിട്ടും അവള്‍ ഉണ്ടാക്കിയ ഫിലോസഫി മാത്രം എന്റെ നിത്യജീവിതത്തിന്റെ ചിരപ്രജ്ഞയായി നിലനില്‍ക്കുന്നു.
ജീവിതത്തെക്കുറിച്ച് എനിക്ക് ഒരൊറ്റ തത്വമേയുള്ളൂ- ചെറുതുകളുടെ സന്തോഷം. നേര്‍ത്ത വികാരങ്ങളുടെ, ഇളംരുചികളുടെ, കുഞ്ഞുകുഞ്ഞു ആനന്ദങ്ങളുടെ, അനുഭവങ്ങളിലും ഓര്‍മകളിലുമാണ് ജീവിതത്തെ കെട്ടിപ്പടുക്കേണ്ടതെന്ന് തോന്നുന്നു.
നഷ്ടങ്ങള്‍
വലിയ സന്തോഷങ്ങളെ കാത്തുകാത്തിരിക്കുന്നവരായി മാറുകയല്ലേ നമ്മളെന്ന് ആശങ്ക തോന്നാറുണ്ട്. കടും രുചികളാണ് നമുക്കിന്ന് പഥ്യം. കുട്ടികളുടെ രുചിശീലങ്ങള്‍ നോക്കൂ… നമ്മുടെ ദൈനംദിന ജീവിതം നോക്കൂ… സംഭവിക്കാന്‍ ഇടയുള്ള ഏതോ വലിയ സന്തോഷത്തിലേക്ക് കണ്ണുനട്ട്, നമുക്ക് സിദ്ധിച്ച, നാളെ ഉണ്ടോ എന്നറിയാത്ത, ഈ ദിവസത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാതെ നമ്മള്‍ നഷ്ടപ്പെടുത്തുന്നു.
മറവി
ചെറിയ തലോടലുകള്‍, അലിവുള്ള നോട്ടങ്ങള്‍, കുഞ്ഞു പിണക്കം മാറലുകള്‍, ഒരു പുഞ്ചിരി, സാരമില്ലെന്നൊരു വാക്ക്, നാളെയും കാണാമല്ലോ എന്ന പ്രതീക്ഷ… ഇങ്ങനെ ഇളം സന്തോഷങ്ങള്‍ വന്ന് വാതില്‍ക്കല്‍ മുട്ടുമ്പോള്‍ മുഴുവന്‍ ഹൃദയവും തുറന്നിട്ട് ഉള്ളാകെ നിറയാന്‍, നനയാന്‍ അവയെ അനുവദിക്കണം. വാങ്ങാന്‍ മറന്നുപോയല്ലോയെന്നോര്‍ത്ത് തുറന്ന പഞ്ചസാരഭരണിയിലെ വടിച്ചു തുടച്ചു കിട്ടുന്ന ഒരു സ്പൂണ്‍ പഞ്ചസാര ചായക്ക് തികയുമ്പോള്‍ ഉള്ള് പ്രകാശിക്കണം.
നേര്‍ത്ത നേര്‍ത്ത ആനന്ദങ്ങള്‍ കൊണ്ട് എന്ന് തീരുമെന്നറിയാത്ത ജീവിതത്തെ ചൂടുപിടിപ്പിക്കണം. അനേകം സങ്കടങ്ങള്‍ ഉണ്ടായിരിക്കാം, തീരാത്ത വേദനകളും. എല്ലാം തീര്‍ന്നിട്ട് ഒരു നിമിഷം, എല്ലാം നേടിയിട്ട് ഒരു നിമിഷം, അങ്ങനെയൊന്ന് വരുന്നത് കാത്തുകാത്തിരുന്നു ജീവിക്കാന്‍ മറന്നുകളയരുത്.
ഉണ്മ
അദ്ഭുതകരമായ പ്രപഞ്ചം. നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ജീവിതം. ആകെയുള്ളത് ഈ നിമിഷം. അതിന്റെ ചെറിയ തെളിച്ചം.
ഈ ഒരൊറ്റ ചിന്തയുടെ പ്രകാശത്തില്‍ ജീവിതത്തെ കാണാന്‍ ശ്രമിക്കുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top