ചില മഴനേരങ്ങളിങ്ങനെ
ആത്മാവിലൂറുന്ന
പ്രാര്‍ഥനപോലെ,
കവിതപോലെ!
മറ്റു ചിലപ്പോള്‍
ജരാനരകള്‍ ബാധിച്ച
ആഗ്രഹങ്ങള്ക്കുമേലുള്ള
കഠിനവിഷാദം.
മഴപ്പെയ്ത്തൊഴിഞ്ഞു
പ്രകാശം വീണ്ടും
പുനര്‍ജനിക്കേ
പ്രത്യാശയുടെ ഗന്ധം
പ്രജ്ഞയില്‍ വീണ്ടും
പഴയമണം പരത്തുന്നു
കാമനഗന്ധം!
മഴ പെയ്യുന്ന രാത്രിയുടെ
ഇരുളിമയും
ഏകാന്തതയുടെ
അനാഥത്വവും മതിയായിരുന്നു,
ഏകാന്തതടവുകാര്
സ്വതന്ത്രരാവുന്ന രാത്രി
ആത്മാവിന്റെ
തടവറയ്ക്കുള്ളില്‍
അവര്‍ക്കുമാത്രമായൊരു
മഴ പെയ്യുന്നുണ്ടായിരിക്കും!
ആര്ത്തലച്ചൊരൊറ്റയാന്
ചീറിവരും പോലൊരു മഴ
അപ്പോഴാണ് ചിലര്‍ക്ക്
ഭ്രാന്തിളകുക,
ചിലര്‍ വിഷാദികളാകുക,
മറ്റുചിലര്‍ മരണം സ്വീകരിക്കുക!
ചില മരണങ്ങള്
സര്‍വസ്വാതന്ത്ര്യത്തിന്റെ
മഴനൂലിഴകളത്രെ!