നോമ്പോര്‍മകളില്‍ ഏറ്റവും തെളിച്ചത്തോടെ മിന്നിമറയുന്നത് ബാല്യകാലത്തെ നോമ്പുകാലം തന്നെ. വീടും വീട്ടുകാരും റമദാന് മാസത്തെ വരവേല്‍ക്കുന്നത് തെല്ലൊരു ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. റമദാന് അടുത്താല്‍ വീട്ടുകാരെല്ലാം ചേര്‍ന്ന് അകവും പുറവും ചുറ്റുപാടും പറമ്പുമെല്ലാം പ്രത്യേകമായി ഒരു വൃത്തിയാക്കലാണ്. മാസപ്പിറ കണ്ടാല്‍ പിന്നെ വ്രതാനുഷ്ഠാനത്തിനുള്ള തയ്യാറെടുപ്പുകളായി.
ആദ്യത്തെ നോമ്പിന് ആവേശം അല്പം കൂടുതലായിരിക്കും, അത്താഴത്തിന് എഴുന്നേല്‍ക്കാനും നിയ്യത്ത് വെക്കാനുമൊക്കെ. പിന്നെയുള്ള രണ്ടുമൂന്നു ദിവസത്തെ നോമ്പിന് കാഠിന്യം ഇത്തിരി കൂടും. ഏഴോ എട്ടോ വയസ്സ് പ്രായമുള്ളപ്പോള്‍, ഉച്ച വരെ മാത്രം നോമ്പെടുത്താല്‍ മതി, അര നോമ്പിന്റെ കൂലി കിട്ടും എന്നു പറഞ്ഞ് മുതിര്‍ന്നവര്‍ പറ്റിക്കും. ഉച്ച കഴിഞ്ഞാല്‍ പിന്നെ നോമ്പു മുറിക്കാം. രണ്ടു ദിവസം കൂടുമ്പോള്‍ ഒരു നോമ്പ് കിട്ടി എന്ന സന്തോഷമായിരിക്കും മനസ്സില്‍. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പെടുത്തു ശീലിച്ചു.
ആദ്യമായി നോമ്പെടുത്ത ദിവസം, അതൊരു കടുത്ത പരീക്ഷണം തന്നെയായിരുന്നു. സ്വന്തം താല്പര്യപ്രകാരം എടുത്തതാണെങ്കിലും ഉച്ചയായതോടെ സകല നിയന്ത്രണങ്ങളും വിട്ടു. വയറിനകത്തു തീ ആളിക്കത്തുന്നു. നേരെ പറമ്പിലേക്കോടി. പേരമരത്തെ പ്രദക്ഷിണം വെച്ചു. അല്ലാത്തപ്പോഴൊക്കെ മൂത്തു പഴുത്തു പേരയ്ക്കകള്‍ തൂങ്ങിനിന്നിരുന്ന മരത്തില്‍ ഒരെണ്ണം പോലുമില്ല താഴെയെങ്ങും. പേരമരം നിസ്സഹായതയോടെ കൈ മലര്‍ത്തി. പ്രതീക്ഷയോടെ ചാമ്പമരത്തിന്റെയടുത്തേക്ക്. പൂവിടാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ചാമ്പമരം തന്നെ പരിഹസിക്കുന്നുണ്ടോ എന്നു തോന്നിപ്പോയി. ആ നേരത്ത് സഹായഹസ്തം നീട്ടാന്‍ ഇരുമ്പന്‍പുളി മരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയില്‍ കിട്ടിയ അത്രയും പറിച്ചെടുത്ത് വീടിന്റെ പിറകുവശത്തേക്ക് ഒരോട്ടമായിരുന്നു. എന്നാല്‍ ഇത്താത്തമാരുടെ കുറ്റാന്വേഷണസംഘം നിമിഷങ്ങള്‍ക്കകം തന്നെ രഹസ്യവിവരം കേന്ദ്രത്തിന് കൈമാറിക്കഴിഞ്ഞിരുന്നു. നാണം കെടാന്‍ ഇനിയെന്തു വേണം!
വൈകുന്നേരമാവുന്നതോടെ അടുക്കള സജീവമാകും. ആ നേരത്ത് അയല്‍വീട്ടിലെ കുട്ടികള്‍ ഫ്രിഡ്ജില്‍ വെച്ചിരിക്കുന്ന തണുത്ത വെള്ളമെടുക്കാനായി പിടിപ്പാത്രവുമായി വരും. ചില ദിവസങ്ങളില്‍ വീട്ടിലുണ്ടാക്കിയ പലഹാരങ്ങളും അവര്‍ കൊണ്ടുവരും. ഉമ്മയുണ്ടാക്കിയ പലഹാരങ്ങള്‍ അവരും കൊണ്ടുപോകും. സഹവര്‍ത്തിത്തത്തിന്റെ ആ നല്ല നാളുകള്‍…
കാരക്കയും നാരങ്ങവെള്ളവും തരിക്കഞ്ഞിയും എന്നുമുണ്ടാകും. തരിക്കഞ്ഞി കാണുന്നതേ എനിക്ക് വെറുപ്പാണ്. അതിനു മുകളില്‍ താളിച്ചൊഴിക്കുന്ന മൊരിഞ്ഞും കരിഞ്ഞും കിടക്കുന്ന ഉള്ളിയോടാണ് സത്യത്തില്‍ എനിക്ക് വൈരാഗ്യം. ഇന്നും തരിക്കഞ്ഞിയോടുള്ള എന്റെ സമീപനത്തിന് മാറ്റമൊന്നുമില്ല. എന്നാല്‍ അത്താഴത്തിന് ഉണ്ടാക്കുന്ന മാധുര്യമേറിയ ചക്കരപ്പാല്.. അതിന്റെ രുചി ഒന്നു വേറെത്തന്നെ.
വളര്‍ച്ചയുടെ പടവുകള്‍ കയറിത്തുടങ്ങിയതോടെ നോമ്പിന് പുതിയ മാനങ്ങള്‍ കൈവന്നു. ആരാധനാകര്‍മങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരുന്നു പിന്നീടുള്ള നോമ്പുകാലങ്ങള്‍. എന്തിനാണ് നാം നോമ്പനുഷ്ഠിക്കുന്നത് എന്നു ഗൗരവമായി ചിന്തിച്ച ആ നാളുകളിലാണ് യഥാര്‍ഥ അര്‍പ്പണ മനോഭാവത്തോടെ നോമ്പെടുക്കാന്‍ തുടങ്ങിയത്.
പ്രവാസജീവിതത്തിലാകട്ടെ വ്രതാനുഷ്ഠാനം കുറച്ചു കൂടി എളുപ്പമാണ്. ആരാധനാകര്‍മങ്ങള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനും കൂടുതല്‍ സമയം നീക്കിവെക്കാന്‍ കഴിയുന്നു. ഇഫ്താര്‍ വിരുന്നുകള്‍ സമൂഹത്തില്‍ മതസൗഹാര്‍ദത്തിനും ഒത്തൊരുമയ്ക്കുമെല്ലാം കാരണമാകുന്നുണ്ട്. എന്നിരുന്നാലും പുണ്യമാസത്തിലെ വിലപ്പെട്ട സമയങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ ഇഫ്താര്‍ വിരുന്നുകള്‍ അപഹരിക്കുന്നുണ്ടോ എന്ന സംശയവുമുണ്ട്. ചിട്ടയോടെ നോമ്പനുഷ്ഠിക്കുന്ന ഒരുപിടി അമുസ്ലിം സഹോദരങ്ങള്‍ ഇവിടെ എനിക്കുണ്ട്. അവരോട് എന്തെന്നില്ലാത്ത ആദരവും ബഹുമാനവും തോന്നുന്നു.
13 വര്‍ഷം മുമ്പത്തെ ഒരു രണ്ടാം നോമ്പിനാണ് സ്നേഹനിധിയായ ഞങ്ങളുടെ ഉപ്പ ഞങ്ങളെ വിട്ടുപോയത്. നോമ്പോര്മകളിലെ ഏറ്റവും വലിയ നൊമ്പരവും അതുതന്നെ.
കാലം കുതിരയേക്കാള്‍ വേഗത്തില്‍ കുതിച്ചുകൊണ്ടിരിക്കുന്നു. ഓരോ റമദാന് മാസവും എത്ര പെട്ടെന്നാണ് വരുന്നതും പോകുന്നതും. അന്ന് ആരും കാണാതെ പൊട്ടിച്ചു കഴിച്ച ഇരുമ്പന്‍പുളിയുടെ പുളിയാണ് ഇതെഴുതുമ്പോള്‍ നാവിന്‍തുമ്പത്ത്. കണ്ണുകളെ സജലങ്ങളാക്കുന്ന സന്തോഷവും സങ്കടവും ഇഴ ചേര്‍ന്ന നോമ്പോര്‍മകള്‍.