LoginRegister

ഘടികാരം

ജലീല്‍ പരവരി

Feed Back


ഒറ്റയ്ക്കിരിക്കുമ്പോള്‍
അമ്മ
പറയുമായിരുന്നു:
ഒറ്റക്കായിപ്പോയാലും
ന്റെ മോളെ കാത്തോളണേ
ദൈവേന്ന്.
പിന്നെ
ഒറ്റപ്പെടലിന്റെ നടുക്കടലും
ഏകാന്തതയുടെ
ഇരുളന്‍ രാത്രികളും കടന്ന്
തനിയെ ഞാനെന്ന
ഒറ്റ രാജ്യത്തെത്തിയപ്പോള്‍
അമ്മയെന്ന ഓര്‍മകളോട്
തര്യപ്പെടാന്‍
ശ്രമിക്കാത്തതുകൊണ്ടല്ലല്ലോ.

പകല്‍ച്ചൂടിന്റെ വന്യതയില്‍
വിയര്‍പ്പൊഴുക്കി
നനുത്ത രോമപ്പുല്ലു മുളച്ച
മാറിടത്തില്‍ മുഖമമര്‍ത്തി
കിടക്കുമ്പോഴെല്ലാം
അമ്മമിടിപ്പിന്റെ ശാന്തതയോളം
സുഖമുള്ള താരാട്ടില്ലെന്ന്
പലകുറി മനസ്സിലെഴുതി.

അച്ഛനാനന്തരം
രണ്ടേമുക്കാല്‍ സെന്റിലെ
വീടിനെക്കാളും മുഖ്യം
തായ ഒടിഞ്ഞ കൈക്കോട്ടിനും
ആണിയൂരിപ്പിളര്‍ന്ന
കൊട്ടയ്ക്കും കൊടുത്തപ്പോള്‍
അതിജീവനമെന്ന
വന്‍ മലയിലെ
വേറിട്ടൊരു തുരുത്തായി
അമ്മ സ്വയം അടയാളപ്പെട്ടു.

മഴ തോര്‍ന്നിട്ടും
മരങ്ങള്‍ പെയ്യുന്ന പ്രഭാതങ്ങള്‍ക്ക്
അമ്മയോളം കുളിരുണ്ടാവാറുണ്ട്.
അന്നേരത്തിന്റെ
മടിപിടിച്ച ഭാവത്തിന്
അടുപ്പെരിയുന്നതോടെ
നേരിയ അനക്കം പിടിക്കുന്നത്
കാണാറില്ലേ?
അവിടം മുതല്‍ ഇരുട്ടുവോളം
മുടിയൊന്ന്
വാരി കോതിവെക്കാന്‍
സമയം കിട്ടാതെ
നിന്നു തിരിയുമമ്മ
ഇതു കണ്ടിട്ടാവണം
ഇടയ്ക്ക്
നാഴികമണിയുടെ പോലും
അനക്കം നിന്നുപോവുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top