കര്‍ക്കടകത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ ഇലക്കറികള്‍ കഴിക്കാന്‍ പാടില്ല എന്നാണ് പറയാറ്. ഇക്കാലങ്ങളില്‍ ഇലയില്‍ കട്ട് (വിഷാംശം) അടങ്ങിയിരിക്കാം എന്നാണ് വിശ്വാസം. അതുപോലെ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള മാംസവും മസാലക്കൂട്ടുകള്‍ ധാരാളമടങ്ങിയ ഭക്ഷണ രീതിയും ഒഴിവാക്കുന്നതാകും ഉചിതം.
ഞരമ്പ്, നാഡി സംബന്ധമായ രോഗങ്ങൾക്കും അസ്ഥി തേയ്മാനത്തിനും മറ്റും സാധ്യത കൂടുതലുള്ള കാലമാണ് കര്‍ക്കടകം. അത് പരിഹരിക്കാനായി എള്ള്, ഗോതമ്പ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കര്‍ക്കടകത്തില്‍ ചേന കട്ടിട്ടെങ്കിലും കൂട്ടണം എന്നൊരു പഴമൊഴിയുണ്ട്. ഇക്കാലത്ത് കഴിങ്ങുവര്‍ഗങ്ങളായ ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവ മാറിമാറി കഴിക്കേണ്ടതിന്റെ ആശ്യകതയെപ്പറ്റിയാണ് ഈ പഴമൊറി ഓര്‍മിപ്പിക്കുന്നത്.
കര്‍ക്കടക മാസത്തില്‍ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളെ ഇല്ലായ്മ ചെയ്യാനും ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രോഗപ്രതിരോധ ശേഷി ആര്‍ജിക്കാനും വേണ്ടി ഇക്കാലത്ത് പ്രത്യേകം തയ്യാറാക്കിയ ഭക്ഷണ വിഭവങ്ങള്‍ കഴിക്കാറുണ്ട്. കുറുന്തോട്ടി, കരിങ്കുറിഞ്ഞി, പുത്തറരിച്ചുണ്ട, ദേവതാരം, അരത്ത എന്നിവയുടെ കഷായത്തില്‍ ആട്ടിന്‍ മാംസം ചേര്‍ത്ത് വേവിച്ച് സൂപ്പുണ്ടാക്കി മാസത്തില്‍ രണ്ട് തവണയെങ്കിലും കുടിക്കുന്നത് നല്ലതാണ്. ഉലുവ, കുറുന്തോട്ടി, ചെറൂള, ചുവന്നുള്ളി, വെളുത്തുള്ളി, തേങ്ങാപ്പീര എന്നിവയില്‍ നവരയരിയോ, ഉണക്കലരിയോ ചേര്‍ത്ത് വേവിക്കുന്ന ഔഷധച്ചോറ് വര്‍ധക്യത്തിലുള്ളവര്‍ക്ക് നല്ലതാണ്. മധുരം, പുളി, ഉപ്പ് എന്നീ രുചികള്‍ക്ക് കര്‍ക്കടകത്തില്‍ കൂടുതല്‍ പ്രധാന്യം നല്‍കണം. എരിവ്, ചവര്‍പ്പ്, കയ്പ് തുടങ്ങിയ രുചികള്‍ കുറക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കര്‍ക്കടത്തില്‍ പ്രത്യേകം തയ്യാറാക്കുന്നതാണ് പത്തിലക്കറി. താള്, തകര, തഴുതാമ, ചേമ്പില, പയറില, ചേനയില, കുമ്പളം, മത്തന്‍, മുള്ളന്‍ ചീര, കയ്യോന്നി തുടങ്ങിയ പത്തിലകള്‍ ചേര്‍ത്ത് മഴുക്കുപുരട്ടിയായോ തോരനായോ താളിപ്പായോ പാകം ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
കര്‍ക്കടകത്തില്‍ ഏറ്റവും പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് കര്‍ക്കടകക്കഞ്ഞി. കേരളത്തില്‍ അറിയപ്പെടുന്ന എല്ലാ വൈദ്യശാലകളും കര്‍ക്കിടക്കഞ്ഞികിറ്റ് ഒരുക്കുകയും വില്‍പനക്ക് വെക്കുകയും പതിവാണ്. മല്ലി, വിഴാലരി, ചെറുപുന്നയരി, കുടകപ്പാലയരി, കാര്‍കോലരി, ഏലത്തരി, ജീരകം, പെരും ജീരകം, അയമോദകം, ഉലുവ, അരിയാർ പുത്തരിച്ചുണ്ട വേര്, വരട്ടുമഞ്ഞള്‍, കടുക്, ചുക്ക്, ശതകുപ്പ, നന്നാറി, കരിംജീരകം, ഏലക്ക, തക്കോലം, കറാമ്പു, ജാതിക്ക തുടങ്ങിയ ഔഷധങ്ങളാണ് പ്രധാന ചേരുവകള്‍. വേരുകള്‍ക്ക് പ്രാദേശികമായ വ്യതിയാനങ്ങള്‍ ഉണ്ടാകാം. ഔഷധ മൂല്യമുള്ള നവരയരി ചേര്‍ത്താണ് കര്‍ക്കടകക്കഞ്ഞി തയ്യാറാക്കുന്നത്. അതിരാവിലെയും രാത്രി അത്താഴമായോ കര്‍ക്കടക്കഞ്ഞി കുടിക്കാം. ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും തുടര്‍ച്ചയായി കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
വെള്ളം ശ്രദ്ധിക്കണം
ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുമ്പും ഭക്ഷണത്തിന് അരമണിക്കൂര്‍ ശേഷവും വെള്ളം കുടിക്കുന്നതാണ് അഭികാമ്യം. സാധാരണ പച്ചവെള്ളം കുടിക്കുന്നവര്‍ പോലും കര്‍ക്കിടകത്തില്‍ ചൂടാക്കി ആറിയ ശേഷം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കര്‍ക്കിടകത്തില്‍ മഴ കാരണം കിണറിലേക്ക് മാലിന്യങ്ങള്‍ പല തരത്തില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. വെള്ളം ചൂടാക്കുമ്പോള്‍ അതില്‍ ചുക്ക്, മല്ലി, ജീരകം, ഏലക്കായ് എന്നിവ ചേര്‍ത്താല്‍ ദഹന ശക്തി വര്‍ധിക്കാനും കഫസംബന്ധമായ ബുദ്ധിമുട്ടുകള്‍ വരാതെ നോക്കുന്നതിനും നല്ലതാണ്. ചന്ദനം, രക്തചന്ദനം, നന്നാറി, രാമച്ചം, പതിമുകം, ചുക്ക് തുടങ്ങിയ അങ്ങാടി മരുന്നുകള്‍ കടയില്‍ നിന്ന് വാങ്ങി ചെറുതാക്കി നുറുക്കി കിഴിയില്‍ കെട്ടി വെള്ളത്തിലിട്ട് തിളപ്പിച്ചാല്‍, അത് വെള്ളത്തിന്റെ രുചി വര്‍ധിക്കാനും വര്‍ണാഭമായ വെള്ളം കുടിക്കാനും ശാരീരികാരോഗ്യത്തിനും നല്ലതാണ്. വിശ്വസ്തരായ പാരമ്പര്യ വൈദ്യന്മാരുടെ കടയില്‍ നിന്ന് ഈ മരുന്നുകള്‍ വാങ്ങാവുന്നതാണ്.
പഞ്ചകർമ ചികിത്സ
കേരളീയ ചികിത്സയില്‍ വളരെ പ്രസിദ്ധമാണ് പഞ്ചകർമ ചികിത്സ. പഞ്ചകര്‍മ ചികിത്സ ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാസമാണ് കര്‍ക്കടകം. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം തുടങ്ങിയ പഞ്ച കര്‍മ ചികിത്സകള്‍ വിദഗ്ധ ആയുര്‍വേദ ഭിഷഗ്വരന്മാരുടെ നിര്‍ദേശപ്രകാരം ചെയ്യുക. ശരീരത്തിനും മനസ്സിനും ഏറെ ഗുണകരമാണ്. ഏഴ് ദിവസം മുതല്‍ 21 ദിവസം വരെ പഞ്ചകര്‍മ ചികിത്സ ചെയ്യാം. പഞ്ചകര്‍മ ചികിത്സക്ക് മുമ്പും അത് ചെയ്യുമ്പോഴും ശേഷവും വൈദ്യന്മാര്‍ നിര്‍ദേശിക്കുന്ന പ്രകാരം ഉള്ള ഭക്ഷണ ക്രമവും മറ്റു ചിട്ടകളും പാലിക്കേണ്ടതാണ്.
തേങ്ങാമരുന്ന് തയ്യാറാക്കാം
മലപ്പുറം ജില്ലയിലെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ നാട്ടുവൈദ്യന്മാര്‍ക്കിടയില്‍ മാത്രം പ്രചരിക്കുന്ന കര്‍ക്കടക മാസ ചികിത്സയുടെ ഭാഗമായുള്ളതാണ് തേങ്ങാമരുന്ന്. പാരമ്പര്യ വൈദ്യന്മാര്‍ക്കിടയില്‍ മാത്രം പ്രചരിക്കുന്ന തേങ്ങാമരുന്നിന് ഇപ്പോള്‍ പ്രചാരം വളരെ കുറവാണ്.
അങ്ങാടിമരുന്നുകള്‍ കിട്ടുന്ന കടയില്‍ നിന്ന് തേങ്ങാമരുന്നിന് ആവശ്യമായ മരുന്നുകള്‍ ലഭിക്കും. അരിയര്‍, ജീരകം, പെരുംജീരകം, കരിംജീരകം, വയമ്പ്, നീര്‍മാതളത്തോട്, അരത്ത, ശതകുപ്പ, കുറശ്ശാണി, കറാമ്പൂ, ഏലക്കായ, ഉഴുന്നുപരിപ്പ്, ചെറുപയര്‍, തിന, ലന്തക്കുരു, അമുക്കുരം, യവം, ഗോതമ്പ്, കൃമിശത്രു തുടങ്ങിയ എല്ലാ മരുന്നുകളും കൂടി 50 ഗ്രാം മതിയാകും ഒരു തേങ്ങാമരുന്ന് തയ്യാറാക്കാന്‍. ചില വൈദ്യശാലകള്‍ ഈ മരുന്നുകൂട്ടുകള്‍ എല്ലാം ചേര്‍ത്ത് ഒരു പൊതിയാക്കി വെക്കാറുണ്ട്. മരുന്നുകള്‍ കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത് പൊടിച്ചു വെക്കണം. ചിരട്ടയുടെ ഒരു കണ്ണ് കോലുകൊണ്ടോ മറ്റോ കുത്തി ഓട്ടയാക്കുക. അതിലെ വെള്ളം കളഞ്ഞതിനു ശേഷം നേരത്തെ പൊടിച്ചു വെച്ച മരുന്ന് തേങ്ങയുടെ ഓട്ടയിലൂടെ ഉള്ളിലേക്ക് നിറക്കുക. മരുന്ന് നിറച്ചതിനു ശേഷം നനച്ച് കുഴച്ചുവെച്ച മണ്ണ് ചിരട്ടയുടെ എല്ലാ വശങ്ങളിലും തേച്ചുപിടിപ്പിക്കുക. തുടര്‍ന്ന് നല്ല കനലുള്ള അടുപ്പില്‍ വെക്കുക. ചിരട്ട മുഴുവന്‍ കരിഞ്ഞുവെന്ന് ഉറപ്പു വരുത്തിയ ശേഷം തേങ്ങ പുറത്തെടുക്കുക. ചിരട്ട മുഴുവന്‍ കരിയുന്നതോടെ തേങ്ങക്കുള്ളില്‍ നിറച്ച മരുന്ന് വെന്തിട്ടുണ്ടാകും. തേങ്ങയില്‍ പുരണ്ട കരി കഴുകിക്കളഞ്ഞ ശേഷം കത്തി ഉപയോഗിച്ച് ചെറുതായി നുറുക്കുക. പിന്നീട് മിക്സിയിലേക്കോ ഉരലിലേക്കോ ഇട്ട് നന്നായി പൊടിച്ചെടുക്കുക. തേങ്ങക്കും മരുന്നിനും അപ്പോള്‍ മഞ്ഞകലര്‍ന്ന ചുവപ്പ് നിറം ഉണ്ടാകും. ശര്‍ക്കര ചേര്‍ത്തും അല്ലാതെയും ദിവസത്തില്‍ രണ്ട് നേരം വെച്ച് ഏഴ് ദിവസം കഴിക്കുക. ദഹന ശക്തി വര്‍ധിപ്പിക്കാനും തണുപ്പ് കാരണം കൊണ്ട് ഉണ്ടായ ശാരീരിക വേദന ഇല്ലായ്മ ചെയ്യാനും പ്രതിരോധ ശക്തി നേടിയെടുക്കാനും തേങ്ങാ മരുന്നിന്റെ ഉപയോഗം സഹായിക്കും. .