LoginRegister

ക്ഷമിക്കുക, വിജയിക്കും

ഡോ. പി അബ്ദു സലഫി

Feed Back


”ഭയാശങ്കകള്‍, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ ക്ഷമിക്കുകയും ഏതാപത്ത് ബാധിച്ചാലും ‘തങ്ങള്‍ അല്ലാഹുവിന്റെതാണല്ലോ, അവനിലേക്കാണല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും’ എന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക” (ഖുര്‍ആന്‍ 2:150, 151).
നന്മയും തിന്മയും നിറഞ്ഞതാണ് ലോകം. സന്തോഷവും ദു:ഖവും ജീവിതത്തില്‍ കടന്നുവരും. ക്ഷാമവും സമൃദ്ധിയും ഭൂമിയില്‍ നിലനില്‍ക്കുന്നുണ്ട്. ജീവിത യാഥാര്‍ഥ്യങ്ങളെ ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ടാണ് വിശ്വാസികള്‍ ജീവിക്കേണ്ടത്.
ശാശ്വത സമാധാനവും സമൃദ്ധിയും സ്വര്‍ഗ ലോകത്ത് മാത്രമാണ് ലഭിക്കുക. ധാരാളം പ്രതിസന്ധികള്‍ മറികടന്ന് വേണം അവിടെ എത്താന്‍. വിശ്വാസികള്‍ക്ക് ഈ ലോക ജീവിതം ഒരു പരീക്ഷണം തന്നെയായിരിക്കാം. ഭയവും ആശങ്കകളും ദാരിദ്ര്യവും സാമ്പത്തിക തകര്‍ച്ചയും രോഗങ്ങളും മരണവും എല്ലാം ഇവിടെ ഉണ്ടാവാം. ക്ഷമിക്കുകയും യാഥാര്‍ഥ്യബോധ്യത്തോടെ ജീവിതത്തെ സമീപിക്കുകയും ചെയ്യുന്നവര്‍ക്ക് വിജയിക്കാനാവും.
സത്യവിശ്വാസികള്‍ക്ക് പരീക്ഷണങ്ങളെല്ലാം അനുഗ്രഹമായി മാറാം. നബി(സ) പറഞ്ഞു: ”ഓരോ വിശ്വാസിക്കും വിശ്വാസിനിക്കും പരീക്ഷണങ്ങള്‍ വന്ന് കൊണ്ടേയിരിക്കും, എന്നാല്‍ അവസാനം ഒരു പാപവും ഇല്ലാത്തവരായി അവര്‍ക്ക് അവരുടെ റബ്ബിനെ കണ്ട് മുട്ടാന്‍ കഴിയുകയും ചെയ്തേക്കാം.”
കടുത്ത പരീക്ഷണങ്ങള്‍ ക്ഷമയോടെ നേരിട്ടാല്‍ വലിയ പ്രതിഫലം റബ്ബ് വാഗ്ദാനം ചെയ്യുന്നുണ്ട്.
അനസ്(റ) പറയുന്നു: നബി(സ) പറഞ്ഞു: ”തീര്‍ച്ചയായും വലിയ പ്രതിഫലം ലഭിക്കുന്നത് വലിയ പരീക്ഷണത്തോടൊപ്പമാണ്. അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവന് പരീക്ഷണങ്ങള്‍ നല്‍കുന്നതാണ്” (ബുഖാരി). അല്ലാഹു ചോദിക്കുന്നു: ”നിങ്ങളിലെ ത്യാഗികളും ക്ഷമാലുക്കളും ആരെല്ലാമാണ് എന്ന് അല്ലാഹു തിരിച്ചറിയാതെ സ്വര്‍ഗത്തില്‍ കടക്കുമെന്ന് നിങ്ങള്‍ കരുതുന്നുവോ?” (ഖു: 3:142).
സ്രഷ്ടാവിന്റെ നിയന്ത്രണത്തിലാണ് നാം എന്ന ബോധം ഓരോ വിശ്വാസിയും നിലനിര്‍ത്തണം. നമുക്ക് ലഭിച്ച എല്ലാ സൗകര്യങ്ങളും അവന്‍ തന്നതാണ്. ഏത് നിമിഷവും അത് തിരിച്ചെടുക്കാനും അവന്നധികാരമുണ്ട്. അതിനാല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ അനുഗ്രഹദാതാവിനോട് നന്ദികാണിക്കുകയും പ്രയാസങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ ക്ഷമാപൂര്‍വം അതിനെ നേരിടുകയും ചെയ്യുക എന്നതാണ് സൃഷ്ടികളുടെ കടമ.
ക്ഷമാപൂര്‍വം ജീവിത പ്രയാസങ്ങളെ അതിജീവിക്കുന്നവര്‍ക്ക് റബ്ബ് നല്‍കുന്ന സന്തോഷ വാര്‍ത്തയാണ്, പ്രയാസങ്ങളൊന്നുമില്ലാത്ത സ്വര്‍ഗീയ ജീവിതം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top