LoginRegister

കോലം കെട്ടാത്ത പാട്ടുകാരന്‍

ഷബീര്‍ രാരങ്ങോത്ത്‌

Feed Back

നിലമ്പൂര്‍ ഷാജിയുടെ പാട്ടുവര്‍ത്തമാനം

പാട്ടു കേള്‍ക്കാന്‍ റേഡിയോ പ്രധാന സങ്കേതമായിരുന്ന കാലം. കോഴിക്കോട് ആകാശവാണിയിലൂടെയുള്ള സംഗീത പ്രക്ഷേപണങ്ങള്‍ക്ക് കാതോര്‍ക്കുക എന്നതായിരുന്നു സംഗീതപ്രേമികള്‍ക്ക് പാട്ടു കേള്‍ക്കാനുള്ള മാര്‍ഗം. ആകാശവാണിയില്‍ പാടുക എന്നതൊക്കെ ഗായകര്‍ക്കുള്ളില്‍ വലിയ മോഹമായി കിടക്കുന്ന സമയമാണ്. മാപ്പിളപ്പാട്ടുകളും സ്ഥിരമായി റേഡിയോ പ്രക്ഷേപണത്തില്‍ ഇടം കണ്ടിരുന്നു. നേരത്തേ തന്നെ മനുഷ്യമനസ്സുകളില്‍ ഇടം കണ്ടിരുന്ന നിലമ്പൂര്‍ ഷാജിയായിരുന്നു അക്കാലത്ത് മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിക്കുന്നവരില്‍ ഒരാള്‍. റേഡിയോയില്‍ പരിപാടി അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ പാടാന്‍ പോകുന്ന വരികള്‍ സ്റ്റേഷന്‍ മാസ്റ്ററെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. മിക്കപ്പോഴും നിലമ്പൂര്‍ ഷാജി പാട്ട് റെേക്കാര്‍ഡ് ചെയ്തുകഴിഞ്ഞായിരുന്നു വരികള്‍ കാണിച്ച് ഒപ്പു വാങ്ങിയിരുന്നത്. അദ്ദേഹത്തോടുള്ള ആദരവു കാരണം സ്റ്റേഷന്‍ അധികൃതര്‍ക്ക് അതില്‍ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. മാപ്പിള ഭക്തിഗാനങ്ങള്‍ക്കായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നത്. ഇസ്ലാമിന്റെ ആശയാടിത്തറ വ്യക്തമാക്കുന്ന പാട്ടുകള്‍ അദ്ദേഹം പരിപാടികളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഒരു തവണ അദ്ദേഹം പാടാന്‍ ലിസ്റ്റ് ചെയ്തിരുന്നവയില്‍ ഒന്ന്, സഹോദരന്‍ എസ് എ ജമീല്‍ രചിച്ച് നിലമ്പൂര്‍ ഷാജി തന്നെ പാടി റെേക്കാര്‍ഡ് ചെയ്തിരുന്ന ‘നിങ്ങള്‍ക്കൊരല്ലാഹു പോരേ…’ എന്ന ഗാനമായിരുന്നു. സാധാരണ പോലെത്തന്നെ റെേക്കാര്‍ഡിംഗ് തുടങ്ങി. ഈ പാട്ട് റെേക്കാര്‍ഡ് ചെയ്തപ്പോഴേക്ക് അന്ന് അവിടെ തബലിസ്റ്റായി ഉണ്ടായിരുന്നയാള്‍ക്ക് വികാരം വ്രണപ്പെട്ടു. ഉടനെ അദ്ദേഹം സ്റ്റേഷന്‍ മാസ്റ്ററുടെയടുക്കല്‍ പരാതിയുമായെത്തി. ‘നമുക്ക് നോക്കാം’ എന്നു മറുപടി നല്‍കി അദ്ദേഹത്തെ പറഞ്ഞുവിട്ട സ്റ്റേഷന്‍ മാസ്റ്റര്‍, റെേക്കാര്‍ഡിംഗ് കഴിഞ്ഞിട്ട് ഷാജിയോട് ഒന്ന് കാണാന്‍ പറയണം എന്നു പറഞ്ഞ് പ്യൂണിനെ വിട്ടു. ഈ സംഭവങ്ങളെക്കുറിച്ചൊന്നും അറിവില്ലാതിരുന്ന ഷാജിക്ക് പ്യൂണ്‍ മുഖേനയുള്ള കാണാനുള്ള ആവശ്യം അത്ഭുതകരമായി തോന്നി.
റെേക്കാര്‍ഡിംഗ് തീര്‍ത്ത് അദ്ദേഹം സ്റ്റേഷന്‍ മാസ്റ്ററുടെയടുക്കലെത്തി. വിശേഷങ്ങളൊക്കെ ചോദിച്ച്, പിന്നെ പാട്ടിലേക്കായി വര്‍ത്തമാനം. ‘എന്താണ്, ഇന്നത്തെ പാട്ടില്‍ പ്രശ്‌നമുണ്ടെന്നു കേട്ടല്ലോ’ എന്ന ചോദ്യം വന്നപ്പോള്‍ മാത്രമാണ് അദ്ദേഹം വിഷയത്തെക്കുറിച്ച് ബോധവാനാകുന്നത്. ‘പ്രശ്‌നമൊന്നുമില്ലല്ലോ’ എന്നായിരുന്നു ആദ്യ മറുപടി. ഉടനെ സ്റ്റേഷന്‍ മാസ്റ്റര്‍ വരികള്‍ ആവശ്യപ്പെട്ടു. വരികള്‍ ഓടിച്ചു നോക്കിയ അദ്ദേഹം ഒരു വരിക്കു മുന്നില്‍ സ്തബ്ധനായി. ‘നാഗൂര്‍ അജ്മീര്‍ ഗുരുവായൂര്‍ ശബരിമല യാത്രയും ഒന്നല്ലേ’ എന്നതായിരുന്നു ആ വരി. ‘നാഗൂറും അജ്മീറും നിങ്ങളുടേതും (മുസ്ലിംകള്‍), ഗുരുവായൂരും ശബരിമലയും ഹിന്ദുക്കളുടേതുമല്ലേ, അതെങ്ങനെ ഒന്നാവു’മെന്നായി ചോദ്യം. എല്ലാ മനുഷ്യരും ഒരേ ജാതിയാണെന്നല്ലേ പറഞ്ഞിരിക്കുന്നത് എന്നു പറഞ്ഞ് തടിയൂരുകയായിരുന്നു അന്ന്. ആ പാട്ട് ഒരൊറ്റ പ്രാവശ്യമേ പ്രക്ഷേപണം ചെയ്തുള്ളൂ. യാഥാസ്ഥിതികരുടെ രോഷം അണപൊട്ടി. ആയിരക്കണക്കിന് കത്തുകള്‍ റേഡിയോയിലേക്കെത്തി. സ്റ്റേഷന്‍ കത്തിച്ചുകളയും എന്നതടക്കമുള്ള ഭീഷണികള്‍ ആ കത്തുകളിലുണ്ടായിരുന്നു.

എന്തു വന്നാലും ശരി, ഇസ്ലാമിന്റെ തത്വത്തെ ഇത്ര മനോഹരമായി പറയുന്ന പാട്ട് ആളുകള്‍ കേള്‍ക്കണം എന്ന നിലമ്പൂര്‍ ഷാജി എന്ന ഗായകന്റെ ധര്‍മബോധമാണ് ആ പാട്ട് പ്രക്ഷേപണം ചെയ്യുന്നതിലേക്ക് നയിച്ചത്. എന്തും പാടുക എന്നതല്ല, ആശയഗര്‍ഭമായ പാട്ടുകള്‍ പാടുക എന്നതാണ് നിലമ്പൂര്‍ ഷാജിയെന്ന ഗായകനെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാക്കുന്നത്.
മൗലാനാ സയ്യിദ് മുഹമ്മദ് ഷാജഹാന്‍ എന്നാണ് നിലമ്പൂര്‍ ഷാജിയാകുന്നതിനു മുമ്പുള്ള പേര്. പാട്ട് ചെറുപ്പം മുതലേ കുഞ്ഞു ഷാജഹാനോടൊപ്പം കേറിപ്പറ്റിയതാണ്. ജ്യേഷ്ഠന്‍ എസ് എ ജമീലിന്റെ പിന്‍വഴിയില്‍ പാട്ടിനോരത്തുകൂടി തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ഭക്ഷണം കഴിക്കുന്ന നേരത്തും പാട്ടിന്റെ അകമ്പടിയുണ്ടാകും. എന്തെങ്കിലുമൊക്കെ മൂളിക്കൊണ്ടായിരുന്നു അന്ന് ഭക്ഷണം പോലും കഴിച്ചിരുന്നത്. ജ്യേഷ്ഠന്‍ ജമീല്‍ വന്ന് തലയ്ക്ക് കിഴുക്കുതന്ന്, മിണ്ടാതെ കഴിക്കെടാ എന്നു പറഞ്ഞ് പോകും.
3 – 4 ക്ലാസുകളിലെത്തുമ്പോഴാണ് പാട്ട് തനിക്കിണങ്ങുന്നതാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. 5 – 6 ക്ലാസുകളിലേക്കെത്തിയതോടെ സ്‌കൂളുകളില്‍ മത്സരങ്ങളിലൊക്കെ പങ്കെടുത്തു തുടങ്ങി. ഇന്നത്തെപ്പോലെയല്ല, അന്ന് ബെഞ്ചിലോ ഡെസ്‌കിലോ താളം പിടിച്ചാല്‍ പ്രോത്സാഹനത്തിനു പകരം ചെവി പിടിച്ച് ‘പോയി പഠിക്കെടാ’എന്നു പറയുന്നതൊക്കെയാവും കാണാനാവുക. ഉമ്മക്ക് പാട്ട് ഇഷ്ടമായിരുന്നു. ഒരു പാട്ട് കേട്ടാല്‍ അതിലെന്തൊക്കെ പ്രശ്‌നങ്ങള്‍ എവിടെയൊക്കെയുണ്ട് എന്ന് പറയാന്‍ അറിയാന്‍ മാത്രം ഇഷ്ടമുണ്ടായിരുന്നു അവര്‍ക്ക്. അക്കാലത്ത് വളരെ അപൂര്‍വമായേ പാട്ടുകളൊക്കെ കേള്‍ക്കാന്‍ സാധിക്കൂ. കേള്‍ക്കുമ്പോഴെല്ലാം കുഞ്ഞു ഷാജഹാന്‍ കാതു കൂര്‍പ്പിച്ചിരിക്കും. പഴയ ഹിന്ദി ഗാനങ്ങളോടൊക്കെ വല്ലാത്ത പ്രിയമായിരുന്നു.

ഒരിക്കല്‍ സ്‌കൂളിലേക്ക് പെങ്ങളുമൊത്ത് പോവുകയാണ്. വഴിയില്‍ ഒരു ഗായകസംഘത്തെ കാണാനിടയായി. ഭര്‍ത്താവും ഭാര്യയും മക്കളുമടങ്ങുന്ന ഒരു പാട്ടുകുടുംബം. ഹാര്‍മോണിയം വായിച്ചാണ് പാടുന്നത്. ആ കാഴ്ച വലിയ അത്ഭുതം സമ്മാനിക്കുന്നതായിരുന്നു. ആ രംഗത്തിലും കേള്‍വിയിലും കൗതുകം പൂണ്ട കുഞ്ഞു ഷാജഹാന്‍ സഹോദരിയെ സ്‌കൂളിലേക്കയച്ച് ഗായകസംഘത്തെ പിന്തുടര്‍ന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ അവര്‍ പാടുന്നിടങ്ങളിലെല്ലാം പാട്ട് ആസ്വദിച്ച് ഷാജഹാനും സഞ്ചരിച്ചു.
അതിനകം തന്നെ സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും ഷാജഹാനെ വീട്ടില്‍ കാണാഞ്ഞ് തിരച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടയില്‍ ആരോ ജ്യേഷ്ഠന്‍ ജമീലിനോട് ‘ജമീല്‍ക്കാ, ങ്ങളെ അനിയനെ ഒരു പാട്ടു ടീമിനൊപ്പം ചെട്ട്യങ്ങാടിയില്‍ കണ്ടിട്ട്ണ്ട്’ എന്നു സൂചിപ്പിച്ചു. പിന്നെ ഗായകസംഘം സഞ്ചരിച്ച വഴിയിലായി തിരച്ചില്‍. ഒടുവില്‍ സ്‌കൂളില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ മമ്പാട്ടങ്ങാടിയില്‍ വെച്ചാണ് ഷാജഹാനെ കാണുന്നത്. അപ്പോഴും സ്ഥലകാലബോധമില്ലാതെ പാട്ട് ആസ്വദിക്കുകയായിരുന്നു ഷാജഹാന്‍. അത്രമേല്‍ പ്രിയമായിരുന്നു പാട്ടുകളോട്.
ബാപ്പയില്ലാത്ത നേരം ജ്യേഷ്ഠന്‍ ജമീലിന്റെ സുഹൃത്തുക്കള്‍ വീട്ടില്‍ വന്ന് പാട്ട് പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് ബാബുരാജിനെയൊക്കെ കാണുന്നത്.
സ്‌കൂള്‍ പഠനകാലത്തിനു ശേഷം ശാന്തപുരം അറബിക് കോളജില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. ശാന്തപുരം കോളജിന്റെ അന്തരീക്ഷമാണ് ഷാജിയെ ഗായകന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തുന്നത്. അവിടെ നടക്കുന്ന എന്തു പരിപാടിക്കും ഷാജിയുടെ പാട്ട് നിര്‍ബന്ധമായിത്തീര്‍ന്നു. പതിയെ പതിയെ ഷാജി ഗായകന്‍ എന്ന പേരില്‍ തന്നെ അറിയപ്പെട്ടുതുടങ്ങി. പാട്ടും വരയും കളിയുമായി നടക്കുന്നതിലുള്ള പരാതിയുമായി ബാപ്പ ഇടയ്ക്കിടെ പ്രിന്‍സിപ്പലിനെ സമീപിക്കുന്നുമുണ്ടായിരുന്നു. ശാന്തപുരത്തെ പഠനത്തിന് വലിയ ദൈര്‍ഘ്യമുണ്ടായിരുന്നില്ല. പഠനത്തോട് മടുപ്പ് തോന്നി അവിടെ നിന്നിറങ്ങി.
ഇതിനിടെ എസ് എ ജമീല്‍ ഓര്‍ക്കസ്ട്ര ആരംഭിച്ചിരുന്നു. ഇടയ്ക്ക് അതിലും ഗായകനായി പോയിത്തുടങ്ങി. അതോടെ ഷാജഹാന്‍ എന്ന പേര് ആളുകള്‍ക്ക് പരിചിതമായിത്തുടങ്ങി. ആ സ്റ്റേജുകള്‍ നല്‍കിയ ഊര്‍ജമാണ് നിലമ്പൂര്‍ ഷാജിയെന്ന ഗായകനെ രൂപപ്പെടുത്തിയതെന്ന് പറയാം.
എഴുപതുകളുടെ അവസാനത്തിലാണ്. തിന്നുക, കുടിക്കുക, കിടന്നുറങ്ങുക, തോന്നുമ്പോള്‍ കുപ്പായവുമിട്ട് പുറത്തിറങ്ങുക എന്നത് പതിവായിരുന്ന സമയം. മറ്റൊന്നും ഒരു പരിഗണനാ വിഷയമേ ആയിരുന്നില്ല. ഒരു ദിവസം എഴുന്നേല്‍ക്കുന്നതു തന്നെ നാല് വ്യത്യസ്ത പത്രങ്ങളുമായി തന്നെ കാത്തിരിക്കുന്ന സുഹൃത്തുക്കളുടെ മുഖവും കണ്ടാണ്. നാല് പത്രങ്ങളിലും നവധാര ക്രിയേഷന്‍സ് ഒരുക്കുന്ന പുതിയ സിനിമയിലേക്ക് പാടാന്‍ ക്ഷണിക്കുന്നതായുള്ള പരസ്യമാണുണ്ടായിരുന്നത്. ഒരു മത്സരം സംഘടിപ്പിച്ച്, അതില്‍ പാടി വിജയിക്കുന്ന ആളെ സിനിമയില്‍ പാടിപ്പിക്കും എന്നതായിരുന്നു സംഗതി. സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധം കൊണ്ട് മത്സരത്തില്‍ പങ്കെടുക്കാമെന്നുവെച്ചു. മത്സരദിവസമെത്തി. ‘സ്വര്‍ഗനന്ദിനി സ്വപ്‌ന വിഹാരിണീ’ എന്ന പാട്ടായിരുന്നു പാടാനായി തിരഞ്ഞെടുത്തത്. എന്നാല്‍ ഷാജഹാനെ ഞെട്ടിച്ചുകൊണ്ട് പാടിയവരില്‍ മിക്കവരും ഇതേ ഗാനമാണ് ആലപിച്ചത്. സുഹൃത്തുക്കള്‍ ഉടനെ അദ്ദേഹത്തിനരികിലേക്കു വന്നു. ഇനിയെത്ര നന്നാക്കി പാടിയാലും ഇതേ പാട്ടാണ് പാടുന്നതെങ്കില്‍ സമ്മാനം ലഭിക്കാന്‍ പോകുന്നില്ല എന്ന ആശങ്ക പങ്കുവെച്ചു. ഇനിയെന്തു ചെയ്യുമെന്നായി. തന്റെ ഊഴമെത്താന്‍ ഇനിയും സമയമുണ്ട് എന്നതായിരുന്നു ഏക ആശ്വാസം. പുതിയൊരു പാട്ട് പാടണം എന്ന തീരുമാനത്തിലേക്കെത്തി. അല്‍പം ദൂരെ മാറി ശബ്ദശല്യമില്ലാത്തൊരിടത്തിരുന്നു ‘നാദബ്രഹ്മത്തിന്‍ സാഗരം നീന്തി വരും’ എന്ന പാട്ട് ഒന്ന് മൂളി നോക്കി. അതു പാടാമെന്നുറച്ച്, വേദിയിലേക്കു തന്നെ തിരിച്ചു.
ഊഴമെത്തി. ഉപകരണങ്ങള്‍ വായിക്കുന്നവര്‍ക്കരികിലെത്തി പാട്ടു പറഞ്ഞു. ‘അതിനു മാത്രമൊക്കെ നീയായോ’ എന്ന മട്ടിലൊരു നോട്ടമായിരുന്നു അവരില്‍ നിന്ന് തിരികെ ലഭിച്ചത്. ഒടുവില്‍ പാടിത്തുടങ്ങി. ‘നാദബ്രഹ്മത്തിന്‍’ എന്നു തുടങ്ങിയപ്പോള്‍ തന്നെ കൂവലുയര്‍ന്നു. അത് നിനക്ക് പൊന്തുമോ എന്ന ധ്വനി ആ കൂവലിനുണ്ടായിരുന്നു. എന്നാല്‍, ആ കൂവലുകള്‍ അദ്ദേഹത്തിന്റെ മനസ്സ് ശാന്തമാക്കുകയാണ് ചെയ്തത്. ഇതിലും വലുത് തനിക്കിനി നേരിടേണ്ടതില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയതോടെ പാട്ട് കത്തിക്കയറി. സദസ്യര്‍ ആ സ്വരമാധുരിയില്‍ ലയിച്ചിരുന്നു. ജഡ്ജസ് അന്തം വിട്ടിരുന്നു. പതിനായിരങ്ങള്‍ കാണികളായുണ്ടായിരുന്ന, നൂറില്‍പരം ആളുകള്‍ മത്സരിക്കാനുണ്ടായിരുന്ന ആ പരിപാടിയുടെ വിധിപ്രഖ്യാപനം വന്നപ്പോള്‍ ഒന്നാം സമ്മാനത്തിനര്‍ഹനായത് മൗലാനാ സയ്യിദ് മുഹമ്മദ് ഷാജഹാന്‍ എന്ന നിലമ്പൂര്‍ ഷാജിയായിരുന്നു. ഒട്ടും നിനയ്ക്കാതെ തന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത് കേട്ട് അദ്ദേഹം കണ്‍മിഴിച്ച് നിന്നുപോയി. അദ്ദേഹത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന സുഹൃത്തുക്കളും ആനന്ദാശ്രു പൊഴിച്ചു. സുഹൃത്ത് മുഹമ്മദ്കുട്ടി ആ വിജയനിമിഷത്തില്‍ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് ഇന്നുമോര്‍ക്കുന്നണ്ടദ്ദേഹം. പ്രശസ്ത സിനിമാനടന്‍ പ്രേംനസീറായിരുന്നു സമ്മാനദാനം നിര്‍വഹിച്ചത്.
സിനിമയില്‍ പാടിപ്പിക്കും എന്നതൊക്കെ വെറും പ്രഖ്യാപനം മാത്രമായിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വീട്ടിലേക്ക് ടെലഗ്രാം വന്നപ്പോള്‍ മാത്രമാണ് അത് യാഥാര്‍ഥ്യമാകുന്നു എന്ന് തിരിച്ചറിയുന്നത്. മദ്രാസിലെ ഉദയ സ്റ്റുഡിയോയിലേക്ക് എത്താനായിരുന്നു ടെലഗ്രാമിലെ നിര്‍ദേശം. ടെലഗ്രാം കണ്ട് ജ്യേഷ്ഠന്‍ എസ് എ ജമീലും അത്ഭുതപരതന്ത്രനായി. നിറയെ ചതിക്കുഴികളുള്ള സിനിമാ മേഖലയിലേക്കാണ് കാലു വെക്കുന്നതെന്നും സൂക്ഷിക്കണമെന്നും ഉപദേശിക്കുകയും ആശംസിക്കുകയും ചെയ്തു അദ്ദേഹം.

മദ്രാസിലെത്തിയപ്പോള്‍ അന്നത്തെ ഹിറ്റ് ഗായകരായ ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍ എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. അവരെയൊക്കെ പരിചയപ്പെട്ടു. പൂവച്ചല്‍ ഖാദര്‍ എഴുതി കെ രാഘവന്‍ സംഗീതം നല്‍കിയ ‘അഹദോന്റെ തിരുനാമം’ എന്ന പാട്ടായിരുന്നു പാടേണ്ടിയിരുന്നത്. ഒറ്റ ടേക്കില്‍ തന്നെ പാട്ട് ഒകെ ആക്കി. ആ പാട്ട് ഹിറ്റുകളുടെ ലിസ്റ്റിലേക്ക് ചേക്കേറുകയും ചെയ്തു. ഈ സിനിമക്കു വേണ്ടിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നിര്‍ദേശപ്രകാരം മൗലാനാ സയ്യിദ് മുഹമ്മദ് ഷാജഹാന്‍ എന്ന പേര് നിലമ്പൂര്‍ ഷാജി എന്നാക്കി അദ്ദേഹം മാറ്റുന്നത്.
ഇതേ സിനിമയിലെ തന്നെ ‘പെരുത്ത് മൊഞ്ചുള്ളൊരുത്തിയോടൊന്നടുത്തു കൂടാന്‍ മോഹം’ എന്ന ഗാനത്തിലും അദ്ദേഹം കോറസ് പാടി. ആ പാട്ടിന്റെ രംഗത്തില്‍ അഭിനയിക്കാനുള്ള അവസരവുമുണ്ടായി. പിന്നെയും ചില സിനിമകളില്‍ അദ്ദേഹം പാടി. എന്നാല്‍, തന്റെ ജീവിതം ഒരു മുഴുനീള സിനിമക്കാരനായി ജീവിച്ചു തീര്‍ക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. സിനിമയിലെ മോഹിപ്പിക്കുന്ന കാഴ്ചകളും തന്റെ വിശ്വാസ-ധര്‍മബോധവും ഒരുമിച്ചുപോകില്ലെന്നു കണ്ടപ്പോള്‍ മാറിനിന്നു.
മമ്മൂട്ടിയുടെ ട്രൂപ്പിലെ ഗായകനും സംഗീത സംവിധായകനുമായി ഏറെക്കാലം നിലമ്പൂര്‍ ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സമയങ്ങളില്‍ വിദേശ യാത്രകള്‍ ഒട്ടനവധി ഉണ്ടാകുമായിരുന്നു. അന്ന് അദ്ദേഹത്തെ തന്റെ പാസ്‌പോര്‍ട്ടിലെ പേര് വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. മൗലാനാ സയ്യിദ് മുഹമ്മദ് ഷാജഹാന്‍ ആള്‍സോ നോണ്‍ ആസ് നിലമ്പൂര്‍ ഷാജി എന്നായിരുന്നു പാസ്‌പോര്‍ട്ടിലുണ്ടായിരുന്നത്. യഥാര്‍ഥത്തില്‍ താങ്കളുടെ പേര് എന്താണെന്നൊക്കെ ചോദിച്ച് എയര്‍പോര്‍ട്ടില്‍ തടയുക നിത്യസംഭവമായിരുന്നു. പിന്നീട് ഗസറ്റില്‍ പബ്ലിഷ് ചെയ്ത് നിലമ്പൂര്‍ ഷാജിയെന്ന പേരിലേക്ക് മാറ്റി. നിലമ്പൂര്‍ ഷാജിയെന്നു പറയുമ്പോള്‍ ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിമാണോ എന്നൊക്കെ ചോദിക്കുന്ന പതിവ് അക്കാലത്തുമുണ്ടായിരുന്നു.
സിനിമകളില്‍ നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും പാട്ടുവേദികളില്‍ അദ്ദേഹം സജീവമായുണ്ടായിരുന്നു. കലയോടും സംഗീതത്തോടുമുള്ള കോഴിക്കോട്ടുകാരുടെ പ്രിയം കണക്കിലെടുത്ത് അതിനിടയില്‍ മാത്തോട്ടത്തേക്ക് താമസം മാറ്റുകയുമുണ്ടായി. മലബാര്‍ ഗ്രൂപ്പിന്റെ മോങ്ങത്തുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഗീതാധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സ്‌കൂളില്‍ അധ്യാപനത്തിനു പോകും, വല്ല പരിപാടിയോ ഉദ്ഘാടനമോ കിട്ടിയാല്‍ അതിനും പോകും, അങ്ങനെയായിരുന്നു പതിവ്. ഉദ്ഘാടനത്തിനൊക്കെ പോയാല്‍ ചുരുങ്ങിയത് 2000 രൂപയൊക്കെ ലഭിക്കുമായിരുന്നു. സ്‌കൂള്‍ ശമ്പളം കൊണ്ട് മാത്രം മുന്നോട്ടുപോകാന്‍ കഴിയാതിരുന്നതിനാല്‍ ഇതൊക്കെ അനിവാര്യമായിരുന്നുതാനും. അങ്ങനെയിരിക്കെ ഒരു ഗള്‍ഫ് പ്രോഗ്രാം വന്നു. അത്യാവശ്യം വലിയ പ്രോഗ്രാമാണ്. മാനേജ്‌മെന്റില്‍ പെട്ട ഒരു പ്രധാനിയോട് ഷാജി ലീവ് ആവശ്യപ്പെട്ടു. അയാള്‍ ‘അതിനെന്താ, ഷാജിക്ക് ലീവ് തരാമല്ലോ, അഡ്മിനിസ്‌ട്രേറ്ററോട് പറഞ്ഞാല്‍ മതി’ എന്നു പറഞ്ഞു വിട്ടു. അഡ്മിനിസ്‌ട്രേറ്ററാവട്ടെ ‘ലീവ് തരില്ല, പോയാല്‍ പിന്നെ വരേണ്ടതുമില്ല’ എന്നായി. രണ്ടും കല്‍പിച്ചു പരിപാടിക്കു പോവുകയായിരുന്നു. അതോടുകൂടി ആ ജോലിക്കും വിരാമമായി.

പിറന്ന നാട്ടില്‍ നിന്നു മാറി, ബന്ധുജനങ്ങളൊന്നും അടുക്കലില്ലാത്ത അവസ്ഥയില്‍ കുട്ടികള്‍ക്ക് അനാഥത്വം തോന്നിത്തുടങ്ങി. അധികം വൈകാതെ നിലമ്പൂരിലേക്കു തന്നെ തിരികെ പോന്നു.
തന്റെ ജീവിതയാത്രകളിലെല്ലാം പരലോക വിജയത്തെ സംബന്ധിച്ച പേടിയായിരുന്നു ഉള്ളു നിറയെ. അതുള്ളിലുള്ളതുകൊണ്ടു തന്നെയാണ് ഭൗതികനേട്ടത്തിനു വേണ്ടി എന്തു കോലവും കെട്ടുന്നവരില്‍ നിലമ്പൂര്‍ ഷാജിയെന്ന ഗായകനെ കാണാത്തത്. ഇസ്ലാമിന്റെ അകക്കാമ്പറിഞ്ഞ് ജ്യേഷ്ഠന്‍ എസ് എ ജമീല്‍ രചിക്കുന്ന വരികളില്‍ മിക്കതിനും ശബ്ദമായിരുന്നത് നിലമ്പൂര്‍ ഷാജിയായിരുന്നു. ഏറെ പ്രശസ്തമായ ‘നിങ്ങള്‍ക്കൊരല്ലാഹു പോരേ’ എന്ന ഗാനവും ആദ്യമായി റെേക്കാര്‍ഡ് ചെയ്തത് നിലമ്പൂര്‍ ഷാജിയാണ്. ഇസ്ലാമിന്റെ വെള്ളിവെളിച്ചം ഹൃദയത്തില്‍ തൊട്ടതിനു ശേഷം ഡോ. എം ഉസ്മാന്‍ സാഹിബും എസ് എ ജമീലും മതരംഗത്തെ അധാര്‍മികതക്കെതിരെ ശക്തമായി തന്നെ പൊരുതിയിരുന്നു. ഒന്നാം മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഡോ. എം ഉസ്മാന്‍ സാഹിബാണ് ജമീലിനെക്കൊണ്ട് ആ പാട്ട് എഴുതിക്കുന്നത്. എഴുത്തു കഴിഞ്ഞ് വരികള്‍ വായിച്ച് ഡോക്ടര്‍ പൊട്ടിക്കരഞ്ഞത് നിലമ്പൂര്‍ ഷാജി ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ‘ഈ ഒരു ഗാനം ഒരു മതപ്രഭാഷകന്‍ മൂന്നു ദിവസം നിന്നു പ്രസംഗിച്ചാലും ലഭിക്കാത്തത്ര സ്വാധീനമുണ്ടാക്കും’ എന്നായിരുന്നു ഡോ. ഉസ്മാന്‍ അന്നു പറഞ്ഞത്. സമൂഹത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ പാട്ടാണത്. വിദേശയാത്രാ അവസരങ്ങളിലൊക്കെ ഈ പാട്ട് ഷാജി പാടാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ വേദികള്‍ മുടങ്ങിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
തന്റെ കഴിവുകള്‍ മതപരമായ കാര്യങ്ങള്‍ക്കു വേണ്ടി നീക്കിവെക്കണം എന്നതാണ് നിലമ്പൂര്‍ ഷാജിയുടെ ആശ. ജ്യേഷ്ഠന്‍ എസ് എ ജമീല്‍ രചിച്ച, ഇനിയും ആളുകള്‍ കേള്‍ക്കാത്ത ഒരുപിടി നല്ല ഗാനങ്ങള്‍ അദ്ദേഹത്തിന്റെ പക്കലുണ്ട്. ആ ഗാനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി സമൂഹത്തിലേക്ക് എയ്തുവിടണമെന്ന സ്വപ്‌നത്തിനു പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ യാത്ര.
കെ എം ഷക്കീലയാണ് ഭാര്യ. ജസിയ മൗലാന, സുമയ്യ മൗലാന, സബീല്‍ മൗലാന എന്നിവരാണ് മക്കള്‍. മക്കള്‍ മൂവരും നന്നായി പാടുന്നവരാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top