LoginRegister

കോപാഗ്നിയില്‍ എരിയുന്ന ബന്ധങ്ങള്‍

മന്‍സൂര്‍ ഒതായി

Feed Back


വളരെ സന്തോഷത്തോടെയും ആര്‍ഭാടത്തോടെയുമാണ് വീട്ടുകാര്‍ ഫിദയുടെ വിവാഹം നടത്തിയത്. നല്ല മാര്‍ക്കോടെ ബിരുദം നേടിയപ്പോള്‍ പി.ജിക്ക് പഠിക്കണമെന്നായിരുന്നു അവളുടെ മോഹം. എന്നാല്‍ നല്ല ഒരു വിവാഹാലോചന വന്നപ്പോള്‍ കല്യാണശേഷം പഠിക്കാമെന്നു തീരുമാനിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നജീബ് കല്യാണശേഷം പഠിക്കാന്‍ സമ്മതം നല്‍കിയിരുന്നു, വീട്ടുകാരും. എന്നാല്‍ ജോലിയാവശ്യാര്‍ഥം ഭര്‍ത്താവിനു വീട്ടില്‍ നിന്ന് അകന്നു താമസിക്കേണ്ടിവന്നു. ഇതിനിടയില്‍ അവളുടെ പഠനവും മറ്റും ശ്രദ്ധിക്കാന്‍ അയാള്‍ക്കായില്ല. ഇതേക്കുറിച്ച് പല പ്രാവശ്യം ഉണര്‍ത്തിയെങ്കിലും നജീബ് അത് ശ്രദ്ധിച്ചില്ല. ഇതിന്റെ പേരില്‍ അവര്‍ക്കിടയില്‍ ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായി. കല്യാണത്തിന്റെ ആദ്യ നാളുകളില്‍ കണ്ട ആളേയായിരുന്നില്ല ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ ഭര്‍ത്താവെന്ന് ഫിദ പറയുന്നു. നിസ്സാര കാര്യങ്ങള്‍ക്കു പോലും പൊട്ടിത്തെറിക്കും. വീട്ടുജോലിയിലെ വീഴ്ചകള്‍ക്ക് ഒച്ചയെടുത്ത് സംസാരിക്കും. പ്രതീക്ഷിച്ച രീതിയില്‍ ആവശ്യങ്ങള്‍ നടക്കാതിരുന്നാല്‍ വല്ലാതെ ദേഷ്യപ്പെടും. കണ്ണില്‍ കണ്ടതൊക്കെ വലിച്ചെറിയും. വല്ലാതെ തെറി വിളിക്കും.
സ്വന്തം വീട്ടില്‍ നിന്ന് ഒരു ചീത്തവിളി പോലും കേള്‍ക്കാത്തവളാണ് ഫിദ. ഇളയ കുട്ടിയും ഏക പെണ്‍സന്തതിയുമായതിനാല്‍ ഏറെ ലാളനയോടെയാണ് അവള്‍ വളര്‍ന്നത്. ഭര്‍ത്താവിന്റെ ഈ രീതിയിലുള്ള പെരുമാറ്റത്തില്‍ വല്ലാത്ത വിഷമത്തിലാണ് ഫിദ. വീട്ടുകാരെ വിഷമിപ്പിക്കേണ്ട എന്നു കരുതി എല്ലാം ക്ഷമിച്ചു. തന്റെ വികാരമോ വ്യക്തിത്വമോ മാനിക്കാത്ത, എപ്പോഴും ചൂടാവുന്ന വ്യക്തിയോടൊപ്പം ജീവിക്കുന്നതിലും ഭേദം പിരിയലാണ് എന്ന ചിന്തയിലാണ് അവള്‍ ഇപ്പോള്‍.
……
കച്ചവടക്കാരനായ റഷീദിന്റെ ഭാര്യ സ്‌നേഹമുള്ളവളും വീട്ടുകാര്യങ്ങളില്‍ സമര്‍ഥയുമാണ്. ഉമൈബ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമകാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കും. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ മറ്റുള്ളവര്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ പെട്ടെന്ന് ക്ഷോഭിക്കും. എന്തെങ്കിലും സാധനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഉടനെ വീട്ടിലെത്തിക്കണം. അല്ലെങ്കില്‍ ഭര്‍ത്താവിനെ ശകാരിക്കും. സൗമ്യപ്രകൃതക്കാരനായ റഷീദ് പലപ്പോഴും ഇതിനൊന്നും പ്രതികരിക്കാറില്ല. അയാളുടെ മൗനം അവളുടെ ദേഷ്യം വര്‍ധിപ്പിക്കും. ദേഷ്യം വരുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ പറ്റുന്നില്ലെന്നും ഉച്ചത്തില്‍ ശകാരിക്കാറുണ്ടെന്നും ഉമൈബയും സമ്മതിക്കുന്നു. പിന്നീട് മാപ്പു ചോദിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യും. ഇങ്ങനെയൊക്കെയാണെങ്കിലും എപ്പോഴുമുള്ള ഈ ദേഷ്യപ്രകടനം കാരണം വല്ലാത്ത മടുപ്പും നിരാശയും അനുഭവപ്പെടുന്നതായി റഷീദ് വിഷമത്തോടെ പറയുന്നു.
……
മനുഷ്യന്റെ അടിസ്ഥാന വികാരമാണ് കോപം. ദേഷ്യം ഒരു നെഗറ്റീവ് വികാരമായിട്ടാണ് പരിഗണിക്കപ്പെടാറുള്ളത്. സാഹചര്യത്തിനനുസരിച്ച് കോപം പോസിറ്റീവായും മാറാം. ശിക്ഷണത്തിനും സമൂഹനന്മയ്ക്കും വേണ്ടി നിയന്ത്രണത്തോടെ കോപത്തെ ഉപയോഗപ്പെടുത്തുമ്പോള്‍ അത് പോസിറ്റീവാണ്. എന്നാല്‍ എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന സ്വഭാവം വ്യക്തിത്വ വൈകല്യമാണെന്ന് മനഃശാസ്ത്രം പറയുന്നു. മറ്റുള്ളവരുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തുന്നതിനും ഇല്ലാതാക്കുന്നതിലും കോപത്തിനു വലിയ പങ്കുണ്ട്. നിയന്ത്രണമല്ലാത്ത രീതിയിലുള്ള ദേഷ്യപ്രകടനം ബന്ധങ്ങള്‍ തകര്‍ക്കുക മാത്രമല്ല ചെയ്യുന്നത്, വ്യക്തിയുടെ ശാരീരിക-മാനസിക ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.
മുകളില്‍ വായിച്ച രീതിയിലോ അതിലേറെ കടുത്ത രീതിയിലോ പെരുമാറുന്നവരെ നമുക്കു ചുറ്റും കാണും. പിടിച്ചാല്‍ കിട്ടാത്ത കോപത്തിന്റെ പേരില്‍ എത്രയെത്ര ബന്ധങ്ങളാണ് തകര്‍ന്നുകൊണ്ടിരിക്കുന്നത്. കോപാഗ്നിയില്‍ നിയന്ത്രണം വിട്ട് അതിക്രമങ്ങള്‍ നടത്തുന്ന നിരവധി വാര്‍ത്തകള്‍ നിത്യവും നാം കേള്‍ക്കുന്നു. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടവരെ ശക്തമായി വെറുക്കുകയും ക്രൂരമായി പരിക്കേല്‍പിക്കുകയും ചെയ്യുന്നു. മരണം വരെ സംഭവിക്കുന്നു. നിമിഷനേരത്തെ ഭ്രാന്താവസ്ഥയില്‍ ചെയ്തുപോകുന്ന പാതകങ്ങളുടെ പേരില്‍ ജീവിതകാലം മുഴുവന്‍ ദുഃഖവും ദുരിതവും അനുഭവിക്കേണ്ട അവസ്ഥയുണ്ടാകുന്നു.
കോപിക്കാനുള്ള കാരണങ്ങള്‍ ശാരീരികവും മാനസികവും സാമൂഹികവുമാവാം. ആന്തരികവും ബാഹ്യവുമായ പ്രേരണ കൊണ്ട് ദേഷ്യമുണ്ടാവാം. ഇതിലുപരി കോപത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് പ്രധാനമായും അത് സംഭവിക്കുന്നതെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു:
1. കോപം സ്വാഭാവികമാണ്, അത് നമുക്ക് നിയന്ത്രിക്കാന്‍ സാധ്യമല്ല എന്ന ധാരണ.
2. മറ്റുള്ളവരോട് കോപിക്കുന്നത് എന്റെ കുറ്റമല്ല, അവരാണ് എന്നെ ദേഷ്യം പിടിപ്പിക്കുന്നത് എന്ന മനോഭാവം.
3. സ്വന്തം ദൗര്‍ബല്യങ്ങളും വീഴ്ചകളും മറികടക്കാന്‍ കോപത്തെ മാര്‍ഗമായി സ്വീകരിക്കുക.
4. പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായി കോപത്തെ സ്വീകരിക്കുക.
5. മറ്റുള്ളവരുടെ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിക്കുക.
നജീബിന്റെ സ്വപ്നത്തിലെ മണവാട്ടിയായി മാറാന്‍ ഫിദക്ക് സാധിക്കാത്തതായിരുന്നു അയാളുടെ അടിസ്ഥാന പ്രശ്‌നം. ചെറുപ്പത്തില്‍ ഉദ്ദിഷ്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ ദേഷ്യവും വാശിയും കാണിക്കുന്ന മനോഭാവമുണ്ടായിരുന്നു. ആ സന്ദര്‍ഭങ്ങളില്‍ ഫലപ്രദമായ പരിശീലനം നല്‍കാന്‍ മാതാപിതാക്കള്‍ക്കായില്ല. പകരം വാശിക്ക് കൂട്ടുനിന്ന് എളുപ്പത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് അവര്‍ ശ്രമിച്ചത്. മകന്‍ മരുമകളോട് തട്ടിക്കയറുന്നത് കാണുമ്പോള്‍ അവന്റെ ഉമ്മ പറയുന്നത് ഇപ്രകാരമാണ്: ”സാരമില്ല മോളേ, ക്ഷമിക്ക്, ഇത് അവന്റെ ബാപ്പാന്റെ പാരമ്പര്യമാണ്.”
കുട്ടിക്കാലത്ത് ശരിയായ ശ്രദ്ധയും പരിഗണനയും കിട്ടാത്തവരില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ മനസ്സ് ഒരുക്കുന്ന തന്ത്രമായി കോപം മാറാന്‍ സാധ്യതയുണ്ട്. അമിതമായ വാശി, ദേഷ്യം, അനുസരണക്കേട്, വഴക്കുകൂടല്‍ എന്നീ മാര്‍ഗങ്ങള്‍ ഇവര്‍ ഇതിനായി ഉപയോഗപ്പെടുത്തും. ഇത്തരം തെറ്റായ രീതികളെ ചെറുപ്പത്തില്‍ തന്നെ തിരുത്തി കുട്ടികള്‍ക്കു യാഥാര്‍ഥ്യബോധം നല്‍കണം. അല്ലെങ്കില്‍ പില്‍ക്കാലത്ത് വിവിധങ്ങളായ സ്വഭാവവൈകല്യത്തിലേക്കും അവരെ ഇത് നയിക്കും.
കോപമെന്ന വികാരത്തെ പൂര്‍ണമായും ഇല്ലാതാക്കുക നമുക്ക് സാധ്യമല്ലല്ലോ. മറ്റുള്ളവരെ മുറിപ്പെടുത്താനും ബന്ധങ്ങള്‍ തകര്‍ക്കാനും നമ്മുടെ കോപം കാരണമായിക്കൂടാ. കോപത്തിന്റെ തീക്ഷ്ണത കുറയ്ക്കാനും ചിന്തകളെ നിയന്ത്രിച്ച് ആത്മസംയമനം പാലിക്കാനും ബോധപൂര്‍വം നാം ശ്രമിച്ചേ പറ്റൂ. ദേഷ്യമുള്ള സമയത്ത് ആത്മനിയന്ത്രണം സാധ്യമാവുന്നവര്‍ അനുഗൃഹീതരാണ്. വൈകാരിക തീക്ഷ്ണതയില്‍ മനസ്സിനെ നിയന്ത്രിക്കാന്‍ നല്ല കരുത്തു തന്നെ വേണം. ദേഷ്യമുള്ളവരെ തല്ലിത്തകര്‍ക്കുന്നതല്ല യഥാര്‍ഥ ശക്തി. ഉള്ളില്‍ ഉയരുന്ന വികാരത്തള്ളിച്ചയെ തല്ലിക്കെടുത്തലാണ് ധീരത. റസൂല്‍(സ) പറഞ്ഞില്ലേ: ”മല്‍പ്പിടിത്തത്തില്‍ എതിരാളിയെ തോല്‍പിക്കുന്നവനല്ല ധീരന്‍, കോപവേളയില്‍ സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ്.”
കോപം ശമിപ്പിക്കാന്‍ പ്രവാചക തിരുമേനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നോക്കൂ. വുദു എടുക്കുക, കോപമുളവാക്കുന്ന സാഹചര്യത്തില്‍ നിന്നു മാറിപ്പോവുക, തന്റെ പ്രവൃത്തിയെക്കുറിച്ച്് ഒരു നിമിഷം ആലോചിക്കുക, പ്രതിഫലമോഹത്തോടെ ക്ഷമിക്കുക, വിട്ടുവീഴ്ച നല്‍കുക, പിശാചില്‍ നിന്ന് രക്ഷ തേടുക, രണ്ട് റക്അത്ത് നമസ്‌കരിക്കുക.
കോപനിയന്ത്രണത്തിന് ശാസ്ത്രം മുന്നോട്ടുവെക്കുന്ന ചികിത്സാരീതികള്‍ മിക്കതും പ്രവാചക സമീപനത്തോട് പൂര്‍ണമായും യോജിക്കുന്നവയാണ്. കോപിക്കുന്ന സന്ദര്‍ഭത്തില്‍ ശരീരം നന്നായി ചൂടാവും, പേശികള്‍ വലിഞ്ഞുമുറുകും, രക്തസമ്മര്‍ദം വര്‍ധിക്കും. എന്നാല്‍ വുദു എടുക്കുന്നതിലൂടെ താപനില കുറയുന്നു. ശരീരത്തിന് ശാന്തതയും സ്വസ്ഥതയും അനുഭവപ്പെടും. നടത്തം, ശ്വസനവ്യായാമങ്ങള്‍ എന്നിവയിലൂടെ പേശികള്‍ക്ക് വികാസം കിട്ടും. ഇത് ശരീരത്തിനും മനസ്സിനും ആയാസവും ആശ്വാസവും നല്‍കും. ദോഷമുളവാക്കുന്ന സാഹചര്യത്തില്‍ നിന്ന് മാറിപ്പോകാന്‍ പറഞ്ഞത് എന്തുമാത്രം ശാസ്ത്രീയമാണ്! മനസ്സ് മാറ്റുന്നതിലൂടെ പ്രതികരണം മാറുന്നു. ശരീരചലനങ്ങളിലുണ്ടാവുന്ന മാറ്റം മനസ്സിനെയും ചിന്തകളെയും വഴിമാറ്റുന്നു. ചിന്തകനായ ഇബ്‌നുല്‍ ജൗസി കോപത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ എത്ര പ്രസക്തമാണ്: ”ദേഷ്യത്തെ വിവേകത്തിന്റെ ചങ്ങല കൊണ്ട് കെട്ടിയിടണം. കാരണം ദേഷ്യം നായയെപ്പോലെയാണ്. ചങ്ങലയില്‍ നിന്നു മുക്തമായാല്‍ അത് നാശം വരുത്തും.”

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top